22 മാർച്ച് 2015

മള്‍ട്ടിപര്‍പ്പസ് ആയുധങ്ങള്‍ ..!

Buzz It
ഒരു വ്യാഴവട്ടത്തിനു മുന്‍പുള്ള സംഭവമാണ്..
താല്‍കാലികമായി ആണല്ലൊ നാം ഈ ഭൂലോകത്തില്‍ എവിടെയും താമസിക്കുന്നത് , അങ്ങനെ താല്‍കാലികമായി കിട്ടിയ താമസത്തിന് ഞാന്‍ എത്തിപ്പെട്ടത്  നിരോധേട്ടന്‍ എന്ന് വിളിക്കുന്ന ജോര്‍ജ്ജ് അച്ചായന്റെ ഫ്ലാറ്റിലായിരുന്നു. വാടക മിതമായി ഈടാക്കിയിരുന്നുള്ളൂ എന്നതാണ് ജോര്‍ജ്ജ് അച്ചായന്റെയും മറ്റ് രണ്ട് ബാച്ചികളുടെയുമൊപ്പം താല്കാലികമായി താമസിക്കാന്‍ ഈയുള്ളവനെ പ്രോത്സാഹിപ്പിച്ചത്. 
ഒരു കൂട്ടുകാരന്‍ വഴിയായിരുന്നു ..താല്‍കാലിക താമസം അറേഞ്ച് ചെയ്യപ്പെട്ടത്. അങ്ങട് ചെന്ന ഉടനേ ‘ബാച്ചി‘യിലൊരുവന്‍ ചോദിച്ചു..
‘നിരോധേട്ടനെ കാണാനാണോ..?’
നിരോധേട്ടനോ..? നിരോധ് ..? അല്ല ജോര്‍ജ്ജ് അച്ചായന്‍ ..
ആഹ്ഹ്..അതന്നെ , രണ്ടും ഒന്നാ..കയറിയിരിക്കൂ..
കയറി ഇരിക്കാനൊന്നും പറ്റില്ല, വേണമെങ്കില്‍ ഇരിക്കാമെന്നുള്ള മട്ടില്‍ ഞാന്‍ സോഫയില്‍ ഇരുന്നു.. അകത്തെ മുറിയില്‍ നിന്നും ഘനഗംഭീരനായി നിരോധേട്ടന്‍ വന്നു..സലാം പറഞ്ഞു..തിരീച്ചും അഭിവാദ്യങ്ങള്‍ നല്‍കി. താല്‍കാലിക താമസം തുടങ്ങിയെങ്കിലും എന്റെ ജിജ്ഞാസ ആ പേരിലായിരുന്നു.. നിരോധേട്ടന്‍ ..!!

പിന്നീട്ട് ബാച്ചികളിലൊരുവന്‍ ജിജ്ഞാസയുടെ തീയില്‍ അല്പം വെള്ളമൊഴിച്ച് കെടുത്തി..  എവിടെപ്പോയാലും ‘ഉറ‘ കരുതുന്ന സ്വഭാവം ജോര്‍ജ്ജേട്ടനുണ്ട് ,  സെക്സ് ആകസ്മികമായി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം, എന്നാല്‍ ആകസ്മിക രതി നുകരാന്‍ പറ്റാതെ , ലൈംഗികരോഗങ്ങള്‍ പകരുമെന്ന പേടിയില്‍ സ്ത്രീയും പുരുഷനും ഒരിക്കലും ഖേദിക്കേണ്ടി വരരുത് എന്ന ചിന്താധാരയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ് മുന്‍കരുതലിന് പ്രാധാന്യം നല്‍കുന്ന ഈ ജീവിത ശൈലി.  എത്ര ദീര്‍ഘവീക്ഷണമുള്ള മനുഷ്യന്‍ ..!!

 രാവിലെ വാര്‍ത്തകള്‍  കേട്ടുകൊണ്ട്  ബാല്‍ക്കണിയില്‍ നിന്ന് പല്ലു തേയ്ക്കുന്നു നിരോധേട്ടന്‍ , ബ്രഷ് നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങാന്‍ വച്ച് ഡ്യൂട്ടിക്ക് പോകുന്നതിനു മുന്‍പ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വെയ്ക്കും. നര കയറിയ മുടികളില്‍ സാമ്പ്രദായികരീതിയില്‍ ഡൈ അടിക്കുന്ന പതിവില്ല. പകരം ഹെന്ന [മൈലാഞ്ചിപ്പൊടി] കലക്കി പല്ലു തേയ്ക്കുന്ന അതേ ബ്രഷുകൊണ്ട് മുടിയിഴകളില്‍ തേയ്ച്ചു പിടിപ്പിക്കും. പിന്നീട് കഴുകിയുണക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വെയ്ക്കും. വെള്ളിയാഴ്ചകളില്‍ ഒരു ബക്കറ്റ് ചൂടു വെള്ളത്തില്‍ കാലുകള്‍ ഇറക്കി വെയ്ച്ച്  തേയ്ച്ചു കഴുകും. കാല്പാദവും നഖവും തേയ്ച്ചു വെളുപ്പിക്കുന്നതും പല്ലു തേയ്ക്കുന്ന അതേ ബ്രഷ് തന്നെ..!! പിന്നീട് കഴുകിയുണക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വെയ്ക്കും. നിതാന്ത വൃത്തിയില്‍ പരിലസിക്കുന്ന ആ ബ്രഷിന് നമോവാകം..!

എന്തിനധികം പറയുന്നു.. വാഷ്ബേസിനും ക്ലോസറ്റും പോലും   തിളങ്ങി വിളങ്ങിയിരുന്നതില്‍ ആ മള്‍ട്ടിപര്‍പ്പസ് ആയുധമായ ബ്രഷിനു കാര്യമായ പങ്കുണ്ടാകുമോ എന്ന്  ബാച്ചികള്‍ ഫലിതപൂര്‍വ്വം ആശങ്കപ്പെട്ടിരുന്നു..!!