11 മേയ് 2014

ധനുഷ്കോടി

Buzz It
ഇന്ത്യയുടെ തെക്കേ മുനമ്പ് ..!
സുനാമിയില്‍ തകര്‍ന്നടിഞ്ഞ നിരവധി കെട്ടിടങ്ങള്‍ ..
ക്ഷേത്രങ്ങള്‍ , പള്ളികള്‍ , റേല്‍വേസ്റ്റേഷന്‍..!!

വന്‍കരയുമായി ഈ ദ്വീപിനെ ബന്ധിപ്പിക്കുന്ന
പാമ്പന്‍ പാലവും കടന്ന് പിന്നെയും കുറെ ദൂരം..
കക്കയും ശഖും ചിതറിക്കിടക്കുന്ന
കണ്ണെത്താ ദൂരത്ത് മണല്‍ത്തീരം..
മണല്‍ത്തീരത്ത് പാഞ്ഞു നടക്കുന്ന
വന്യഭാവങ്ങളോടെ നിരവധി കുതിരകള്‍ ..
വികൃത ശബ്ദങ്ങളുണ്ടാക്കി പറന്നിറങ്ങുന്ന കടൽപ്പഷികള്‍ ..

രണ്ട് നിറമുള്ള രണ്ട് സമുദ്രങ്ങള്‍
ഒന്നില്‍ തിരകള്‍ തീരത്തേയ്ക്കാഞ്ഞടിക്കുമ്പൊള്‍
മറ്റൊന്ന് തിരയിളക്കമില്ലാതെ ശാന്തമായി തീരത്തെ പുല്‍കുന്നു..
സമുദ്രത്തില്‍ , ശ്രീലങ്കയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ചുണ്ണാമ്പ് കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ച രാമസേതു ..!

കാഴ്ചയില്‍ അങ്ങകലെ ശ്രീലങ്ക..
ആളനക്കമില്ലാത്ത വെള്ള മണല്‍ നഗരം,
തിരമാല വിഴുങ്ങിയ നഗരത്തിന്‍റെ അവശിഷ്ടങ്ങള്‍
ശ്വാസം മുട്ടിമരിച്ച അനേകായിരം ആത്മാക്കളുടേതെന്ന് തോന്നുമാറ് ഹുങ്കാര ശബ്ദം പ്രതിധ്വനിപ്പിക്കുന്ന മഹാ സമുദ്രതീരം..! മുക്കുവരുടെ പൊലിഞ്ഞുപോയ സ്വപ്നങ്ങളും മത്സ്യഗന്ധമാര്‍ന്ന കാറ്റും തമ്മിൽപ്പുണരുന്ന വിജനതീരം, ധനുഷ്കോടി ഒരു അനുഭവം
തന്നെയാണ്...!
ധനുഷ്കോടി-2

നരയുടെ ചെമ്പന്‍ വികൃതികളുമായി
വാര്‍ദ്ധക്യത്തിന്‍റെ , നിസ്സഹായതയുടെ , നിരാലംബതയുടെ
നിഷ്കരുണം വിധി തകര്‍ത്തെറിഞ്ഞവരുടെ
പ്രതീകമായി അയാള്‍ എന്‍റെ മുന്നില്‍ ..
അഴുക്കുപുരണ്ട നരച്ചമുടികള്‍ക്ക്
ഇനിയും വളരാന്‍ മോഹം..
അനേകം കൊല്ലങ്ങളുടെ പഴക്കമേറി
ആരാധനയുടെ പാരമ്പര്യമറ്റ് പുതുക്കിപ്പണിയാന്‍
കഴിയാത്ത അവശിഷ്ടങ്ങളുമായി അസ്ഥിവാരങ്ങള്‍
മണലില്‍ കുഴിച്ചിട്ട പ്രേതഗ്രഹം പോലെയുള്ള
പള്ളിക്ക് മുന്നില്‍ അയാള്‍ ..!

കീറിയ തുണികളില്‍ പൊതിഞ്ഞ ദുര്‍ബല ശരീരത്തെ
കടല്‍ക്കാറ്റ് വല്ലാതെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു..
അതിലുപരി വിശപ്പ് വിറകൊള്ളിക്കുന്ന
പ്രായാധിക്യം നിലവിളിക്കുന്നു..
വളര്‍ന്നിറങ്ങിയ വെളുത്ത പുരികത്തിനു താഴെ
കാഴ്ചയും, കണ്ണീരും വറ്റിപ്പോയ നേത്രങ്ങള്‍ക്ക്
നിരവധി ചരിത്രകഥകള്‍ പറയാനുണ്ടാവും...
പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ട
ജീവിതഘട്ടങ്ങളുടെ അവസാന താളുകളില്‍
ഇനിയുമെന്തോ കോറിയിടാന്‍ ബാക്കിയുണ്ടെന്ന്
ദ്യോതിപ്പിക്കുന്ന ശരീരഭാഷ..

നീട്ടിയ കൈകളില്‍ പത്തു രൂപയുടെ രണ്ട്
നോട്ടുകള്‍ വച്ചു കൊടുത്തപ്പോള്‍ അധികമായിപ്പോയി
എന്ന ഭാവം ...നോട്ടുകള്‍ ചുരുട്ടിപ്പിടിച്ച് കൈകള്‍ കൂപ്പി
വിശപ്പൊഴിയാ വയറും , ശക്തിക്ഷയിച്ച ശരീരവുമായി അയാള്‍
വെള്ള മണലിലൂടെ ഏങ്ങോ നടന്നു മറഞ്ഞു..

“ഞാനിനിയും വരും ..ചിലപ്പോള്‍ ഒരിക്കല്‍ക്കൂടി
തമ്മില്‍ കാണാന്‍ കഴിഞ്ഞേക്കും.“
ആശംസകളായി അറിയാതെ പറഞ്ഞപ്പോള്‍
എന്‍റെ ആയുസിന്‍റെ പുസ്തകത്തിലെ
ഇനിയുള്ള പേജുകളില്‍ കുറച്ച് കീറി
അയാള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്
മനസ് വൃഥാ ആഗ്രഹിച്ചു..
________________________________________
#വാര്‍ദ്ധക്യവും വിശപ്പും ഒരുമിച്ചാക്രമിക്കുമ്പോള്‍
സ്നേഹത്തിന്‍റെ കിനിവുകള്‍ ഇറ്റുവീഴപ്പെടെട്ടെ..!1 അഭിപ്രായം:

  1. വായനക്കാരന്‍റെ മനസ്സില്‍, ആഹ്ലാദവും, ആകാംക്ഷയും,
    ഒപ്പം നൊമ്പരങ്ങളും സൃഷ്ടിച്ചുകൊണ്ട് കടന്നുപോകുന്ന യാത്രാവിവരണഎപ്പിസോഡുകള്‍...

    അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ