28 ജനുവരി 2013

കപീഷിസം

Buzz Itനിങ്ങള്‍ എനിക്ക് വേണ്ടി തെരുവില്‍ ഇറങ്ങരുത്, വടിവാളും കട്ടപ്പാരയുമായി മുദ്രാവാക്യം വിളിക്കരുത്, കുരുത്തോലയും , കൊടികളുമേന്തി സയമം കളയരുതുത് , എന്നെ ഓര്‍ക്കുകപോലുമരുത്, ഞാന്‍ ഈ പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്നു !! -കപീഷ്

ആദിയില്‍ കപീഷുണ്ടായി...
അനന്തരം ഭൂമിയും സൌരയൂഥവും സൃഷ്ടിച്ചു..
ഭൂമി പാഴായും ശൂന്യമായും ഇരുന്നു; അതുകൊണ്ട് മാത്രം കാട് ഉണ്ടാക്കി .കപീഷിന്‍റെ വാല്‍ കാടിന് മീതെ വളര്‍ന്നുകൊണ്ടിരുന്നു..

വാലുകൊണ്ട് ഭൂമിയെയും മറ്റ് ഗ്രഹങ്ങളേയും ഇടക്ക് സ്പർശന സായൂജ്യത്തിൽ ആറാടിക്കവേ പീലുവും സിഗാളും ഉണ്ടാകട്ടെ എന്നു കപീഷ് കല്പിച്ചു;പീലുവും സിഗാളുമുണ്ടായി. അവര്‍ വഴക്കിട്ടതിനാല്‍; കപീഷ് അവരെ തമ്മിൽ വേർപിരിച്ചു.

കപീഷ് കരടിയെ സൃഷ്ടിച്ച് ബബൂച്ചയെന്നും മാനിനെ സൃഷ്ടിച്ച് പിന്‍റു എന്നും പേര് നല്‍കി. പിന്നീട് ബന്ദില എന്ന ആനയേയും , പഞ്ചാ എന്ന പരുന്തിനെയും, മോട്ടുമുയലിനെയും ഖര്‍ണ്ണിമുയലിനേയും ഭൂമിയിലേക്ക് വരുത്തി. പിന്നെ സകലമാന ജീവജാലങ്ങളേയും സൃഷ്ടിച്ചു. ഒപ്പം എലിയെയും സൃഷ്ടിച്ചു.
അനന്തരം കപീഷ് സ്വയം മോഡിഫൈ ചെയ്ത് മനുഷ്യനെ ഉണ്ടാക്കി; ആദിയില്‍ കപീഷ് ആണായി ദൊപ്പയ്യെയും പെണ്ണായി അമ്മായിയെയും അവരുടെ മരുമകളായി ‘ഇള‘യെയും സൃഷ്ടിച്ചു. എന്നാല്‍ അവരുടെ വിചാരധാരകളെ സ്വതന്ത്രമായി മേയാന്‍ അനുവദിച്ചു. അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിലെ മൃഗങ്ങളിന്മേലും , ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.

പിന്നീട് പുകള്‍പെറ്റ ‘പൂമ്പാറ്റ’ മാസികയായും ദ്വൈവാരികയായും പ്രസിദ്ധീകരിച്ചു. ജനലക്ഷങ്ങള്‍ നെഞ്ചോട് ചേര്‍ത്ത സുന്ദരവും ലളിതവുമായ ആദ്യ വിശുദ്ധ പുസ്തകം അങ്ങനെ പിറവികൊണ്ടു.

കാട്ടില്‍ എലിപ്പനി പരത്തിയതിന് ‘എലിയെ’ കാട്ടില്‍ നിന്നും പുറത്താക്കി. വിശന്ന് വലഞ്ഞ എലി കപീഷിനെ തപസ്സ് ചെയ്ത് പ്രസാദിപ്പിച്ചു..
കപീഷ്: വത്സാ നിന്നില്‍ നാം സംപ്രീതനായിരിക്കുന്നു നിനക്ക് എന്തു വേണം?
എലി: ഞാന്‍ ഒരു തികഞ്ഞ കപീഷിസ്റ്റാണ് , എനിക്ക് വിശക്കുന്നു പ്രഭോ? ഒരു പേരുപോലുമില്ല..എല്ലാവരും എന്നെ കളിയാക്കുന്നു..ദയവുണ്ടാകണം..
കപീഷ് : ഇന്നുമുതല്‍ നീ ഡിങ്കനായി അറിയപ്പെടും, നിനക്ക് കരണ്ട് തിന്ന് വിശപ്പടക്കാന്‍ നാം ‘ബാലമംഗളം’ പ്രസിദ്ധീകരിക്കുന്നു.. നീ എങ്ങോട്ടെങ്കിലും ഓടിപ്പൊയി രക്ഷപെട്ടോളൂ...!

അങ്ങനെ 'എലി' എങ്ങോ ഓടിപ്പോയി ...അനുയായികളെ സംഘടിപ്പിച്ചു.. സ്വന്തമായി മതമുണ്ടാക്കി..ഹൃദയാലുവും ദയാനിധിയുമായ കപീഷിനെ വെല്ലുവിളിച്ചുകൊണ്ടിരുന്നു..!


ഇതിനിടക്ക് ട്വിങ്കിളും, ബാലരമയുമുണ്ടായി.. അവിടെയെല്ലാം സര്‍വ്വവ്യാപിയായി കപീഷ് വാഴ്ത്തപ്പെട്ടു.. സര്‍വ്വലോക വ്യാപിയായി...മൂർത്തമായ ആന്തരാത്ഥത്തിൽ വ്യക്തിയെ പൂർവകല്പന ചെയ്തതുകൊണ്ടാണ് കപീഷിസ്റ്റ് തത്ത്വചിന്തയ്ക്ക് വ്യക്തികളുടെ ജീവിതവ്യാപാരത്തിലും വ്യക്തികൾ തമ്മിലുള്ള അനിഷേധ്യമായ ബന്ധങ്ങളിലും നിയമപ്രകാരവും സാമൂഹ്യമായുമുള്ള നന്മ-തിന്മകളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും വിഭാവന ചെയ്യാൻ കഴിഞ്ഞത്. വ്യക്തികളുടെയും പല സമൂഹങ്ങളുടെയും ഇച്ഛയ്ക്കും ആഗ്രഹങ്ങള്‍ക്കും പൊതുവായ താത്പര്യങ്ങൾക്കുമനുയോജ്യവുമായ നൈതികമൂല്യങ്ങളാണ് കപീഷിസത്തിന്‍റെ പൊതുധാരയും സത്തയും.

കപീഷിസം എന്നാല്‍ ആത്യന്തികമായി എന്താണ് ?
പ്രപഞ്ചത്തിന്റെയും അതിലെ എല്ലാ വസ്തുക്കളുടേയും മനുഷ്യനുള്‍പ്പെടെയുള്ള സര്‍വ്വ ജീവജാലങ്ങളുടെയെല്ലാം സൃഷ്ടാവ്‌. അവയെയെല്ലാം വളരെ കരുതലോടെയും സ്നേഹത്ത്തോടെയും സ്വന്തം വാലിനാല്‍ പരിപാലിക്കുന്നവന്‍. കപീഷിന് ജനനവും മരണവും മരണാനന്തരവുമില്ല. എന്നും എന്നും അതായത് ലോകാവസാനം വരെ നിലനില്‍ക്കുന്നവന്‍ . പ്രപഞ്ചത്തിന്റെ ഓരോരോ മുക്കിലും മൂലയിലും വളവിലും തിരിവിലും മലയിലും നദിയിലും ആകാശത്തും സമുദ്രത്തിലും സംഭവിക്കുന്നതെല്ലാം സിസി ടിവി ക്യാമറയില്ലാതെ കാണുവാനും സ്വയം നിയന്ത്രിക്കുവാനും അവനു നന്നെ കഴിയും. അവന്‌ പിതാശ്രീയോ, മാതാശ്രീയൊ, ഭാര്യശ്രീയോ, മക്കള്‍സ്ശ്രീയോ , കാമുകിശ്രീയോ ഒന്നുമില്ല. അവന്‍ എന്നും ഒറ്റയ്ക്കാണ്, ഏകനാണ്‌, ഏകാന്ത പഥികനാണ് . മനുഷ്യന്റെ പോലെയുള്ള സുന്ദരമായ കണ്ണുകളും കാതുകളും അംഗലാവണ്യം വഴിഞ്ഞൊഴുകുന്ന അവയവങ്ങളുമായി ജീവിക്കുന്നവനല്ല കപീഷ്. നീണ്ട വാലിനാല്‍ സൌരയൂഥസ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവനാണവന്‍..!!
ഓം കപീഷായ നമഃ , മാഷാ കപീഷ് ..!
അത്യുന്നതങ്ങളില്‍ കപീഷിനു മഹത്വം , ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നൊക്കെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതിനോടും പറയുന്നതിനോടും വിപ്രതിപത്തിയുള്ള ഒരു സമൂഹമാണു കപീഷ് വിഭാവനം ചെയ്തിരിക്കുന്നത്..


മനുഷ്യനുണ്ടാക്കുന്ന ലോഹ കല്‍വിഗ്രഹങ്ങളിലും, ചുവര്‍ ചിത്രങ്ങളിലും, ആള്‍രൂപങ്ങളിലും മന്ത്രം ചൊല്ലി ആവാഹിച്ചു കുടിയിരുത്തി നമ്മള്‍ പറയുന്നതെല്ലാം കേള്‍പ്പിക്കാന്‍ കഴിയുന്ന ഒരു വസ്തുവല്ല കപീഷ്. കപീഷ് ഒരു 'മഹാശക്തിശ്രോതസ്സാണു' യാണ്‌. അല്‍പ്പമാത്രമായ ബുദ്ധിവെച്ച് കപീഷിനെ പൂര്‍ണ്ണമായി നിര്‍വ്വചിക്കാന്‍ മനുഷ്യന്‍ പലപ്പോഴും വൃഥാ ശ്രമിച്ചുകൊണ്ടിരിക്കുന്നു, എന്നാല്‍ അതിന് കഴിയില്ല എന്നതാണ് പരമമായ സത്യം . വെറുതെയുള്ള ഇത്തരം സങ്കല്‍പ്പങ്ങളെല്ലാം മനുഷ്യന്റെ 'വിവരമില്ലായ്മ' ഒന്നുമാത്രം.


പൂമ്പാറ്റ പറയുന്നു. 'കപീഷ്, അവനല്ലാതെ ഈ ലോകത്തിന് മറ്റൊരു പ്രീയങ്കരനില്ല , നാഥനില്ല, എന്നെന്നും എപ്പോഴും ജീവിച്ചിരിക്കുന്നവന്‍ , സ്വയം നിലനില്‍ക്കുന്നവന്‍ , കോട്ടുവായിടലോ മയക്കമോ ഉറക്കമോ കൂര്‍ക്കം വലിയോ ഉറങ്ങിയെഴുന്നേല്‍ക്കലോ അവനെ ബാധിക്കുകയില്ല. അവന്റേതാണ്‌ ഈ ആകാശഭൂമിയിലുള്ളതെല്ലാം, അതിനുമപ്പുറത്തുള്ളത് അവന്‍ എത്തിനോക്കാറ് കൂടി ഇല്ല. കാരണം അവന്‍ തിരക്കിലാണ്. സമയം കിട്ടുകയാണെങ്കില്‍ വല്ലപ്പ്പൊഴും അവിടേയ്ക്കും എത്തി നോക്കുന്നതാണ്. വാലുകൊണ്ട് അനുഗ്രഹിക്കുന്നതാണു. അവന്റെ അനുവാദം വാങ്ങിയല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ, പരദുഷണം, പ്രാര്‍ത്ഥന , പ്രീണനം, സേവ എന്നിവ നടത്താനാരുണ്ട്‌? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവര്‍ക്ക് ഇടയിലുള്ളതും അവന്‍ അറിയുന്നു. പ്രകാശവലയ ഭാരം ശിരസ്സിലേറ്റി അഭൌമമായ ചിന്തകളൂന്നി എത്രയോ പ്രവാചകന്മാര്‍ ഈ ഹൃദയവഴിയിലൂടെ ചുരമിറങ്ങിപ്പോകാറുണ്ട്.. എന്നാൽ കപീഷ് പ്രവാചകനായിരുന്നില്ല , അവന്റെ മഹത്തായ ജ്ഞാനത്തില്‍ നിന്ന്‌ അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്ക്‌ അറിയാനോ ചിന്തിക്കുവാനോ പോലും കഴിയുകയില്ല. അവന്റെ അധികാരപീഠത്തിന് പരിധികളില്ല,അത് ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ എല്ലാം സംരക്ഷണം അവന്‌ ഒരിക്കലും ഒരുകാലത്തും ഭാരമുള്ളതല്ല. അവന്റെ വാലിനാല്‍ ഈ ലോകം അവന്‍ നിയന്ത്രിക്കുന്നു. പൂമ്പാറ്റയിലെ വാക്കുകള്‍ ഉദ്ധരിക്കാതെ ഉരുവിടട്ടെ..അവന്‍ ഉന്നതന്മാരില്‍ മഹോന്നതനും മഹത്തുക്കളില്‍ അതിമഹത്വം പേറുന്നവനുമത്രെ..!.

ഋജു രേഖയിലൂടെ മനസ്സിനെ നിയന്ത്രിച്ച് , സത്യത്തിന്റെ ശ്വാസത്തില്‍ ഹൃദയം വേവിച്ചെടുത്ത് കണ്ണീരുതിര്‍ക്കുമ്പോള്‍ പശ്ചാത്താപത്തിന്റെ പരിണിതിയായ തേനറകള്‍ ഏറ്റുവാങ്ങി എത്രയോ മനുഷ്യജന്മങ്ങള്‍ക്ക് കപീഷിന്റെ അനുഗ്രഹം ഒരു പുണ്യാഹം പോലെ ചൊരിഞ്ഞിട്ടുണ്ട്..!
കപീഷ് എല്ലാം അറിയുന്നവന്‍ , എല്ലാം ക്ഷമിക്കുന്നവന്‍ ..!!
__________________________________

‪#‎കപീഷിസം‬ പഠിക്കൂ..ഹൃദയ നൈര്‍മ്മല്യം കൈവരിക്കൂ..

3 അഭിപ്രായങ്ങൾ:

 1. അപ്പൊ അങ്ങനെയാണു തമ്പാനൂർ റെയില്വേ സ്റ്റേഷൻ ഉണ്ടായത്.. :) പോസ്റ്റ് ചിരിപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
 2. ഒരു പിശകുണ്ട്.
  കപീഷിനെ മോഡിഫൈ ചെയ്യാനാവില്ല.
  മങ്കിബാത്ത് ഒക്കെ ചെയ്ത് മോഡി കപീഷിഫൈ ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നതാണ് സത്യം.
  ജയ് കപീഷ്.

  മറുപടിഇല്ലാതാക്കൂ