ഫെബ്രുവരി 9 രാത്രി 2010
നാട്ടില്‍ പോകാന്‍ ഒരു ചാന്‍സ് നോക്കിയിരിക്കുവായിരുന്നു ഞാന്‍. അത് നാല് പ്രൊപോസലിന്റെ രൂപത്തില്‍ വന്നു. ആകെ 5 ദിവസത്തെ അവധി..! നാല് ചെറുക്കന്‍ കാണലുകള്‍..അതായത് എന്നെ കാണാന്‍ നാല് പേര്‍ വരുന്നു എന്ന്‍. ഈ സമയം നാല് ലഡു മനസ്സില്‍ പൊട്ടേണ്ടതാണ് എന്നാല്‍ ഒരു ലഡു മാത്രമേ പൊട്ടിയുള്ളൂ..നാട്ടില്‍ പോകുന്നതിന്റെ സ്പെഷ്യല്‍ ലഡു.
എമിറേറ്റ്സീന്റെ ടെര്‍മിനല്‍ ത്രിയില്‍ വന്‍ തിരക്ക്. അടിപൊളിയായിട്ടുണ്ട് ടെര്‍മിനല്‍ ത്രീ. ചെക് ഇന്‍ ചെയ്ത് അമ്മയുമായി വളരെ ഭവ്യതയോടെ (എന്റെ സ്ഥായീ ഭാവം അതുതന്നെയാണല്ലോ..!). ഡ്യൂട്ടിഫ്രീയില്‍ നിന്ന്‍ മലയാളികളും മറ്റുള്ളവരും മദ്യം വാങ്ങിക്കൂട്ടുന്നു. അമ്മയെ ഒരിടത്തിരുത്തി ചുമ്മാ കറങ്ങി. കറങ്ങി കറങ്ങി കാല് വേദനിച്ചപ്പോള്‍ വീണ്ടും അമ്മയുടെ അടുത്ത് ചുരുണ്ട് കൂടി. നടക്കാന്‍ പറ്റാത്ത ആള്‍ക്കാരെ വണ്ടിയില്‍ എത്തിക്കുന്നു..!കൊള്ളാം എനിക്കും അതിലൊന്ന്‍ കേറിക്കറങ്ങിയാല്‍ കൊള്ളാമെന്നുണ്ട്.അതിനൊക്കെ ഒരു യോഗം വേണം.
ദാ അനൗണ്‍സ്മെന്റ്..ഗേറ്റ് രണ്ടിലേക്ക് പോകാന്‍.
എത്തി സര്‍..വീണ്ടും നടന്ന്‍ ഫ്ലൈറ്റിലെത്തി. "അലോക്കേറ്റഡ്" സീറ്റില്‍ ഭദ്രമായി പിന്‍ഭാഗം ഉറപ്പിച്ചു.ഫ്ലൈറ്റില്‍ കയറിയപ്പള്‍ത്തന്നെ അതില്‍ നിറയെ ആള്‍ക്കാര്‍, കണക്ഷന്‍ ഫ്ലൈറ്റായിരിക്കും...! അല്ലാതെ പിന്നെ ഓട്ടോമാറ്റിക്കായി ഇതെങ്ങനെ നിറയും ഇത്ര പെട്ടെന്ന്‍.
ഒരു എയഹോസ്റ്റസ് വന്ന്‍ സീറ്റ് ബല്‍റ്റ് ഇടാന്‍ പറഞ്ഞു. ഇതൊക്കെ ഇത്ര കര്‍ശനമായി പറയേണ്ട കാര്യമുണ്ടോ ? ഞാന്‍ ഇടുകേല്ലേ ? ഒന്ന്‍ ഉടക്കണമെന്ന്‍ ഉണ്ടായിരുന്നു. അവളുടെ ചുവന്ന്‍ ലിപ്സ്റ്റിക്ക് എനിക്ക് അത്ര അങ്ങോട്ട് ബോധിച്ചില്ല. പ്രധിക്ഷേധ സൂചകമായി ഞാനും ബാഗില്‍ നിന്ന്‍ ലിപ്സ്റ്റിക് എടുത്ത് ഇട്ടു, എന്നിട്ട് ബല്‍റ്റ് കെട്ടിയിരുന്നു. മദ്യം സപ്ലേ തുടങ്ങി. കുടിയന്മാര്‍ തുടങ്ങിക്കഴിഞ്ഞു. പരമാവധി സഹകരിച്ച് അവര്‍ ഒഴിച്ച് കൊടുത്തുകൊണ്ടിരുന്നു. ഈ കോപ്രായങ്ങള്‍ ഒക്കെ കണ്ടാല്‍ തോന്നും മദ്യം കിട്ടാത്ത ഏതോ നാട്ടിലേക്കാണ് പോകുന്നത് എന്ന്‍.
ഞാന്‍ ഒരു സ്മോള്‍ അടിച്ചാലോ എന്ന്‍ തോന്നി. ഞാനായിട്ട് നമ്മുടെ നാടിന്റെ സംസ്കാരത്തിന് കുറവ് വരുത്തരുതല്ലോ..! പക്ഷേ അമ്മയുള്ളതുകൊണ്ട് അതങ്ങ് വേണ്ടാന്ന്‍ വെച്ചു (അല്ലെങ്കിലും എനിക്ക് നല്ല ഇമേജാ..!)
മെനു കാര്‍ഡ് ഒരു സുന്ദരി നീട്ടി. മനസ്സിലാവാത്ത കൊറേ ഐറ്റംസ്. എന്ത് ഓര്‍ഡര്‍ ചെയ്താലും കിട്ടുന്നതിനെപ്പറ്റി ഒരു രൂപ രേഖയുമില്ലാ. വെജിറ്റബിള്‍ മെനു തന്നെ ഓര്‍ഡര്‍ ചെയ്യണമെന്ന്‍ അമ്മക്ക് നിര്‍ബന്ധമാ. ജീവിതത്തില്‍ ഇന്നേവരെ നോണ്‍-വെജ് ടേസ്റ്റ് ചെയ്തിട്ടില്ലാത്ത എന്റെ അമ്മ..!കൊറെ ഉരുളക്കിഴക്ക് പുഴുങ്ങി മസാല ചേര്‍ത്തതും, ഒരു ചപ്പാത്തി രണ്ടായി മുറിച്ചതും മുന്നിലെത്തി.കഷ്ടം.അതൊക്കെ വളരെ ഭംഗിയായി വിഴുങ്ങി.ചെറിയ കപ്പിലെ വെള്ളം കുടിച്ച് വായും കഴുകി ഹെഡ്സെറ്റ് ഫിറ്റ് ചെയ്ത് സിനിമാ കാണാന്‍ തുടങ്ങി.ഒരു ഹിന്ദി സിനിമ..ജെയില്‍ എന്ന്‍ പേര്.
മധുര്‍ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത സിനിമ.നൈല്‍ നിതിന്‍ മുകേഷ്, മനോജ് ബാജ്പേയ്,മുഗ്ദ ഗോഡ്സേ തുടങ്ങിയവര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രം.
കൂട്ടുകാരനാല്‍ ചതിക്കപ്പെട്ട്, തീവ്രവാദക്കേസില്‍ ജയിയിലില്‍ എത്തപ്പെട്ട വിദ്യാഭ്യാസമുള്ള യുവാവിന്റെ കഥ, ഒപ്പം ജയിലിന്റെ കഥയും, കൂടെ സൈഡായി കാമുകിയും, കോടതിയും..!സമകാലിക പ്രസക്തിയുള്ള വിഷയം ഭംഗിയായി ചൂടും ചൂരും ചോരാതെ കാഴ്ചക്കാരില്‍ എത്തിച്ചിരിക്കുന്നു. ആസ്വദിച്ചു കണ്ടു. കൊള്ളാം അഭിനന്ദനങ്ങള്‍..! എന്ന്‍ ഒരു കമെന്റ് ഇടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതു ചെയ്തേനെ.
അമ്മ ഉറങ്ങി. പിറകില്‍ നിന്ന്‍ ഒരു ഉന്തല്‍..ഒരിളക്കം. ആരാ ഈ പാതിരാത്രിയില്‍ പിന്നില്‍ നിന്ന്‍ തള്ളുന്നത്..? കേരളത്തിലെ ബസിലെപ്പോലെ ഫ്ലൈറ്റിലും, ഇനി പിറകില്‍ വല്ല മന്ത്രിയും ആണോ എന്ന്‍ സംശയം.
തിരിഞ്ഞു നോക്കി സുമുഖനായാ ഒരു ചെറുപ്പക്കാരന്‍..! തുറിച്ച് നോക്കിക്കൊണ്ടിരിക്കുന്നു,കണ്ണ് അകത്തേക്കിടാന്‍ പറയാന്‍ നാവു പൊന്തി.
അവന്‍ എന്നെ തള്ളിയതെന്തിന്..ഓ വെറുതെ തള്ളി നോക്കിയതായിരിക്കും..
എന്നാലും..
ഓ ഒരെന്നാലുമില്ലാ.
ദേ പിന്നേം തള്ളുന്നു. എന്താ ചെയ്കാ..!
ഒന്നു വാണ്‍ ചെയ്താലോ..? ഇനി തള്ളിയാല്‍..ഞാന്‍..മനസ്സില്‍ ഉറച്ചു.ഒന്നുമുണ്ടായില്ല.ഒരു വഴക്ക് അങ്ങനെ ഒഴിവായി.
ഫെബ്രുവരി 10 രാവിലെ 2010
കണ്ണു തുറന്നപ്പോള്‍ ഫ്ലൈറ്റ് കേരളത്തില്‍ എത്തിയിരുന്നു. പിറകിലേക്ക് നോക്കിയപ്പോള്‍ "സുമുഖന്‍"..സുമുഖനായിത്തന്നെ ഉറങ്ങുന്നു.
അപ്പൂപ്പന്‍ പുറത്ത് കാത്തുനില്‍ക്കുന്നു. നേരേ തറവാട്ടിലെത്തി കുളി പാസാക്കി.കൊറെ ഇഡ്ഡലിയും ചട്നിയും വാരിവലിച്ച് കേറ്റി സുഖമായി ഉറങ്ങാന്‍ കിടന്നു.എഴുന്നേറ്റപ്പോള്‍ മണി രണ്ടര. വീണ്ടും തീറ്റി.
വൈകുന്നേരം കാക്കനാട്ടുള്ള ഫ്ലാറ്റില്‍ എത്തണം അവിടെയാണ് ആദ്യത്തെ ചെറുക്കന്‍ കാണല്‍. യൂറോപ്പിലെങ്ങാണ്ട് ജോലിയാണത്രേ.സമയം തീരെയില്ല.എറണാകുളത്ത് വരാനാ അവര്‍ക്ക് എളുപ്പം അത്രേ.എല്ലാരുടെയും സൗകര്യമൊക്കെ നമ്മള്‍ നോക്കണമല്ലോ..! ഇത് നടക്കാനേ പോകുന്നില്ല എന്ന്‍ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.
തറവാട്ടില്‍ നിന്ന്‍ രണ്ട് രണ്ടര മണിക്കൂറെങ്കിലും എടുക്കും കാക്കനാട്ട് എത്താന്‍.മൂപ്പിച്ച് വിട്ടാല്‍ ഒന്നര മണിക്കൂറും.
സമയത്തുതന്നെ ഫ്ലാറ്റിലെത്തി.എല്ലാം ഭംഗിയായി തൂത്ത് തുടച്ച് നല്ല വൃത്തിയാക്കിയിട്ടിരിക്കുന്നു. എല്ലാം അപ്പൂപ്പന്റെ മാനേജ്മെന്റാ.പുള്ളി വല്യ കണിശക്കാരനായ ഒരു പഴയ പുലിയാ..!വെട്ടൊന്ന്‍ തുണ്ടം രണ്ട്..അതാ പോളീസി.
ഇന്ന്‍ രാത്രി ഇവിടത്തന്നെ , വളരെ അപൂര്‍വ്വമായി മാത്രം താമസിച്ചിട്ടുള്ള സ്ഥലം. അപ്പൂപ്പന്‍ ടെലിഫോണില്‍ ലൊക്കേഷന്‍ പറഞ്ഞു കൊടുക്കുന്ന തിരക്കിലാണ്. ഓരോ അഞ്ച് മിനിറ്റിലും ലൊക്കേഷന്‍ പറഞ്ഞു കൊടുക്കുന്നു.
കോളിങ്ങ് ബെല്‍ ..! എല്ലാവരേയും സ്വീകരിച്ച് ഇരുത്തി. അവസാനം എന്നെ വിളിച്ചു (വിളിക്കാതെ റൂമിന് പുറത്തിറങ്ങരുത് എന്നാണ് പുലിയുടെ ഓര്‍ഡര്‍). പുറത്തേക്ക് വന്ന്‍ കണ്ണുയര്‍ത്തിയ ഞാന്‍ ഞെട്ടിപ്പോയി. ദാ നമ്മുടെ സുമുഖന്‍..! അവനും വല്ലാതെ വിളറിയോ എന്ന്‍ എനിക്ക് സംശയം. ഭാവഭേദമില്ലാതെ എന്നെ എല്ലാവരും കണ്ണുകള്‍ കൊണ്ട് തുളച്ചു. ചിലരൊക്കെ എന്തൊക്കെയോ ചോദിച്ചു എന്തൊക്കെയോ ഉത്തരങ്ങളും ഞാന്‍ പറഞ്ഞു.
ഇനി ഒറ്റക്കുള്ള ഊഴമാണ്.
എന്നെയും, സുമുഖനേയും ബാല്‍ക്കണിയിലേക്ക് തള്ളി. ചോദ്യോത്തരവേളയില്‍ ഞാനവനെ മലര്‍ത്തിയടിച്ചു എന്ന്‍ തന്നെ വേണം പറയാന്‍. ജീവിതത്തിന്റെ കാഴ്ചപ്പാടിനെപ്പറ്റിയും, ഇഷ്ട സംഗീതത്തെപ്പറ്റിയും,എന്തിന് ഗേംസില്‍ ഏറ്റവും ഇഷ്ടതാരം സാനിയാ മിര്‍സയുമാണെന്ന്‍ വരെ വാതോരാതെ "സുമുഖന്‍" കത്തി വെച്ചു. എന്നാ സാനിയാ മിര്‍സയെ പെണ്ണുകാണാന്‍ പൊയ്കൂടായിരുന്നോ എന്ന്‍ പെണ്‍ കശുമ്പ്, അസൂയ തുടങ്ങിവ എന്നില്‍ തല പൊക്കി. ഒരു സാനിയ മിര്‍സക്കാരന്‍.
പിന്നെ ഫ്ലൈറ്റില്‍ അറിയാതെ കാല്‍ മുട്ടിയതാണെന്നും, സോറിയും പറയാന്‍ അവന്‍ മറന്നില്ല. സോറി പറഞ്ഞപ്പോള്‍ എനിക്ക് അല്‍പം മതിപ്പ് തോന്നാതിരുന്നില്ല. അപ്പൂപ്പന്‍ അകത്ത് അവരുടെ തറവാടിന്റെ അടിവേരുവരെ തോണ്ടിയെടുത്തുകാണും. അങ്ങനെ ഒരു ചടങ്ങ് കഴിഞ്ഞു. ബാക്കി നാളെ മുതല്‍.
അമ്മയും അപ്പൂപ്പനും, അമ്മൂയും കൊച്ച് വര്‍ത്താനം പറഞ്ഞ് നേരം വെളുപ്പിക്കും എന്നാ തോന്നുന്നത്. എന്തായാലും എനിക്ക് ഉറക്കം വരുന്നു.
ഉറങ്ങാന്‍ കിടന്ന എന്നെ എന്തൊക്കെയോ കുത്തി. ലൈറ്റ് ഇട്ട് നോക്കിയപ്പോള്‍ മുറി നിറയെ കൊതുകുകള്‍..! ഹോ ഇത്രേം വലിയ കൊതുകള്‍ എന്റെ രക്തമെല്ലാം ഊറ്റിക്കുടിച്ചത് തന്നെ..! ഞാന്‍ കുറെയെണ്ണത്തിനെ കൈകൊണ്ട് അടിച്ച് കൊന്നു. എന്റെ തിരുവാതിര കളിയുടെ ശബ്ദം കേട്ട് എല്ലാരും ഓടിയെത്തി, അത്ഭുതത്തോടെ നോക്കി നില്‍ക്കുന്നു. ഇവളെന്താ ഈ കാണിക്കുന്നത് എന്ന ഭാവം. അപ്പൂപ്പന്‍ ചിരിച്ചുകൊണ്ട് ഒരു ബാറ്റ് എന്റെ നേരേ നീട്ടി. എന്നിട്ട് ഒരു ഡയലോഗും " ഇതാ ഇപ്പോഴത്തെ ഫാഷന്‍..!" എന്നെ സാനിയാമിര്‍സ ആക്കാനാണോ ഇവരുടെ നീക്കം, ഞാനും സുമുഖനും ചര്‍ച്ചിച്ചത് ഇവരെങ്ങനെ കേട്ടു..?
ജനലൊക്കെ കുറ്റിയിട്ടശേഷം,ബാറ്റിന്റെ വര്‍ക്കിങ്ങ് രീതി അപ്പൂപ്പന്‍ എനിക്ക് പഠിപ്പിച്ച് തന്നു. ഹായ് വണ്ടര്‍ഫുള്‍..! ബാറ്റ് വീശിയപ്പോള്‍ കൊതുകുകള്‍ അതില്‍ കരിഞ്ഞു വീഴുന്നു. വണക്കം പറഞ്ഞ് തൊഴുത് ഞാന്‍ ബാറ്റ് കയ്യിലെടുത്ത്, എന്നിട്ട് രാത്രിമൊത്തം സാനിയാമിര്‍സക്ക് പ്രാക്റ്റീസ് ചെയ്തു.ബാറ്റ് തലങ്ങും വിലങ്ങും വീശി. അല്പം മുന്‍പേ ഞാന്‍ ഇവിടെയെത്തിയിരുന്നെങ്കില്‍ ഒന്നാംതരം ടെന്നീസ് പ്ലയര്‍ ആയേനേ. ഇനി പറഞ്ഞിട്ട് എന്താ കാര്യം..!
തലക്കഷണം:കഷ്ടപ്പെട്ട് ജോലിയെടുത്ത് ജീവിതസാഹചര്യം ഉണ്ടാക്കിയാലും,പരിസരം മലീമസമായാല്‍ സ്വസ്ഥമായി ഉറങ്ങാന്‍ പറ്റില്ല.
മാലിന്യമുക്ത കേരളത്തിന് വേണ്ടി നമുക്ക് കൈകോര്‍ക്കാം..ഇതു നടന്നില്ലേല്‍ കൊതുകില്ലാത്ത രാത്രികള്‍ക്ക് വേണ്ടി ടെന്നീസ് പ്രാക്റ്റീസ് ചെയ്യാം..!