26 ഒക്‌ടോബർ 2015

‘ബ്രെഡും ബുള്‍സേയും‘ കഴിക്കുന്നോ.. !!?

Buzz It


ഞാന്‍ ആദ്യായിട്ട് ‘ബുള്‍സ്ഐ‘ കഴിക്കുന്നത് എന്റെ പത്താം വയസ്സിലാണു. പക്ഷേ കേട്ടിട്ടുണ്ട് അതും ഈ പ്രായത്തിലാണു..!! മുട്ട കൊണ്ട് ബുള്‍സ്ഐ പോലെ സമയം ലാഭിക്കുന്ന ഒരു മഹത്തായ വിഭവം ഉണ്ടാക്കാമെന്ന് അതുവരെ അറിയുമായിരുന്നില്ല.. ഇതുവായിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അല്‍ഭുതം തോന്നാം. അന്നത്തെക്കാലം അതായിരുന്നു.. അഥവാ മുട്ട കൊണ്ട് എന്തെങ്കിലും ഉണ്ടാക്ക്യാല്‍ തന്നെ മുഴുവന്‍ മായം ആയിരിക്കും. അംഗസംഖ്യ കൂടുതലുള്ള കൂട്ടു കുടുംബം ആയതിനാലും ധാരാളം തേങ്ങ ഉള്ളതിനാലും.. മുട്ട പൊരിച്ചതിനു പകരം മുട്ടയുടെ മണമുള്ള തേങ്ങ പൊരിച്ചത് എന്ന് പറയുന്നതാവും ശരി. !

നുമ്മടെ കൂട്ടുകാരന്‍ പത്തനാപുരത്ത് നിന്ന് അത്രയകലയൊന്നുമല്ലാത്ത ഒരു പ്രാന്ത പ്രദേശത്ത് താമസിക്കുന്നു. നിരന്തരമായി ക്ഷണിച്ചതു കൊണ്ട് അത്രടം പോയ്ക്കോളാന്‍ അമ്മയില്‍ നിന്ന് അനുവാദവും അച്ഛനില്‍ നിന്ന് വണ്ടിക്കൂലിയും വാങ്ങി ഒരു ഞായറാഴ്ച പത്തനാപുരം ടൌണിലെത്തി. കൂടെ മൂന്ന് കൂട്ടുകാരുമായി ബസ് കയറി കൂട്ടുകാരന്‍ താമസിക്കുന്ന ‘പ്രാന്തപ്രദേശത്തേയ്ക്ക്‘ പോയി. ബസില്‍ നിന്ന് ഇറങ്ങിയതും ദാ.. ഒരു പ്രാന്തന്‍ .. ! ചപ്പറാചിപ്പറാ മുടിയും, കീറിയ തുണികള്‍ അങ്ങലും തൊങ്ങലും ചാര്‍ത്തിയ ദേഹവും, നീണ്ട ചെമ്പിച്ച താടിയും മുടിയുമായി ഒരു ഭ്രാന്തന്‍ വടികറക്കി ശൌര്യത്തോടെ ഓടിച്ചാടി നടക്കുന്നു..! അയാളെക്കണ്ടതും ഞങ്ങള്‍ പേടിച്ചു വിറച്ചു , അധികം വിറയ്ക്കുന്നതിനു മുന്‍പേ ബസ്റ്റോപില്‍ കാത്തുനിന്നിരുന്ന കൂട്ടുകാരന്റെ അച്ഛനെ കണ്ടു. അവന്റെ അച്ഛനെ ഞാന്‍ മുന്‍പും കണ്ടിട്ടുണ്ട്..! ഫിലിപ് മാത്യുവിനെ ഓടിച്ചിട്ട് ഞങ്ങള്‍ രണ്ടും കൂടെ അടിച്ചതിനു ഹെഡ്മാഷിനെ കാണാന്‍ അവന്റെ അച്ഛനും എന്റെ അച്ഛനും വന്നപ്പോഴാണു കണ്ടത്. ഫിലിപ് മാത്യുവിന്റെ അച്ഛന്‍ ഒരു പള്ളീലച്ചനാണ് എന്നത് ഞെട്ടിക്കുന്ന വിവരം ആയിരുന്നു. “ഒരു പള്ളീലച്ചന്‍‘ അല്ല ഒന്നൊന്നര പള്ളീലച്ചന്‍ ആണു . അത്തരം സ്വാധീനമുള്ള പള്ളീലച്ചന്റെ മകനെ അതിക്രൂരമായി മര്‍ദ്ദിച്ച ഞങ്ങളെ ടി സി തന്ന് വിടുമെന്നുള്ള കാര്യം ഉറപ്പ് . ‘അതിക്രൂരമെന്നൊക്കെ’ പറയുന്നെങ്കിലും അത്രക്കൊന്നുമില്ല. അവന്റെ കൈമുട്ട് മുറിഞ്ഞു. പിന്നെ ഞാന്‍ ഒരു മുട്ടന്‍ വടിയെടുത്ത് തല്ലിയതിന്റെ ചെറിയ പരിക്കുകളും..! നുമ്മടെ കൂട്ടുകാരന്റെ അച്ഛന്‍ മിലിറ്ററി ആണു.. കപ്പടാ മീശയുള്ള പട്ടാളക്കാരന്‍ , ആരു കണ്ടാലും ഒന്നു പേടിക്കും, ഫിലിപ് മാത്യൂവിന്റെ അച്ഛനായ പള്ളീലച്ചനും എത്തിയിട്ടുണ്ട്.. എന്റെ അപ്പനും ലീവെടുത്ത് വന്നിട്ടുണ്ട്.. അതിന്റെ അരിശം കപ്പടാമീശയില്ലെങ്കിലും പുള്ളിയുടെ മുഖത്തുമുണ്ട്.!!
“ഞാന്‍ പഠിക്കുമ്പോള്‍ ഇന്നേവരെ ഒരു വഴക്കും ബഹളവും അടിപിടിയും ഉണ്ടാക്കിയിട്ടില്ല, മാര്യാദ വേണം മര്യാദ .നീ കാരണം ഇന്ന് ലീവും എടുത്തു. വീട്ടിലോട്ട് വാടാ..ശര്യാക്കിത്തരാം.. ” എന്നൊരു ഭീഷണിയും കടുത്ത നോട്ടവും നോക്കി പുള്ളി ചിരിച്ചോണ്ട് നിന്നു.

പോലീസ്റ്റേഷനില്‍ ഷഡ്ഡി മാത്രമിട്ടുകൊണ്ട് നില്‍ക്കുന്ന കൊടും കുറ്റവാളികളെപ്പോലെ ഞങ്ങള്‍ രണ്ടാളും ഫുള്‍ ഡ്രസില്‍ ഒരു മൂലയില്‍ നിന്നു വിറക്കുന്നു.! അന്നു തുടങ്ങിയതാണു ഞങ്ങളുടെ ഹൃദയ ബന്ധം.. , അത്തരം ഒരു ഹൃദയബന്ധമുള്ളതുകൊണ്ട് മാത്രമാണു അവന്‍ ക്ഷണിച്ചപ്പോള്‍ റിസ്ക് എടുത്ത് പ്രാന്തപ്രദേശത്തുള്ള അവന്റെ വീട്ടിലേയ്ക്ക് പോയതും.!

ബസ്റ്റോപില്‍ നിന്ന് വീട്ടിലേയ്ക്ക് കുറച്ച് നടക്കണം. ഇതിനിടയ്ക്ക് രണ്ട് പ്രാന്തന്മാരെക്കൂടെ കണ്ടു. തിരികെ വന്നപ്പോഴും ഇതേ പ്രാന്തന്മാര്‍ പൂര്‍വ്വാധികം ഉഷാറായിട്ടു വിഹരിക്കുന്നതാണു കണ്ടത്..!! വീട്ടില്‍ ചെന്ന് കയറിയ ഉടനേ അവന്റെ അമ്മ സ്വീകരിച്ചു , ഞങ്ങളെ എല്ലാം നന്നായി അറിയാവുന്നതുകൊണ്ട് പരിചയപ്പെടുത്തേണ്ടി വന്നില്ല. അവരുടെ ആതിഥേയ ആചാരപ്രകാരം ഓരോ ഗ്ലാസ് തണുത്ത സ്ക്വാഷ് തന്നു, . നല്ല മധുരവും തണുപ്പും. ഞാന്‍ ഒരു ഗ്ലാസൂടെ വാങ്ങിക്കുടിച്ചു. പിന്നെയും വാങ്ങാനുദ്ദേശ്യം വച്ച് പെട്ടെന്ന് കുടിച്ചു തീര്‍ത്തെങ്കിലും സംഭവം ‘ഫിനിഷ്’ ആയിപ്പോയി..!!

മത്സര വെള്ളംകുടിക്ക് ശേഷം നുമ്മടെ അന്നത്തെ ദേശീയ കായിക മത്സരമായ ഗോട്ടി അഥവാ ഗോലികളി തുടങ്ങി. കുറെ നേരം കളിച്ച് മുട്ട് അടികൊണ്ട് വലഞ്ഞപ്പോള്‍ ഭാഗ്യത്തിനു അമ്മ വീണ്ടും വിളിച്ചു. മുന്നില്‍ ചപ്പാത്തിയും ‘‘ബുള്‍സ്ഐ‘യും , സോയചങ്ക്സ് കറിയും എത്തി . ബീഫ് ആണെന്ന് കരുതി സോയാ ചങ്ക്സ് നുമ്മ പെറുക്കിത്തിന്നെങ്കിലും അത്ര ഗുമ്മില്ലെന്ന് മനസ്സിലായപ്പോള്‍ നിര്‍ത്തി. ‘ബുള്‍സ്ഐ‘ ക്ക് മുട്ടയുടെ പച്ചമണം മാറാത്തതുകൊണ്ട് കഴിക്കാനൊരു മടി മാത്രമല്ല ഈ നൈഫും ഫോര്‍ക്കുമൊന്നും നുമ്മ കണ്ടിട്ടുപോലുമില്ല. അന്നൊക്കെ ‘കോര‘മ്പായിലിരുന്നാണു വീട്ടില്‍ ഭക്ഷണം കഴിക്കാറുള്ളത് , ഇതിപ്പൊ ഡൈനിംഗ് ടേബിളില്‍.. വളരെ സങ്കോചത്തോടെ ‘ബുള്‍സ്ഐ‘യും നോക്കി അങ്ങനെയിരുന്നു. ‘ബുള്‍സ്ഐ‘ തിന്നു എക്സ്പീരിയസുള്ള ബാക്കിയെല്ലാവരും ‘നൈഫും ഫോര്‍ക്കും‘ ഉപയോഗിച്ച് വെട്ടി വിഴുങ്ങുകയാണു..!! അപ്പോള്‍ കൂട്ടുകാരന്റെ അമ്മ ചപ്പാത്തി മുറിച്ച് മുട്ടയുടെ മഞ്ഞക്കരു പൊട്ടിച്ച് വായിലേയ്ക്ക് വച്ചു തന്നു.; കഴിക്കാതിരിക്കാന്‍ പറ്റുമോ? കഴിച്ചു. അന്നും ഇന്നും നുമ്മ ഒരു ‘ബുള്‍സ്ഐ‘ ഫാന്‍ അല്ല എന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.!! ഇത് ആദ്യായി ബുള്‍സ്ഐ തിന്ന കഥ , കേട്ട കഥ ദാ താഴെയുണ്ട്...!

പോലീസ്റ്റേഷനില്‍ ഷഡ്ഡി മാത്രമിട്ടുകൊണ്ട് നില്‍ക്കുന്ന കൊടും കുറ്റവാളികളെപ്പോലെ ഞങ്ങള്‍ രണ്ടാളും ഫുള്‍ ഡ്രസില്‍ ഒരു മൂലയില്‍ നിന്നു വിറക്കുന്നു.! അച്ഛന്മാരു മൂന്നു പേരുമുണ്ട്.. !!  ഫിലിപ് മാത്യൂ ഒരു പാവത്താനെപ്പോലെ നില്‍ക്കുന്നു. ഹെഡ്മാഷ് സ്കൂള്‍ വരാന്തയിലൂടെ റോന്ത് ചുറ്റുന്ന സമയമാണിപ്പോള്‍ , അദ്ദേഹം ചുറ്റല്‍ നിര്‍ത്തി ചൂരലുമായി എപ്പോള്‍ വേണമെങ്കിലും എത്താം. ടിസി തന്നാലും വേണ്ടില്ല അടിക്കാതിരുന്നാല്‍ മത്യായിരുന്നു എന്ന് മനസ്സില്‍ വിചാരിച്ചു. വിചാരിച്ചു തീര്‍ന്നില്ല അതിനുമുന്‍പ് ഹെഡ്മാഷ് എത്തി. ഞങ്ങളെ മൂലയില്‍ നിന്ന് കൈ എത്തി അടിക്കാന്‍ അടിക്കാന്‍ പാകത്തിനു മാറ്റി നിര്‍ത്തി. പിന്നെ അച്ഛന്മാരെ ഓരോരുത്തരായി പരിചയപ്പെട്ടു..
നുമ്മടെ അച്ഛനെയും പരിചയപ്പെട്ടു..
ഹെഡ്: എവിടെയോ കണ്ട പരിചയം..
നുമ്മടെ അപ്പന്‍ : [ഒന്നും പരുങ്ങിയോ?] അതെ , സാര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്..
ഹെഡ്മാഷ് : ഇപ്പൊ എന്തു ചെയ്യുന്നു
നുമ്മടെ അപ്പന്‍ : ചേകം എല്‍ പി എസില്‍ പഠിപ്പിക്കുന്നു..

ഹമ്പട കേമാ സണ്ണിക്കുട്ടാ... എന്ന് വിളിക്കുന്നപോലെ ഒരു വിളി ഹെഡ്മാഷ് വിളിച്ചു !! നീ എന്നെ പറ്റിച്ചൂട്ടോ...ഹയ് എന്താ കഥ. നിന്നെ നോം മറക്ക്യെ? ഇവിടെ വെച്ച് ഇങ്ങനെ കാണുമെന്ന് സ്വപ്നേനെ നിരീചില്ല്യ. ആശ്ചര്യം എന്ന് പറഞ്ഞാ മതി...പഹയന്‍ തടിച്ചൂട്ടോ !! യെവന്‍ ആരാണെന്ന് അറിയുമോ?

ഇത്രേം ആയപ്പോള്‍ നുമ്മടെ അച്ഛന്‍ വീണ്ടും പരുങ്ങി, എന്നിട്ട് ഇടപെട്ടു..
‘മാഷേ എനിക്ക് കുറച്ചു സംസാരിക്കാന്‍ ഉണ്ട്...രഹസ്യാ....‘

ഇത് എനിക്ക് ഏഴെട്ട് അടി എക്സ്ട്രാ തരീപ്പിക്കാനുള്ള രഹസ്യ സെറ്റപ്പാണെന്ന്  ഊഹിക്കാവുന്നതേയുള്ളൂ.. കാപാലികന്മാരായ അച്ഛന്മാരുടെ മാതൃക പിന്തുടരുന്ന അതിക്രൂരനായ ഒരു അദ്ധ്യാപകനാണോ എന്റെ അപ്പന്‍? സംശയത്താല്‍ എന്റെ നെറ്റി ചുളിഞ്ഞു. ഇത്രയും ദുഷ്ടന്മാര്‍ക്ക് തങ്കക്കുടങ്ങളായ എന്നെപ്പോലെയുള്ളവരെ എന്തിനു നല്‍കിയെന്ന് ദൈവത്തെ ചോദിച്ചു ? . കൂടുതല്‍ ചോദ്യം ചെയ്താല്‍ ദൈവം കൂടെ മുങ്കൈ എടുത്ത് കൂടുതല്‍ തല്ല് വാങ്ങിത്തങ്കിലോ എന്ന് പേടിച്ച് ചിന്ത ഒഴിവാക്കി.  വിധിയെപ്പഴിച്ചുകൊണ്ട് നിസ്സഹായനായി നിന്നപ്പോള്‍ ദേവദൂതന്റെ അശരീരിപോലെ തോന്നി ഹെഡ്മാഷിന്റെ വാക്കുകള്‍ 
 “അതിനെന്താ പറഞ്ഞോളൂ, നീ പണ്ട് കുട്ട്യോളെ അടിക്യേം ഇടിക്ക്യേം ചെയ്തതിനു എന്റെ കയ്യില്‍ നിന്ന് എന്തൂരം അടിവാങ്ങിയിരിക്കുന്നു , എത്ര നാള്‍ ക്ലാസിനു പുറത്ത് നിര്‍ത്തിയിരിക്കുന്നു, സ്ഥിരം ശല്യക്കാരന്‍..! വിത്തു ഗുണം പത്തു ഗുണം..!! “

നുമ്മ കോരിത്തരിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലൊ ! അതിക്രൂരമായി പല്ലുഞെരിച്ചുകൊണ്ട് ഞാന്‍ അപ്പന്റെ മുഖത്തേയ്ക്ക് നോക്കിയെങ്കിലും അപ്പന്‍ തിരികെ നോക്കിയില്ല , നോക്കില്ല.. നോക്കാനാവില്ല.. നാണക്കേടുകൊണ്ട് ഇനി ആത്മഹത്യ വല്ലോം ചെയ്തുകളയുമോ എന്നുവരെ എനിക്ക് തോന്നിയിരുന്നു..അമ്മാതിരി വര്‍ത്താനമല്ലേ കുറച്ചു മുന്നേ എന്നോട് പറഞ്ഞത്..!

സാറേ..! വാതിക്കലൊരു വിളി
എന്താഡോ? ഹെഡ്മാഷ് കടുപ്പത്തിലാണു..
ബ്രഡും ‘ബുള്‍സേയും‘ ആണേ !!
ക്യാന്റീന്‍കാരന്‍ നിന്ന് പരുങ്ങി, ഹെഡ്മാഷിനു
ഹോസ്റ്റലില്‍ നിന്നുള്ള  ബ്രേക് ഫാസ്റ്റാണു..
“ങാ.. അങ്ങോട്ട് വെച്ചേരെ..”

എന്നിട്ട് തിരിഞ്ഞ് അച്ഛന്മാരോടായി ചോദിച്ചു ബ്രഡും , ബുള്‍സേയും കഴിക്കുന്നോ? കാളക്കണ്ണന്മാരായ അപ്പന്മാരൊരുമിച്ച് ഇല്ലെന്ന് പറഞ്ഞുകളഞ്ഞു..!! ഇങ്ങനെയാണു ഞാന്‍ ആദ്യായി ബുള്‍സേയെന്ന് കേള്‍ക്കുന്നത്..

എന്നിട്ട് ഹെഡ്മാഷ് ഞങ്ങളോട് അല്പം കാര്‍ക്കശ്യത്തോടെ ഉപദേശിച്ചു..
“പിള്ളേരു മൂന്നും ക്ലാസിലേയ്ക്കു പൊയ്ക്കോളൂ , ഇനി വഴക്കും അടിപിടിയുമൊന്നും ഉണ്ടാക്കരുത് കേട്ടോ..
ഞങ്ങള്‍ അനുസരണയോടെ തലയാട്ടി, പിന്നെ സ്കൂട്ടായി..“

‪#‎അന്നു‬ വൈകുന്നേരം ഞാന്‍ അച്ഛനെ കണ്ടതേയില്ല , നുമ്മ ഉറങ്ങിയതിനു ശേഷമാണു പുള്ളി വീട്ടിലെത്തിയത് ! പിറ്റേന്ന് രാവിലെ എന്നെക്കണ്ടതും മുഖം തരാതെ വയലിലേയ്ക്കെന്നും പറഞ്ഞ് ഒരു പോക്കും പോയി..!! അതിനു ശേഷം ഞങ്ങള്‍ എല്ലാവരും ഒര്‍മിച്ചിരിക്കുമ്പോള്‍ അച്ഛനും എനിക്കും മാത്രമറിയാവുന്ന  ആ കോഡ് ഇടക്കിടയ്ക്ക് ഞാന്‍ ഉറക്കെ ചോദിക്കാറുണ്ട്  ‘ബ്രെഡും ബുള്‍സേയും‘ കഴിക്കുന്നോ.. !!?