01 ഒക്‌ടോബർ 2014

കുണ്ഡലിനി..!!

Buzz It


കുണ്ഡലിനി.. കുണ്ഡലിനി എന്ന് കേട്ടിട്ടുള്ളതല്ലാതെ എന്താണ് സംഭവം എന്ന് പലര്‍ക്കും പിടിയില്ല..! ഈ സരസവും ദുര്‍ഘടവുമായ പദം കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു ചെറു പുഞ്ചിരി വിടരും , ദേ..ഇപ്പൊ നിങ്ങള്‍ക്ക് ഒരു ചിരി വന്നില്ലെ..അതാണ് നുമ്മള്‍ പറയാന്‍ പോകുന്ന കുണ്ഡലിനി..!! കുണ്ഡലിനി എന്ന് പറഞ്ഞാല്‍ നുമ്മക്ക് ബാബാ രാംദേവിനെയോ , സ്വാമി നിത്യാനന്ദയൊ വരെ ഓര്‍മ്മ വരും. അവരുടെ കുണ്ഡലിനി ഉണര്‍ത്തല്‍ പ്രസിദ്ധമാണല്ലൊ..! യോഗചെയ്ത് കുണ്ഡലിനിയെ ഉണര്‍ത്തിയെടുക്കുന്നവരും , എന്നാല്‍ ഒരു ചുക്കും ചെയ്യാതെ സ്വന്തം കുണ്ഡലിനിയെ അവഗണിക്കുന്നവരുമുണ്ട്. ഭൂരിഭാഗവും ഈ രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ്. സ്വന്തമായി നല്ല ഒന്നാംതരം കുണ്ഡലിനിയുള്ളവര്‍ പോലും വല്ലവരുടേയും ‘ഓഞ്ഞ’ കുണ്ഡലിനിയെ പൊക്കിപ്പറഞ്ഞ് പ്രതിപക്ഷ ബഹുമാനമുണ്ടെന്ന് നടിക്കുന്ന കലികാലമാണ് ഇത്. അദ്ധ്യാത്മസാധനകൊണ്ട് മനുഷ്യശരീരത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന അതിബൃഹത്തായ മൂലശക്തിയെ ഉണര്‍ത്തിയെടുത്ത് നമുക്ക് ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് മുന്നോട്ട് പോകാം.!

ആരാധ്യരായ യോഗഗുരുക്കാന്മാരുടെ കുണ്ഡലിനിയെ ഒന്നു ബഹുമാനപുരസ്സരം താണുവണങ്ങി എന്താണ് കുണ്ഡലിനിയെന്ന് പരിശോധിക്കാം. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ അവര്‍ക്കെല്ലാം സ്വന്തായി കുണ്ഡലിനിയുമുണ്ട്, കൃത്യമായി പറയുകയാണെങ്കില്‍ സ്പൈനല്‍ കോഡിന്റെ [സുഷുമ്‌ന നാഡി] ഏറ്റവും താഴത്തെ അറ്റത്താണ് ഈ കുണ്ഡലിനി എന്ന് പറയുന്ന സംഭവം സ്ഥിതിചെയ്യുന്നതെന്നാണ് പൊതുവെയുള്ള മതം. അവിടെ ചുരുട്ടിക്കൂട്ടി വച്ചിരിക്കുന്ന ‘എനര്‍ജി’ ഉണര്‍ത്തിയെടുത്താല്‍ അതു സ്പൈനല്‍ കോഡ് വഴി മുകളിലേയ്ക്ക് കയറും...പിന്നെ പോലീസ് പിടിച്ച് ഇടിച്ചാല്‍ പോലും ഒന്നും സംഭവിക്കില്യാ.! ആയതിനാല്‍ നാഡീ വ്യൂഹത്തിലെ അന്തര്‍വാഹികളും ബഹിര്‍വാഹികളുമായ വ്യാപാരവ്യവസായങ്ങള്‍ കേന്ദ്രീകൃതമായും അടുക്കുംചിട്ടയൊടും നിര്‍വ്വഹിക്കാന്‍ കുണ്ഡലിനിയെ ഉണര്‍ത്തേണ്ടത് ഏതൊരു ഇന്ത്യന്‍ പൌരന്റെയും ആത്യന്തികമായ കടമയാണ്..!

നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ സന്തുലിതപ്പെടുത്തുന്നവയാണ് ആഹാര രീതികളെങ്കിലും നമ്മുടെ സ്വഭാവവുമായും അത് ബന്ധപ്പെട്ടു കിടക്കുന്നു.
ആയതിനാല്‍ കുണ്ഡലിനി ഉണര്‍ത്തുന്നവര്‍ ആഹാര കാര്യത്തില്‍
പ്രത്യേക നിഷ്കര്‍ഷ പാലിക്കേണ്ടതാണ്.. ഒന്നു ചുരുക്കി വിവരിക്കാം..

1. രാവിലെ രണ്ട് ഇഡ്ഡലി കഴിക്കാം . നാട്ടിലാണെങ്കില്‍ 12 എണ്ണം വരെ ഈസിയായിട്ട് കൈകാര്യം ചെയ്യാം . ഇഡ്ഡലി & കുണ്ഡലിനി വായിച്ചാല്‍ പേരില്‍ ഒരു പ്രാസം ഇല്ലേ? അതാണതിന്റെ ഒരു ഇത്...!

2. ക്ലോക്കില്‍ മണി പന്ത്രണ്ട് അടിക്കുമ്പോള്‍ ഒരു ഓറഞ്ച്,ക്യാരറ്റ് ഫ്രെഷ് ജൂസ് ഒരു ഗ്ലാസ് നിര്‍ബന്ധമാക്കണം. നൊ ഐസ് , ആ തെണ്ടികള്‍ ഷുഗര്‍ ഇടാറേയില്ല..!

3.ഉച്ചക്ക് ചോറ് ..മീനില്ലെങ്ക്ലും സാരമില്ല മീഞ്ചാറെങ്കിലും മതി.
മീനിലെ ധാതു ലവണങ്ങള്‍ അലിഞ്ഞു ചേര്‍ന്ന് രാസപ്രവര്‍ത്തനം നടത്തിയ ‘ചാറ് ‘ കുണ്ഡലിനിയെ കുലുക്കി ഉണര്‍ത്താന്‍ കഴിവുള്ളവയാണ്..!

4.ഇടക്കിടയ്ക്ക് ബ്ലാക് ടീ . ഫ്ലേവനോയിഡുകളുടെ ബാഹുല്യം കുണ്ഡലിനിക്ക് അത്ഭുതാവമായ പ്രചോദനമാണ് നല്‍കുന്നത്. സുലൈമാനി കുടിക്കുമ്പോള്‍ വെറുതെ വയര്‍ ഉരുണ്ടുകേറുന്നത് കുണ്ഡലിനിയുടെ പ്രഭാവം ആണെന്ന് തെറ്റിദ്ധരിച്ചേക്കരുത്..

5. വൈകിട്ട് ഒരു കുബൂസ് [കുബൂസ് കിട്ടിയില്ലെങ്കില്‍ മാത്രം ചപ്പാത്തി..! ]
അല്പം ചിക്കങ്കറി..
ചിക്കങ്കറിയാ..? എന്നൊന്നും ചോദിക്കേണ്ട , ചിക്കനും മീനുമൊക്കെ വെജിറ്റേരിയന്‍ ആഹാരമാണ്. സിംഹം , കടുവ, പുലി ഇവറ്റകളുടെ മാംസം ഭക്ഷിച്ചാല്‍ നുമ്മളും നോണ്‍ വെജ് ആയിപ്പൊകും. അതുകൊണ്ട് കുണ്ഡലിനിയെ ഉണര്‍ത്താന്‍ പര്യാപ്തമായ ആഹാരം നാം പ്രത്യേകം തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്.

ആത്മീയജ്ഞാനത്തിന്റെ അഭാവമാണ് മനുഷ്യര്‍ക്ക് മാനസികാരോഗ്യം കുറയാനുള്ള യഥാര്‍ത്ഥകാരണമെന്ന് പറയുമ്പോള്‍ ശ്വാസം പോലും നേരെ ചൊവ്വേ നിയന്ത്രിക്കാന്‍ കഴിയാത്ത മനുഷ്യര്‍ എത്ര നിസ്സാരന്മാരും അവര്‍ക്കെങ്ങനെ ആത്മീയജ്ഞാനം മുഴുവനായി ഉള്‍ക്കൊണ്ട് കുണ്ഡലിനിയെ പരിപോഷിപ്പിക്കാന്‍ കഴിയുമെന്ന് ഒരു ശങ്കയില്ലേ?. ശരീരത്തിനു സംഭവിക്കുന്ന ക്ഷയവും, വൃദ്ധിയും , മരണവുമെല്ലാം തന്റേതാണെന്നു തെറ്റിദ്ധരിച്ച് ജീവിക്കുന്നവര്‍ക്ക് കുണ്ഡലിനിയെപ്പറ്റി ചിന്തിക്കാന്‍ പോലും സമയം കിട്ടുമോ ..?!! ആത്മാവിന്റെ ശക്തിയെന്ന നിലയില്‍ കുണ്ഡലിനീ ശക്തിയെ തിരിച്ചറിയുകയും വികസിപ്പിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ ഒരു വെറും ശരീരമോ ബുദ്ധിയോ അല്ല; ആത്മാവുതന്നെയാണെന്ന് മനസ്സിലാക്കാനും മാനസികാരോഗ്യം വീണ്ടെടുത്ത് ഏതു ജീവിത പ്രതിസന്ധികളേയും ധൈര്യപൂര്‍വ്വം നേരിടാനും തരണം ചെയ്യാനും കഴിയുന്നുവെന്ന് യോഗിവര്യന്മാര്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നതൊക്കെ വായിച്ച് നുമ്മടെ കുണ്ഡലിനിയും ഉണര്‍ന്നു തുടങ്ങി..!! ഉണര്‍ന്ന കുണ്ഡലിനീപരിപോഷണത്തിനായി പരിശ്രമിക്കുമെന്ന് ഞാനിതാ സത്യം ചെയ്യുന്നു...! ജീവിതാസ്വാദനത്തിന്റെ ആത്മീയവ്യവഹാരത്തില്‍
അലിഞ്ഞ് ചേരാന്‍ നോം നിങ്ങളേയും സഹര്‍ഷം സാദരം സ്വാഗതം ചെയ്യുന്നു..

ഇനി ഏതെങ്കിലും യോഗഗുരുവിനെ എത്രയും പെട്ടെന്ന് സമീപിച്ച് ദക്ഷിണ വെക്ക്യാ.. ! കുണ്ഡലിനി ധൃതഗതിയില്‍ ഉണര്‍ത്തുക...!
സര്‍വ്വം മംഗളം ..ശുഭം.
______________________________________________
#എല്ലാകൂട്ടുകാര്‍ക്കും കുണ്ഡലിനി ഉണര്‍ത്തല്‍ ആശംസകള്‍ ..!!

2 അഭിപ്രായങ്ങൾ:

  1. കുണ്ഢലിനിയെകുറിച്ച് ഇത്രയും ഗഹനമായ ഒരു പ്രബന്ധത്തിനു വളരെ നന്ദ്രി..

    മറുപടിഇല്ലാതാക്കൂ
  2. ആത്മീയജ്ഞാനത്തിന്റെ അഭാവമാണ് മനുഷ്യര്‍ക്ക് മാനസികാരോഗ്യം കുറയാനുള്ള യഥാര്‍ത്ഥകാരണമെന്ന് പറയുമ്പോള്‍ ശ്വാസം പോലും നേരെ ചൊവ്വേ നിയന്ത്രിക്കാന്‍ കഴിയാത്ത മനുഷ്യര്‍ എത്ര നിസ്സാരന്മാരും അവര്‍ക്കെങ്ങനെ ആത്മീയജ്ഞാനം മുഴുവനായി ഉള്‍ക്കൊണ്ട് കുണ്ഡലിനിയെ പരിപോഷിപ്പിക്കാന്‍ കഴിയുമെന്ന് ഒരു ശങ്കയില്ലേ?. ശരീരത്തിനു സംഭവിക്കുന്ന ക്ഷയവും, വൃദ്ധിയും , മരണവുമെല്ലാം തന്റേതാണെന്നു തെറ്റിദ്ധരിച്ച് ജീവിക്കുന്നവര്‍ക്ക് കുണ്ഡലിനിയെപ്പറ്റി ചിന്തിക്കാന്‍ പോലും സമയം കിട്ടുമോ ..?!! ആത്മാവിന്റെ ശക്തിയെന്ന നിലയില്‍ കുണ്ഡലിനീ ശക്തിയെ തിരിച്ചറിയുകയും വികസിപ്പിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ ഒരു വെറും ശരീരമോ ബുദ്ധിയോ അല്ല; ആത്മാവുതന്നെയാണെന്ന് മനസ്സിലാക്കാനും മാനസികാരോഗ്യം വീണ്ടെടുത്ത് ഏതു ജീവിത പ്രതിസന്ധികളേയും ധൈര്യപൂര്‍വ്വം നേരിടാനും തരണം ചെയ്യാനും കഴിയുന്നുവെന്ന് യോഗിവര്യന്മാര്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നതൊക്കെ വായിച്ച് നുമ്മടെ കുണ്ഡലിനിയും ഉണര്‍ന്നു തുടങ്ങി..!! ഉണര്‍ന്ന കുണ്ഡലിനീപരിപോഷണത്തിനായി പരിശ്രമിക്കുമെന്ന് ഞാനിതാ സത്യം ചെയ്യുന്നു...

    മറുപടിഇല്ലാതാക്കൂ