09 ഡിസംബർ 2012

മാറിയ മലയാളി - കറുത്ത വെളുപ്പ് :(



പണ്ടൊക്കെ സാധാരണക്കാരായ (സമൂഹത്തിലെ മധ്യവര്‍ഗ്ഗമെന്ന് വേണമെങ്കില്‍ അവരെ വിളിക്കാം.) ചെറുപ്പക്കാര്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിനെക്കണ്ടാല്‍ പ്രേമിക്കാന്‍ ഒരവസരം നോക്കി നടക്കുമായിരുന്നു. പിന്നെ കല്യാണം കഴിച്ച് ജീവിക്കുന്നതും, കുഞ്ഞുങ്ങളുമായി വെസ്പ സ്കൂട്ടറില്‍ അവളുമൊത്ത് കറങ്ങുന്നതുമൊക്കെ സ്വപ്നം കണ്ടങ്ങനെ ഇരിക്കും. അവള്‍ വരുന്നതും പോകുന്നതുമായ സ്ഥലങ്ങളില്‍ കുറ്റിയടിച്ചങ്ങനെ നില്‍ക്കും. ഇടിച്ച് കേറി മുട്ടാന്‍ ഒരു ചെറിയ വലിയ ഭയം ഉണ്ടായിരുന്നു. മുതിര്‍ന്നവരോടുള്ള വല്ലാത്ത ഒരുതരം ഭയഭക്തിബഹുമാനാദരമൊക്കെ ഇതിനൊരുകാരണമായിരുന്നു. കാലം കടന്നുപോകുമ്പോള്‍ ചിലപ്പോള്‍ സംഗതി ഒക്കെ സത്യമായി ഭവിക്കും..! അങ്ങനെ ഭവിച്ചില്ലെങ്കില്‍ കുറെ നാള്‍ താടി വളര്‍ത്തി കഞ്ചാവും അടിച്ച് കവിതയും എഴുതി പാരലല്‍ കോളേജിപഠിപ്പിച്ച് പക്വതവരുമ്പോള്‍ ഒരു ജോലി കിട്ടും..പിന്നെ സ്വപ്നം കണ്ടതിലും മാന്യമായി ജീവിക്കും.

എന്നാലിന്ന് ഏതെങ്കിലും പെണ്ണിനെകണ്ടാല്‍ എങ്ങനെ ഒരു റെന്റ്-എ- കാറെങ്കിലും സംഘടിപ്പിച്ച് അതില്‍ കയറ്റി , കാറിലിട്ടൊ, അതല്ല മറ്റ് എവിടെയെങ്കിലും കൊണ്ടുപോയോ ശാസ്ത്രീയമായി എങ്ങനെ സംഘം ചേര്‍ന്ന് പീഡിപ്പിക്കാമെന്ന് ആദ്യം നോക്കും. പീഡനം തത്സമയം മൊബൈലില്‍ പിടിച്ച് പത്തുപേരെ കാണിക്കും പിന്നെ നൂറുപേര്‍ക്ക് അയച്ച് പുണ്യം നേടും..! മാക്സിമം അവളെ കരിവാരിത്തേച്ച് ആത്മ നിര്‍വൃതികൊള്ളും..! അങ്ങനെ കേസായി, കോടതിയായി ..പത്രവാര്‍ത്തകളില്‍ കോളം നിറയ്ക്കാനായി കുറേ നാള്‍ ..!

മുകളില്‍ ഉദാഹരിച്ചവ മലയാളിയുടെ ഉപഭോഗസംസ്കാരത്തിന്‍റെ കേവല ഉദാഹരണം മാത്രം, ഇത് മലയാളി അനുഭവിക്കുന്ന അനിവാര്യമായ സാമൂഹ്യമാറ്റത്തിന്‍റെ പുറംതോട് മാത്രമാണ്. പീഡനത്തിന്‍റെയും പീഡകരുടെയും ആത്മനിര്‍വൃതിക്ക് ആക്കം കൂട്ടുന്ന പ്രവൃത്തികള്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഒപ്പം രാഷ്ട്രീയത്തിലും വല്ലാത്ത ഒരു ത്വരയോടെ കടന്ന് കൂടിയിരിക്കുന്നു. അച്ഛനും, അദ്ധ്യാപകരും, അമ്മാവനും നിരന്തരമായി പീഡിപ്പിച്ച പെണ്‍കുട്ടിമുതല്‍ മദ്യപിച്ചെത്തി നാല് വയസ്സുമാത്രം പ്രായമുള്ള മകളുടെ പല്ലടിച്ചിളക്കിയത് വരെ എത്തിനില്‍ക്കുന്നു. ലേഖനങ്ങൾ, നോവലുകള്‍, കഥകൾ, കവിതകൾ, അഭിമുഖങ്ങൾ, സിനിമ, തുടങ്ങിയവയിലൊക്കെ ഇത്തരമൊരുമാറ്റം പ്രകടമായിത്തന്നെയുണ്ട്. കൊളോണിയല്‍ ഭരണവും രാജവാഴ്ചയും മത്സരിച്ച് കശക്കിയെറിഞ്ഞ സാമൂഹ്യ അരക്ഷിതാവസ്ഥയില്‍ നിന്നുമാണ് ഇന്നത്തെ മധ്യവര്‍ഗ്ഗമലയാളി രൂപംകൊണ്ടത്. ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തിന്‍റെ സ്വതസിദ്ധമായ പരിവര്‍ത്തനത്തില്‍ നിന്നായിരുന്നില്ല ഈ മധ്യവര്‍ഗ്ഗം ഉടലെടുത്തത് എന്നത് പോരായ്മയായി നിലനില്‍ക്കുന്നതുകാരണമായിരിക്കാം ശക്തമായ ഒരു സാമൂഹിക മുന്നേറ്റത്തിന് വേണ്ടി പ്രബലമായവിഭാഗമായി പ്രവര്‍ത്തിക്കാന്‍ മലയാളിക്ക് ഇതുവരെ കഴിയാതെ പോയത് . കേരളത്തിലെ സാമൂഹികരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ഐക്യരാഹിത്യവും, അഴിമതിയും, വികസന വൈരുദ്ധ്യവും വരെ ഈ മധ്യവര്‍ഗ്ഗ മലയാളിയുടെ ദൌര്‍ബല്യത്തിന്റെ പ്രധാന കാരണമായി അനുമാനിക്കാം . കേരളത്തിലെ ആഭ്യന്തര ഉല്‍പ്പാദനവുമായി ബന്ധമില്ലാത്ത സമ്പത്ത്, ഗള്‍ഫ് മറ്റിതര പ്രവാസികളില്‍ നിന്ന് ഇഷ്ടം പോലെ ഒഴുകിയെത്തിയതിന്‍റെ ഫലമായി അസാധാരണമായ ചിന്തകളില്‍ വിഹരിക്കുന്ന മധ്യവര്‍ഗ്ഗജീവിതം രൂപംകൊള്ളുകയും സമൂഹത്തിന്റെ ഭൂരിഭാഗവും അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തു. തല്‍ഫലമായി മധ്യവര്‍ഗമായി കരുതാന്‍ കഴിയാത്ത , എന്നാല്‍ മധ്യവര്‍ഗമായി ഒരു പരിധിവരെ പരിഗണിക്കാവുന്നതുമായ വിഭാഗം ഉയര്‍ന്ന് വന്നു. പെട്ടെന്ന് പണമുണ്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞ് കോടികള്‍ മള്‍ട്ടിലെവല്‍ മാര്‍ക്കെറ്റിങ്ങിലും, ആട് തെക്ക് മാഞ്ചിയം തുടങ്ങി റ്റോട്ടല്‍ 4 യു വരെയുള്ള തട്ടിപ്പുകളില്‍ ഒഴുക്കിക്കളയാന്‍ സ്വയം നിസ്സഹായനായി നിന്നുകൊടുത്ത അത്യാഗ്രഹിയായ മലയാളി. ..!

ആധുനികപരിവേഷവും, പാശ്ചാത്യ ജീവിതരീതികളെയും അന്ധമായി അനുകരിച്ച് ജീവിക്കാന്‍ കൊതിക്കുന്നവര്‍, പക്ഷെ, ഫ്യൂഡല്‍വ്യവസ്ഥയില്‍നിന്നു മോചനം നേടാനും മുതലാളിത്തവ്യവസ്ഥികളോടും ചൂഷണത്തോടും സമരസപ്പെട്ട് വളരെയൊന്നും ക്രിയാത്മകമായി പ്രതികരിക്കാനും കഴിയാത്തവര്‍.!! അവര്‍ ആധുനിക മുതലാളിത്തജീവിതം അനുകരിക്കുകയും ഫ്യൂഡല്‍ മനോഭാവം ആഘോഷിക്കുകയും ചെയ്യുന്നു. ഇരകളുടെ പീഡനത്തിലും , മരണത്തിലും എന്തിന് ദൈന്യതയില്‍ പോലും ആനന്ദിക്കുകയും, നീതിപൂര്‍വ്വകവമല്ലാത്തതും അസത്യമാര്‍ന്നതുമായ സ്വന്തം വിജയത്തില്‍ അമിതവിശ്വാസത്തോടുകൂടി തോല്‍വികള്‍ എറ്റുവാങ്ങാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന പ്രതിപക്ഷബഹുമാനമില്ലാത്ത സംസ്കാരം കൈമുതലാക്കിയ മധ്യവര്‍ഗ്ഗമെന്ന് പോലും വിശേഷിപ്പിക്കാന്‍ കഴിയാത്ത സര്‍വ്വതിനോടും പുച്ഛമുള്ള മലയാളി....! അന്യവത്കരണവും സാമ്പത്തികപ്രതിസന്ധിയും വേട്ടയാടി നട്ടംതിരിച്ച മാനസിക അസംതൃപ്തിയാല്‍ വികസനത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് വളരെയകന്ന് പോയ മധ്യവര്‍ഗ്ഗ മലയാളി..! ജീവിതാഭിലാഷങ്ങള്‍ക്ക് അതിര്‍ത്തി കല്പിക്കാതെ പുതിയ ഉപഭോഗമേഖലകളും ജീവിത ബാധ്യതകളും തുറന്ന് വച്ച് പരിദേവനങ്ങളുമായി പുതുവസന്തത്തിനുവേണ്ടി ഝടിതിയില്‍ കാത്തിരിക്കുന്ന സാധാരണമലയാളി...!!
------------------------------------------------------
മാറിയ മലയാളി -  രാഷ്ട്രീയപ്രേരിതമായ കുറിപ്പ്.. ;)







9 അഭിപ്രായങ്ങൾ:

  1. മലയാളി, മലയാള സംസ്കാരം മറന്നിരിക്കുന്നു. ഉപ ഭോഗ സംസ്കാരത്തിന്റെ അടിമയായി മാറിക്കഴിഞ്ഞ മലയാളി അനുകരണം ആത്മഹത്യ എന്ന് പറഞ്ഞവരെപ്പോലും അനുകരിച്ചു കൊണ്ടേയിരിക്കുന്നു. മഹാ ബുദ്ധിമാന്മാരെന്നു പറയുന്ന മലയാളികള്, മഹാ വിഡ്ഢിത്തം കാണിച്ചു കൂട്ടുന്നു. എന്നിട്ടത് തന്നെ മഹത്തരം എന്ന് ഉറക്കെ സ്വയം പ്രഖ്യാപിക്കുന്നു. അവന്റെ ആഹ്ലാദം കണ്ട് തന്റെ പോക്കറ്റ് വീര്‍പ്പിക്കാന്‍ കിട്ടിയ അവസരം മുതലെടുക്കുന്ന സ്വപ്‌നങ്ങള്‍ കണ്ട് കൊണ്ട് വാള്‍മാര്‍ട്ടു പോലെയുള്ള വിദേശ കുത്തകകള്‍ ചിരിക്കുന്നു,

    വീടും കൂടും കുടുമ്പവും നോക്കാന്‍ സമയമില്ലാതെ റിയാലിറ്റി ഷോകളുടെ പിന്നാലെ പായുന്ന മലയാളിക്ക് ഇങ്ങനെ കുറെ വാര്‍ത്തകള്‍ വായിക്കേണ്ടി വന്നാല്‍ അതിനു കുറ്റം പറയേണ്ടത് ആരെയാണ്...

    ആശംസകള്‍ ലക്

    മറുപടിഇല്ലാതാക്കൂ
  2. അത്യാഗ്രഹി ആയ മലയാളിയല്ല ടോട്ടല്‍ തട്ടിപ്പില്‍ ചെന്ന് പെട്ടത് ...ആട് , മാഞ്ചിയം പോലെ പാവപ്പെട്ടവരുടെ എണ്ണം തുലോം കുറവായിരുന്നു അതില്‍ . അവിഹിതമായ മാര്‍ഗളില്‍ പണം ഉണ്ടാക്കിയവര്‍ ആയിരുന്നു കൂടുതലും .. അത് കൊണ്ടാണല്ലോ , തിരിച്ചു കിട്ടാന്‍ കേസ് കൊടുത്തവരും കുറവായത് !

    മറ്റു നിരീക്ഷണങ്ങളോട് യോജിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. ഓരോ ദിവസവും പത്രം കാണുമ്പോഴും ടിവി കാണുമ്പോഴും, മനസ്സ് വിങ്ങും. നമുക്ക് എന്താണ് സംഭവിക്കുന്നത്??? എല്ലാം നേടാനുള്ള അമിതാവേശത്തില്‍ നാം എത്രത്തോളം നീചമായ കാര്യങ്ങളാണ് ചെയ്ത് കൂട്ടുന്നത്‌!.??? പിടിക്കപ്പെട്ടാല്‍ അതും ഒരു കേമത്തം എന്ന് കരുതുന്ന ഈ ചിന്താഗതി നമ്മെ എവിടെ കൊണ്ടെത്തിക്കും എന്ന് കണ്ടറിയണം! എന്തായാലും ഇതൊന്നും നല്ലതല്ല എന്ന് ഇനി വരുന്ന തലമുറയെ എങ്കിലും ഉദ്ബോധിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഭാഗ്യം!!!!

    മറുപടിഇല്ലാതാക്കൂ
  4. ശരി തന്നെ. പക്ഷേ ഇതു മലയാളിയിൽ മാത്രം കാണപ്പെടുന്ന കുഴപ്പമാണോ ?

    മറുപടിഇല്ലാതാക്കൂ
  5. സമൂഹത്തെ മാറി നിന്ന് നിരീക്ഷിച്ചാല്‍ അറിയാം. കഠിന കുറ്റങ്ങള്‍ കുറ്റങ്ങളും പിന്നെ ലളിത തെറ്റുകളും പിന്നെ പിന്നെ തമാശകളും ആയി മാറുന്ന പരിണാമം. കാലം മൂല്യങ്ങളെ മാറ്റുന്നു. എങ്ങനെ ഇതിനു തടയിടാം എന്നറിയാതെ കുഴങ്ങുന്നു ഞാനും നീയും നമ്മളും. നല്ല ചിന്തകള്‍ സഖേ.. ഈ ബ്ലോഗില്‍ എത്താന്‍ കുറച്ചു വൈകി

    മറുപടിഇല്ലാതാക്കൂ
  6. മലയാളികളില്‍ മാത്രമുള്ള പ്രവണത അല്ലല്ലോ ലക്കെയിത്. സാംസ്കാരിക അതപതനത്തില്‍ മലയാളികള്‍ ഒട്ടും പുറകിലല്ല എന്ന് മാത്രം. ഇന്നത്തെ ന്യൂസ്‌ ചാനലുകള്‍ . പത്രവാര്‍ത്തകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ് . പണ്ട് പ്രണയം ആസ്വദിച്ചിരുന്നവര്‍ ഇന്ന് പീഡനത്തിലേക്ക് വഴിമാറി . മദ്യവും മയക്കുമരുന്നും ബോധം മരവിപ്പികുമ്പോള്‍ അമ്മയെയും മകളെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു. അതിനു തടയിടാതെ പരമാവധി പ്രോത്സാഹിപ്പിച്ചു ആ ലാഭം കൊണ്ട് മാത്രം നിലനില്‍ക്കുന്ന ഗവണ്‍മെന്റ്... പിന്നെയെങ്ങിനെ നാട് നന്നാവും?

    മറുപടിഇല്ലാതാക്കൂ
  7. അന്നത്തെ അരമന രഹസ്യങ്ങൾ അങ്ങാടി പരസ്യം ആയിരുന്നല്ലോ..
    എല്ലാം അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്ന സമൂഹം..
    ഇന്നത്തെ പീഡനങ്ങളുടെ അന്നത്തെ പേരല്ലേ കൂട്ട ബലാൽസംഘവും അവിഹിത ഗർഭവുമൊക്കെ..?

    മറുപടിഇല്ലാതാക്കൂ
  8. വളരെ പേടിപെടുത്തുന്നത് കുട്ടികൾ 12-16 വയസ്സിൽ ഉള്ളവർ ഇത്തരം പ്രവർത്തനങ്ങളിൽ ഉണ്ട് അവരാണ് ഇപ്പൊ ക്രിമിനലുകൾ , വരും തലമുറ എങ്ങിനെ ആയിരിക്കും എന്നതിന്റെ വളരെ വ്യക്തമായ ഒരു ചിത്രം ഇന്ന് നമുക്കുണ്ട്, പേടിക്കണം,

    മറുപടിഇല്ലാതാക്കൂ
  9. പുതിയ തലമുറ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെ മുന്നിട്ട് നില്ക്കുന്നു എന്നതിനോടൊപ്പം തന്നെ കുറ്റവാസനയിലുംഅവര്‍ തന്നെ ആണ് മുന്‍പന്തിയില്‍ എന്ന കാര്യം തികച്ചും യാഥാര്‍ഥ്യം ആണ് ,,,

    മറുപടിഇല്ലാതാക്കൂ

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *