08 ഒക്‌ടോബർ 2014

അജ്ഞാതമായ ജീവിതാദ്ധ്യായങ്ങള്‍..!

Buzz It
ജനിക്കുമ്പോഴേ പേടിയുള്ളതുകൊണ്ടാണ്
നമ്മള്‍ ഒറ്റക്കരച്ചില്‍ കരയുന്നത് ,
നിര്‍ത്താതെ കരയും .. അമ്മയുടെ ചൂട് കിട്ടുന്നതുവരെ.
അതുവരെയുണ്ടായിരുന്ന ചൂട് നിലനിര്‍ത്താനുള്ള
വാശിയോടെയുള്ള കരച്ചില്‍..!

പിന്നെ വളരുന്തോറും കരച്ചിലിന്‍റെ ആവൃത്തി കുറയും,
ചുറ്റുപാടുകള്‍ പരിചിതമാകുമ്പോള്‍ ക്രമേണ പേടിയും കുറയും.
പിന്നെപ്പിന്നെ നേരമ്പോക്കിന് ഇടക്കിടെ പേടിക്കാറും കരയാറുമുണ്ട്..
കൌമാരമൊക്കെ കടന്ന് ചിറക് കുടഞ്ഞ്
പറന്ന് തുടങ്ങുമ്പോള്‍ ജീവിതത്തോടു തന്നെ ഒരു പേടി തോന്നും.
ഇനിയെന്തെന്ന് വിചാരിച്ച് കുണ്ഠിതപ്പെടും..!
ജോലിയും കൂലിയുമില്ലാതെ വലിയ അന്ധകാരത്തില്‍ പെട്ട്
മനസ്സ് എന്തിനെന്നില്ലാതെ വിങ്ങിപ്പൊട്ടും..
മൂല്യങ്ങളോടും മാമൂലുകളോടും നിഷേധാത്മകത പ്രകടിപ്പിച്ച്
ജീവിതത്തെ നോക്കി അന്ധാളിച്ച് നില്‍ക്കും..
ആര്‍ദ്രകണികളിലെവിടെയൊക്കെയോ തിളക്കമാര്‍ന്ന കണ്ണുകള്‍ ചൊരിയുന്ന
വൈദ്യുത നോട്ടങ്ങളെ താലോലിച്ചുകൊണ്ട്
ഒന്നുമുരിയാടാനാകാതെ വിമ്മിട്ടപ്പെട്ട ദിനങ്ങളുമുണ്ടാകാം..
ആരുമില്ലാതിരിക്കുമ്പോള്‍ അങ്ങനെയൊക്കെ തോന്നുക
സ്വാഭാവികം..
ആരെങ്കിലുമുണ്ടെങ്കില്‍ത്തന്നെ വിഷമം പങ്കുവെയ്ക്കാന്‍
പറ്റിയെന്ന് വരില്ല..കാരണം വിവരാണാതീതമായ , അതിസങ്കീര്‍ണ്ണമായ വ്യാപാരങ്ങളിൽപ്പെട്ട് മനസ്സ് ഉഴലുകയാവാം ..
കത്തിനില്‍ക്കുന്ന സൂര്യന്റെ ചൂടില്‍
മനസ്സില്‍ സ്വയം സൃഷ്ടിക്കപ്പെട്ട ഉത്കണ്ഠകളില്‍
ഒതുങ്ങിക്കൂടിയിരിക്കുന്ന കാലം..
അന്തസ്സു്, അഭിമാനം , ദുരഭിമാനം എന്നിവ വേറേയും..
സ്വന്തം മുഴക്കോലില്‍ അളക്കാന്‍ കഴിയാത്ത
സമൂഹത്തിന്‍റെ വിവേചന വിരല്‍ചൂണ്ടലുകളില്‍
മുഖമമര്‍ത്തി തേങ്ങിപ്പോകുന്ന ഒരു കാലഘട്ടം..
കൗതുകപ്രദങ്ങളായ വസ്തുക്കള്‍ പണമില്ലാത്തതുകൊണ്ട്
നിഷേധിക്കുക വഴി അപകര്‍ഷതാ ബോധത്തില്‍ ആണ്ടുപോകാം..
പതുക്കെ അതൊക്കെയുമായി ഇണങ്ങിച്ചേര്‍ന്ന് തട്ടിയും മുട്ടിയും
മുന്നോട്ട് പോകുമ്പോള്‍ എന്തെങ്കിലും ജോലിയൊക്കെ കിട്ടും..
കിട്ടിയ ജോലി പോകുമോയെന്നോര്‍ത്ത് ആധിയുണ്ടാകാം..
ആധിയും വ്യഥകളും കടന്ന് എതാണ്ടൊക്കെ
ജീവിതത്തിന്നുറപ്പായെന്ന് കരുതുമ്പോള്‍
കരച്ചിലിന് ഒരു ശമനമൊക്കെ വരും.

യൌവ്വനം അവസാനിക്കുന്നതുവരെ വലിയ
പേടിയില്ലാതെ, കരച്ചിടക്കി ജീവിതയാത്ര തുടരാം..!
വ്യത്യസ്തമായ ചൂടുകള്‍ക്ക് വേണ്ടി പോരടിച്ച്
വിജയവും പരാജയവുമേറ്റുവാങ്ങുന്ന കാലം..
കാലം കനിഞ്ഞു നല്‍കിയ യൌവ്വന വേഗങ്ങള്‍ ..
യൌവ്വനത്തില്‍ ജീവിതം ശക്തിവിശേഷങ്ങളുടെ പ്രതിരൂപങ്ങളോട്
ഇണങ്ങി നില്‍ക്കുന്നവെന്ന് ഉറച്ച് വിശ്വസിക്കാം.
ആ ശക്തിവിശേഷങ്ങള്‍ അനവരതം പ്രതിപ്രവര്‍ത്തനം
നടത്തി നമ്മെ മുന്നോട്ട് നയിക്കുന്നു
കാലപ്രയാണത്തില്‍ കൂട്ടുകൂടിയവരും , കൂടിച്ചേര്‍ന്നവരും ,
കൂടെയുള്ളവരും പിരിയുകയും ,ദൂരേയ്ക്കകലുകയും ചെയ്യുമ്പോള്‍
മനസ്സ് വിങ്ങിക്കരയുന്നുണ്ടാവും,.
അപ്പോഴൊക്കെ വ്യക്തിത്വശക്തിയെ വികസിപ്പിച്ചെടുത്ത പ്രസരിപ്പ്
വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍
നമ്മെ അവസരത്തിനൊത്ത് ഉയര്‍ത്തി നിര്‍ത്തിയേക്കാം..

ധൈര്യം സംഭരിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍
പിന്നെയും പേടിയുടെ ആധിക്യം കൂടിക്കൂടി വരും...
അത് ജീവിക്കുന്നതിന്‍റെ അല്ല , ജീവിതം തീര്‍ന്നുവരുന്നതിന്‍റെ പേടി..
വീണു പോകുന്നതിന്‍റെ പേടി..ഒറ്റയ്ക്കാകുന്നതിന്‍റെ പേടി..
ആ പേടികാരണം നാസ്തികന്‍ ചിലപ്പൊ ദൈവ വിശ്വാസിയാകും..
അങ്ങനെയായില്ലെങ്കില്‍ത്തന്നെ മറ്റാരുമറിയാതെ
ഉള്ളിന്‍റെയുള്ളില്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാവാം..
ശരിക്ക് പ്രാര്‍ത്ഥിക്കുമ്പോള്‍ കരയാറുമുണ്ടാകാം..
ഭാരമുള്ള കരിമ്പടത്തിനുള്ളിലെ ജീവന്റെ ചൂടില്‍ ആത്മാവിന്റെ പശിമ
നിലനിര്‍ത്താനുള്ള മത്സരത്തില്‍ തോറ്റുപോകാം...
കാലമടിച്ചേൽപ്പിച്ച പൊരുത്തപ്പെടാനാകാത്ത വ്യാകുലതയെ
വ്യക്തിപരമായി നേരിടുന്നതിന്‍റെ വിഷമസന്ധികളിലൂടെയുള്ള യാത്ര..
കോപ താപ പാരുഷ്യങ്ങളുമായി സമരസപ്പെടുമ്പോഴും
മനസ് പറയുന്നിടത്ത് ശരീരമെത്താതെയാകുമ്പോള്‍ ഹൃദയം കൊണ്ട് കരയും..
എന്തിനു കരയുന്നുവെന്ന് ചോദ്യങ്ങളുണ്ടാവുന്നതുകൊണ്ടും
കരച്ചിലിന് ഉത്തരമില്ലാത്തതുകൊണ്ടും ..ആരും കാണാതെ കരയാം....!
കരഞ്ഞ് കരഞ്ഞ് കണ്ണീര്‍ വറ്റിപ്പോയതുകൊണ്ട് ..കണ്ണുകള്‍ നിറഞ്ഞ് തൂവണമെന്നില്ല ..
മനുഷ്യനെതിരെ കാലം നിരന്തര സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും
കാലം വെല്ലുകയും ചെയ്യുന്നു..
ജീവന്‍റെ ചൂട് നഷ്ടപ്പെടുന്ന ആ നിമിഷങ്ങളില്‍ എന്തിനു
കരയുന്നുവെന്നുപോലുമറിയാതെ നിര്‍വ്യാജമായി പേടിക്കും..

____________________________________
‪#‎അജ്ഞാതമായ‬ ജീവിതാദ്ധ്യായങ്ങള്‍..!


3 അഭിപ്രായങ്ങൾ:

 1. ആഖ്യാനശൈലിയുടെ ഗാംഭീര്യം കൊണ്ട് വിസ്മയിപ്പിക്കുന്നതെങ്ങിനെയെന്ന്
  ഈ ആര്‍ട്ടിക്കിള്‍ വായിച്ചപ്പോ മനസ്സിലായി..

  കിടിലന്‍..!!
  ഒന്നും പറയാനില്ല..

  അനുമോദനങ്ങളുടെ പൂച്ചെണ്ടുകള്‍.. :))))))

  മറുപടിഇല്ലാതാക്കൂ
 2. കാലം മനുഷ്യനുമായി അങ്ങനെ ഒരു സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നുണ്ടോ ?

  മറുപടിഇല്ലാതാക്കൂ