24 മാർച്ച് 2009

ഒരു സ്ട്രേറ്റണിങ്ങ് പ്രണയം.

ഇത്രേം ചുരുണ്ടമുടിയുള്ള ഒരുത്തന്‍ ഈ ദുനിയാവില്‍ ഉണ്ടോ എന്നു സംശയം ആണ്.
ഇരുണ്ട നിറവും നല്ല കറുകറുത്ത മുടിയും,
ഏകദേശം ആറടി ഉയരവും മെലിഞ്ഞ ശരീരവും,
നല്ലോരു ചെക്കന്‍ എന്ന് ആരെക്കൊണ്ടും പറയിപ്പിക്കാത്ത പ്രകൃതവും സുകുവിനെ ഗള്‍ഫില്‍ എത്തിച്ചു.
സുബേര്‍ കുട്ടനല്ലൂര്‍, സഹമുറിയന്മാര്‍ ചുരുക്കി, സുകു എന്നാക്കി.
ഇപ്പൊ സുകു ഫെമസ് ആണ്.
ഇടക്കിടക്ക് ഷുര്‍ത്ത ( അറബിപ്പോലീസ്) പിടിക്കും.
പത്താക്ക ചെക്കു ചെയ്ത് ഇന്ത്യക്കാരനായതുകൊണ്ട് വെറുതെ വിടും.
ആഫ്രിക്കാരനായ ഇവന് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ആരു കൊടുത്തു എന്നു പോലും ദുബായിലെ ഷുര്‍ത്ത സംശയം ഉന്നയിച്ചത്രെ..!!

രാവിലെ എത്രനേരം കുളിക്കാനായി ക്യൂ നിന്നാല്‍ പറ്റും..?
കക്കൂസില്‍പ്പോകാന്‍ അതില്‍ കൂടുതല്‍ ക്യൂ നില്‍ക്കണം.
എന്നിരുന്നാലും നല്ല ഭംഗിയായി ഗോപുരംപോലെ നില്‍ക്കുന്ന ചുരുണ്ട മുടി ജെല്‍ തേച്ച് ചീകി താഴ്ത്തി വെക്കാന്‍ 15 മിനിററ്റില്‍ കൂടുതല്‍ സമയം ചിലവഴിക്കും.
എന്താ കാര്യം..?
ആത്മാര്‍ത്ഥത ഒന്നു കൊണ്ടുമാത്രം..
അതു നിങ്ങള്‍ക്ക് വഴിയേ മനസ്സിലാകും...!

ചുരുചുരാ ചുരുണ്ടിരിക്കുന്ന ഈ മുടി ചീകുന്നതൊരു ചടങ്ങായതുകൊണ്ട് ആധുനിക സാങ്കേതികവിദ്യകളെപ്പറ്റി അന്വേഷണത്വര വര്‍ദ്ധിപ്പിച്ച് മുടിയില്‍ പുതിയപുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു.
തല മൊട്ടയടിച്ചാല്‍ പിന്നെക്കിളിര്‍ക്കുന്ന മുടി നീളുമെന്ന് ആരോ പറഞ്ഞു.
അതനുസരിച്ച് മൊട്ടയടിച്ചു.
ഫലം തഥൈവ...!
തല മൊട്ടയടിച്ചതും, മുടി പൂര്‍വ്വാധികം ശക്തിയോടെ ചുരുണ്ട് വളര്ന്നു..!
നാട്ടില്‍ നിന്നും കരടിനെയ് വരുത്തിത്തേച്ചു,
മുടി പിന്നെയും വളര്‍ന്നു..പക്ഷേ ചുരുളിച്ച കൂടി..!
ഇപ്പൊള്‍ ഒരു ഗതിയുമില്ലാതെ സര്‍ദാര്‍ജിമാര്‍ താടി ഒതുക്കാന്‍ ഉപയോഗിക്കുന്ന ജെല്‍ ആണ് ഉപയോഗിക്കുന്നത്, എന്തായാലും ഫലം നിരാശ തന്നെ.

ഇതിനെല്ലാം കാരണം പ്രേമം ആണ്.
ബീര്‍ കുപ്പി കുലുക്കിപ്പൊട്ടിക്കുമ്പോലെ ഉള്ളില്‍ നിന്ന് പതഞ്ഞൊഴുകുന്ന ദിവ്യമായ അനുഭൂതി വിശേഷം...! പ്രണയം ..
ഓര്‍ക്കുമ്പോള്‍ കുളിര് തോന്നുന്ന ഒരു വികാരപ്രപഞ്ചം.
സുകുവിന് കരയണോ?
ചിരിക്കണോ?
അതോ പ്രണയഗാനം കേട്ടു കേട്ട് ഉറങ്ങണൊ എന്നൊന്നും ഒരു നിശ്ചയവുമില്ലാ. ഇരിക്കുമ്പോള്‍ തോന്നും നില്‍ക്കാന്‍ അങ്ങനെ തിരിച്ചും, പിന്നെ നടക്കാനും..!
ഇതാണോ ഒര്‍ജിനല്‍ പ്രണയം..!?
ഊണില്ല ഉറക്കമില്ലാ എന്നു പറയുന്നതുപോലെ സിഗരറ്റുവലിയും വെള്ളമടിയും ഇല്ലാ,
എല്ലാം നിര്‍ത്തി...!
കണ്ണടച്ചാലും തുറന്നാലും അവള്‍ മാത്രം.
മറ്റെല്ലാവരെയും സുകു മറന്നു.
ഒരുകാലത്ത് സുകുവിന്‍റെ ആശയും അഭിലാഷവുമായിരുന്ന മറിയാമ്മ ടീച്ചര്‍ മുതല്‍ കരളിലെ തുടിപ്പായിരുന്ന ഷക്കീല,
അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്ന മറിയ തുടങ്ങിയവരെയെല്ലാം സുകു സൌകര്യപൂര്‍വ്വം മറന്നു.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം എന്നൊക്കെ വേണമെങ്കില്‍ പറയാം.
അവളുടെ നടപ്പിന്‍റെ ടക്..ടക് ശബ്ദം,
സുകുവിന്‍റെ ഹൃദയത്തില്‍ എ ആര്‍ റഹ്മാന്‍റെ മ്യൂസിക് പോലെ അടിച്ചുപൊളിച്ചു കടന്നുപോയി.
എന്തിലും ഏതിലും അവള്‍ മാത്രം. ആരാണവള്‍...?
സ്വന്തം ബോസിന്‍റെ മകള്‍..!

പഴയകാല സജ്ഞയ് ദത്തിനെപ്പോലെ,
ധോണിയെപ്പോലെ നീണ്ട മുടിയുള്ളവരെയാണ് എനിക്കിഷ്ടം എന്ന് അവള്‍ പറഞ്ഞെന്ന്, ആരോ സുകുവിനോട് പറഞ്ഞു,
അതില്‍പ്പിന്നെയാണ് മുടിയിലുള്ള ഈ ഭരണപരിഷ്കാരങ്ങള്‍.
അങ്ങനെയിരിക്കെ അതാ ആ മനംകുളിര്‍പ്പിക്കുന്ന സുന്ദരസുരഭില വാര്‍ത്ത...!
[ഇന്ന് ഇതൊന്നും  ഒരു വാര്‍ത്തയെ അല്ല, കഥ നടക്കുന്നത് 2002 ല് ആണെന്ന് അറിയിച്ചുകൊള്ളുന്നു...]
“മുടിനീട്ടാം...ഇതിനെ ഹെയര്‍ സ്റ്റ്രൈയിറ്റനിംഗ് എന്നു പറയും, 60 ദിര്‍ഹം മാത്രം.”
60 അല്ല അതില്‍ക്കുടുതല്‍ ആയാലും സുകു റെഡി.
നേരെ സലൂണിലേക്ക് ഓടി, അല്ല പറന്നു.
സംഗതി നടന്നു , വളരെ ക്ലീന്‍.
പിറ്റേന്ന് രാവിലെ മുടിയൊക്കെ സ്റ്റ്രൈറ്റനിംഗ് ചയ്ത് അവള്‍ വരുന്നതും പോകുന്നതുമായ കോറിഡോറിലൊക്കെ മാറി മാറി നിന്നു.
അതും മുടിയില്‍ തലോടിക്കൊണ്ട് “ന്നാ..നോക്കെടീ എന്‍റെ സ്റ്റ്രൈറ്റ് മുടി” എന്നു പറയും വിധം.
അവള്‍ ഉണ്ടോ മൈണ്ട് ചെയ്യുന്നു...!
ഭയങ്കരി...അവളെ തന്‍റെ മുടി ഒന്നു വിളിച്ചു കാണിച്ചാല്‍ എന്താണെന്ന് വരെ സുകുവിന് തോന്നി...
പിന്നെ അവന്‍ ആത്മസം‌യമനം പാലിച്ചു.
സംഗതി നേരെ പറഞ്ഞാല്‍ കൊളമാകുമോ..വിടില്ല ഞാന്‍..!
സുകു കണ്ണുകള്‍ മുഴപ്പിച്ച് ബലം പിടിച്ച് ഒരു കാഥികനെപ്പോലെ കണ്ണാടിയില്‍ നോക്കി റിഹേഴ്സല്‍ നടത്തി...!!

രാവിലെ സ്റ്റ്രൈയിറ്റ് ചെയ്ത മുടിയുമായി അവളെയും കാത്ത് എന്നും കോറിഡോറില്‍ സുകു ഉണ്ടാവും.
പക്ഷേ ഒന്നും പറയാനുള്ള ധൈര്യം കിട്ടുന്നില്ല.
യഥാര്‍ത്ഥ പ്രണയത്തില്‍ ഇങ്ങനെയൊക്കെയുള്ള വൈതരണികള്‍ ഉണ്ടാകാം എന്ന് അവന്‍ ആശ്വസിച്ചു.
ഇതിനിടയില്‍ സുകു മുടി വീണ്ടും വീണ്ടും സ്റ്റ്രൈയിറ്റ് ചെയ്തു.

“എടാ സുകു, സ്ത്രീകള്‍ക്ക് കറുത്തു ചുരുണ്ട മുടിയുള്ള സ്ഥലം എതാ..?

കളിയാക്കാനാണെന്ന് അറിയാം, എങ്കിലും സുകു ആലോചിച്ചു പല സ്ഥലങ്ങളും ഓര്‍മ്മ വരുന്നു. തല, കക്ഷം..അങ്ങനെയങ്ങനെ...പക്ഷേ എങ്ങനെ പറയും, മോശമല്ലേ...! സുകു പൊതുവേ അല്പം ജാള്യതയുള്ളവനാണ്.

“ആഫ്രിക്ക” ഒരു വിരുതന്‍റെ മറുപടി.

“സുകുവേ അവള്‍ വീഴുമോ..?” പൊട്ടിച്ചിരിയോടൊപ്പം അടുത്ത ചോദ്യം.

“വീഴും..വീഴും..പക്ഷെ തട്ടി വീഴ്ത്തണം ..!!”

“നീ മുടി സ്റ്റ്രൈറ്റനിംഗ് ചെയ്തതു വെള്ളത്തീവരച്ച വര ആകുമോ ?“

“സുകൂ അവള്‍ എപ്പൊ വീഴും”

“അണ്ണാ, രണ്ടു മൂന്ന് നാല് സ്റ്റ്രൈറ്റനിംഗ് കൂടി വേണ്ടിവന്നേക്കും..!!!“

കൂട്ടച്ചിരിയോടൊപ്പം, സുകു തന്‍റെ മുടിയില്‍ വിരലോടിച്ച് നാളത്തെ പരിപാടിയെപ്പറ്റി ആലോചിച്ച് വ്യാകുലനായി...

രാവിലെ സ്റ്റ്രൈയിറ്റ് ചെയ്ത മുടിയുമായി അവളെയും കാത്ത് കോറിഡോറില്‍ സുകു....

അതാ..അവള്‍..സുകുവിന്‍റെ മുടിയിലേക്ക് ഒരു നോട്ടം ഒരേ ഒരു നോട്ടം..

സുകുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുംബി..
അവള്‍ തന്നെ ഇതുവരെയില്ലാത്ത ഭാവങ്ങളോടെയുള്ള നോട്ടം.
ആ നോട്ടത്തില്‍ പ്രേമം തുള്ളിത്തുളുമ്പിനില്‍ക്കുന്നു .
ഇന്ന് അടിച്ചുപൊളിക്കണം..
എല്ലാവര്‍ക്കും ചിലവ് ചെയ്യാന്‍ സുകു തീരുമാനിച്ചു.

“സുബേറിനെ മാഡം വിളിക്കുന്നു..”
ഹാവു..
ഇത്ര പെട്ടെന്നോ..
സ്ത്രീകള്‍ വളരെ സ്ലൊ ആണ് എന്ന് പറഞ്ഞവനെ തല്ലണം.
സുകുവിന്‍റെ മനം നിറഞ്ഞു കവിഞ്ഞു, പുറത്തേക്കൊഴുകിയില്ല.
അതിനുമുന്‍പേ അവന്‍ അവളുടെ ക്യാബിനിലെത്തി.
സ്നേഹിക്കുന്ന പെണ്‍കുട്ടി ബോസ്സ് ആയാല്‍ എന്തു ചെയ്യും..?
ഇരിക്കണോ..നില്‍ക്കണോ..

“ആരാ താന്‍, ഇതിനു മുന്‍പ് ഇവിടെ കണ്ടിട്ടില്ലല്ലോ..?”
സുകു അന്തം വിട്ടു..
സുബേര്‍ കുട്ടനല്ലൂര്‍ എന്ന സുകുവിന്‍റെ ഹൃദയം മുറിഞ്ഞടര്‍ന്നതുപോലെ....
സുകു തലയില്‍ തടവി മുടി അവിടെയുണ്ടോ എന്ന് ഉറപ്പാക്കി.

“ഞാന്‍ സുബേര്‍...” സുകുവിന്‍റെ വാക്കുകള്‍ കഷ്ടപ്പെട്ട് പുറത്തേക്ക് വന്നു.

“ഓ സുബേര്‍ ആയിരുന്നോ..!! അറിഞ്ഞതേയില്ല..ഓകെ..ഓകെ..”
ചങ്കു പൊട്ടി അവന്‍ ക്യാബിന് പുറത്തേക്കിറങ്ങി..ലീവെഴുതിക്കൊടുത്തു.

രണ്ടു പാക്കറ്റ് സിഗരറ്റ് വാങ്ങി, നേരെ റൂമിലേക്ക്..
അതു മൊത്തോം വലിച്ചു തീര്‍ത്തു..
കണ്ണാടിയില്‍ നോക്കി ..
തന്‍റെ മുടി ഷോക്കടിച്ചതുപോലെ..

ഇതൊക്കെക്കണ്ട് ഭിത്തിയില്‍ ഷക്കീലയും, മറിയയും ചിരിക്കുന്നു..ഒരിക്കലും മായാത്ത ചിരി..!!!
___________________________________

29 നവംബർ 2008

വൈകുന്നേരം...

പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതുകാരണം ഭാഗ്യത്തിന് വണ്ടി മുട്ടിയില്ല..ബംബര്‍ ടു ബംബര്‍..!! പിറകിലെ പജീറോ ഓടിക്കുന്നവന്‍ കൈകൊണ്ട് “ഒലത്തും” എന്ന് ആംഗ്യം കാട്ടുന്നു. എന്നും നടത്തുന്ന ഈ ഡ്രൈവിങ്ങ്കളി എന്നാണാവോ തീരുക.

ഒരു സ്വസ്ഥതയുമില്ല..സുമ എന്താണിങ്ങിനെ…തൊട്ടതിനും പിടിച്ചതുമെല്ലാം വഴക്ക് തന്നെ..മിക്കവാറും മുഖം വീര്‍പ്പിച്ചിരിക്കും.ഒന്നരവര്‍ഷമായപ്പൊഴേക്കും ഇതാ സ്ഥിതിയെങ്കില്‍..ആലോചിക്കാനേ വയ്യ.

ഇന്നുതന്നെ കണ്ടില്ലേ..ടിഷ്യൂ കൈതുടച്ച് ടേബിളില്‍ ഇട്ടതിന്.
“ഇതാ വേസ്റ്റ് ബക്കറ്റില്‍ ഇട്ടൂടേ, ഒന്നിനും അടുക്കും ചിട്ടയുമില്ല, എത്രവട്ടം പറഞ്ഞാലും..ഒരു ഫലവുമില്ല” സുമ പാടിത്തുടങ്ങി..ഇനി നിര്‍ത്തുന്ന മട്ടില്ല.
റ്റെലിവിഷന്‍ റിമോട്ടിന്‍റെ ബാറ്ററി മാറാത്തതിന്, ബാത്ത്റൂം ടവ്വല്‍ ചുരുട്ടിക്കൂട്ടി ഇട്ടതിന്, സോക്സ് കൃത്യമായി മാറാത്തതിന്, രാവിലെ ചായ മുഴുവന്‍ കുടിക്കാത്തതിന് അങ്ങനെയങ്ങനെ..നിസ്സാര കാര്യങ്ങള്‍ മതി..വഴക്ക് തുടങ്ങാന്‍.

സത്യത്തില്‍ ഇന്ന് ശരിക്കും ദ്വേഷ്യം വന്നു. ഒരടി കൊടുത്താലോ എന്നു വരെ തോന്നി. തിരിച്ചു ചെല്ലട്ടെ..ഒരടി കൊടുക്കണം. ഭാര്യക്ക് ഇടക്ക് ഒന്നു കൊടുക്കുന്നത് നല്ലതാണെന്ന് പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.സത്യത്തില്‍ സ്നേഹിച്ച് സ്നേഹിച്ച് സുമയെ വഷളാക്കിയെന്ന് തോന്നിയിട്ടുണ്ട്. ദാമ്പത്യത്തില്‍ സ്നേഹം വളരുന്നതോടൊപ്പം ദു:സ്വാതന്ത്ര്യങ്ങളും വളരുന്നു… എന്തും പറയാമെന്നും ചെയ്യാമെന്നുമുള്ള ദു:സ്വാതന്ത്ര്യം. അവളുടെ അഹങ്കാരത്തിന് ഒരു കൊട്ട് കൊടുക്കണമെന്ന് വിചാരിച്ച് മിണ്ടാതിരുന്നിട്ടുണ്ട്. അപ്പോള്‍ സ്നേഹമെന്തെന്ന് അറിയില്ല എന്നും സെല്‍ഫിഷ് എന്നും പറഞ്ഞ് കരഞ്ഞു ബഹളം ഉണ്ടാക്കി.

പണ്ട് കോളജില്‍ പഠിക്കുന്നകാലം,ഏകദേശം 150 വീടുകളില്‍ രാവിലെ പേപ്പര്‍. ഇടുമായിരുന്നു.രാവിലെ 3 മണിക്ക് തുടങ്ങുന്ന പണി 7മണിക്ക് തീരും. എട്ട് മണിക്ക് പാരലല്‍ കോളജില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍. ഹോസ്റ്റല്‍ ഫീസടക്കാനും, വട്ടച്ചിലവിനും അതൊക്കെയെ ഉള്ളൂ വഴി. എന്നിരുന്നാലും എല്ലാ മാസവും ഒരു തുകയുമായി അച്ഛന്‍ എല്ലാ ഒന്നാം തീയതിയും ഹോസ്റ്റലിനു മുന്നില്‍ ഉണ്ടാവും. ഇപ്പോള്‍ മുടങ്ങാതെ എല്ലാ ഒന്നാം തീയതി അച്ഛനും തുക കപ്പറ്റുന്നു. അച്ഛന് പണം അയക്കുമ്പോള്‍ മനസ്സിന് പ്രത്യേകമായ ഒരു ആശ്വാസമാണ്. പിന്നെ ഓര്‍മ്മവരുന്നത്, കണ്ണുകള്‍ നിറഞ്ഞിരിക്കുന്ന അച്ഛന്‍റെ സ്നേഹം തുളുമ്പുന്ന മുഖം.

പത്രങ്ങള്‍ കിട്ടുമ്പോഴേ സ്റ്റ്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ കുറയൊക്കെ വായിക്കും. പിന്നെ അടുക്കിപ്പെറുക്കി സൈക്കിളില്‍ ഒരു പാച്ചില്‍. രാവിലെത്തെ ഷിഫ്റ്റില്‍ കമ്പനികളില്‍ ജോലിക്ക് പോകുന്നവര്‍ക്കെല്ലാം സലാം പറഞ്ഞ്, വീടുകളുടെ ഗേറ്റിന് വെളിയില്‍ നിന്നും അകത്തേക്ക് പത്രം ഒറ്റ ഏറാണ്. അങ്ങനെ ഒരു വലിയ വീട്ടിലേക്ക് പത്രം എറിഞ്ഞത് മുറ്റത്തുനിന്ന ഏതോ മരക്കൊമ്പില്‍ ഉടക്കി. പുലിവാലായി നാളെ കമ്പ്ലയിന്‍റ് വരും..അതിനാല്‍ അകത്തുകയറി പത്രം എടുത്ത് താഴെയിടാന്‍ ഗേറ്റ് ചാടിക്കടന്നു. മരത്തില്‍ കേറി പത്രം എടുത്ത് താഴെ ഇറങ്ങി. വീട്ടിലേക്ക് നോക്കിയതും ഞെട്ടിപ്പോയി. വീടിന്‍റെ വലതു വശത്തെ റൂമില്‍ നിന്നും ലൈറ്റ്. ഒരു പെണ്‍കുട്ടി നോക്കുന്നു. ഗേറ്റ് ചാടിക്കടന്ന് സൈക്കിള്‍ എടുത്ത് ആഞ്ഞുചവിട്ടി. അടുത്ത ദിവസം കണ്ണ് അവിടേക്ക് അറിയാതെ ചെന്നു. റൂമില്‍ ലൈറ്റ് ഉണ്ട്. അവള്‍ പഠിക്കുന്നു. അതും രാവിലെ നാലരമണിക്ക്. പത്രമിട്ട് ചുമ്മാ ഒരു ബല്ലടിച്ചു. അവള്‍ ജനലരികില്‍ വന്ന് നോക്കി. പിന്നെ എന്നും എന്‍റെ സൈക്കിള്‍ ബെല്ലിന് വേണ്ടി അവള്‍ കാത്തിരുന്നു. ആ സുമയാണ് ഇന്ന് ഈ വഴക്കുകള്‍ ഉണ്ടാക്കുന്നത് എന്ന് തോന്നുകേയില്ല. കോളജ് പൂര്‍ത്തിയാക്കി പിന്നെ ജോലി തെണ്ടല്‍. എത്രയോ വര്‍ഷം നീണ്ടു നിന്ന പ്രണയം.

കാര്‍ പാര്‍ക്ക് ചെയ്ത് മുകളിലേക്ക് പോയി. കോളിംഗ് ബല്ലില്‍ വിരല്‍ അമര്‍ത്തി.സുമ കതക് തുറന്നതും വഴക്ക് തുടങ്ങണം..തീരുമാനിച്ച് കാത്തുനിന്നു.

ചിരിച്ചുകൊണ്ട് സുമ കതക് തുറന്നു, ഗൌരവം നടിച്ച് അകത്തേക്ക് കയറിയതും ,അവള്‍ ബാഗ് കയ്യില്‍ നിന്നും വാങ്ങി അകത്തേക്ക് കൊണ്ടുപോയി..തിരികെ വന്ന് ചായ മുന്നില്‍ വച്ചു.സോഫയില്‍ ഇരുന്ന് ചായ കുടിക്കുന്നതിനിടയില്‍ ആലോചിച്ചു..

എങ്ങനെ വഴക്ക് തുടങ്ങും ? ആരോടും വഴക്കുണ്ടാക്കുന്നത് ഇഷ്ടമല്ല, ലോജിക്കില്ലാതെ എങ്ങെനെയാ സംസാരിക്കുക, പെരുമാറുക പിന്നല്ലേ വഴക്കുണ്ടാക്കുന്നത്…!!

മുന്നില്‍ കിടന്ന “വനിത” എടുത്തു വെറുതെ മറിച്ചു.

“ജോലികഴിഞ്ഞു വരുന്ന ഭര്‍ത്താവിനെ എങ്ങെനെ സ്വീകരിക്കണം..?“ വനിതയിലെ ലേഖനത്തിലൂടെ കണ്ണോടിച്ചു..

1.ചിരിച്ചു കൊണ്ട് വാതില്‍ തുറക്കുക…
2. ഭര്‍ത്താവിന്‍റെ കയ്യിലുള്ളത് (ബാഗ്, പെട്ടി, കുട, പേപ്പര്‍) കരുതലോടെ വാങ്ങി ഭദ്രമായി വെക്കുക.
3.ചൂടുള്ള ചായ കൊടുത്തതിനു ശേഷം മാത്രം സംസാരിച്ചു തുടങ്ങുക.
4…..

അങ്ങനെയങ്ങനെ…ചിരിയടക്കാനായില്ല..ചിരി അല്പം കൂടിപ്പോയില്ലേ..

അപ്പോഴേക്കും സുമ അടുത്ത് വന്ന് വനിതയിലേക്ക് എത്തിനോക്കി..അവളുടെ ഏതോ കള്ളം കണ്ടുപിടിച്ചപോലെ മുഖം വിവര്‍ണ്ണമായി….പിന്നെ അവളും ഉറക്കെച്ചിരിച്ചു…..പൊട്ടിച്ചിരിയുടെ വാതില്‍ തുറന്ന് പ്രണയത്തിന്‍റെ വര്‍ണ്ണാഭമായ, സുന്ദരമായ ലോകത്തേക്ക്…

06 സെപ്റ്റംബർ 2008

കറേജ്..!

“ടൂറിസ്റ്റ് വാരാഘോഷം വന്നേപ്പിന്നെ നല്ല കോളാ..!”
നാണു ഉള്ളാലെ ചിരിച്ചു. ഉണക്കമീനിന്‍റെ വാലുപോലത്തെ മീശ അനങ്ങി, ഉള്ളാലെ ചിരിച്ചാല്‍ മീശയനങ്ങുമോ.?

ദിവസോം ഒന്നോ രണ്ടോ സായിപ്പന്മാരോ, മദാമ്മമാരോ ഒക്കെ വന്നു കേറും ഈ കുതിര വണ്ടീല്, തുറന്ന കുതിര വണ്ടി ഈ ഹില്‍ സ്റ്റേഷനില്‍ നാണൂന് മാത്രേ ഉള്ളൂ..! അവരൊക്കെ നല്ല രൂപ കൂലിയായും ഡോളര്‍ ടിപ്പായും കൊടുക്കും..! എത്ര പണം കിട്ടിയാലെന്താ, നാണുവിന്‍റെ വാരിയെല്ലുകള്‍ ഒന്നൊന്നായി എണ്ണിയെടുക്കാം, കുതിരയുടെ എണ്ണേണ്ട കാര്യമില്ലാ. വലിച്ചൂരി എടുക്കാവുന്നതേ ഉള്ളൂ. അത്രക്ക് ആഹാരമാ രണ്ടും കഴിക്കുന്നേ..! കുതിരക്ക് നാണുവും , നാണുവിന് കുതിരയും മാത്രമേയുള്ളൂ. എത്രയോ വര്‍ഷങ്ങളായി കുതിര ആ ഒറ്റമുറിയുള്ള വീടീന് പുറത്തും, നാണു അകത്തുമായി നെടുവീര്‍പ്പുകളില്ലാതെ കഴിയുന്നു.

ദുശ്ശീലങ്ങളൊന്നുമില്ലാത്ത നല്ലമനുഷ്യന്‍, വല്ലപ്പോഴും കഞ്ചാവ് വലിക്കും അത്രതന്നെ. പണിയൊക്കെക്കഴിഞ്ഞ് മൂഡ് തോന്നുവാണെങ്കില്‍ ഒരു പൊതി മാത്രം..! പിന്നെ ഒരുപാട് ക്ഷീണം തോന്നിയാല്‍ അരക്കുപ്പി റം. കുതിരക്ക് “റം“ ഹറാമാണെന്നാ നാണുവിചാരിച്ചേ.. നാണു റം കുടിച്ച ഒരു രാത്രിയില്‍ കുതിര നാണുവിനെ കടിച്ചു. കുതിരക്ക് റം ഇഷ്ടമാണെന്നും , കൊടുക്കാത്തത്തിന്‍റെ കൊതിക്കെറുവുകൊണ്ട് കടിച്ചതാണെന്നും കുബുദ്ധികള്‍ നാണുവിനെ പറഞ്ഞ് ധരിപ്പിച്ചു. അതിനുശേഷം പിന്നീടൊരിക്കലും കുതിര കാണ്‍കെ നാണു റം കുടിച്ചിട്ടില്ലാ...!

കോളജീപ്പോകുന്ന പെണ്‍പിള്ളേര് നടക്കുമ്പോ കുലുങ്ങിയാടുന്നതു പോലെ കുതീരേടെ വാല് മാത്രം കുലുങ്ങിയാടും (തെറ്റിദ്ധരിക്കരുത് മുടിയുടെ കാര്യമാ). അതുകൊണ്ടാണല്ലോ അങ്ങനെ മുടികെട്ടുന്നതിനെ “പോണിടെയില്‍“ എന്ന് വിളിക്കുന്നത്..!

ദാ വരുന്നു ഒരു അടിപൊളി മദാമ്മ, നേരേ വന്ന് നാണുവിന്‍റെ വണ്ടിയില്‍ ചാടിക്കയറി. മുട്ടൊപ്പമുള്ള പുള്ളിപ്പാവാടയും, മഞ്ഞ ടീഷര്‍ട്ടുമിട്ട വെളുവെളാ വെളുത്ത മദാമ്മ. വെളുത്ത മദാമ്മയോ..? കറുത്ത മദാമ്മയുണ്ടോ..? പിന്നേ.. എത്രയോ കറുത്ത മദാമ്മമാര്‍ നാണുവിന്‍റെ വണ്ടിയില്‍ കയറിയിരിക്കുന്നു.

“ഗോ...!”
എന്തൊരു പവറാ മദാമ്മയുടെ “ഗോ”ക്ക്..! കേട്ടമാത്രയില്‍ കുതിര പാഞ്ഞു.

സോമുക്കുതിര ഇതു താങ്ങുമോ, കുതിരയെ നാണു അങ്ങനാ വിളിക്കുന്നേ..
എന്തായാലും കുതിര വേഗത്തില്‍ ഓടി, മദാമ്മക്ക് ഇഷ്ടപ്പെട്ടു, അവര്‍ കയ്യടിച്ച് കുതിരയെ പ്രോത്സാഹിപ്പിച്ചു. വണ്ടിയുടെ സൈഡില്‍ പിടിച്ച് ബാലന്‍സ് ചെയ്ത് എഴുന്നേറ്റ് നിന്നു മദാമ്മ .

നാണു തിരിഞ്ഞു നോക്കി, പാവാട മാത്രമിട്ട് ഇങ്ങനെയെഴുന്നേറ്റ് നില്‍ക്കാന്‍ നാണമില്ലേ മദാമ്മേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു നാണുവിന്. എന്നാല്‍ ഉപയോക്താവിന്‍റെ താല്പര്യത്തിനാണല്ലോ മുന്‍ഗണന , സര്‍വീസ് പ്രൊവൈഡര്‍ ആയ നാണു താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനും കച്ച കെട്ടിയിറങ്ങിയവനുമാണ്. പിന്നെന്താ പ്രശ്നം..?

“ബി ഫാസ്റ്റ്” മദാമ്മ സോമുക്കുതിരയോട്, ഇത്രേം സ്പീടൊക്കെ ഇവന്‍ ആദ്യമായിട്ടാ എടുക്കുന്നേ . സെക്കന്‍റ് ഗിയറിനപ്പുറം ഒരു ഗിയര്‍ നാണു കുതിരക്കിട്ടിട്ടില്ലാ, ഇത് ഇപ്പൊ 4 ഗിയര്‍ കഴിഞ്ഞപോലുണ്ട്..?

സോമുക്കുതിരക്കെന്തുപറ്റി, മദാമ്മയെ ഇവനിത്ര പേടിയോ ? സായിപ്പിനെക്കാണുമ്പോള്‍ കവാത്ത് മറക്കുക എന്ന് കേട്ടിരിക്കുന്നു, ഇതിപ്പോള്‍ മദാമ്മയെക്കാണുമ്പോള്‍ സര്‍വ്വം മറന്നോ..?

“ഫാആആആഅസ്റ്റ്....” മദാമ്മ ബാലന്‍സ് ചെയ്യാന്‍ പാടുപെട്ടു..

സോമുക്കുതിരക്കും , നാണുവിനും അല്പാല്പം ഇംഗ്ലീഷ് അറിയാം.. അല്പാല്പം അല്ല ശരിക്കും അറിയാം, എന്നാലും ചില കടുകട്ടിയായ പദങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസം, പക്ഷേ ഏകദേശ അര്‍ത്ഥമൊക്കെ ഊഹിച്ചെടുക്കും..അത്രതന്നെ..

ഈ പറഞ്ഞ ഫാസ്റ്റ് ഒക്കെ സോമുക്കുതിരക്ക് പുല്ലാ..!

വണ്ടി മറിയുമോ..? മറിഞ്ഞാ മദാമ്മയുടെ ദേഹത്തോട്ട് മറിയാന്‍ നാണു ഉറച്ചു..ആ രംഗങ്ങള്‍ മനസ്സില്‍ കാണുകയും, വിണ്ടും അയവിറക്കുകയും ചെയ്തു. വണ്ടിമറിഞ്ഞ് പുല്‍ത്തകിടിയിലൂടെ മദാമ്മയോടൊപ്പം കെട്ടിമറിഞ്ഞ്..ഹോ അയവിറക്കീട്ട് വയ്യ..!

അയവിറക്കിക്കഴിഞ്ഞപ്പോഴേക്കും വണ്ടി നിന്നു..ഓ വണ്ടി വട്ടം കറങ്ങി തിരിച്ചെത്തി.

മദാമ്മയെ നാണു തിരിഞ്ഞു നോക്കി..ശ്ശോ..എന്നാ നില്‍പ്പാ..! തമിഴ് സിനിമാനടിമാരുടെ കൂറ്റന്‍ കട്ടൌട്ട് പോലെ..!

വണ്ടിയില്‍ നിന്നും ചാടിയിറങ്ങി മദാമ്മ ചോദിച്ചു
“ഹൌ ഈസ് മൈ കറേജ്...?”
ഛെ..വൃത്തികെട്ട മദാമ്മ, കാണിച്ചതും പോര, അതിനെപ്പറ്റി അഭിപ്രായം കൂടെ ചോദിക്കുന്നോ..?

“നൈസ്...!“ ടിപ്പ് വാങ്ങിക്കുന്നതിനിടയില്‍ നാണു സത്യസന്ധമായിത്തന്നെ പറഞ്ഞു..
“പക്ഷേ ഇവിടെ ഇതിന് പറയുന്ന പേര് വേറെയാ..(ആത്മഗതം).”

“തേങ്ക്സ്..! മദാമ്മ ചിരിച്ച് നന്ദി പ്രകാശിപ്പിച്ചു...
“ ഐ ലൈക് യുവര്‍ കറേജ് ആള്‍സോ..കീപ്പ് ഇറ്റ് അപ്..“
മദാമ്മ തള്ളവിരലുയര്‍ത്തിക്കാണിച്ച് നടന്നു...

ങ്ങേ..ഇനിനിടക്ക് എന്‍റെ കറേജ് എങ്ങനെ കണ്ട്....നാണു വായും പൊളിച്ച് നിന്നു..!


വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *