04 സെപ്റ്റംബർ 2014

ഖള്ല്ലാആആആസ്..!!

Buzz It

സ്വന്തം വിവാഹ ക്ഷണക്കത്ത് അയക്കുന്നതിനൊപ്പം കഥാനായകന്‍ ഫേസ് ബുക്കില്‍ അലഞ്ഞുതിരിഞ്ഞ് ഏതോ ഒരു ഫ്രെണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തതും അപ്പുറത്തു നിന്നും ഒരു ഡിങ്ങ്..

അളിയാ..ഞാനാഡാ..

ഹു..? ( മലയാളിയാണെങ്കിലും ഇംഗ്ലീഷില്‍ തുടങ്ങുന്നതാ ബുദ്ധി..!)

ഞാനാടാ കാദര്‍..

തലച്ചോറില്‍ ഒരു കൊള്ളിയാന്‍ മിന്നി... ഒരു ഫ്ലാഷ് ബായ്ക്.
ഗള്‍ഫിള്‍ വന്നിറങ്ങി ആദ്യകാലങ്ങളില്‍ ജീവിതം കാദറിനൊപ്പമായിരുന്നു.
നല്ലവനായ കാദറിന്‍റെ കയ്യില്‍ കൊള്ളരുതായ്മകള്ക്ക് പരിധിയില്ലായിരുന്നു എന്നത് നഗ്നസത്യം ..! ജീവിതത്തിന്‍റെ ഒരു ഘട്ടമായിരുന്നു..ഒരു “അന്തരാള ഘട്ടം” കാദര്‍ കൊടികുത്തിവാഴുന്ന കാലം..!! വൈകുന്നേരങ്ങളില്‍ അറബിമൂത്രത്തിന്‍റെ ഗന്ധം പൊഴിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് കാദര്‍ എങ്ങോട്ടാണെന്ന് പലര്‍ക്കും അറിയാമെങ്കിലും കഥാനായകന് മാത്രം വലിയ പിടിയില്ല. കാദറിനെ ‘അറബാബ്’ എന്നുപോലും ആരെങ്കിലും വിളിച്ച് പോയാല്‍ അത്ഭുതപ്പെടാനില്ല. ഒരു മുതലാളിയുടെ പ്രൌഢിയോടേ കാദര്‍ സലാം പറഞ്ഞ് നടന്നു നീങ്ങും. വൈകുന്നേരം കാദര്‍ മുറിക്ക് പുറത്തേക്ക് ഇറങ്ങിയാല്‍ അവിടെയുള്ളവര്‍ “ഖള്ള്ലാആആആഅസ്” എന്നു ഉറക്കെപ്പറയും.. ! കാദറും ഉറക്കെയുറക്കെ ചിരിച്ച് അവരുടെ ചിരിയില്‍ പങ്കുചേരും. ഇടക്കിടയ്ക്ക് ഈ “ഖള്ലാഅആആആസ്” ഉറക്കെ പറഞ്ഞ് അവര്‍ ആസ്വദിക്കുന്നത് മനസിലാകാത്ത കഥാനായകന്‍ വൈക്ലബ്ബ്യനായി..!

“അബ്ബാസേ..നമുക്ക് വൈകിട്ട് ഒരിടം വരെ പോകണം”

“അതിനെന്താ ഇക്കാ, ഞാന്‍ റെഡി”

ഇന്ന് എന്തായാലും ഈ “ഖള്ല്ലാആആസ് “ എന്താണെന്ന് ചോദിച്ചിട്ട് തന്നെ കാര്യം..!!! വൈകുന്നേരം നേരെ പാര്‍ക്കിലേക്ക് കാലെടുത്തുവച്ചതും അകലെ കുറെ പൈങ്കിളികള്‍. ദാ വരുന്നു കല്യാണം കഴിക്കാന്‍ പാകത്തില്‍ ഒരെണ്ണം. കാദര് ചിരിച്ചുകൊണ്ട് പരിചയപ്പെടുത്തി.

“ഐഷു..നുമ്മടെ ഫ്രെണ്ടാ..!!”

കാദറിനെക്കാളും നല്ല ഫ്രെണ്ടാക്കാന്‍ എനിക്കു പറ്റും എന്ന് കഥാനായകന് പറയാന്‍ തോന്നിയ നിമിഷം. ഐഷുവിന്‍റെ കണ്ണില്‍ നോക്കിയതും രണ്ട് കറണ്ടടിച്ച മാതിരി ഒരു ഒരു..ഇത്...

കല്യാണം കഴിക്കുവാണെങ്കില്‍ ഇവളെത്തന്നെ കെട്ടണം ..പക്ഷേ ദുഷ്ടന്‍ കാദര്‍..?? ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു. എന്തായിരിക്കും കാദറും ഐഷുവുമായുള്ള ബന്ധം.. അതോര്‍ത്ത് കഥാനായകന്‍റെ മനം പുകഞ്ഞു...!! താന്‍ നടത്തിയ കമ്പ്യൂട്ടര്‍ ഷോപ്പില്‍ പോലും ഇത്രയും സൌന്ദര്യമുള്ള ഒരു “ മുത്തിനെ” കണ്ടുകിട്ടിയിട്ടില്ല. ഇനിയുള്ള സ്വപ്നങ്ങള്‍ ഐഷുവിന് വേണ്ടി മാത്രമായിരിക്കും എന്ന് ഉഗ്രപ്രതിജ്ഞ ചെയ്ത് അബ്ബാസ് അങ്ങനെ കോരിത്തരിച്ച് നിന്നു.!

“ നീ എന്താടാ പെണ്ണിനെ കണ്ടിട്ടില്ലാത്തതുപോലെ..??”, ഇതു നമ്മുടെ ഒരു സുഹൃത്തിന്‍റെ പെങ്ങളാ, നാട്ടീന്ന് അവന്‍ കൊടുത്തുവിട്ട കുറെ സാധനങ്ങളാ ആ പൊതിയില്‍, റൂമില്‍ ചെന്നിട്ട് നോക്കാം..മൊത്തം പലഹാരങ്ങളായിരിക്കും..“

ഓഹ്..സമാധാനമായി, കാദര് എന്ന സത്സ്വഭാവിയെ മനസാ നമിച്ചുപോയ നിമിഷം..! ഐഷുവുമൊത്തുള്ള ജീവിതം എത്രമനോഹരമായിരിക്കും. 2 കുട്ടികള്‍ മതി. ഒരു മോനും ഒരു മോളും. ഒരു ചെറിയ ..അല്ല വലിയ വീട്..എന്തിനാ കുറയ്ക്കുന്നത്..!! നാട്ടില്‍ പോയി ഒരു പുതിയ വലിയ കമ്പ്യൂട്ടര്‍ ഷോപ്പ് തുടങ്ങണം.നെയ്തുകൂട്ടിയ സ്വപ്നങ്ങളുമായി കഥാനായകന്‍ നടത്തത്തിന് സ്പീട് അല്പം കൂട്ടി.

എതിരെ വന്ന ഒരാള്‍.. മലയാളിയാണെന്ന് നിശ്ചയം..
കാദറിന് കൈകൊടുത്ത് “ ഖള്ല്ലാആആആസ്“ എന്ന് ഉറക്കെ പറഞ്ഞു രണ്ടു പേരും ചിരിച്ചു..! കഥാനായകന് ജിജ്ഞാസ അടക്കാനായില്ല.

“ഇക്കാ, നിങ്ങള്‍ ഖള്ല്ലാആആആസ് എന്നു പറഞ്ഞ് ചിരിക്കുന്നത് എന്തിനാ..??”

“അതോ ,ധൃതിവെയ്ക്കല്ലേ.. നമ്മളങ്ങോട്ട് തന്നെയാ പോകുന്നത്..?“

നടന്നുകയറിയത് പഴമ തോന്നിക്കുന്ന ഒരു വില്ലയില്‍. ഇവിടെ ഇങ്ങനെയുള്ള വില്ലകള്‍ സാധാരണമാണ്. അറേബ്യന്‍ മാതൃകയിലുള്ള വാസ്തുകലയുടെ ഭംഗിയാര്‍ന്ന രൂപം. അകത്ത് കടന്നതും തറയില്‍ ഇരിക്കാന്‍ ആവശ്യമായ കുഷനുകള്‍ നിരത്തിയിട്ടിരിക്കുന്നു. ഇരുന്നതും ഒരു വയസായ മുഷിഞ്ഞ പര്‍ദ്ദക്കാരി പെപ്സിയും വെള്ളവും കൊണ്ട് വച്ചു.

“പണ്ട് ഞാനും ഐഷുവിന്‍റെ കെട്ടിയവനും ഒരുമിച്ചായിരുന്നു ഇവിടെ വന്നിരുന്നത്.. മിക്കവാറും ആഴ്ചയില്‍ ഒരിക്കല്‍..അവന്‍റെ കല്യാണത്തിനു മുന്‍പ്. ..” കാദര്‍ പറഞ്ഞു നിര്‍ത്തിയതും.. കഥാനായകന്‍ മുന്നില്‍ ഇരുന്ന വെള്ളം എടുത്ത് “ മടമടാന്ന്” കുടിച്ചു. സ്വപ്നങ്ങള്‍ തകര്‍ന്ന് ഹതാശനായി അവന്‍ തണുതണുത്ത ഭിത്തിയില്‍ ചാരി ഇരുന്നു...കണ്ണിലെ സ്വപ്നങ്ങള്‍ ഇരുട്ടായി രൂപാന്തരം പ്രാപിച്ചു. എന്നാലും ഐഷു..!!

അകത്തു നിന്ന് റേഡിയോയിലൂടെ ഒഴുകി വരുന്ന അറബിപ്പാട്ട്.
കാദറിനെ അറബി സ്ത്രീ ആനയിച്ചുകൊണ്ടു പോയി.
റേഡീയോയിലെ പാട്ട് ഉച്ചസ്ഥായിലായി.
അകത്തുനിന്ന് ഏതോ സ്ത്രീയുടെ “ഖള്ല്ലാആആഅസ്“ എന്ന അത്ഭുത അലര്‍ച്ച...!

കാദര്‍ ക്ഷീണിതനായി വന്നു...ഇരുന്നു..പിന്നെ കുറെ വെള്ളം കുടിച്ചു, അനന്തരം പെപ്സിയും പൊട്ടിച്ച് അണ്ണാക്കിലേക്കൊഴിച്ചു...!

“നീ പോയി നോക്കീട്ട് വാ..അബ്ബാസേ..”

കഥാനായകനെ അറബിസ്ത്രീ ആനയിച്ചുകൊണ്ട് പോയി...
ചെറിയഇടനാഴിയിലൂടെ.. പതുപതുത്ത കാര്‍പ്പെറ്റില്‍ ചവുട്ടി അസഹ്യമായ അറബിക് സുഗന്ധദ്രവ്യങ്ങളുടെ മണം പറന്ന് നടക്കുന്ന മുറിയിലെത്തി. ഒരു സ്ത്രീ.....പ്രൌഢയായ ഒരു തേജസ്വിനി ഗംഭീരമായി ഇരിക്കുന്നു..പര്‍ദ്ദയില്‍.
ചെറിയ റേഡിയോ ചെവിയില്‍ വച്ച് ഉച്ചത്തില്‍ അവര്‍ പാട്ട് കേള്‍ക്കുന്നു..
കഥാനായകനെ കൈകാട്ടി അടുത്തേക്ക് വിളിച്ചു.. അടുത്തേക്ക് പോയ അവനെ അവര്‍ ആശ്ലേഷിച്ചു...പിന്നെ എല്ലാം പെട്ടെന്നായിരുന്നു..

“ഖള്ല്ലാആആആസ്....!” സ്ത്രീ അലറി..

അബ്ബാസ് ഊരിയിട്ടിരുന്ന വസ്ത്രങ്ങള്‍ എടുത്തുകൊണ്ട് പുറത്തേക്ക് ഓടി.
ഇടനാഴിയില്‍ വച്ച് വസ്ത്രങ്ങള്‍ ധരിച്ച് ഒന്നും സംഭവിക്കാത്തതുപോലെ കാദറിനടുത്തേക്ക്. കഥാനായകനെ ആനയിച്ചു കൊണ്ട് പോയ സ്ത്രീ കളിയാക്കി ചിരിക്കുകയാണോ എന്ന് അവന് സംശയം..

“ഖള്ള്ല്ലാആആആസ്” കാദര്‍ അലറി..പിന്നെ ഉറക്കെയുറക്കെ ചിരിച്ചു..!!
ഐഷുവിനെ എന്നെന്നേയ്ക്കുമായി മറന്ന് അവനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു....!

നിന്‍റെ നിക്കാഹ് ആണെന്ന് അറിഞ്ഞു.. ആശംസകള്‍ അബ്ബാസ്..!
നീ പറഞ്ഞില്ലേലും ഞാന്‍ അറിയും. മുന്നിലെ ഫേസ്ബുക്ക് ചാറ്റില്‍ കാദറിന്റെ മെസേജ് നിന്ന് ചിരിക്കുന്നു..! ഇപ്പോള്‍ കാദര്‍ ഓണ്‍ലൈനില്‍ ഇല്ല.

മൊബൈലില്‍ ഒരു കാള്‍...എടുത്തതും കാദര്‍..
പിന്നെ ഒടുക്കത്തെ ഒരു അലര്‍ച്ചയും..

ഖള്ള്ല്ലാആആആഅസ്.....!!
_________________________________________