17 സെപ്റ്റംബർ 2009

മെട്രോയിക്കേറാന്‍ ഞമ്മളില്ല..!

Buzz It
“അവിടെ രണ്ട് ചായ” രംഗം തട്ടുകട, തൊട്ടടുത്ത കടത്തിണ്ണയില്‍ പത്രം അടുക്കിപ്പെറുക്കി സൈക്കിളില്‍ കെട്ടിവെക്കുന്നവര്‍. അടുത്തായി ചാക്കു പുതച്ച് ഉറങ്ങുന്ന ഭിക്ഷക്കാര്‍. ദോശയുടെയും മുട്ടയുടെയും മണം എണ്ണയില്‍ കുതിര്‍ന്ന് വായുവില്‍ ലയിക്കുന്നു..ഒപ്പം ഒരു പാട്ടും “അട അട അട അടിക്കതും സ്റ്റൈല്‍“ രജനി അണ്ണന്‍റെ സൂപ്പര്‍ഹിറ്റ്.ഇന്‍ഡ്യയിലെ കേരളത്തില്‍, സ്ഥലം അങ്കമാലി. സമയം 12.30 am. കുറെ ലിവന്മാര്‍ ബൈക്കില്‍ വന്നിറങ്ങി, ആര്‍ക്കും കാല് നിലത്ത് ഉറക്കുന്നില്ല.ഒരുത്തന്‍റെ മുഖത്ത് ഇടികൊണ്ട് ചതഞ്ഞ പാട്. എതോ തീവണ്ടിയില്‍ വന്നിറങ്ങിയ പുരുഷന്മാരും സ്ത്രീകളും ഭീതിയോടെ അവരെ നോക്കുന്നു. പാര്‍ട്ടിമീറ്റിംഗില്‍ പങ്കെടുത്ത് നാടുനന്നാക്കാന്‍ കച്ച കെട്ടിയിറങ്ങിയ പാവങ്ങള്‍. മസ്തിഷ്കപ്രക്ഷാളന പ്രസംഗളുടെ കിക്ക് ഇനിയും വിട്ടിട്ടില്ല. അവര്‍ ചര്‍ച്ചകള്‍ തുടര്‍ന്നു....!

“കൊച്ചി മെട്രൊ ഇനി എന്നാണാവോ..?”
“ദുബായി മെട്രോ ഏതാണ്ട് പണി തീര്‍ന്നു എന്നാ പത്രത്തില്‍ കണ്ടെ..”
“അവര്‍ക്ക് പണം ഉണ്ട്..അതുപോലയാ നമ്മള്‍..” ഒരുത്തന്‍ അസൂയപ്പെട്ടു..”
“ഈ സ്മാര്‍ട്ട്സിറ്റി ഇങ്ങനെ പോയാ എന്താവും അണ്ണാ..” ചര്‍ച്ച ചൂടുപിടിക്കുന്നു..
“ഇതൊക്കെ ഓരോ കളീയല്ലേ അണ്ണാ..”
“ഈ നാട് നന്നാവൂല്ല..ഒരിക്കലും” ഒരു പെസ്സിമിസ്റ്റ്.

അയ്യോ കഥ മാറിപ്പോയി...! ദുഫായിലെ ഒരു കാര്യം പറയാന്‍ വന്നതാ..എന്നാല്‍ നമുക്ക് ദുഫായിലേക്ക് പോകാം..ട്രിന്‍..ട്രിന്‍..വണ്ടി പോട്ടേ..

സാലിക്കായുടെ ചായക്കട,യുഎയിലെ ദുബായി, സ്ഥലം ബര്‍ദുബായ് മീനാബസാര്‍ . സമയം 12.30 am , തിരക്കോട് തിരക്ക്. കാറ് നിര്‍ത്തുന്നതിന് മുന്‍പ് ചായ ഡെലിവെര്‍ ചെയ്തിരിക്കും. റമദാന്‍ മാസമായതുകൊണ്ട് നോമ്പ് തുറകഴിഞ്ഞാല്‍ പിന്നെ സാലിക്കാ വളരെ എനെര്‍ജെറ്റിക്ക് ആണ്. കുറെ ആള്‍ക്കാര്‍ എന്തൊക്കെയോ കഴിക്കുന്നു.അടുത്ത ദിവസത്തെ നോമ്പിന് വേണ്ടിയുള്ള തയാറെടുപ്പ്.

തലയില്‍ തൊപ്പിയും, തോളില്‍ കളര്‍ തോര്‍ത്തും വളര്‍ത്തിയാല്‍ വളരാത്ത താടിയുമായി എല്ലാവരുമായി വെടി പറഞ്ഞ് ജോളിയായ് പോകുന്നു.

“പഹയാ..ങ്ങള് മെട്രോയിക്കേറിയാ..”
“ഇക്കാ നമ്മക്ക് എവിടാ സമയം..!”
“ഡ്രൈവര്‍ ഇല്ലാതെയാ മെട്രൊ ഓടണത്..അറിയ്യോ..എല്ലാം കമ്പൂട്ടര്‍ വഴിയാ..”

അവിടെയും ചര്‍ച്ച മെട്രോയെപ്പറ്റിത്തന്നെ.
ചില വത്യാസങ്ങള്‍, എല്ലാവരുടെയും കാല്‍ നിലത്ത് ഉറക്കുന്നുണ്ട്, പാര്‍ട്ടി മീറ്റിംങ്ങ് കഴിഞ്ഞു വന്ന ആരും ഇല്ല.

“എന്തായാലും ഉഷാറ് തന്നെ..റോട്ടില്‍ തെരക്ക് ഇത്തിരി കൊറഞ്ഞേക്കണ് എന്നാ വാര്‍ത്ത.”

“ഞമ്മക്കടെ കൊച്ചി മെട്രൊന്‍റെ ഒരു ഗതിയെ..!” ആരോ കമന്‍റടിച്ചു..

“എന്താണിഷ്ടാ..ഗതി ...ആധോഗതി അല്ലാണ്ടെന്താ..കൊച്ചീ കൊതുകും, ക്വട്ടേഷനും മാത്രേ വളരൂ ..മറ്റൊന്നും വളര്‍ന്ന് കണ്ടിട്ടുമില്ല..ഹാ ഹാ” ഒരു ത്രിശ്ശിവപേരൂര്‍കാരന്‍ ഉറക്കെച്ചിരിച്ചു.

“അസ്തഗഫിറുള്ളാ..!” സാലിക്കാ നെടുവീര്‍പ്പിട്ടു..

“നല്ലൊരു കേരളം ഇനി പ്രതീക്ഷിക്കേണ്ട..ചെങ്ങായീ“

"സത്യം, മണല്‍ മാഫിയ..., നദികളെ ഒക്കെ വറ്റിച്ചു, റിയല്‍ എസ്റ്റേറ്റ് മാഫിയാ വയല്‍ ഒക്കെ നികത്തി. ഇതെങ്ങോട്ട്...ഈ പോക്ക്.."

"ഓണത്തിന് അത്തപ്പൂവിടെണേല്‍ തമിഴന്‍ പൂമുളപ്പിക്കണം..എന്തിന്..ഓണമുണ്ണണേല്‍ അരി ആന്ധ്രായീന്ന്‍ വരണം ..ഹാ ഹാ"

"ഇക്കാ...നമ്മുടെ നാട് ഒരുപാട് മാറിപ്പോയി.., മനുഷേരും...പ്രകൃതിയും..എല്ലാം.."

നാട്ടുകാരെക്കാള്‍ നാടിനെക്കുറിച്ച് വേവലാതി പ്രവാസികള്‍ക്കാണ് എന്നു തോന്നും. ഓര്‍മ്മകള്‍ ചങ്കിനകത്ത് സുഖമുള്ള നീറ്റലായി മാറുന്നു.മറുനാടന്‍ മലയാളിയെ ഓര്‍മ്മകള്‍ നിരന്തരം വേട്ടയാടുമ്പോള്‍, നാട്ടിലെ മലയാളി ആ ഓര്‍മ്മകളുടെ വേര് വരെ പിഴുതുമാറ്റി രസിക്കുന്നു. നഷ്ടപ്പെട്ട മഴയുടെ സംഗീതവും, ഗ്രാമവിശുദ്ധിയും മനസ്സിന്‍റെ ഇടവഴികളില്‍ തേങ്ങലായ് സൗഹൃദയാത്ര നടത്തുമ്പോള്‍ മൊബൈലിലേക്ക് കൈ അറിയാതെ നീട്ടുന്ന മലയാളിയായ പ്രവാസി. നാടുകടത്തപ്പെട്ടവന്‍റെ , പലായനം ചെയ്തവന്‍റെ സത്യസന്ധമായ ഗൃഹാതുരത.

ഞാന്‍ പിസ്സ പായ്ക്ക് തുറക്കുന്ന ബടക്ക് മണത്തില്‍ നിന്നും മൂക്ക് തിരിച്ചു..കാറിനുള്ളില്‍ അതിന്‍റെ മണം തന്നെ.ആരാന്നറിയണ്ടേ എന്‍റെ സിസ്റ്റര്‍..മിച്ചു...മീനാക്ഷിയെ ഞങ്ങള്‍ അങ്ങനെയാ വിളിക്കാറ്.എന്‍റെ എല്ലാ കള്ളത്തരങ്ങളും കണ്ടുപിടിക്കുന്ന പാര എന്നും പറയാം.

സാലിക്കാ എനിക്കും അച്ഛനും ഓരോ ഇലയപ്പവും(വത്സന്‍) , ചായയും തന്നു. ലവള്‍ക്കറിയാമോ ഇതിന്‍റെ ടേസ്റ്റ്.അവള്‍ക്ക് പിസ്സയില്‍ ആരോ കൈവിഷം കൊടുത്തിരിക്കുകയാന്നാ തോന്നുന്നേ.

“പുള്ളേ..നീ മെട്രോയിക്കേറിയാ..”സാലിക്കാ എന്നോട്
“അവളിന്നലെത്തന്നെ ഒന്നു കറങ്ങി” അച്ഛന്‍ ഇടക്കുകയറി.
“ഇക്കാ നിങ്ങള് ഒന്നു മെട്രോയിക്കേറിക്കറങ്ങിന്‍“

“പുള്ളേ മെട്രോയിക്കെറാന്‍ ഞമ്മളില്ല...!!“

“ങ്ങും..എന്തേ” എനിക്ക് ആകാംഷയായി..

“നാട്ടില് എന്തൂരം ആക്സിഡെന്‍റാ.. ..ട്രെയിന്‍ പാളം തെറ്റണ്, കൂട്ടിയിടിക്കണ്”
ഡ്രൈവര്‍ ഒണ്ടായിട്ട് ഇതാ ഗതിയെങ്കി..ഡ്രൈവറില്ലാത്ത ഇബിടെ മെട്രോയില്..എന്താ നടക്ക്വാ..എല്ലാം കമ്പൂട്ടറിലാ...അതെങ്ങാനും അടിച്ച് പോയാ....യാറബ്ബില്‍ ആലമീന്‍....പുള്ളേ മെട്രോയിക്കെറാന്‍ ഞമ്മളില്ല..!!!1 അഭിപ്രായം: