28 മേയ് 2020

മദ്യപാനിയിൽ നിന്ന് മദ്യപനിലേയ്ക്ക്!

പാനം ചെയ്യുന്ന ആൾ പാനി ആണോ ? ‬

‪മദ്യം പാനം ചെയ്ത ആൾ മാത്രമേ മദ്യപാനി ആകുന്നുള്ളൂ , വേറേ എന്തു കുടിച്ചാലും ഈ 'പാനി' പ്രയോഗമില്ല എന്നതാണു രസകരം . ചായപാനി , കാപ്പിപാനി , മോരുപാനി എന്നൊന്നും പറഞ്ഞ്‌ കേൾക്കുന്നില്ല. ‬

മദ്യം പാനം ചെയ്യുന്ന ആളെന്ന അർത്ഥത്തിൽ പ്രിന്റഡ്‌ , നവ മാധ്യമങ്ങൾ , ടി വി മുതലായവയിൽ മദ്യപാനി എഴുതിക്കാണുന്നു. വിക്കിയിലും മഷിത്തണ്ടിലുമൊക്കെ ഈ അർത്ഥം ശരി വച്ചിട്ടുമുണ്ട്‌‌‌ . എന്തായാലും 'മദ്യപൻ' മലയാളിയുടെ സ്വന്തം 'മദ്യപാനി' ആയിട്ടുണ്ട്‌ !! ‬

 പാനി എന്നാൽ കുടിയനും അതേസമയം കുടിക്കാനുള്ള വെള്ളവും ആകുന്നു, ഇന്റെറെസ്റ്റിംഗ്‌! ‪ഇങ്ങനെ ഏതെങ്കിലും കുടിയൻ ‬പ്രയോഗിച്ചതാണോ എന്നും സംശയിക്കുന്നു.‬പാനിയുടെ ചില അർത്ഥങ്ങൾ താഴെ കൊടുക്കുന്നു.

പാനി-കുടിക്കാനുള്ള വെള്ളം, 'കുടിയൻ'.
‪പാനി-കലം, മൺപാത്രം‬.
‪പാനി-നീർശർക്കര, കള്ളുകുറുക്കിയുണ്ടാക്കുന്ന വസ്തു‬.‬
‪പാനീയം-കുടിക്കാന്‍ യോഗ്യമായത്,വെള്ളം.‬
പാനികന്‍-കള്ളു വില്‍ക്കുന്നവന്‍.
‪ഇത്‌ വായിച്ചിട്ട്‌ നാളെ ..ബെവ്കോയിൽ ചെന്ന് "പാനികാ രണ്ട്‌ ജവാൻ" എന്നൊന്നും പറഞ്ഞ്‌ മലയാള ഭാഷയെ പരിപോഷിപ്പിക്കരുത്‌ ..പ്ലീസ്‌!‬

#BevQ ന്റെ പശ്ചാത്തലത്തിൽ പങ്കുവെയ്ക്കുന്നു..😁

09 ഏപ്രിൽ 2020

വരുമാന ചര്‍ച്ച.

കോവിഡ് 19: എം.പിമാരുടെ ശമ്പളം ഒരു വര്ഷത്തേക്ക്‌ 30% വെട്ടിക്കുറച്ചു . പ്രധാന മന്ത്രീന്റെ സാലറിയും കുറച്ചൂന്നാ കേട്ടത് ..

മലയാളീസ്: വളരെ നല്ലത് ..

അതെന്നാ ഒരു അപ്രീസിയേഷന് ഇല്ലാത്തത് ? കേരളവും ഈ പാത സ്വീകരിക്കുമോ?

മലയാളീസ്: പാത സ്വീകരിക്കുമോന്നൊന്നും അറീല്ല.

അതല്ലേ അതിന്റെ ഒരു ധാര്മികത ? യേത്.

മലയാളീസ് :29 ഇന്ത്യന് സംസ്ഥാനങ്ങളില് ഏറ്റവും കുറഞ്ഞ സാലറി വാങ്ങുന്ന മുഖ്യമന്ത്രി ആരാണെന്ന് അറിയാമോ?

ഇല്ല, ആരാ?

മലയാളീസ്: കേരളാമുഖ്യമന്ത്രി.

ഓഹോ ഇപ്പൊ മനസ്സിലായി..

മലയാളീസ്:അതു മാത്രല്ല ഏറ്റവും കൂടുതല് സാലറി വാങ്ങുന്ന തെലങ്കാന
മുഖ്യമന്ത്രിയുടെ 25% പോലുമില്ല കേരളാ മുഖ്യമന്ത്രിക്ക്..!!

ഞാന് പോട്ടെ..

മലയാളീസ്: നിക്കവിടെ, ഇതൂടി കേട്ടിട്ട് പോയാല് മതി. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര് കേരളാ മുഖ്യമന്ത്രിയേക്കാള് ഇരട്ടി സാലറി വാങ്ങുന്നവരാണ്..

ഇനി ഞാന്‍ പൊയ്ക്കോട്ടെ..

എം എല്‍ എ മാരുടെ വരുമാനം കൂടെ പറയട്ടെ..

എനിക്ക് പോണം..

മലയാളീസ്:ചായ കുടിച്ചിട്ട് പോയാല് മതി , വടേം കൂടെ എടുത്തോ..😀

25 ഓഗസ്റ്റ് 2014

X- റിലോഡഡ്

ദേ ആ പോകുന്ന ആളെക്കണ്ടോ.? X- മിലിട്ടറിയാ..
സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞുവന്ന പട്ടാളക്കാരന്‍ ..!
മനസിന്‍റെ ഉള്ളറകളില്‍ നിന്ന് ഓഹ്.. ഒരു ബഹുമാനം
അങ്ങട് അനര്‍ഗ്ഗളമായി നിര്‍ഗ്ഗളിച്ചൂന്ന് പറഞ്ഞാല്‍ മതീല്ലൊ..
കയ്യില്‍ XXX- റം...
വണ്ടര്‍ഫുള്‍ , ഇപ്പൊ ഇംഗ്ലിഷ് അക്ഷരമാലയിലെ X നോട്
എന്തെന്നില്ലാത്ത ആദരവ് . റം അത്ര ഇഷ്ടലങ്കിലും..
XXX റം അടിച്ച് X-mas ആഘോഷിച്ചാല്‍ X-Ray എടുക്കേണ്ടി വരും..
അതല്ല്ലേ കയ്യിലിരിപ്പ്..!? ;)

X factor ഉള്ളവര്‍ X-llent ആയി കാര്യങ്ങള്‍ നീക്കുമ്പോള്‍
X-paired ആയിപ്പോയവരുണ്ട് , അവര്‍
X- peria ഉപയോഗിച്ച് 
Xtra ordinary ആയി X-ersice  ചെയ്യുന്നതുകൊണ്ടായിരിക്കും.. 
X വെട്ടിക്കളയലിന്‍റെ ഒരു പ്രതീകവും..XXX കടുംവെട്ടും.. ;)
X ജെനറേഷന്‍ XXX കണ്ട് വിജ്രംഭിച്ചിരിക്കുമ്പൊ ഒരു ടൈമ്പാസിന്
X-മെന്‍ സിനിമ കണ്ട് നിര്‍വൃതിയടഞ്ഞ സാദാ ആള്‍ക്കാരുമുണ്ട്..!
ചില മലയാള സിനിമകളില്‍ നായകന് അനോണിമസ് കാളിലൂടെ
സുപ്രധാന വിവരങ്ങള്‍ നല്‍കുന്ന മി.
X ആണ്...!!


അതൊക്കെ പോട്ട്...XL - XXX L അളവുകളില്‍ ടീഷര്‍ട്ടുകളും മറ്റ് വസ്ത്രങ്ങളും വാങ്ങാത്തവര്‍ ആരാ..
പത്താം ക്ലാസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം 
X F എനിക്ക് ഓര്‍മ്മവരും..നുമ്മടെക്ലാസ് അതായിരുന്നല്ലൊ..
X  എം എല്‍ എ എന്നും  
X മന്ത്രിയെന്നും സ്റ്റേജിലും മറ്റിടങ്ങളും പരിചയപ്പെടുത്തി പൊങ്ങുന്നവരും നാണം കെടുത്തുന്നവരുമുണ്ട്..
[EX എന്ന് എഴുതിയാലും  X എന്നേ നുമ്മക്ക് വായിക്കാന്‍ പറ്റൂ..!! ]
ഇതു പറഞ്ഞപ്പഴാണ് Example ന്റെ ഷോര്‍ട്ട് ഫോം X-ample  ,  Ex. എന്നൊക്കെ തെറ്റായി എഴുതുന്നവര്‍ ഉണ്ട് , Explain എന്നതിനെ   X-plain എന്നാക്കുന്നവരുമുണ്ട്..



ജനിതകത്തില്‍ XX  കോമസോം സ്ത്രീകള്‍ക്ക് മാത്രം..
അതെന്താ സ്ത്രീകള്‍
XX ആയിപ്പോയതെന്ന് ചിന്തിക്കാറുണ്ട്..
എന്നാല്‍ പുരുഷന്മാര്‍ക്ക് 
Xഉം  Y ഉം ഉണ്ട്..
നുമ്മക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിഉഅ
X , XY എന്നീ പെര്‍ഫ്യൂമുകളെയും വിസ്മരിക്കുന്നില്ല..


ഇതിന്റിടയ്ക്ക്  X ആക്സിസ് വിട്ടുകളയുന്നില്ല..ഒപ്പം Y ആക്സിസും.. ;)



മുകളില്‍ എഴുതിയതൊക്കെ 
പഴയ  പരിചയപ്പെടുത്തലാണെങ്കില്‍ ...
ആധുനിക പരിചയപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നു..
ഹായ്..മീറ്റ് മൈ X - ഹസ്ബഡ് ആന്‍റ് X- ബോയ് ഫ്രെണ്ട്..!
ഒരേ വേദിയില്‍ രണ്ട് ‘X‘കള്‍ കൂട്ടിമുട്ടിയിരിക്കുന്നു...
X-ited   ആയിപ്പോയോ... എങ്കില്‍ വേണ്ട..! അവര്‍ ചിയേര്‍സ് പറഞ്ഞ് ഈരണ്ട് ലാര്‍ജ്ജ് അധികത്തില്‍ അടിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല.
എല്ലാം ഒരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കാന്‍ പഠിച്ചിരിക്കുന്നു..
അതിനിടയ്ക്ക്  മറ്റൊരു ന്യൂ ജനറേഷന്‍ പരിചയപ്പെടുത്തല്‍ ..!
ഹായ്.. ദിസീസ് മൈ XX- ഗേള്‍ഫ്രെണ്ട് ആന്‍റ് XXX- ഗേള്‍ഫ്രെണ്ട്..!!
______________________________________________
#എല്ലാ X-ബ്ലോഗ്ഗേര്‍സിനും അഭിവാദ്യങ്ങള്‍ ..!!

30 ഏപ്രിൽ 2014

അവഗനണയോടെ ആപ്പിള്‍

ഈ കഴിഞ്ഞ വിഷുവിനാണ് ഒരു കാര്യം ശ്രദ്ധിച്ചത്.. ‘കാര്യം നിസ്സാരമാണെങ്കിലും’ നോം ഞെട്ടിപ്പോയി.. കണികാണാന്‍ വയ്ക്കുന്ന പഴവര്‍ഗ്ഗങ്ങളില്‍  ‘ആപ്പിള്‍’ ഇല്ല  ആപ്പിള്‍ വര്‍ജ്ജ്യവുമാണത്രെ.. വാട്ട് ദ ഹെല്‍ ..? ഹൌം കം..? എന്തുകൊണ്ട് ആപ്പിള്‍ ഇല്ല...? ആര്‍ഷഭാരത സംസ്കാരത്തിലും എന്തിനധികം പറയുന്നു, കേരള സംസ്കാരത്തിന്റെ പിന്നാമ്പുറത്തുപോലുമോ ലോകപ്രശസ്തിയാര്‍ജ്ജിച്ച ആപ്പിളിന് പണ്ടേ വെറും പുല്ലുവില.!! അതുകൊണ്ടായിരിക്കും പരീക്ഷിത്തിനെ ദംശിച്ച് കൊല്ലാന്‍ വന്ന തക്ഷകനെ ‘ആപ്പിളില്‍’ കയറ്റിവിടാതെ നല്ല നാടന്‍ മാമ്പഴത്തില്‍ തന്നെ കയറ്റി വിട്ടതും. പൈശാചികമായിത്തന്നെ തന്റെ കര്‍മ്മം നിര്‍വ്വഹിച്ച് തക്ഷകന്‍ സ്ഥലം വിട്ടതും..! തലയില്‍ ആപ്പിള്‍ വീണ ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചതിനെപ്പോലും തൃണവല്‍ഗണിച്ചാണ് നാം ആപ്പിളിനെ വിഷു ചരിത്രത്തില്‍ നിന്ന് പഞ്ഞിക്കിട്ടതെന്നോര്‍ക്കുമ്പോള്‍ ശരിക്കും കുണ്ഠിതം തോന്നുന്നു..! ആപ്പിള്‍ തലയില്‍ വീണില്ലെങ്കിലും വിഷുക്കണിയില്‍ നിന്ന് ആപ്പിളിനെ അവഗണിച്ചതിനെപ്പറ്റി ചിന്തിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ പിറന്ന ആപ്പിള്‍ മസ്തിഷ്ക സീമാ കോശങ്ങളെ ഉത്തേജിപ്പിക്കുകയും യൂനാനി ചികിത്സയില്‍പ്പോലും ഉപയോഗ്യയോവുമാണു. മെഴുക് അടിച്ച് വില്‍ക്കാന്‍ വച്ചിരിക്കുന്ന വിവിധ കളറുകളില്‍ തിളങ്ങുന്ന ആപ്പിളിനു ഇത്തരമൊരു ദുര്യോഗം വന്നു ഭവിക്കാന്‍ എന്തായിരിക്കും കാരണം?  ആപ്പിളില്‍ ദൈവീകമായി ഒന്നുമില്ല എന്നത് തന്നെയാകാനാണു സാധ്യതയെന്നു തോന്നുന്നു. ആദാമിനെ ആപ്പിള്‍ കഴിപ്പിച്ചാണ് ആദിമ സ്ത്രീ പാപം ചെയ്യിപ്പിച്ചത്, തന്മൂലം രണ്ടാളും സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് , ജീവിതത്തോടും പരസ്പരവും നിരന്തരവും  മല്ലിട്ട് ദുഃഖാകുലരായി കഴിഞ്ഞു. അല്ലെങ്കില്‍ ദുഃഖമില്ലെന്നാണോ പറയുന്നത് എന്ന് ചോദിച്ചിട്ടും വല്യ കാര്യമില്ല. ആദവും ഹവ്വയും വിലക്കപ്പെട്ട കനിയായ ആപ്പിള്‍ കഴിച്ചത് ദൈവ നിന്ദയായി കണക്കാക്കുന്നതുകൊണ്ട് ആപ്പിളില്‍ ദൈവീകമായി ഒന്നുമില്ല എന്നു ലോജിക്കലായും ചിന്തിക്കാം.    പാശ്ചാത്യലോകത്ത് സ്ത്രീപുരുഷന്മാര്‍ വഴക്കിടുന്നതും പിരിയുന്നതുമൊക്കെ സാധാരണമായതില്‍ ‘ആപ്പിളിനും’ ഒരു പങ്കുണ്ടാകുമോ? ഉണ്ടായിരിക്കുമായിരിക്കും.. അതുകൊണ്ടാണല്ലൊ ഇന്ത്യയില്‍ ആപ്പിള്‍ വ്യാപകമായപ്പോള്‍ പാശ്ചാത്യ സംസ്കാരത്തിനൊപ്പം അവരുടെ ഇത്തരം ദുര്‍ഗുണങ്ങളും നമ്മെ പിടികൂടിയത് ..! ആപ്പിള്‍ മൊബൈലും, ടാബും , കമ്പ്യൂട്ടറും സാധാരണയായി ഉപയോഗിക്കുന്ന ഇന്നത്തെ മലയാളികള്‍ , ‘ ആപ്പിള്‍ ‘ എന്തു വിലകൊടുത്തും വാങ്ങിക്കും ,കാരണം ഇംഗ്ലീഷിലെ ഈ പഴഞ്ചൊല്ല് തന്നെ “ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ ഒഴിവാക്കാം!” “ ഡോക്ടര്‍ സുന്ദരനെങ്കില്‍ ആപ്പിള്‍ ഒഴിവാക്കാം” എന്ന് ഫെമിനിസ്റ്റുകള്‍ തിരുത്തിയതും നോം ഒഴിവാക്കുന്നില്ല. ആപ്പിള്‍ അത്രക്ക് വലിയ സംഭവമാണോ.? ആയിരിക്കുമായിരിക്കും..അല്ലാതെപിന്നെ ..!   എന്നാലും സ്ത്രീകള്‍ക്ക് ആപ്പിളിനോട് മനുഷ്യര്‍ ഉണ്ടായതു മുതല്‍ക്കേ നല്ല ബന്ധമുണ്ടെന്ന് ഹവ്വ തെളിയിക്കുന്നുണ്ടല്ലോ . മാത്രമല്ല സ്ത്രീകളുടെ ചില അവയവങ്ങളെ ആപ്പിളിനോട് ഉപമിച്ച് കവികള്‍ എഴുതിയിരിക്കുന്നതും ശ്രദ്ധിക്കുക . തെറ്റിദ്ധരിക്കരുത്, അവയവം എന്ന് ഞാന്‍ ഉദ്ദേശിച്ചത് കവിളിനെയാണ് . ഇനി കവിള്‍ അവയവം ആണോ എന്ന് ചോദിക്കേണ്ട..കവിള്‍ ഒരു അവയവമാണ് ..!! സ്ത്രീകളുടെ കവിളിനെ ആപ്പിളിനോട് കവികള്‍ ഉപമിക്കാന്‍ തുടങ്ങിയത് അവര്‍ ബ്യൂട്ടിപാര്‍ലറില്‍ ആപ്പിള്‍ ഫേഷ്യല്‍ ചെയ്തു തുടങ്ങിയതു മുതലൊന്നുമല്ല. എന്നാല്‍ ഈ ഉപമ മുതലാക്കി സ്ത്രീകള്‍ ആപ്പിള്‍ ഫേഷ്യല്‍ ചെയ്യാന്‍ ഉത്സാഹം കാട്ടുന്നുവെന്ന് സംശ്യയിക്കാന്‍ ചിലവൊന്നുമില്ലല്ലൊ..!? ആപ്പിളിനെപ്പറ്റി ആര്‍ഷഭാരത വിശുദ്ധ പുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടാത്തതില്‍ സായാഹ്നപ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ക്യാമറാമാന്‍ ഇല്ലാതെ ദുബായില്‍ നിന്നും ഈ ഞാന്‍ എല്ലാവര്‍ക്കും ‘ആപ്പിള്‍ ദിനം’ ആശംസിക്കുന്നു..! ആപ്പിള്‍ കീ ജയ് ..!!

27 ഫെബ്രുവരി 2013

ഒരു വെള്ളമടിക്കഥ..!!





ഇന്നലെ കുടിവെള്ളം ഓര്‍ഡര്‍ ചെയ്തു..
എപ്പോഴും ഓര്‍ഡര്‍ ചെയ്യുന്നപോലെ..
ഡീസ്പെന്‍സറില്‍ ഭദ്രമായിവച്ച് ‘ഡെലിവെറിക്കാരന്‍‘ ദുര്‍മുഖം കാട്ടി പുറത്തേയ്ക്ക് പോയി.. അവന്‍റെയൊക്കെ ഭാവം കണ്ടാല്‍ത്തോന്നും ഞാന്‍ നിര്‍ബന്ധിച്ച് പണി ചെയ്യിക്കുന്നുവെന്ന്..
‘Oasis’ സ്ഥിരമായി അടിക്കുന്ന വെള്ളം..
ഒരു ഗ്ലാസ് കുടിച്ചു...അരുചി..
ഒരു ഗ്ലാസൂടെ കുടിച്ചു.. വാട്ട് ദ ഹെല്ല്..അതേ വെടക്ക് രുചി.
ഇതെന്തു വെള്ളം..? ബാഡ് ടേസ്റ്റ്..
വെള്ളത്തിന് അല്ലെങ്കിലും രുചിയില്ല..
എന്തെങ്കിലും രുചി തോന്നുമ്പോഴാണല്ലൊ..പ്രശ്നം..!?

ഉടന്‍ വിളിച്ചു കസ്റ്റമെര്‍ കെയറില്‍.. 600522261.
എടുത്തതോ ഒരു അറബി..ഭയങ്കരന്‍..പ്രതാപശാലി... മുദീര്‍ [ മാനേജര്‍]
ആരാ.. എന്താ.. നുമ്മടെ അഡ്രസ് വരെ വാങ്ങി.
അവന്‍റെ Oasis വെള്ളം പരിശുദ്ധമാണെന്നും
വെള്ളത്തിന്‍റെ ട്രീന്‍റ്മെന്‍റ് മുതല്‍ ബോട്ട്ലിംങ്ങ് വരെ ഫോണിലൂടെ ക്ലാസ് തന്നു..
അങ്ങനെ പറഞ്ഞ് പറഞ്ഞ് പ്രശ്നം വഴിതിരിഞ്ഞു..
അവസാനം അവനെന്‍റെ ‘വാട്ടര്‍ ഡിസ്പെന്‍സറിനിട്ട്‘ വാക്കുകളാല്‍ നാലഞ്ച് തൊഴി..!
പിന്നെ ഒന്നും നോക്കിയില്ല.. ഞാന്‍ കേസുകൊടുക്കുമെന്ന് ഭീഷണി മുഴക്കി..
ഈ വെള്ളം ഞാന്‍ ലാബില്‍ ടെസ്റ്റ് ചെയ്യിക്കും,
മുന്‍സിപ്പാലിറ്റിയില്‍ കമ്പ്ലയിന്‍റ് കൊടുക്കും..
ടെസ്റ്റ് റിസള്‍ട്ട് വച്ച് നിന്‍റെ കമ്പനിക്കെതിരെ കേസ് എടുപ്പിക്കും..
ഒരു മില്യന്‍ നഷ്ടപരിഹാരമായി വാങ്ങും..
മാക്സിമം വിരട്ട്..
മ്മടെടുത്താ അറബീന്‍റെ ഉടായിപ്പ്..ഹും..

ഫ്ലൈറ്റില്‍ നാട്ടിലേയ്ക്ക്  യാത്ര ചെയ്യുന്ന സീനില്‍ ഒരു കാളിങ്ങ് ബെല്ല്..
ങ്ങേ.. അതിരാവിലെ വീണ്ടും കാളിങ്ങ് ബെല്ല്..വീടെത്തുന്നതുവരെപ്പോലും സ്വപ്നം കാണാന്‍ സമ്മതിക്കാത്ത പഹയന്മാര് ..
കതകുതുറന്നതും ദാ നില്‍ക്കുന്നു നാലഞ്ച് തടിമാടന്മാര്‍ ..
‘അടിയാണെങ്കില്‍ അടി’ എന്ന് മനസില്‍ ഉറപ്പിച്ച് ബോഡി ലാങ്ങ്വേജ് ഒന്നു ചേഞ്ച് ചെയ്തു..
‘ഗുഡ് മോണീങ്ങ് സര്‍ ,വി ആര്‍ ഫ്രം Oasis ‘
അയ്യേ..ഇത്ര രാവിലെയോ..പേടിത്തൂറികള്‍
ഞാന്‍ ചുമ്മാ വെരട്ടിയതല്ലെ..

‘ഓകെ കം ഇന്‍’
അവന്മാര്‍ക്ക് ഓരോ ഗ്ലാസ് ഒഴിച്ച് കുടിക്കാന്‍ കൊടുത്തു..
‘പ്ലീസ് ഹാവിറ്റ്..  ‘
ടച്ചിങ്ങ്സ് വല്ലതും വേണോ എന്ന് ചോദിക്കാന്‍ തോന്നുമാറുള്ള അവ്ന്മാരുടെ കുടി..
വെടക്ക് രുചി ഉണ്ടെന്ന് അവര്‍ ഒന്നടങ്കം സമ്മതിച്ചു..
‘ക്യാന് വി ടേക് ഇറ്റ്..?’
പുതിയ ബോട്ടില്‍ വച്ച് .. കുറെ വെള്ളം ഊറ്റിക്കളഞ്ഞു..
അതില്‍ നിന്നും ഓരോ ഗ്ലാസ് കുടിപ്പിച്ചു..
നല്ല നൈസ് വെള്ളം..!!
വെള്ളത്തിനു സ്തുതി.. വാട്ടര്‍ ഡീസ്പെന്‍സര്‍ എന്നെ ചതിച്ചില്ല..!

“സര്‍ , വി വുഡ് ലൈക് റ്റു ഗിഫ്റ്റ് യു 5 Oasis ബോട്ടിത്സ് ..!”
ഈ തടിയന്മാര്‍ ഇത്രയും നല്ലവന്മാരായിരുന്നോ.? എല്ലാം അറബീന്‍റെ കളിയാ..
‘നോ താങ്ക്സ്..‘
ഞാന്‍ കട്ടായം പറഞ്ഞു..
നുമ്മക്കെന്തിനാ വല്ലവന്‍റെയും ഹറാം..ല്ലേ.!
ഇപ്പോള്‍ കൊണ്ടുവന്ന ബോട്ടിലിന്‍റെ പണം നിര്‍ബന്ധിച്ച് നല്‍കി അവന്മാരെ ഒരു വിധത്തില്‍ ഒഴിവാക്കി ദിനചര്യകളിലേക്ക് മടങ്ങി ഈയുള്ളവന്‍..!

_______________ശുഭദിനം _______________





25 ജനുവരി 2013

64-മത് റിപബ്ലിക് ദിനാഘോഷവും ആശംസകളും



ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച ഇന്ത്യന്‍ പാര്‍ലിമെന്‍റിന് അഭിനന്ദനങ്ങള്‍ ..

എന്താണ് റിപബ്ലിക് ദിനം ?
ഇന്ത്യന്‍ ഭരണ നിയമങ്ങള്‍ നിലവില്‍ പ്രായോഗികമാക്കപ്പെട്ട ദിവസം ..!
നനാത്വത്തില്‍ എകത്വം- എന്തോന്നിത്?
മതേതരത്വം- മഷിയിട്ടു നോക്യാല്‍ പോലും കിട്ടില്ല..
ജനാധിപത്യം- ഹ്ഹ്ഹ്ഹ് ഒരു പുച്ഛച്ചിരിമാത്രം..
തുല്യ നീതി - ?
സാമൂഹ്യസമത്വം -??
വിശ്വാസ സ്വാതന്ത്ര്യം-???
ന്യൂനപക്ഷ പരിരക്ഷ -????
ചോദ്യ ചിഹ്നങ്ങളില്‍ തൂങ്ങിമരിച്ച വെറും വാക്കുകളെ പോസ്റ്റ്മോര്‍ട്ടം ചെയ്താല്‍ ഏത്  ഇന്ത്യന്‍ പൌരനും ഞെട്ടിപ്പോകും. പ്രസംഗങ്ങളിലും അധികപ്രസംഗങ്ങളിലും മാത്രം കേട്ടുമടുത്ത് മുഷിഞ്ഞ് ചതഞ്ഞ വാക്കുകള്‍..!!




എല്ലാ റിപബ്ലിക് ദിനത്തിലും വീരജവാന്മാര്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും പുരസ്കാരങ്ങള്‍ നല്‍ക്കി ആദരിക്കാറുണ്ട്. ഇപ്പോള്‍ ഇതൊക്കെ നാലഞ്ച് ചാക്ക് ആയിരത്തിന്‍റെ നോട്ടുകള്‍ കൊടുത്തു വാങ്ങിക്കാമെന്നായിരിക്കുന്നു..

ഓരോ ഇന്ത്യക്കാരന്‍റെയും അധ്വാനത്തിന്റെ, വിയര്‍പ്പിന്റെ ഓഹരി കൃത്യമായി സര്‍ക്കാരിന് നികുതിപ്പണമായി അടച്ച്  അതിര്‍ത്തിയില്‍ ജാഗരൂകരായിരിക്കുന്ന ജവാന്മാര്‍ മുതല്‍ ഇങ്ങ് താഴേത്തട്ടിലെ ‘കൂതറ’ ജനപ്രതിനിധികള്‍ക്ക് വരെ ശമ്പളവും ബത്തയും കൊടുക്കുന്ന നമ്മുടെ ഇന്ത്യ.  നമ്മുടെ നാട്ടിലെ പട്ടിണി, ദാരിദ്ര്യം, താറുമാറായ റോഡുകള്‍, കാലിത്തൊഴുത്തുപോലുള്ള സര്‍ക്കാര്‍ സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും, മൂക്കുപൊത്തി നടക്കേണ്ടിവരുന്ന നഗരങ്ങള്‍ തുടങ്ങി പറയാനേറെയുണ്ട്. നികുതിപ്പണത്തിന്റെ സൌകര്യങ്ങളും, അവസരങ്ങളും നഗരത്തിലുള്ളവര്‍ക്ക് മാത്രമല്ല, ഗ്രാമങ്ങളിലേക്കും തുല്യതയോടെ ഇനിയും വിനിയോഗിക്കപ്പെടുന്നില്ല . അഴിമതി വികസനത്തെ കവച്ചു വെയ്ക്കുന്ന ഇന്ത്യയില്‍ അഴിമതിസമരത്തെ തകര്‍ക്കാന്‍  അയല്‍രാജ്യത്തെ വിനിയോഗിച്ച് ‘രാജ്യസ്നേഹം’ പൊലിപ്പിച്ചെടുക്കാന്‍ കഷ്ടപ്പെടുന്ന അഴിമതിയില്‍ മുങ്ങിക്കുളിച്ച് രാഷ്ട്രാന്തരീയ കുത്തകളുടെ കോണകം കഴുകുന്ന ഭരണപടുക്കള്‍ ..!!



ഇന്ത്യ...നാളെ സല്യൂട്ട് ചെയ്യുന്നത് ആരെയൊക്കെയാണ്? നമ്മുടെ ജവാന്മാര്‍ നാളെ സല്യൂട്ട് ചെയ്യേണ്ടത് ആരെയാണ്? ഒരു ബലാത്സംഗക്കേസും അതിന്‍റെ ജനകീയ ന്യൂജനറേഷന്‍ സമരവും പോലും സഹിഷ്ണുതയോടേ നേരിടാന്‍ കഴിയാതെ വര്‍ഗ്ഗീയ വല്‍ക്കരിക്കുകയും വഴിതിരിച്ചു വിടുകയും ചെയ്ത് അതിന്‍റെ ഞെട്ടലില്‍ നിയമങ്ങള്‍ തന്നെ ഉടനടി മാറ്റിയ ദുര്‍ബലമായ ഭരണകൂടത്തെയൊ? അതോ ഇന്ത്യക്കാരുടെ നികുതിപ്പണമായ ബില്യണ്‍സ് സ്വിസ് ബാങ്കുകളിലേക്ക് ഒഴുക്കുകയും അതിന് സഹായിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കളെയോ?

അധ്വാനിച്ച് ജീവിക്കുന്നവരും  സാധാരണക്കാരുമായ എല്ലാ ഇന്ത്യക്കാര്‍ക്കും ഒരിക്കല്‍ക്കൂടി റിപബ്ലിക് ദിനാശംസകളും സല്യൂട്ടും..!!
_______________ശുഭദിനം _______________

09 ഡിസംബർ 2012

മാറിയ മലയാളി - കറുത്ത വെളുപ്പ് :(



പണ്ടൊക്കെ സാധാരണക്കാരായ (സമൂഹത്തിലെ മധ്യവര്‍ഗ്ഗമെന്ന് വേണമെങ്കില്‍ അവരെ വിളിക്കാം.) ചെറുപ്പക്കാര്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിനെക്കണ്ടാല്‍ പ്രേമിക്കാന്‍ ഒരവസരം നോക്കി നടക്കുമായിരുന്നു. പിന്നെ കല്യാണം കഴിച്ച് ജീവിക്കുന്നതും, കുഞ്ഞുങ്ങളുമായി വെസ്പ സ്കൂട്ടറില്‍ അവളുമൊത്ത് കറങ്ങുന്നതുമൊക്കെ സ്വപ്നം കണ്ടങ്ങനെ ഇരിക്കും. അവള്‍ വരുന്നതും പോകുന്നതുമായ സ്ഥലങ്ങളില്‍ കുറ്റിയടിച്ചങ്ങനെ നില്‍ക്കും. ഇടിച്ച് കേറി മുട്ടാന്‍ ഒരു ചെറിയ വലിയ ഭയം ഉണ്ടായിരുന്നു. മുതിര്‍ന്നവരോടുള്ള വല്ലാത്ത ഒരുതരം ഭയഭക്തിബഹുമാനാദരമൊക്കെ ഇതിനൊരുകാരണമായിരുന്നു. കാലം കടന്നുപോകുമ്പോള്‍ ചിലപ്പോള്‍ സംഗതി ഒക്കെ സത്യമായി ഭവിക്കും..! അങ്ങനെ ഭവിച്ചില്ലെങ്കില്‍ കുറെ നാള്‍ താടി വളര്‍ത്തി കഞ്ചാവും അടിച്ച് കവിതയും എഴുതി പാരലല്‍ കോളേജിപഠിപ്പിച്ച് പക്വതവരുമ്പോള്‍ ഒരു ജോലി കിട്ടും..പിന്നെ സ്വപ്നം കണ്ടതിലും മാന്യമായി ജീവിക്കും.

എന്നാലിന്ന് ഏതെങ്കിലും പെണ്ണിനെകണ്ടാല്‍ എങ്ങനെ ഒരു റെന്റ്-എ- കാറെങ്കിലും സംഘടിപ്പിച്ച് അതില്‍ കയറ്റി , കാറിലിട്ടൊ, അതല്ല മറ്റ് എവിടെയെങ്കിലും കൊണ്ടുപോയോ ശാസ്ത്രീയമായി എങ്ങനെ സംഘം ചേര്‍ന്ന് പീഡിപ്പിക്കാമെന്ന് ആദ്യം നോക്കും. പീഡനം തത്സമയം മൊബൈലില്‍ പിടിച്ച് പത്തുപേരെ കാണിക്കും പിന്നെ നൂറുപേര്‍ക്ക് അയച്ച് പുണ്യം നേടും..! മാക്സിമം അവളെ കരിവാരിത്തേച്ച് ആത്മ നിര്‍വൃതികൊള്ളും..! അങ്ങനെ കേസായി, കോടതിയായി ..പത്രവാര്‍ത്തകളില്‍ കോളം നിറയ്ക്കാനായി കുറേ നാള്‍ ..!

മുകളില്‍ ഉദാഹരിച്ചവ മലയാളിയുടെ ഉപഭോഗസംസ്കാരത്തിന്‍റെ കേവല ഉദാഹരണം മാത്രം, ഇത് മലയാളി അനുഭവിക്കുന്ന അനിവാര്യമായ സാമൂഹ്യമാറ്റത്തിന്‍റെ പുറംതോട് മാത്രമാണ്. പീഡനത്തിന്‍റെയും പീഡകരുടെയും ആത്മനിര്‍വൃതിക്ക് ആക്കം കൂട്ടുന്ന പ്രവൃത്തികള്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഒപ്പം രാഷ്ട്രീയത്തിലും വല്ലാത്ത ഒരു ത്വരയോടെ കടന്ന് കൂടിയിരിക്കുന്നു. അച്ഛനും, അദ്ധ്യാപകരും, അമ്മാവനും നിരന്തരമായി പീഡിപ്പിച്ച പെണ്‍കുട്ടിമുതല്‍ മദ്യപിച്ചെത്തി നാല് വയസ്സുമാത്രം പ്രായമുള്ള മകളുടെ പല്ലടിച്ചിളക്കിയത് വരെ എത്തിനില്‍ക്കുന്നു. ലേഖനങ്ങൾ, നോവലുകള്‍, കഥകൾ, കവിതകൾ, അഭിമുഖങ്ങൾ, സിനിമ, തുടങ്ങിയവയിലൊക്കെ ഇത്തരമൊരുമാറ്റം പ്രകടമായിത്തന്നെയുണ്ട്. കൊളോണിയല്‍ ഭരണവും രാജവാഴ്ചയും മത്സരിച്ച് കശക്കിയെറിഞ്ഞ സാമൂഹ്യ അരക്ഷിതാവസ്ഥയില്‍ നിന്നുമാണ് ഇന്നത്തെ മധ്യവര്‍ഗ്ഗമലയാളി രൂപംകൊണ്ടത്. ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തിന്‍റെ സ്വതസിദ്ധമായ പരിവര്‍ത്തനത്തില്‍ നിന്നായിരുന്നില്ല ഈ മധ്യവര്‍ഗ്ഗം ഉടലെടുത്തത് എന്നത് പോരായ്മയായി നിലനില്‍ക്കുന്നതുകാരണമായിരിക്കാം ശക്തമായ ഒരു സാമൂഹിക മുന്നേറ്റത്തിന് വേണ്ടി പ്രബലമായവിഭാഗമായി പ്രവര്‍ത്തിക്കാന്‍ മലയാളിക്ക് ഇതുവരെ കഴിയാതെ പോയത് . കേരളത്തിലെ സാമൂഹികരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ഐക്യരാഹിത്യവും, അഴിമതിയും, വികസന വൈരുദ്ധ്യവും വരെ ഈ മധ്യവര്‍ഗ്ഗ മലയാളിയുടെ ദൌര്‍ബല്യത്തിന്റെ പ്രധാന കാരണമായി അനുമാനിക്കാം . കേരളത്തിലെ ആഭ്യന്തര ഉല്‍പ്പാദനവുമായി ബന്ധമില്ലാത്ത സമ്പത്ത്, ഗള്‍ഫ് മറ്റിതര പ്രവാസികളില്‍ നിന്ന് ഇഷ്ടം പോലെ ഒഴുകിയെത്തിയതിന്‍റെ ഫലമായി അസാധാരണമായ ചിന്തകളില്‍ വിഹരിക്കുന്ന മധ്യവര്‍ഗ്ഗജീവിതം രൂപംകൊള്ളുകയും സമൂഹത്തിന്റെ ഭൂരിഭാഗവും അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തു. തല്‍ഫലമായി മധ്യവര്‍ഗമായി കരുതാന്‍ കഴിയാത്ത , എന്നാല്‍ മധ്യവര്‍ഗമായി ഒരു പരിധിവരെ പരിഗണിക്കാവുന്നതുമായ വിഭാഗം ഉയര്‍ന്ന് വന്നു. പെട്ടെന്ന് പണമുണ്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞ് കോടികള്‍ മള്‍ട്ടിലെവല്‍ മാര്‍ക്കെറ്റിങ്ങിലും, ആട് തെക്ക് മാഞ്ചിയം തുടങ്ങി റ്റോട്ടല്‍ 4 യു വരെയുള്ള തട്ടിപ്പുകളില്‍ ഒഴുക്കിക്കളയാന്‍ സ്വയം നിസ്സഹായനായി നിന്നുകൊടുത്ത അത്യാഗ്രഹിയായ മലയാളി. ..!

ആധുനികപരിവേഷവും, പാശ്ചാത്യ ജീവിതരീതികളെയും അന്ധമായി അനുകരിച്ച് ജീവിക്കാന്‍ കൊതിക്കുന്നവര്‍, പക്ഷെ, ഫ്യൂഡല്‍വ്യവസ്ഥയില്‍നിന്നു മോചനം നേടാനും മുതലാളിത്തവ്യവസ്ഥികളോടും ചൂഷണത്തോടും സമരസപ്പെട്ട് വളരെയൊന്നും ക്രിയാത്മകമായി പ്രതികരിക്കാനും കഴിയാത്തവര്‍.!! അവര്‍ ആധുനിക മുതലാളിത്തജീവിതം അനുകരിക്കുകയും ഫ്യൂഡല്‍ മനോഭാവം ആഘോഷിക്കുകയും ചെയ്യുന്നു. ഇരകളുടെ പീഡനത്തിലും , മരണത്തിലും എന്തിന് ദൈന്യതയില്‍ പോലും ആനന്ദിക്കുകയും, നീതിപൂര്‍വ്വകവമല്ലാത്തതും അസത്യമാര്‍ന്നതുമായ സ്വന്തം വിജയത്തില്‍ അമിതവിശ്വാസത്തോടുകൂടി തോല്‍വികള്‍ എറ്റുവാങ്ങാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന പ്രതിപക്ഷബഹുമാനമില്ലാത്ത സംസ്കാരം കൈമുതലാക്കിയ മധ്യവര്‍ഗ്ഗമെന്ന് പോലും വിശേഷിപ്പിക്കാന്‍ കഴിയാത്ത സര്‍വ്വതിനോടും പുച്ഛമുള്ള മലയാളി....! അന്യവത്കരണവും സാമ്പത്തികപ്രതിസന്ധിയും വേട്ടയാടി നട്ടംതിരിച്ച മാനസിക അസംതൃപ്തിയാല്‍ വികസനത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് വളരെയകന്ന് പോയ മധ്യവര്‍ഗ്ഗ മലയാളി..! ജീവിതാഭിലാഷങ്ങള്‍ക്ക് അതിര്‍ത്തി കല്പിക്കാതെ പുതിയ ഉപഭോഗമേഖലകളും ജീവിത ബാധ്യതകളും തുറന്ന് വച്ച് പരിദേവനങ്ങളുമായി പുതുവസന്തത്തിനുവേണ്ടി ഝടിതിയില്‍ കാത്തിരിക്കുന്ന സാധാരണമലയാളി...!!
------------------------------------------------------
മാറിയ മലയാളി -  രാഷ്ട്രീയപ്രേരിതമായ കുറിപ്പ്.. ;)







04 ഡിസംബർ 2012

പ്രൊഫൈല്‍ നാമവും നൈതിക കാഴ്ചപ്പാടും..!!




ഒരാളോട്‌ മറ്റൊരാള്‍ അനീതി കാട്ടുന്നത്‌ കാണാനിടയായ വ്യക്തിയുടെ അഭിപ്രായം - 'അനീതിക്കിരയായ വ്യക്തിക്കുളവാവുന്ന അത്രതന്നെ വേദനയും , അഭിമാനക്ഷതവും, മാനസികാഘാതവും അനുഭവിക്കാതിരിക്കുന്ന കാലത്തോളം നീതി പുലര്‍ന്നു എന്നു പറയുക വയ്യ..!‘

സാമാന്യ ജനത്തിന് അപ്രാപ്യമാകുന്ന പ്രൊഫൈല്‍ നാമ നൈതികതയുടേ കാഴ്ചപ്പാടുകള് പങ്ക് വയ്ക്കാന്‍ ശ്രമിക്കുന്നു. ...! ഇതിലുള്ള ഒരു പ്രധാനപ്പെട്ട കുഴപ്പം, വായനക്കാരന്‍റെ , അനുവാചകന്‍റെ പെര്‍സപ്ഷന്‍സ് പ്രൊഫൈലുടമയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് .... നൈതികമായ ഒരു സോഷ്യല് നെറ്റ്വര്ക്കിങ്ങ് വ്യവസ്ഥയില് സ്വതന്ത്ര പ്രൊഫൈല്‍ നാമത്തിന്‍റെ വിവിധ സാധ്യതകളെപ്പറ്റി മനസിലാക്കുക എന്നത് മാത്രമാണ് ഈ എഴുത്തിന്‍റെ ഉദ്ദേശ്യം.

എല്ലാ പേരുകള്‍ക്കും ഓരോരോ അര്‍ത്ഥതലങ്ങളും വിവിധ മാനങ്ങളുമുണ്ട്. വ്യത്യസ്തമായ നാമം ഉപയോഗിക്കപ്പെടുമ്പോള്‍ അതിന്റെ ക്രയവിക്രയങ്ങളില്‍ നാം മനസ്സില്‍ പോലും കരുതിയിട്ടില്ലാത്ത പുതിയൊരു മാനം , അര്‍ത്ഥം കൈവരുന്നു. സാങ്കേതിമായി പേര് ഉപയോഗിക്കുന്നു എന്നതു മാത്രമല്ല ഇവിടെ ശരിക്കുമുള്ള വിഷയം. സ്വതന്ത്രമായ ചിന്തകളെ സ്വന്തം പേരിനൊപ്പം ഒരു പ്രത്യേക ഉല്പന്നമെന്ന നിലയില്‍ കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ശരിക്കും പറഞ്ഞാല്‍ ഇതിനെ മറ്റൊരു വീക്ഷണകോണില്‍ നിന്നുമാണ് നോക്കിക്കാണേണ്ടത്. കമ്പോളത്തില്‍ വില്‍ക്കപെടുക എന്ന ലക്ഷ്യവുമായി നിര്‍മ്മിക്കുന്ന ഒന്നിനെയാണ് നാം പൊതുവെ ഉല്പന്നം വിളിക്കുന്നത്. സൌഹൃദത്തിന് സ്വതന്ത്രമായി ജീവിക്കുവാനും ആശയങ്ങള്‍ പങ്കുവെയ്ക്കുവാനും വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒന്നിനെയാണ് ഞാന്‍ പ്രൊഫൈല്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അക്കാരണത്താല്‍ തന്നെ അതിനെ ഉല്പന്നം എന്ന് വിളിക്കുവാന്‍ കഴിയില്ല. പക്ഷെ, ഏതെങ്കിലും വ്യക്തി അങ്ങനെ വിളിക്കുന്നുവെങ്കില്‍ അയാളുടെ സൌഹൃദത്തോടുള്ള കാഴ്ചപാടിനെയാണത് അന്തിമമായി പ്രതിഫലിപ്പിക്കുന്നത്. വ്യക്തി ബന്ധങ്ങളെ കമ്പോളവല്‍ക്കരിക്കുന്ന സ്ഥിരോത്സാഹികള്‍ ഒരു പക്ഷേ അത്രകണ്ട് യോജിക്കില്ല എന്നതും ഇവിടെ പരിഗണീക്കേണ്ടതാണ്. മറ്റേതൊരുപ്രൊഫൈലിനെയും പോലെ തന്നെ കേവലോപയോഗത്തിന് മാത്രമുതകുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത ഒന്നാണ് ഇത്തരം ഒരു പ്രൊഫൈലെന്നാണ് പലരുടെയും ധാരണ.! ഒരു തരത്തില്‍ ഇത് ശരിയാണെങ്കിലും സ്വതന്ത്ര ചിന്താഗതിയുടെ ആശയം സ്വന്തമായ പേരിലുള്ള പ്രൊഫൈലില്‍ ഒരിക്കലും പൂര്‍ണ്ണമാകുന്നില്ല എന്നൊരു സാങ്കേതിക പ്രശ്നം അവിടെ നിലനില്‍ക്കുന്നുണ്ട്. ചിലപ്പോളൊരുപക്ഷെ സ്വന്തം പേരില്‍ ഒരു പ്രൊഫൈല്‍ എന്നത് മാത്രമായിരിക്കാം സാധാരണജനങ്ങള്‍ക്ക് അറിവുള്ളത് . സ്വാതന്ത്ര്യം എന്ത് കൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനെക്കുറിച്ച് അവര്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരിക്കുവാന്‍ വലിയ സാധ്യതയില്ല. അവരുടെ അടുത്ത് സ്വാതന്ത്ര്യത്തിനെക്കുറിച്ചും, എന്ത് കൊണ്ട് സ്വന്തം പേരിലുള്ള പ്രൊഫൈലിന്‍റെ വക്താക്കള്‍ സ്വാതന്ത്ര്യമെന്ന ആശയത്തെ അംഗീകരിക്കുന്നില്ല എന്നും വ്യക്തമാക്കിക്കൊടുത്താല്‍ സ്വതന്ത്ര പ്രൊഫൈല്‍ നാമം ഉപയോഗയോഗ്യമാണെന്ന് അവരും അംഗീകരിക്കുമെന്നതിന് രണ്ടു പക്ഷമുണ്ടെന്ന് തോന്നുന്നില്ല. സ്വന്തം നാമത്തിലുള്ള അസ്വതന്ത്ര പ്രൊഫൈലുകള്‍ ഉള്ളവരില്‍ പലരും അവര്‍ക്ക് സ്വന്തമായി സ്വതന്ത്ര പ്രൊഫൈലുകള്‍ സൃഷ്ടിച്ച് നിഷ്പക്ഷമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിന് തെളിവുകള്‍ അനേകമുണ്ട്. എന്തുകൊണ്ടെന്നാല്‍ സ്വന്തം പേരിലുള്ള അസ്വതന്ത്രമായ പ്രൊഫൈലുകള്‍ ഉപയോഗയോഗ്യമാക്കുന്നതില്‍ അവര്‍ പരാജയമടഞ്ഞു. അതുകൊണ്ട്  ഈ ഒരു മാറ്റത്തിനായ് മുന്നോട്ട് വരുന്നതെന്നും ചിന്തനീയം. സ്വന്തന്ത്ര പ്രൊഫൈലുകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ കുറച്ചു കൂടെ ആഴത്തില്‍ അവലോകനം ചെയ്താല്‍ മനസിലാകുന്ന പ്രധാന തടസ്സം സാമൂഹികമായ ജഢത്വമാണ്.!!

കുറേയധികം ഫേസ്ബുക്ക് ഉപയോക്താക്കള്‍ അസ്വതന്ത്രമായ സ്വന്തം നാമം പ്രൊഫൈല്‍ നാമമായി ഉപയോഗിക്കുന്നു. ഇത് കാരണം മറ്റുള്ളവരും ഇതേ അസ്വതന്ത്ര പ്രൊഫൈല്‍ ഉപയോഗിക്കുവാന്‍ നിര്‍ബ്ബന്ധിതരാകുന്നു. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പല സാമൂഹിക വ്യവസ്ഥിതികളും ജനങ്ങളെ അസ്വതന്ത്രമായ സ്വന്തം പേരിലുള്ള പ്രൊഫൈല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഇതിനുള്ള ഒരു കാരണം ഈ സ്വതന്ത്ര പ്രൊഫൈലിന്‍റെ ഉടമകള്‍ അവിശുദ്ധ രീതികളില്‍ ഏര്‍പ്പെടുന്നത് കൊണ്ടാണ് എന്നൊന്നും മൊത്തത്തില്‍ അനുമാനിക്കാന്‍ കഴിയില്ലെങ്കിലും ഒരു പരിധിവരെ അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ ആവില്ല. സ്വന്തം പേരിലുള്ള അസ്വതന്ത്ര പ്രൊഫൈലുകളില്‍ ആശയങ്ങള്‍, അഭിപ്രായങ്ങള്‍ കൈമാറുക എന്നത് പെട്ടെന്ന് കഴിയുമെങ്കിലും എന്നാല്‍ ആശയദാതാവിലുള്ള മുന്‍വിധി ഒരിക്കലും നിഷ്പക്ഷത നിലനിര്‍ത്തുന്നില്ല , എന്നാല്‍ അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റിയും പരിണിത ഫലങ്ങളെപ്പറ്റിയും അവര്‍ വളരെ ബോധവാന്മാരും അതോടൊപ്പം ആശങ്കാകുലരുമാണ് എന്നതാണ് സത്യം. ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തു തന്നെയായാലും തത്ത്വത്തില്‍ ഈ അസ്വതന്ത്ര പ്രൊഫൈലുകളെ മറ്റുള്ളവര്‍ മുഖവിലയ്ക്കെടുക്കുകയാണ്. ഇതിന്റെ അന്തിമമായ ലക്ഷ്യം തങ്ങളുടെ ഹിഡന്‍അജണ്ടകളെയും സാമൂഹികമായ മാമൂലുകളെയും മൊത്തത്തില്‍ സംരക്ഷിക്കുക എന്നതൊന്ന് മാത്രമാണ്.

ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പില്‍ പലപ്പോഴും റിജക്റ്റ്ചെയ്യപ്പെടാറുള്ള ഇത്തരം വ്യത്യസ്ഥ സ്വതന്ത്ര പ്രൊഫൈലുകള്‍ ദുര്‍ഘടമായ ഒരു പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ , ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്ന എല്ലാ സഹായവും (കമെന്‍റും, ലൈക്കും ഉള്‍പ്പെടെ) സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം. അതിന്റെ അര്‍ത്ഥം, സഹായിക്കുന്നവരുടെ കൈകള്‍ സംശുദ്ധമാണെന്ന് നമ്മള്‍ കരുതിക്കൊള്ളണം എന്നല്ല. അവരുടെ നിലപാടുകളില്‍ കാപട്യവും അനീതിയും പൊരുത്തക്കേടുകളും ഉണ്ടായേക്കാം. എന്നാല്‍ അതിന്റെ വെളിച്ചത്തില്‍, ഒരു സഹായ ഹസ്തത്തെ, പാടേ തഴയുകയും തള്ളിക്കളയുന്നതും ഒരു പിഴവായാണ് ഞാന്‍ കരുതുന്നത്. ആയതിനാല്‍ വളരെ ഉദാരമായ ഒരു സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്..!

നൂറു ശതമാനം സുതാര്യത ആവശ്യപ്പെടുന്നില്ല. എങ്കിലും സ്വാതന്ത്ര്യത്തിന്റെ പ്രചാരകനാണ്. ഒര്‍ജിനല്‍ എന്ന് വിശേഷിക്കുന്ന അസ്വതന്ത്ര പ്രൊഫൈലുകള്‍ അനുവര്‍ത്തിക്കുന്ന നടപടികള്‍ - അക്കമിട്ട് പറയുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല എങ്കിലും വാര്‍ത്തകള്‍ , അഭിപ്രായങ്ങള്‍ , പ്രതികരണങ്ങള്‍ , വിശകലങ്ങള്‍ , അനുഭവങ്ങള്‍ പലതും ഓര്‍ത്തെടുത്താല്‍ ഇത്തരം പ്രൊഫൈലുകള്‍ നിഷ്പകഷതയില്‍ നിന്ന് ബഹുദൂരം പിന്നാക്കം പോയിരിക്കുന്നു എന്ന് തെളിയുന്നു . ഈ നിഷ്പക്ഷയില്ലായ്മ അവരുടെ കുറ്റമല്ല മറിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രൊഫൈല്‍ നാമം വഴി മറ്റുള്ളവര്‍ അടിച്ചേൽപ്പിക്കുന്ന വിചിത്രമായ സാമൂഹിക പാരതന്ത്ര്യമാണത്. താരതമ്യം ചെയ്യുമ്പോള്‍, സുതാര്യത സ്വാതന്ത്ര്യത്തെക്കാള്‍ പ്രയോജനമുള്ളതാകാന്‍ വഴിയില്ല എന്ന ചിന്താഗതിയാണ് സ്വതന്ത്ര നാമം സ്വീകരിച്ചിരിക്കുന്ന പ്രൊഫൈലുകളുടെ സന്ദേശം ...!!

30 നവംബർ 2012

കേരളത്തിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍ ..!

കേരളത്തിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍ ..!

അരി- യെവനാണ് നുമ്മപറഞ്ഞ സൂപ്പര്‍സ്റ്റാര്‍ .. !

ഇതുവരെ കേരളചരിത്രത്തില്‍ ഒരു സൂപ്പര്‍സ്റ്റാറും നിയമസഭ സ്തംഭിപ്പിച്ചിട്ട
ില്ല, എന്നാല്‍ ഇന്നലെ അതും നടന്നു. പ്രതിപക്ഷം ‘അരി’യില്‍ പിടിച്ച് ബഹളം വച്ചപ്പോള്‍ ഭരണപക്ഷം കണ്ണുതള്ളിപ്പോയി എന്നത് സത്യം. മന്ത്രിസഭ പോലും തകിടം മറിക്കത്തക്ക വിധത്തില്‍ ‘അരി’ പ്രാമാണ്യത്തോടുകൂടി നമ്മുടെ മുന്നില്‍ ‘സൂപ്പര്‍ സ്റ്റാറായി” അങ്ങനെ വിലസുന്നു. ഭക്ഷ്യമന്ത്രിമാര്‍ (കേന്ദ്രനും, കേരളവും ) അരീന്ന് കേട്ടാല്‍തന്നെ പേടിക്കുന്നു. മുഖ്യന്‍ പേടിച്ച് ബബ്ബ്ബ്ബ്ബ്ബ്ബ അടിക്കുന്നു. ചോറ് നിര്‍ത്തി അവര്‍ ചപ്പാത്തി മാത്രം കഴിക്കുന്നു എന്ന് വാര്‍ത്ത ..! ഭരണരംഗത്തേക്ക് കാലെടുത്തുവച്ച മന്ത്രിമോന്‍റെ ഭാവി പോലും അവതാളത്തിലാക്കും വിധം ‘അരി’ക്കേസ് ആരോ “അന്യായ“ മാധ്യമശ്രദ്ധകൊടുത്ത് പൊക്കിയെടുക്കുന്നില്ലേയെന്ന സംശയം ചെന്നു നില്‍ക്കുന്നത് കഷ്ടപ്പെട്ട് മന്ത്രിപ്പണിചെയ്ത് വളര്‍ത്തിയ മോന്‍ കേന്ദ്രമന്തിയാകാന്‍ പറ്റാത്ത വിഷമത്തില്‍ പ്രതികാരാഗ്നി ജ്വലിപ്പിച്ചെടുത്ത ഒരു അപ്പന്‍റെയും , അപ്പന്‍റെ മൌത് പീസായ “ശിങ്കിടി”യുടെയും താവളങ്ങളിലേക്കാണോ? അതോ നെല്ലൂര്‍ക്കാരന്‍ പാളയത്തില്‍ തന്നെ പടയൊരുക്കുന്നതോ? അല്ലെങ്കില്‍ ഒരുമിച്ച് ..അങ്ങനെയും ആകാം..മോനെ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

100 കിലോയില്‍ കൂടുതല്‍ഭാരമുള്ള നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ സിനിമ കാണാന്‍ 40 രൂപ മുടക്ക്യാല്‍ മതിയെങ്കില്‍ ഇവനെ ഒരു കിലോയില്‍ കാണണമെങ്കില്‍ 48 ഉറുപ്യേം മുടക്കണം, സിനിമാ ക്യൂവിനെക്കാള്‍ വല്യ ക്യൂവില്‍ നിക്കണം ഒപ്പം കലാഭവന്‍ മണീന്‍റെ ഒരു നല്ല നാടന്‍ പാട്ടും പാടണം..!

1940 കളിലെ ആദ്യപാദത്തില്‍ രണ്ടാം ലോക മഹായുദ്ധംനടന്നപ്പോള്‍ അനുഭവപ്പെട്ട വിലക്കയറ്റവും അരിക്ഷാമമവും പുനഃരാവര്‍ത്തിക്കുന്നു എന്ന തോന്നലാണ് എനിക്ക് ഉണ്ടായത്. അന്ന് ഉസ്കൂളില്‍ 5 ആം തരത്തില്‍ പഠിച്ചിരുന്ന നോം ചോറിന് പകരം കപ്പയാണ് സ്ഥിരമായി കഴിച്ചോണ്ടിരുന്നത്..! ഭണനിപുണന്മാര്‍ നമ്മളെ ഇത്തരം ബല്യ സ്ഥിയില്‍ ഇത്ര പെട്ടെന്ന് കൊണ്ടെത്തിക്കുമെന്ന് സ്വപ്നേപി നിരുവിച്ചില്ലേയ്..

കിലോയ്ക്ക് 17 ഉറുപ്യപ്രകാരം..വര്‍ഷം 6 ലക്ഷം ടണ്‍ നെല്ല് ഗവഃ ഉടമസ്ഥതയില്‍ സംഭരിക്കുന്ന കേരളത്തില്‍, അതേ നെല്ലിന്‍റെ പോലുമല്ലാത്ത ഡൂക്കിലി അരി 48 രൂപയ്ക്ക് വില്‍ക്കുന്നത് വിരോധാഭാസം തന്നെ..!

“അരി” സൂപ്പര്‍ സ്റ്റാര്‍ അല്ല.. യെവനാണ് ഒര്‍ജിനല്‍ മെഗാസ്റ്റാര്‍ ..!!




06 ഓഗസ്റ്റ് 2012

അഴിമതിക്കെതിരെ ഒറ്റമൂലി...!



ഹസാരെ സംഘം പിരിച്ചുവിട്ടു; രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്ന വാര്‍ത്ത വന്നതുമുതല്‍ ഇനി ആര് അഴിമതി തുടച്ച് നീക്കും എന്ന ചിന്തയിലാണ് ഞാന്‍. രാഷ്ട്രീപ്പാര്‍ട്ടി രൂപീകരിക്കും എന്നിട്ട് അഴിമതിക്കെതിരെ അടരാടിക്കളയും എന്നൊക്കെ പ്രഖ്യാപിച്ചാല്‍ അതൊക്കെ ദഹിക്കാത്ത ബീഫ് കഷണങ്ങള്‍ വയറിളകിപ്പോകുമ്പോലെ അങ്ങ് പോകും..!!

എന്തായാലും അണ്ണാഹസാരെ പിന്വാങ്ങിയ സ്ഥിതിക്ക് ഒന്നു ശ്രമിച്ച് നോക്യാലോ എന്ന് ആലോചിച്ച് തലപുകച്ച് ..സോറി സിഗരറ്റാണ് പുകച്ചത്..!

ഒരൊറ്റ ഐഡിയ.. ( അഭിഷേക് ബച്ചന്‍റെ ഐഡീയ അല്ല) . ഇത് എന്‍റെ ഐഡീയ.

എല്ലാ അഴിമതിയുടെയും കാരണമെന്താ.. പണം..!

അപ്പോള്‍ പണം .. കറന്‍സി / നാണയം നിരോധിച്ചാല്‍ അഴിമതിക്ക് അറുതി വരുത്താന്‍ കഴിയില്ലേ? കഴിയും

ഓ.. വീണ്ടും മറ്റൊരു പ്രശ്നം
ജനങ്ങള്‍ എങ്ങനെ ക്രയവിക്രയം ചെയ്യും..?

ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം.. എന്തീസി അല്ലേ..?

പച്ചക്കറി വാങ്ങാനും, പെട്ടിക്കടകളില്‍ നിന്ന് സാധനം വാങ്ങാനുമെല്ലാം ഡെബിറ്റ് കാര്‍ഡോ? സോറി ബ്രദര്‍ .. അങ്ങനെ ആയാല്‍ എന്താ കുഴപ്പം.? പെട്ടിക്കടകളില്‍ സ്വൈപ് മെഷീനുകള്‍ വെയ്ക്കരുതെന്ന് നിയമമൊന്നും ഇല്ലല്ലൊ..!


അണ്ണാ ഹസ്സാരെയ്ക്കും സംഘത്തിനും സമരങ്ങള്‍ക്കും ചെയ്യാന്‍ പറ്റാത്തത് വളരെ ഈസിയായി നടപ്പിലാക്കാം. പക്ഷേ മനസു വെയ്ക്കണം..അതിന് തക്ക ഇശ്ചാശക്തിയുള്ള രാഷ്ട്രീയക്കാരന്മാരും സാമ്പത്തികശാസ്ത്ര വിശാരദന്മാരും ഇന്ത്യയില്‍ ഉണ്ടോ?കാണുമായിരിക്കാം എന്ന് പ്രത്യാശിക്കുന്നു.

മൊത്തത്തില്‍ വിരോധാഭാസമായി തോന്നാം എങ്കിലും മുന്നോട്ട് വായിക്കൂ..

കറന്‍സി നിരോധിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍

1.കറന്‍സി നിരോധിക്കുന്നതിനാല്‍ പുതുതായി അച്ചടിക്കേണ്ടതില്ല, പേപ്പര്‍ ലാഭം, ജീവനക്കാരുടെ ശമ്പളം ലാഭം (അവരെ പുനഃരധിവസിപ്പിക്കാനുള്ള പ്ലാനുകള്‍ ഉണ്ടാക്കണം..)
2.അച്ചടിച്ച കറന്‍സി ഷിഫ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
3.കറന്‍സി അച്ചടിക്കുന്ന മെഷീനും മഷിയും നമുക്ക് വിദേശത്ത് ആര്‍ക്കെങ്കിലും വില്‍ക്കാം. അല്ലെങ്കില്‍ ഏതെങ്കിലും പ്രസുകാര്‍ക്ക്.. ഓ എന്തേലുമാകട്ട്.
4. എകോ ഫ്രെണ്ട്ലി എന്ന് വിളിച്ച് കൂവുക മാത്രമല്ല നമ്മള്‍ എകോ ഫ്രെണ്ട്ലി ആണെന്ന് തെളിയിക്കുകയും ചെയ്യുന്നു.


കറന്‍സിക്ക് പകരം എന്ത്..?

1.ഓണലൈന്‍ ബാങ്ക് ട്രാന്‍സ്ഫറുകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്..കൂടുതല്‍ പ്രചാരം കൊടുക്കണം..
2. ആശുപത്രികള്‍ / വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ ഇടപാടുകളും ഓണ്‍ലൈന്‍ / ഡെബിറ്റ്/ ക്രെഡീറ്റ് കാര്‍ഡുകള്‍ വഴിയായിരിക്കും. മീന്‍ വാങ്ങുന്നത് വരെ..!

ഫലം

1. കൈക്കൂലി കൊടുക്കാനും വാങ്ങാനും എളുപ്പമല്ല.
2.എല്ലാം ബാങ്ക് വഴിയായതിനാല്‍ ടാക്സ് വെട്ടിക്കാന്‍ സാധിക്കില്ല
3. കള്ളനോട്ടിനെ പേടിക്കണ്ട..!!
4. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍/ കൊള്ളസംഘങ്ങള്‍/ അഴിമതിക്കാരായ ഗവഃ ജീവനക്കാര്‍ & മന്ത്രിമാര്‍/ സ്വാമിമാര്‍ മുതല്‍ എല്ലാവര്‍ക്കും ഇത്തരം ബാങ്ക് ഇടപാടുകള്‍ പാരയാകും.

ഇത്തരം ഒരു സം‌വിധാനം നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടിനെപ്പറ്റി ചിന്തിച്ച് അവഗണിച്ചാല്‍ നാം നമ്മുടെ ഇന്ത്യയെ എന്നന്നേയ്ക്കുമായി അഴിമതിയുടെ ചെളിക്കുണ്ടില്‍ നിന്ന് കരകയറാന്‍ മനഃപൂര്‍വ്വം സമ്മതിക്കുന്നില്ല എന്ന് വേണം കരുതാന്‍. നിലവിലുള്ള ബാങ്കിംഗ് സംവിധാനങ്ങള്‍ ഒന്നുകൂടെ വിപുലപ്പെടുത്തുകയെ വേണ്ടൂ..!

ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ലോക്‌സഭ ബില്‍ പാസ്സാക്കിയെങ്കിലും ഇതുവരെ രാജ്യസഭയില്‍ എത്തിയിട്ടില്ല. മാത്രമല്ല, ബുധനാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. സര്‍ക്കാരിന് താല്‍പര്യമില്ല എന്നു കരുതിക്കോളാന്‍ അണ്ണാ ഹസാരെയും പറയുന്നു. ലോക്പാല്‍ ബില്ല് പാസാക്കിയാല്‍ അഴിമതി തടയാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിക്ക് മുകളില്‍ പറഞ്ഞ കാല്‍വെയ്പ്പ് ഇന്ത്യക്ക് പുരോഗമനമുണ്ടാക്കട്ടെ. ആമേനാമേന്‍ !!




15 ജൂൺ 2012

മിനിക്കഥ.- അസുഖം



അവള്‍ സുന്ദരിയായിരുന്നു..
അതുകൊണ്ടുതന്നെ ഒരുപാട് പരിചയക്കാരും സുഹൃത്തുക്കളും..

പലരും അവളോട് “പ്രൊപോസ്” ചെയ്തു..

എന്നാല്‍ ..
ആദ്യം പ്രൊപോസ് ചെയ്തവന് “ ബ്ലഡ് ക്യാന്‍സര്‍“
പിന്നെ വന്നവന് “ സെറിബ്രല്‍ ത്രോമ്പോസിസ്”
അടുത്തവന്‍  ‘ കിഡ്നി ഡയാലിസിസിന്“ വിധേയനാകുന്നവന്‍..!
മറ്റൊരുവന് ഹാര്‍ട്ട് വാല്‍വിന് തകരാറ്..!!
അങ്ങനെ ഒരുപാട് പേര്‍....എപ്പോള്‍ വേണമെങ്കിലും മരിക്കാന്‍ കാത്തിരിക്കുന്നവര്‍ ..!!

എന്നാല്‍ അവളോ.. അസുഖമില്ലാത്ത ഒരുവനെത്തേടി കാത്തിരുന്നു....





25 ഡിസംബർ 2011

മായാസ് കോയാസ് സുപ്രീം ശരണമന്ത്രം..!!

ശബരിമല മകരജ്യോതി ഇങ്ങ് അടുക്കാറായി..! ഇത്തവണത്തെ മണ്ഡല ഉത്സവകാലം വലിയ പരിക്കുകളില്ലാതെ കടന്നു പോകണമെന്ന് ദേവസ്വം ബോര്‍ഡിനൊപ്പം ഭക്തരും പ്രാര്‍ത്ഥിക്കുന്നു... പ്രാര്‍ത്ഥിക്കുമ്പോള്‍ കത്തിക്കുന്നത് മായാസ് കോയാസ് സുപ്രീം ചന്ദനത്തിരികള്‍.. ഫ്രം കര്‍ണ്ണാടക , വല്ല തമിഴനുമായിരുന്നേല്‍ നുമ്മ പ്രതികരിച്ചേനെ...!

ഇന്നത്തെ വാര്‍ത്തയില്‍ കോളടിച്ചത് ദേവസ്വം ബോര്‍ഡാണ്..

ദേവസ്വംബോര്‍ഡിന് ഒരു രൂപപോലും ചെലവില്ലാതെ ഉയരുന്ന സന്നിധാനത്തെ 18,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഈ ബൃഹദ് വിരിപ്പുരയ്ക്ക് ഒന്നരക്കോടി രൂപയാണ് ചെലവ് , ഇത് ചെന്നൈയിലെ ബാലാജി ഡിസ്റ്റിലറീസാണ് നിര്‍മിച്ചുനല്‍കുന്നത്.ഭക്തര്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന, 2000 പേര്‍ക്ക് ഒരേസമയം കിടന്നുറങ്ങാവുന്ന തരത്തിലുള്ള രീതിയിലാണ് നിര്‍മാണം.അലുമിനിയം ഷീറ്റുകള്‍ ഇട്ട മേല്‍ക്കൂര തറയില്‍നിന്ന് 40 അടി ഉയരത്തിലാണ്. അതുകൊണ്ടുതന്നെ ചൂട് തുലോം കുറവാണ്. നല്ല കാറ്റും വെളിച്ചവും ഉണ്ട്. വായുസഞ്ചാരത്തിന് നാലുവശത്തും സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 120 പ്ലഗ്‌പോയിന്റുകള്‍ മൊബൈല്‍ഫോണ്‍ ചാര്‍ജിങ്ങിനായി ക്രമീകരിച്ചിട്ടുണ്ട്. ഇതും സൗജന്യമാണ്.ശരണം വിളിയേക്കാള്‍ ശബ്ദം മൊബൈല്‍ റിംഗ് ടോണുകള്‍ക്കാണെന്നുള്ളത് മറ്റൊരു നഗ്ന സത്യം. വിരിപ്പുരയോടുചേര്‍ന്ന് 60 ശൗചാലയങ്ങളും പൂര്‍ത്തിയായിവരുന്നു. തൂറാനുള്ള സൌകര്യം ചെയ്തു കൊടുത്തില്ലേല്‍ എല്ലാക്കൊല്ലവും ചെയ്യുന്നതുപോലെ സ്വാമിമാര്‍ തൂറിത്തോല്പിക്കും. ഹാ എന്താ പറയുക...തമിഴ് വക ആണെങ്കിലും സന്മനസുള്ളവര്‍ക്ക് സമാധാനം.

പമ്പയില്‍ മുങ്ങാന്‍ ( ആ വെള്ളത്തില്‍ മുങ്ങുന്നവരെ സമ്മയിക്കണം ദേവസ്വം ബോര്‍ഡേ..!!) ഇറങ്ങുന്ന സ്വാമിമാരുടെ പണവും, മറ്റ് കിട്പിടി സാധനങ്ങളും അടിച്ച് മാറ്റുന്ന ഒരു സംഘത്തെ ക്യാമറ പിടിച്ച് പോലീസിനെ ഏല്പിച്ചു എന്നതൊഴിച്ചാല്‍ മറ്റ് ക്രമസമാധാനം എല്ലാം ഭദ്രം തന്നെ. ആണ്‍ വേഷം കെട്ടിയെത്തിയെ ചില പെണ്ണുങ്ങളും , സന്നിധാനത്ത് അടിക്കുന്നതേങ്ങയും, പുറത്ത് നടുന്ന തെങ്ങിന്‍ തയ്യും അടിച്ച് മാറ്റി വില്‍ക്കുന്ന സംഘങ്ങളെയും പിടിച്ചത് പോലീസിന്‍റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്തു...!!

സ്ത്രീകളെ ശബരിമലയില്‍ കയറ്റാത്ത ഇരട്ടത്താപ്പിനെതിരെ അങ്ങിങ്ങായി ചില ഫെമിസ്റ്റുകളും അവരുടെ പൂവാലന്മാരും ശബ്ദമുയര്‍ത്തിയെങ്കിലും എല്ലാ കൊല്ലത്തേപ്പോലെ ഇതും എരുമേലിവരെ എത്തി തിരിച്ചുപോയി എന്ന് പറഞ്ഞാല്‍ മതീല്ലോ..!!

മകരജ്യോതി തട്ടിപ്പിനെതിരെ യുക്തിവാദികള്‍ പതിവു പോലെ ഇറങ്ങിയതും, പമ്പയിലെ അനധികൃത കുപ്പിവെള്ളം വില്പന (?), മാലിന്യ പ്രശ്നങ്ങളും, പൂങ്കാവനത്തിനുള്ളില്‍ കുരങ്ങന്മാരെപ്പോലെ ( നല്ല ബെസ്റ്റ് സ്ഥലം..ഉം) സൈനികരും, വനത്തിലേക്ക് കക്കൂസ്മാലിന്യം തള്ളുന്നത് (ഇതു വരെ തള്ളിയത് നുമ്മ വിട്ടു)നിര്‍ത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസ്താവിച്ചതും ഒക്കെ ഭക്തരരുടെ മനസിന് കുളിര്‍മ്മയോടൊപ്പം, കിരുകിരുപ്പും സമ്മാനിക്കുന്നവ തന്നെ.! ഇത്രയും മാലിന്യപ്രശ്നങ്ങളും ഇതിനെച്ചൊല്ലിയുള്ള ആക്ഷേപങ്ങളും അവഹേളനങ്ങളും ഉണ്ടായിട്ടും , ഇതൊന്നു പരിഹരിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്ന പിന്തിരിപ്പന്‍ നയം മാതൃകാപരം തന്നെ. തുടരുക ദേവസ്വം ബോര്‍ഡേ. ഈ കിട്ടുന്ന കോടിക്കണക്കിന് ഉറുപ്പ്യ ഒക്കെ ഭഭ്രമല്ലേ..? ചോദിക്കേണ്ട കാര്യമുണ്ടോ ? ആയിരിക്കും..!! നന്ദി നമോവാകം..

ശ്രീകോവിലിനുള്ളില്‍ തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ കടന്നത് ദേവസ്വം ബോര്‍ഡിനും, വെള്ളാപ്പള്ളി നടേശനും ഒക്കെ പ്രസ്താവന നടത്താന്‍ ഇടയാക്കിയെങ്കിലും,2012 ജാനുവരി 4 വരെ നിലവില്‍ ഉള്ള പരികര്‍മ്മികള്‍ മതിയെന്ന് കോടതി പ്രസ്താവിച്ച് സംഭവം ഒതുക്കി. നന്ദി കോടതീ നന്ദി.. ഇല്ലെങ്കില്‍ ഈ വിഷയത്തില്‍ കേരളം കത്തിയേനെ..!

ഇതിനിടക്ക് തമിഴ് സ്വാമിമാരെ കേരളത്തില്‍ ആക്രമിച്ചു എന്ന് വാര്‍ത്ത നല്‍കി തമിഴ് ചാനലുകള്‍ മുല്ലപ്പെരിയാര്‍ വിഷയം വര്‍ഗ്ഗീയമാക്കാന്‍ ശ്രമം നടത്തിയതും അഭിനന്ദനാര്‍ഹം തന്നെ..!! അതുകൊണ്ടായിരികും ഇതിന് പ്രതികാരമായി തമിഴ് നാട്ടില്‍ തന്നെ ഒരു ശബരിമല പണിയണം എന്ന ആവശ്യം ഉയര്‍ന്നത്. ജയലളിത ഈ ആവശ്യം നിറവേറ്റുമോ? അയ്യപ്പനെക്കാണാന്‍ തമിഴ് നാട്ടിലേക്ക് പോകേണ്ടി വരുമോ..അതോ പത്തനംതിട്ട ജില്ല കൂടെ തമിഴ് നാടിനോട് ചേര്‍ക്കണമെന്ന് മന്മോഹന്‍ ജിയോട് ഇന്നലെ പുരട്ചി തലൈവി ആവശ്യപ്പെട്ടുകാണുമോ? സ്വാമിയേ ശരണമയ്യപ്പാ...!













18 ഓഗസ്റ്റ് 2011

സേതുമാധവന്‍ സീസര്‍ ആയപ്പോള്‍..!

Rise of the Planet of the Apes-ഒരു അവലോകനം.

വില്‍ റോഡ്മാന്‍ എന്ന ശാസ്ത്രജ്ഞന്‍ അള്‍ഷിമേര്‍സ് രോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കുന്നതിനിടയില്‍ genetically engineered retrovirus ചിമ്പാന്‍സികളില്‍ കുത്തിവച്ച് പരീക്ഷിച്ചു.ALZ-112 എന്ന വൈറസ് മനുഷ്യസഹചമായ ബുദ്ധിവൈഭവം ചിമ്പാന്‍സികളില്‍ വളര്‍ത്തുമെന്ന് തെളിഞ്ഞു. പരീക്ഷണത്തിനു വിധേയയായ അപാര ബുദ്ധിവൈഭവം കാണിച്ച ഒരു പെണ്‍ ചിമ്പാന്‍സി അക്രമവാസനകാണിക്കുകയും തന്മൂലം കൊല്ലപ്പെടുകയും ചെയ്തു. പക്ഷേ മരിക്കുന്നതിനു മുന്‍പ് “സീസര്‍“ എന്ന ചിമ്പാന്‍സിക്കുഞ്ഞിന് അവള്‍ ജന്മം നല്‍കി. അമ്മയുടെ അതേ ബുദ്ധിവൈഭവം ഉള്ള “സീസറിനെ” വില്‍ റോഡ്മാന്‍ സ്വന്തം വീട്ടില്‍ വളര്‍ത്തുമ്പോള്‍ കഥ ഒരു വഴിത്തിരിവില്‍ എത്തുന്നു. ഈ ആമുഖം കഥാകൃത്തിന് രക്ഷപെടാനുള്ള ഒരു “കഥയൊരുക്കല്‍“ മാത്രമാകുന്നത് കഥ മുന്നോട്ട് പോകുമ്പോഴാണ്. സയന്‍സും, ശാസ്ത്രജ്ഞനും ഒക്കെ വെറും വെറുതെ ആണെന്ന് സിനിമ മുന്നോട്ട് കാണുമ്പോള്‍ മനസിലാകും. അല്ലെങ്കില്‍ തന്നെ ഏതു പടത്തിലാ ഈ ഹോളിവുഡുകാര്‍ ശാസ്ത്രം തിരുകിക്കേറ്റാത്തത്.?

1989ല് ഇറങ്ങിയ “കിരീടം” എന്ന മലയാള സിനിമയുടെയും 2010ല് റിലീസായ “എന്തിരന്‍“ സിനിമയുടേയും, ഇന്ത്യന്‍ ആനുകാലിക രാഷ്ട്രീയത്തിന്‍റെയും ഒരു “മിക്സ്‘ ആണ് Rise of the Planet of the Apes എന്ന് പറയാന്‍ എനിക്ക് ഒട്ടും സങ്കോചമില്ല. കിരീടത്തിലെ സേതുമാധവന്‍ എന്ന കഥാപാത്രത്തെ “സീസര്‍“ എന്ന കുരങ്ങനായി അവതരിപ്പിച്ചത് Andy Serkis എന്ന ബ്രിട്ടീഷ്കാരനാണ്. സേതുമാധവന്‍- സീസര്‍ പേരില്‍ പോലുമുള്ള ഈ സാമ്യം കഥാകൃത്തിന്‍റെ അബോധമനസില്‍ നിന്നും “ ഊഷ്മളീകരിച്ച്” പേപ്പറില്‍ എത്തിയതാവാനേ തരമുള്ളൂ. സേതുമാധവന്‍ എന്ന പേര് സായിപ്പ് ക്രിസ്ത്യാനീകരിച്ച് “സീസര്‍“ ആക്കും എന്ന് ആര്‍ക്കാ അറിയാത്തത്.
ഡിയര്‍ ഹോളിവുഡ് സിനി അസോസിയേഷന്‍കാരേ.. ഒരു കാര്യം ഓര്‍ത്തു വച്ചോളൂ സേതുമാധവനെ ഇനി നിങ്ങള്‍ വേറേ പശ്ച്ചാത്തലത്ഥില്‍ സിനിമയുണ്ടാക്കി “ഷിയാങ്ങ് ലൂ പിങ്ങ് “ എന്ന് വിളിച്ചാലും ഞങ്ങള്‍ കയ്യോടെ പിടിക്കും.

സേതുമാധവന്‍- സീസറായപ്പോള്‍ , അച്യുതന്‍ നായര്‍ -വില്‍ റോഡ്മാന്‍ ആയി. അച്യുതന്‍ നായര്‍- തിലകന്‍ അവതരിപ്പിച്ച അവിസ്മരണീയമായ കഥാപാത്രത്തെ കീരിക്കാടന്‍ ജോസ് ഡ്യൂട്ടിക്കിടെ അടിക്കുമ്പോഴാണ് സേതുമാധവന്‍ ഇടപെടുന്നത്. എന്നാല്‍ ഇവിടെ ഒരു മാറ്റം ഹോളിവുഡ് കഥാകൃത്ത് കൊണ്ടുവന്നിരിക്കുന്നു. വില്‍ റോഡ്മാന്‍റെ അള്‍ഷിമേര്‍സ് രോഗമുള്ള അച്ഛനെ അയല്‍വക്കക്കാരനായ മറ്റൊരു “കീരിക്കാടന്‍ ജോസ്” അടിക്കുന്നതോടെ സീസര്‍ ഇടപെടുകയും, തദ്വാരാ സീസര്‍ എന്ന കുരങ്ങന്‍‍ (അങ്ങനെ വിളിക്കരുത് എന്ന് സിനിമയില്‍ വിലക്കിയിട്ടൂണ്ട്- ഏപ് - മനുഷ്യക്കുരങ്ങ്-ചിമ്പാന്‍സി- ഇങ്ങനെയെ വിളിക്കാവൂ. ) , ചിമ്പാന്‍സികള്‍ക്ക് മാത്രമുള്ള ജയിലില്‍ അടയ്ക്കപ്പെടുന്നു. അവിടെ നിയമം കര്‍ശനമായതുകൊണ്ടും മുരളി-ഇന്‍സ്പെക്ടര്‍ റോള്‍ ഹോളിവുഡ് സിനിമയില്‍ ഒഴിവാക്കിയതും കാരണം സീസറിന് പുറത്ത് വച്ച് താക്കീത് കൊടുക്കാന്‍ ആരുമില്ലാതായി. ജയില്‍ അധികൃതര്‍ മയക്കു വെടി വെയ്ക്കുക, വെള്ളം ചീറ്റിക്കുക, ആഹാരം എറിയുക തുടങ്ങിയപീഢനങ്ങളുടെ പരമ്പരകള്‍ സീസറിനെതിരെ അഴിച്ചു വിടുന്നു. കിരീടത്തില്‍ മോഹന്‍ലാലിനെയും സെല്ലില്‍ ഇട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന സീന്‍ പ്രേക്ഷകര്‍ മറന്നിട്ടില്ലല്ലോ. അനന്തരം കോപാക്രാന്തനായ സീസര്‍ ചില കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു..!



ചിമ്പാന്‍‍സികളുടെ ജയിലില്‍ നിന്ന് സീസറിന് ഒരു കത്തി കിട്ടുന്നു. സേതുമാധവനാകട്ടെ അപ്പൂപ്പന്‍ കളഞ്ഞ കത്തി പറമ്പില്‍ നിന്നുമാണ് കിട്ടൂന്നത്. കഥ ഒന്നാണെങ്കിലും പിടിക്കപ്പെടാതിരിക്കാന്‍ കഥാകാരന്‍ വളരെ തത്രപ്പെട്ട് കഥാകഥന രീതിയും സാഹചര്യങ്ങളും തിരിച്ചും മറിച്ചും ഒക്കെയിട്ട് രക്ഷപെടാനുള്ള വൃഥാ ശ്രമം നടത്തിയിട്ടുണ്ട് എന്നത് വ്യക്തം.

ഇടയ്ക്ക് പറയാന്‍ വിട്ടുപോയ ഒരു കാര്യം. ജോലിയും കൂലിയുമില്ലാതെ 28 നായും പുലിയും ചോക്കുകൊണ്ട് വരച്ചകളത്തില്‍ കളിക്കുന്ന സേതുമാധവനുപകരം, ജയില്‍ മുറിയില്‍ സീസര്‍ തന്‍റെ പഴയ മുറിയുടെ ജനാലയുടെ പടം വരച്ച് ഓര്‍മ്മകളിലൂടെ പുറം ലോകത്തെ കാണാന്‍ ശ്രമിക്കുന്ന രംഗം ഹൃദയസ്പൃക്കായി “Andy“ സീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

കത്തിയും, തന്‍റെ ബുദ്ധിയും ഉപയോഗിച്ച് ചിമ്പാന്‍സികളുടെ ജയില്‍, സീസറ് ചാടുന്നു.തനിക്ക് കിട്ടിയ “ബുദ്ധിമരുന്ന് “ തന്‍റെ വളര്‍ത്ത് അച്ഛനായ റോഡ്മാന്‍റെ ഫ്രിഡ്ജില്‍ നിന്നും അടിച്ച് മാറ്റി മറ്റ് ചിമ്പാന്‍സികള്‍ക്ക് ബുദ്ധി വെയ്പിക്കുന്നു. ഇത് അണ്ണാഹസാരെയുടെ സമരത്തെ കോപ്പി അടിച്ചതാണെന്ന് നിസ്സംശയം പറയാം. അഴിമതി സാധാരണമാണെന്ന് കരുതിയ ഒരു ജനതയെ അഴിമതിക്ക് എതിരെ പോരാടാന്‍ പ്രേരിപ്പിച്ചത് ഏതോ ഒരു “മരുന്ന്” ആണെന്ന് ഹോളിവുഡുകാര്‍ സംശയിക്കുന്നു. അല്ല്ലെങ്കില്‍ ഒരു സുപ്രഭാതത്തില്‍ ഇന്ത്യക്കാര്‍ അഴിമതിക്കെതിരെ ഇങ്ങനെ പോരാടുമോ എന്നതും യുക്തിപരമായി സംശയം ജനിപ്പിക്കുന്നത് തന്നെ.എന്തായാലും സീസര്‍ എല്ലാ ചിമ്പാന്‍സികളെയും കൂട്ടി നിരത്തിലിറങ്ങി, സത്യാഗ്രഹത്തിനല്ല്ലാ മറിച്ച് ഒരു സായുധവിപ്ലവത്തിന് അതും മനുഷ്യനെതിരെ..!ഇവിടെ പിടിക്കപ്പെടാതിരിക്കാന്‍ കഥാകൃത്ത് വീണ്ടും മലക്കം മറിയുന്നു.

ഇനിയാണ് “എന്തിരന്‍“ എന്ന രജനികാന്ത് സിനിമയുടെ ക്ലൈമാക്സ് കോപ്പി. തലങ്ങും വീലങ്ങും അക്രമം അഴിച്ചു വിടുന്ന ചിമ്പാന്‍സികള്‍ “റോബോ” കാണിച്ച മിക്കവാറും എല്ലാ സ്ട്രാറ്റജികളും പയറ്റുന്നു. എന്തിരനിലെപ്പോലെ
ഹെലികോപ്റ്ററുകളും, കാറുകളും , തീയും ഒക്കെക്കാണിച്ച് ഭീതി പരത്താന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്...ശേഷം സ്ക്രീനില്‍.



പോസ്റ്ററിലെ സാമ്യം വരെ നമ്മെ അത്ഭുതപ്പെടുത്തുന്നു..!

മൌലികമായ മലയാള , തമിഴ് സിനിമകളെ ഹിന്ദിയില്‍ കോപ്പിയടിക്കുന്നാതും റീമേക്ക് ചെയ്യുന്നതും സഹിക്കാം. ഒന്നുമില്ലേലും ഇന്ത്യക്കാരല്ലേ..!! എന്നാല്‍ ഒരുസിനിമയില്‍ മലയാളം, തമിഴ്, ഒപ്പം ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയം എല്ലാം അവിയലാക്കി കാണികളെ രസിപ്പിക്കുന്നത് അത്ര ഇമ്പമുള്ളകാര്യായി തോന്നുന്നില്ല. എന്താണു ഹേ. ..നിങ്ങള്‍ ഹോളിവുഡുകാര്‍ക്ക് സ്വന്തമായി ഒരു കഥയെഴുതി അത് ഭംഗിയായി സം‌വിധാനം ചെയ്താല്‍..?

Rise of the Planet of the Apes-ല്‍ സ്പെഷ്യലായി തോന്നിയത് ഇതില്‍ കാണിക്കുന്ന വനഭംഗിയാണ്. കേരളത്തിലും പ്രത്യേകിച്ച് ഇന്ത്യയിലും ഇപ്പോള്‍ ഉള്ള വനങ്ങളെക്കാള്‍ “മര നിബിഡമായ” വനങ്ങള്‍ അതിന്‍റെ മാസ്മരികതയോടെ കാട്ടിത്തന്നതിന് നന്ദി. ആഗസ്റ്റ് 5 ,2011 ല് ഇറങ്ങിയ ഈ സിനിമ $186,608,226 ഇതുവരെ “കളക്റ്റ്” ചെയ്തു എന്നതും വലിയ വിസ്മയമൊന്നുമല്ല. ഞങ്ങടെ കിരീടവും, എന്തിരനും, രാഷ്ട്രീയവും ഒക്കെ കോപ്പി അടിച്ച് നിങ്ങളെങ്കിലും പണക്കാരാകൂ. കടം ആണെന്ന് പറഞ്ഞ് പിച്ചച്ചട്ടിയുമായി ഇന്ത്യയുടെ പടിക്കല്‍ വന്ന് എരക്കാതിരിക്കാന്‍ ഇങ്ങനെ ചില മൌലികവും, വൈകാരികവും, ബൌദ്ധികവുമായ കടം കൊള്ളലുകള്‍ നല്ലതു തന്നെ. ആശംസകള്‍.




03 മേയ് 2011

ഒബാമ Vs ഒസാമ




പേരില്‍ ഒരക്ഷരത്തിന്‍റെ വ്യത്യാസമേ ഉള്ളൂവെങ്കിലും ഒസാമയെ കൊന്നത് തന്‍റെ ഭരണകാലത്താണെന്ന് തങ്ക ലിപികളില്‍ എഴുതി വെയ്ക്കാന്‍ ഒബാമയ്ക്ക് ഈ ഒരു “അരും കൊല“ മതി. കൊന്നു എന്നു മാത്രമല്ല ഇസ്ലാമികാചാരപ്രകാരം കടലില്‍ സംസ്കരിച്ച് ഇസ്ലാമിന്‍റെ ചടങ്ങുകള്‍ പാലിച്ച് ബഹുമാനിക്കാനും അമേരിക്കന്‍ സേന മറന്നില്ല. അതാണ് അമേരിക്ക...! ദേ ആര്‍ എക്സ്ട്രാ ഡീസന്‍റ്...യു നോ.

എന്നാല്‍ ആയിരത്തിനടുത്ത് എണ്ണത്തില്‍ അമേരിക്കയിലെയും, യൂറോപ്യന്‍ ഇന്റ്റെലിജെന്‍സിലും ജോലി ചെയ്യുന്ന കുടുംബാംഗ ബലമൊക്കെ ലാദന് പുല്ലാണ് ..പുല്ല്. വേണ്ടി വന്നാന്‍ ഇനിയും ഒരങ്കത്തിനു കൂടി ബാല്യമുണ്ട് എന്ന് ഒസാമയുടെ പാര്‍ട്ടി ഒബാമയെ വിരട്ടിയതും , എപ്പോഴും അലെര്ട്ടായിരിക്കാന്‍ ലോകജനതയോടും, വിശിഷ്യ അമേരിക്കക്കാരോടും ഒപ്പം മിഷീലിനോടും പുള്ളിക്കാരന്‍ ആഹ്വാനിച്ചു കളഞ്ഞു..!!


ഒസാമ ചത്ത സന്തോഷത്തിലും അതിന്‍റെ ആഘോഷത്തില്‍ ആലസ്യത്തിലാണ്ട‍ മെഷീലിനെ മാറ്റിക്കിടത്തി കൈഫോണില്‍ ഒബാമ കുത്തി വിളിച്ചു..!

ആത്മഗതം:-യെവള്‍ക്കെന്തെരരണോ യെന്തോ ഒരു വെളര്‍ച്ച..? പത്രക്കാര് പറയുന്നതുപോലെയെങ്ങാനും വയറ്റിലുണ്ടോ അവോ?

അളിയോ..എവിടെ? വിവരം ഒന്നും ഇല്ലല്ലോ..?

“അളിയന്‍ അല്ല, കോണ്ടലീസയാ..”“

“പെങ്ങളെ നീയാണാ ഇപ്പോഴും ഫോണ്‍ എടുക്കുന്നേ..ഒന്നു കൊട്”

“വെയിറ്റ്..ട്ടാ...”


“അളിയോ..ബുഷ് അളിയോ..”

“ഞാന്‍ ചൂണ്ടയിടുവാ അളിയാ..എന്താ വിശേഷം..” അങ്ങേത്തലക്കല്‍ ബുഷിന്‍റെ ഘനഗംഭീരശംബ്ദം. ചൂണ്ടയിടുകയാണെന്ന് തെളിയിച്ചുകൊണ്ട് വെള്ളത്തിന്‍റെ ശബ്ദം കേള്‍പ്പിക്കാന്‍ ബുഷളിയന്‍ ചുമ്മാ ഒന്ന് ഫ്ലഷ് ചെയ്തു കൊടുത്തു..!! ഉം.

ഒസാമയെ ഞാന്‍ പിടിച്ചളിയാ...എന്നിട്ട് തല്ലിക്കൊന്ന് കടാലില്‍ തള്ളി..പിന്നല്ല.

“ഉം , കണ്ടു കണ്ടു..തൂക്കിക്കൊല്ലണമായിരുന്നു..!!”

ഒബാമ ഫോണ്‍ കട്ട് ചെയ്തു..!

ഓ..ഒരു വല്യ തൂക്കിക്കൊല്ലുകാരന്‍..ആയുസുമൊത്തോം പറഞ്ഞു നടക്കാന്‍ ഒരു സദ്ദാം..എന്തായാലും സദ്ദാമിനെക്കാള്‍ ഭീകരവാദത്തില്‍ ഒരു പടി മുന്നിലാ ഒസാമ. അളിയന്‍ സദ്ദാമിനെ കൊന്നെങ്കില്‍ ഞാനും ഒട്ടും മോശമല്ല അളിയാ..!!

************************************************************

ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..

ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..

ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..

“ ഹെലൊ”

“ എന്തെരെടെ അപ്പീ ഫോണ്‍ എടുക്കാത്തത്..”

“ആരെടെ..ഇത്..?”

“എടാ..ഇത് ഡേവിച്ചായനാ യു കെന്ന്...! ബെഞ്ചമിന്‍ അണ്ണനും ഇവിടെയുണ്ട്..ഒളിച്ച് വന്നതാ സ്മോളടിക്കാന്‍..”

“ഇച്ചായാ ഇവിടെ വല്യ പ്രശ്നമാ....ലവനെ തട്ടിയതിന്‍റെ പ്രതിക്ഷേധ റാലി നടക്ക്വ്വാ..”

“നീയൊരു കാര്യം ചെയ്യ്.. കടപൂട്ടി..വേഗം സ്ഥലം വിട്ടോ..

ഞാന്‍ ഇനി കൈഫോണീല്‍ വിളിക്കാം എന്നിട്ട് തുറന്നാമതി..പുറത്ത് ഒരുബോര്‍ഡ് തൂക്കിയേരെ..“

“യുകെ എമ്പസി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കുന്നതല്ല.“പിന്നെ മറ്റൊരു കാര്യം ഗിലാനിയോ, സര്‍ദാരിയോ ഒക്കെ വിളിച്ചാല്‍ എന്നെ വിളിക്കാന്‍ പറ..ഒകെ..

“ഓകെ..!”

*****************************************************

ടിങ്ങ്..ടാങ്ങ്..ടിങ്ങ് ടാങ്ങ്..

ഒബാമ കാളിങ്ങ് ബെല്ലില്‍ അമര്‍ത്തിപ്പിടിച്ചു.

കതക് തുറന്നതും ഒബാമ ചാടി അകത്ത് കയറി.

“ഇരിപ്പുറക്കുന്നീല്ല അളിയാ....”

“ഒകെഡാ..നീ വാ...ഒന്ന് ചൂടു പിടിപ്പിക്കാം.”

അകത്ത് കയറിയതും ഒബാമയുടെ കണ്ണു തള്ളി. കോണ്ടലീസ ദാ ഒസാമയ്ക്ക് 90 ഒഴിക്കുന്നു...പിന്നെ ചിരിക്കുന്നു.

അപ്പൊ ലവന്മാര് കൊന്ന് കടാലില്‍ തള്ളിയത് ആരെ..?

സ്തബ്ദനായി നിന്ന ഒബാമയെ ബുഷ് തോളില്‍ തട്ടി ആശ്വസിപ്പിച്ചു..

“ നീ പേടിക്കെണ്ടടാ ഉവ്വേ നുമ്മ കോസമെറ്റിക് സര്‍ജറി ചെയ്ത് പാകിസ്ഥാനില്‍ വിട്ട ഒരു പഹയനെയാ ലവന്മാര് തട്ടിയത്..”

“എന്നാലും ഒരു കടും കൈ ആയിപ്പോയി ബുഷ് അളിയാ..‘

ഒബാമ...താടിക്ക് കൈകൊടുത്തു കുത്തീര്‍ന്നു.

‘വളരെ നന്നായി അണ്ണന്മാരെ..അതുകൊണ്ട് എനിക്കൊരൂ ഗുണം ഉണ്ടായി..”

‘’എന്തൂ ഗുണം കോണ്ടൂ..”

കോണ്ടലീസാ അര്‍ദ്ധനിമീലിതമായ മിഴികള്‍ ഇളക്കി ഉത്സാഹവതിയായി..പറഞ്ഞു

1575 ഡോളര്‍ ആയിരുന്ന സ്വര്‍ണ്ണം 40 ഡോളര്‍ ഒറ്റയടിക്ക് കുറഞ്ഞില്ലേ...കളിച്ച കാര്യമോ?

നാല്‍വരും നാല് 90 വീതം അടിച്ച് ആനന്ദ നൃത്തം ചെയ്തു...

******************

അപ്പോഴും ഇങ്ങ് കൊച്ചു കേരളത്തില്‍ പലവീടുകളിലൂം വാര്‍ത്തകള്‍ മുഴങ്ങി.
പാകിസ്ഥാനിലെ അബൊട്ടാബാദില്‍ ബീന്‍ ലാദന്‍ വധിക്കപ്പെട്ടു.

നമുക്ക് പ്രമുഖരുടെ അഭിപ്രായങ്ങളിലേക്ക് കടക്കാം. ഇപ്പൊള്‍ നമ്മുടെ റിപ്പോര്‍ട്ടര്‍ ശ്രീ. ബിജുക്കുട്ടന്‍ ലൈനില്‍ ഉണ്ട്.

ശ്രീ. ബിജുക്കുട്ടന്‍ എങ്ങനെയാണ്..ബിന്‍ലാദന്‍ വധിക്കപ്പെട്ടത്..?

“രാവിലെ ചായക്ക് ശേഷം ലാദന്‍ കക്കൂസില്‍ പോകാന്‍ ബീഡി തപ്പി , ബീഡീ തീര്‍ന്നുപോയതുകൊണ്ട് അതു വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് ഈ ദുര്യോഗമുണ്ടായത്. കൂട്ടുകാര്‍ പലരും വിലക്കിയെങ്കിലും ലാദന്‍ അനുസരിക്കുകയുണ്ടായില്ല..ശ്രീ സുരേഷ്..

ബിജുക്കുട്ടാ..കേള്‍ക്കാമോ.. തീര്‍ന്നുപോയ ബീഡിക്ക് പകരം സം‌വിധാനം ഒന്നുമില്ലായിരുന്നു എന്നാണോ വിശ്വസിക്കേണ്ടത്..?

സുരേഷ് കേള്‍ക്കാം ...പകരം സവിധാനം ഉണ്ടായിരുന്നു..എന്നാല്‍ കട്ടന്‍ ബീഡി തെറുക്കാന്‍ ചുക്കാ ഉണക്കാനിട്ടിരിക്കുകയായിരുന്നുവെന്നും, തെറുപ്പുകാരന്‍ ഇലവെട്ടിത്തുടങ്ങിയതേ ഉള്ളൂ എന്ന വിവരവും ബിലാദന്‍റെ ബീഡീ സ്പെഷ്യലിസ്റ്റ് സവാഹിരി നമ്മോട് പങ്കുവച്ചു.."

വേറെ എന്തൊക്കെയാണ് ബിജൂ ?

“സവാഹിരി മനഃപൂവ്വം ബീഡി മാറ്റിപ്പിച്ചതാണെന്ന് സംശയം പലരും ഉന്നയിച്ചിട്ടുമുണ്ട്..ഇതു മറ്റു കാര്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് കരുതുന്നു. നന്ദി സുരേഷ്..!“

ഒസാമയുടെ വധത്തില്‍ പ്രതികരിച്ചതിന് നന്ദി.. നന്ദി ശ്രീ.തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശ്രീ. എം ഐ ഷാനവാസ്, ശ്രീ ശശി തരൂര്‍, ശ്രീ. ടിന്‍റു മോന്‍, വാര്‍ത്തയില്‍ പങ്കെടുത്തതിനും പ്രതികരിച്ചതിനും നന്ദി. ഇനി മറ്റൊരു പീഢന വാര്‍ത്തയിലേക്ക്....ഇടവേളയ്ക്ക് ശേഷം.

05 മാർച്ച് 2011

മലയാളത്തെറികള്‍..!!

ഇതിന്‍റെ തലക്കെട്ട് വായിച്ചപ്പോള്‍ത്തന്നെ കുറെ തെറികള്‍ മനസില്‍ മിന്നിമറഞ്ഞു എന്ന് കരുതുന്നു. ഓ.. തെറികളെപ്പറ്റി എന്തെഴുതനാ അല്ലേ..! എങ്കിലും, എന്തെങ്കിലും എഴുതിയിട്ട് കാര്യമുണ്ടോ...?.കാര്യമുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ. ആരാണ് തെറി കണ്ടുപിടിച്ചത്..? ഏതോ സംസാരിക്കാന്‍ അറിയാവുന്നവരാകും എന്ന് ഉത്തരം പറഞ്ഞാല്‍ തെറി ഉറപ്പ്.

വെറുതേ പോകുന്ന ഒരു തെണ്ടിയെ, “എടാ തെണ്ടീ” എന്നു വിളിച്ചാല്‍ തിരിച്ചൊരു തെറി വരും. അതായത് ‘തെണ്ടി’ക്ക് പോലും തെണ്ടി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. അപ്പോ തെണ്ടി അല്ലാത്തവരെ അങ്ങനെ വിളിച്ചാല്‍ പ്രതികരണം ഒന്നൂകൂടെ മോശം ആയിരിക്കും. ഇത്രയും പറഞ്ഞത് “തെറി“ ആരുംതന്നെ മനസുകൊണ്ട് ഇഷ്ടപ്പെടുന്നില്ല എന്ന് പറയുവാന്‍ മാത്രമാണ്.

തെറി- അധിക്ഷേപം, പഴിക്കുക, ശകാരിക്കുക, ദുര്‍ഭാഷണം, ഭര്‍ത്സിക്കുക,ആട്ടുക ഇതുപോലെ ഒരുപാട് വാക്കുകള്‍ തെറിക്ക് സമാനമായിട്ടുണ്ട്.

മലയാളത്തിലെ മിക്കതെറികളുടെയും ആവിര്‍ഭാവം മറ്റു പല ഭാഷകളില്‍ നിന്നുമാവാം. ഏതു ഭാഷ പഠിക്കാനും തെറിയില്‍ നിന്ന് തുടങ്ങണമെന്നത് ഒരു അലിഖിത നിയമമെന്നോണം പറഞ്ഞു കേട്ടിട്ടുണ്ട്. ഭാഷ എല്ലായിപ്പോഴും പഠിക്കേണ്ടത് കേട്ട് തന്നെയാണ് . ഏതു ഭാഷയിലും കേള്‍ക്കുന്നതില്‍ എറ്റവും സുലഭം തെറികള്‍ തന്നെയാണ് താനും..! ലളിതമായി മനസിലാക്കാന്‍ പറ്റുന്നത് തെറികള്‍ ആയതു കൊണ്ടാവാം ആദ്യം തെറികള്‍ പഠിച്ചു തുടങ്ങുന്നത്.

തെറി - ഒതുക്കപ്പെട്ടവ.

ഏഭ്യന്‍, മര്‍ക്കടന്‍, മൊശകോടന്‍, ശുംഭന്‍ എന്നീ പഴയകാല തെറികള്‍ വളരെ പ്രശസ്തമാണല്ലോ. എന്തുകൊണ്ട് ഈ തെറികള്‍ ഇന്ന് സാധാരണ ജനങ്ങള്‍ വിളിക്കപ്പെടുന്നില്ല..? ഇത്തരം തെറികള്‍ക്ക് കാഠിന്യക്കുറവ് ഉണ്ട് എന്നതായിരിക്കും ഒരു കാരണം , അതായത് കേള്‍ക്കുന്നയാളിന് ഇത് ഒരു തെറിയായിട്ട് അംഗീകരിക്കാന്‍ ഇന്നത്തെക്കാലത്ത് കഴിയുന്നില്ല, തിരിച്ച് ഒരു തെറി വിളിപ്പിക്കത്തക്ക ശക്തി മുകളില്‍ പറഞ്ഞ തെറികള്‍ക്ക് നഷ്ടപ്പെട്ടു. നല്ല നല്ല റൊമാന്‍റിക് തെറികള്‍ പുതുതായി കണ്ടു പിടിച്ചപ്പോള്‍ നിത്യ ജീവിതത്തില്‍ നിന്ന് മുന്‍പറഞ്ഞ തെറികള്‍ അപ്രത്യക്ഷമായി എന്നു വേണം കരുതാന്‍. ഇപ്പോള്‍ മുകളില്‍ ചൂണ്ടിക്കാണിച്ച തെറികള്‍ സിനിമയിലും, രാഷ്ട്രീയത്തിലും അത്യാവശ്യ ഘട്ടത്തില്‍മാത്രം ഉപയോഗിച്ചു കാണുന്നു.

നമ്മള്‍ മലയാളികള്‍ ആഗ്രഹിച്ചകാര്യം നടന്നില്ലെങ്കില്‍ ആദ്യം മനസില്‍ ഒരു തെറിയായിരിക്കും വിളിക്കുക. അത് ആരെ എന്നില്ല, ആരെവേണമെങ്കിലും വിളിക്കും. സൌകര്യപൂര്‍വ്വം പുതിയ തെറികള്‍ ഉണ്ടാക്കി വിളിക്കുന്നവരും ധാരാളം.എത്ര ബലവാനേയും തെറിവിളിച്ച് തോല്പിക്കുന്ന ദാവീദും ഗോലിയാത്തും കളികളുടെ ഉദാഹരണങ്ങള്‍ക്ക് വളരെ ദൂരമൊന്നും പോകേണ്ട, ചുറ്റും ഒന്നു “ചെവി”യോടിച്ചാല്‍ മാത്രം മതി.

തെറി ചില വസ്തുതകള്‍

സാധാരണയായി മലയാളി ഉപയോഗിച്ചു വരുന്ന തെറികള്‍ താഴെപ്പറയുന്നവയാണ്.
1.ശരീരഭാഗങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള തെറികള്‍- ഇതില്‍ അടിമുതല്‍ മുടിവരെ ഉപയോഗിച്ചുകാണുന്നു.
ചട്ടുകാലന്‍, മുറിക്കയ്യന്‍, കോങ്കണ്ണന്‍ അങ്ങനെ പോകുന്നു ഗ്രേഡ് കുറഞ്ഞ തെറികള്‍..!
മൂര്‍ച്ച കൂടിയ തെറികള്‍ കേള്‍ക്കുന്നവരുടെ ഹൃദയമിടിപ്പ് കൂട്ടുകയും ഒപ്പം ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുകയും ചെയ്യാം. ചിലപ്പോള്‍ മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതുകൊണ്ട് ഒഴിവാക്കുന്നു.
2.ലൈംഗികാവയവങ്ങളെയും ലൈംഗികബന്ധങ്ങളെയും മ്ലേശ്ചവല്‍ക്കരിച്ചുകൊണ്ടുള്ള തെറികള്‍.
3.മുന്‍ഗാമികളെയും കുടുംബത്തെയും കേന്ദ്രീകരിച്ചുള്ള തെറികള്‍- അച്ഛന്‍ , അമ്മ, ചേച്ചി അനിയത്തി, ചേട്ടന്‍, അമ്മൂമ്മ, അമ്മാവന്‍ തുടങ്ങിയവരോടൊപ്പം അവരുടെ അവയവങ്ങളും തെറിയില്‍ കണ്ടുവരുന്നൂ. ഇത്തരം തെറികള്‍ കേട്ടാല്‍ ശരാശരി മലയാളി തിരിച്ചും ഒരു ഡോസ്കൂട്ടി നിശ്ചയമായും തെറിവിളിച്ചിരിക്കും.‍
4. മൃഗങ്ങളെയും പക്ഷികളേയും സാദൃശ്യപ്പെടുത്തിക്കൊണ്ടുള്ള തെറികള്‍. പന്നി , പട്ടി (പട്ടിയുടെ പല ഇനങ്ങള്‍ ഉദാ- മരപ്പട്ടി), ഊളന്‍ എന്നീ മൃഗങ്ങളെയും, അവയുടെ പെണ്‍ വര്‍ഗ്ഗത്തേയും കുഞ്ഞുങ്ങളെയും ഇതിലുള്‍പ്പെടുത്തിയിരിക്കും. കോഴി, മൂങ്ങ എന്നീ പക്ഷികളെയും ചേര്‍ത്തുള്ള തെറികളും സുലഭം.
5. പ്രവൃത്തികളെ , ജോലിയെ ആസ്പദമാക്കിയുള്ള തെറികള്‍
ബാര്‍ബര്‍, ചണ്ഡാലന്‍, ഭിക്ഷക്കാര്‍‍ എന്നിവരൊക്കെ ഇത്തരം തെറികളില്‍ പാത്രങ്ങളാകാറുണ്ട്.
6. മതപരവും ജാതീയവുമായ തെറികള്‍.
7. തിന്നുന്നതും കുടിക്കുന്നതുമായ വസ്തുക്കളെ ചേര്‍ത്തുള്ള തെറികള്‍
എന്നാല്‍ തെറിക്ക് സംസാരഭാഷതന്നെ വേണമെന്നില്ല ,ആംഗ്യഭാഷകൊണ്ട് നയനമനോഹരമായ തെറികള്‍ വിളിക്കുന്ന വിദ്വാന്മാരും/ വിദുഷികളും നമുക്കിടയില്‍ ഉണ്ട്..!

തെറിയുടെ സൈക്കോലോജി

രാഷ്ട്രാന്തരീയവും, സാര്‍വ്വദേശീയവുമായും തെറികള്‍ മുകളില്‍ പറഞ്ഞരീതിയിലൊക്കെത്തന്നെയാണ് ഉണ്ടായിരിക്കുന്നത് എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. സ്കിന്നര്‍, ഫ്രോയിഡ്,പാവ്ലോവ് തുടങ്ങിയ മനഃശ്ശാസ്ത്രജ്ഞമാരുടെ തെറിപഠനങ്ങളുടെ വ്യാഖ്യാനങ്ങള്‍ രസാവഹങ്ങളാണ്. വികാര അനവസ്ഥയാണ് തെറിവിളിയുടെ ആണിക്കല്ല് എന്നും മാനസികാരോഗ്യമില്ലാത്തവര്‍‍ ആണ് തെറിവിളിക്കാര്‍ എന്ന് മനഃശാസ്ത്രജ്ഞര്‍ പൊതുവില്‍ കരുതുന്നു. ചെറുപ്പകാലത്തെ അരക്ഷിതത്വം, ശിഥിലമായ കുടുംബാന്തരീക്ഷം അങ്ങനെ ഒരു പാട് കാര്യങ്ങള്‍ ഒരു തെറിവിളിക്കാരനെ/കാരിയെ വാര്‍ത്തെടുക്കുന്നതിന് പിന്നിലുണ്ട്. ഒരാള്‍ എത്ര മാനസികാരോഗ്യമുള്ളവനായാലും നിരന്തരമായ തെറിവിളികള്‍ അയാളെ അന്തര്‍മുഖനാക്കുകയും, ജോലിയില്‍ നിരുത്സാഹവാനാക്കുകയും ചെയ്യുന്നു. ഇത്തരം തെറിവിളികള്‍ ഒരു സമൂഹമാണ് ഏറ്റെടുക്കുന്നതെങ്കില്‍‍ ഒരു പക്ഷേ എതൊരാളേയും ആത്മഹത്യക്ക് വരെ പ്രേരിപ്പിച്ചേക്കാം. ഇരുണ്ടതും ദുഷ്പ്രാപ്യവുമായ വ്യക്തിത്വത്തിന്‍റെ ഒരു ഭാഗമാണ് തെറിവിളിക്കാനുള്ള ത്വര. ഈഗോയെയും, സൂപ്പര്‍ ഈഗോയെയും(ഫ്രോയിഡിന്‍റെ ആശയങ്ങള്‍) തൃപ്തിപ്പെടുത്താനുള്ള ഒരു അബോധപൂര്‍വ്വമായ അമര്‍ഷമാണ് തെറിവിളി...!

അടക്കിവച്ച ലൈംഗിക ദാഹത്തിന്‍റെ പുറന്തള്ളലാണ് തെറികള്‍ എന്ന് ഒരു മനഃശ്ശാസ്ത്രജ്ഞന്‍ എഴുതിയത് വായിച്ച് തന്‍റെ ലൈംഗികാഭീഷ്ടം അറിയിക്കാന്‍ മുന്‍ മനശാസ്ത്ര ലേഖനാടിസ്ഥാനത്തില്‍ സ്ത്രീകളെ തെറി വിളിച്ചയാള്‍ക്ക് കിട്ടിയതോ ദേഹമാസകലം മുറിവുചതവുകള്‍. പിന്നീട് മനഃശ്ശാസ്ത്രജ്ഞനോട് ലേഖനത്തിന്‍റെ സാധുതയെപ്പറ്റി പരാതിപ്പെട്ടപ്പോള്‍ “ആ സ്ത്രീകള്‍ എന്‍റെ ലേഖനം വായിക്കാത്തവരാകും” എന്നത്രേ മറുപടി നല്‍കിയത്.

തെറി ക്ലാസ്..!
തെറികള്‍ ആഗോളവല്‍ക്കരിച്ച് , ഉദാത്തമായ രീതിയില്‍ അവതരിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ നിലവില്‍ വന്നാല്‍, പരസ്പരം തെറിപറഞ്ഞ് നിരന്തരമായി ഉണ്ടാകുന്ന ടെന്‍ഷനില്‍ നിന്നും ആശ്വാസം കണ്ടെത്താനും ഒപ്പം പണം ഉണ്ടാക്കാനും ഉപകരിച്ചേനെ. ഒരു പക്ഷേ തെറിവിളിച്ച് പണമുണ്ടാക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. വളരെ എളുപ്പമായ ഒരു സംഗതിയാണത്. തെറി ഇസ്റ്റിറ്റ്യൂട്ടുകള്‍, തെറി ക്ലബ്ബുകള്‍ എന്നിവ തുടങ്ങിയാല്‍ ധാരാളം അംഗങ്ങളെ കിട്ടും . ഫീ/അംഗത്വ വരിസംഖ്യ ഈടാക്കി തെറി ഇന്‍സ്റ്റിട്യൂട്ടുകളും ക്ലബ്ബുകളും നടത്താം.

ക്ലബ്ബിന്‍റെ പേര് തന്നെ ഒരു തെറിയില്‍ തുടങ്ങിയാല്‍ അത്യുത്തമം . ഇത്തരം ഒരു ക്ലബ്ബിലേക്ക് കടന്നു ചെല്ലുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന ഗുഡ് മോണിങ്ങ്, നമസ്തേ എന്നതിന് പകരം ..&&*%%$$## തെറികള്‍ ആയിരിക്കും പറയുന്നത്. അതിനു ശേഷം കുശലം ചോദിക്കുമ്പോള്‍ നല്ല നല്ല തെറികള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം എരിവും പുളിയും ചേര്‍ത്താല്‍ അന്നത്തെ ദിവസം സമാധാനമായി ഉറങ്ങാം.

ഇന്‍സ്റ്റിട്യൂട്ടില്‍ ആണെങ്കില്‍ അധ്യാപകന്‍ ക്ലാസില്‍ വരുമ്പോള്‍ എല്ലാവരും കാല് ഡെസ്കിന്‍റെ മുകളില്‍ കയറ്റിവച്ച് നല്ലഒരു തെറി അങ്ങട് കാച്ചും..അധ്യാപകനും തിരിച്ച് ഒരു കണ്ണുപൊട്ടുന്ന പുളിച്ച തെറി..! അങ്ങനെ തെറിക്ലാസ് തുടങ്ങുകയായി.. ! നല്ല തെറിപ്പേരുള്ള പുസ്തകത്തിന്‍റെ ഒന്നാം അദ്ധ്യായതലക്കെട്ട് തന്നെ പ്രായോഗികമായി നിത്യ ജീവിതത്തെ പുളകം കൊള്ളിക്കുന്ന ഒരു തെറിയായിരിക്കും..!

തെറി എന്ന പീഢനം.
പീഢനങ്ങള്‍ മൂന്ന് വിധം, ഇതില്‍ ശാരീരികം, ലൈംഗികം എന്നീ പീഢനങ്ങള്‍ക്ക് കിടനില്‍ക്കുന്നതാണ് മാനസിക (വൈകാരിക) പീഢനവും. തെറിവിളി എന്ന വൈകാരിക പീഢനത്തിനെതിരെ കേസ് കൊടുക്കാന്‍ കഴിയുമോ? ഇതും പീഢനത്തിന്‍റെ പരിധിയില്‍ വരുന്നതുകൊണ്ട് എല്ലാ രാജ്യങ്ങളിലും അതിന്‍റേതായ നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ വിളിച്ചയാളും കേട്ടയാളും അല്ലാതെ സാക്ഷിയും ആവശ്യമാണ് താനും. ജോലി സ്ഥലങ്ങളിലെ തെറിവിളികള്‍ , കുടുംബത്തിനുള്ളിലെ തെറിവിളികള്‍ , സഹനത്തിന്‍റെ അതിര്‍ത്തികള്‍ ലംഘിക്കുമ്പോള്‍ കേസുകളായി പരിണമിക്കുന്നു. ഇന്ത്യന്‍ കുടുംബ അവസ്ഥകളില്‍ തെറിവിളികള്‍ക്കെതിരെ വളരെയൊന്നും പ്രതികരിക്കാറില്ല എന്നതാണ് സത്യം. വിവാഹമോചന ഘട്ടങ്ങളില്‍ ഇതും ഒരു കാരണമായി കാണിക്കാന്‍ മാത്രം പരാതിപ്പെടുന്നവരാണ് കൂടുതലും..!

തെറി-തുടക്കം ഒടുക്കം.
എവിടെയാണ് തെറി കൃത്യമായി പ്രയോഗിക്കേണ്ടത് എന്ന് പ്രത്യേകമായി ആരും പഠിപ്പിക്കേണ്ടതില്ല. പൊതു സഭകളില്‍ പ്രയോഗിക്കുന്ന തെറികള്‍ പലരും കുടുംബത്ത് പ്രയോഗിക്കില്ല. കൂട്ടുകാരുടെ മുന്നില്‍ പറയുന്ന തെറികള്‍ ജീവിത പങ്കാളിയുടെ മുന്നിലും പ്രയോഗിച്ചു കാണുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതായത് തനതായ അവസരങ്ങളില്‍ പലതരം തെറികള്‍ നാം തന്നെ അറിയാതെ തയ്യാറാക്കി വെച്ചിരിക്കുന്നു എന്നര്‍ത്ഥം..!

പലകാരണങ്ങളാണ് തെറിപറയാന്‍ പ്രേരകമാകുന്നത്. മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രതികരണങ്ങള്‍ കിട്ടാതെ വരുമ്പോഴും, പിരിമുറുക്കവും, ദേഷ്യവും ഒപ്പം അത്ഭുതം തോന്നുമ്പോള്‍ പോലും തെറി പറയുന്നു പലരും.പലപ്പോഴും മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി തെറിയുതിര്‍ക്കുന്നു എന്നതാണ് സത്യം. തെറി പറഞ്ഞ് അഭിവാദ്യം ചെയ്യുന്നവരും ധാരാളമായുണ്ട്. സ്നേഹക്കൂടുതല്‍ കൊണ്ട് തെറിവിളിക്കുന്നവരും, തമാശയ്ക്ക് തെറിപറഞ്ഞ് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരും ഏറെ.

ഒട്ടുമിക്ക ദാമ്പത്യ ബന്ധങ്ങളിലും തെറിവിളി സ്വാഭാവികമായിത്തന്നെയുണ്ട്. പരസ്പരം തോല്പിക്കാനുള്ള വ്യഗ്രതയില്‍ മിക്കപ്പോഴും സ്നേഹിക്കാന്‍ മറന്നു പോകുന്ന നിര്‍ബന്ധിത ബന്ധങ്ങള്‍ക്ക് പങ്കാളിയെ ജയിക്കാന്‍ അത്താണി തെറി തന്നെ. അവിഹിത ബന്ധങ്ങള്‍, സംശയങ്ങള്‍, ലൈംഗികാരാജകത്വം, പണദൌര്‍ലഭ്യം തുടങ്ങിയവയാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് ദമ്പതികളെ നയിക്കുന്നത്.

കുട്ടികള്‍ സാധാരണ തെറി വിളിച്ചു പഠിക്കുന്നത് മാതാപിതാക്കള്‍ പരസ്പരം വിളിക്കുന്നത് കേട്ടിട്ടാണ്. തങ്ങള്‍ പരസ്പരം തെറിവിളിക്കുന്നത് കുട്ടികള്‍ കേട്ട് പുനരവതരിപ്പിക്കുന്നു എന്ന് 90% മാതാപിതാക്കളും സമ്മതിക്കുന്നു.11 വയസുള്ള 3000 കുട്ടികളില്‍ നടത്തിയ പഠനം ഇത് അടിവരയിട്ട് തെളിയിക്കുന്നു. ബഹുഭൂരിപക്ഷം മാതാപിതാക്കള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും അവര്‍ കുട്ടികളുടെ ആദ്യ ഘട്ടങ്ങളിലെ തെറിവിളി വെറുംതമാശയായിട്ടെടുക്കുകയാണ് പതിവ്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ഭാഷ. നല്ല ഭാഷ കുട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസവും ഒപ്പം ചുറ്റുമുള്ളവരില്‍ നിന്ന് നല്ല പെരുമാറ്റവും ഉറപ്പുവരുത്തുന്നു.

വീട്ടില്‍ പഠിച്ച തെറികളുടെ പ്രായോഗിക പരിശീലനം കിട്ടുന്നത് സ്കൂളില്‍ ആണെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.സ്വഭവനത്തിങ്കല്‍ മുറപോലെ കോച്ചിങ്ങ് കിട്ടാത്ത ഹതഭാഗ്യര്‍, സ്കൂളില്‍ നിന്ന് അതെല്ലാം സ്വായത്തമാക്കാന്‍ സഹപാഠികള്‍ സഹായിച്ച് സ്വയം പര്യാപ്തതയില്‍ എത്തിക്കുന്ന സുന്ദരരീതിക്ക് എത്ര കണ്ട് അഭിനന്ദനം ചൊരിഞ്ഞാലും മതിയാകില്ല.‍..!!

നിങ്ങളെ ആരെങ്കിലും തെറിവിളിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും..? നാല് കാര്യങ്ങള്‍ ചെയ്യാം
1.തിരിച്ച് ഡോസ് കൂട്ടി തെറിയഭിഷേകം നടത്താം
2.ശാരീരികമായി എതിരിടാം
3. അവഗണിക്കാം.
4. കേസ് കൊടുക്കാം
ഇതില്‍ ഏതാണ് നല്ലതെന്ന് നിങ്ങള്‍ തീരുമാനിക്കൂ.

എന്തൊക്കെയായിരുന്നാലും തങ്ങള്‍ ഇടപഴകുന്ന സമൂഹത്തിന്‍റെ സംസ്കാരം ആണ് തെറിവിളിക്കാനും , സൌഹാര്‍ദ്ദപരമായി പെരുമാറാനും ശീലിപ്പിക്കുന്നത്. സൌമ്യമായതും , പരുക്കനായതുമായ വാക്കുകള്‍ സമൂഹമാണ് നിയന്ത്രിക്കുന്നത്.സമൂഹത്തിന് പഥ്യമല്ലാത്തതെല്ലാം സമൂഹം പുറന്തള്ളുന്നു. അക്കൂട്ടത്തില്‍ പെട്ടതാണ് തെറികളും.

തെറിവിളിച്ച് പൊട്ടിത്തെറിക്കുന്നവര്‍ ഓര്‍ക്കുക നിങ്ങള്‍ തെറിവിളിക്കുമ്പോള്‍ നിങ്ങളുടെ സംസ്കാരമാണ് ചോദ്യം ചെയ്യപ്പെടുന്നത്, അല്ലാതെ കേള്‍ക്കുന്നവരുടെയല്ല്ല.

തെറി വിളികേട്ട് ആദ്യം ചെവിയും പിന്നെ ഹൃദയവും പൊട്ടി, അടിയറവ് പറഞ്ഞ് കമഴ്ന്ന് കിടക്കുന്ന ഒരു പാവം ജീവനക്കാരന്‍റെയും തെറിവിളിയില്‍ വിജയം വരിച്ച ബോസിന്‍റേയും ചിത്രത്തോടെ ഇത് അവസാനിപ്പിക്കുന്നു. ശുഭം


24 ഫെബ്രുവരി 2011

അഹമ്മദ് റ്റീ..!!

ദുബായിലെ സാധാരണ കാറുകള്‍ കൂടണയാന്‍ തുടങ്ങുന്നു...!
പാര്‍ക്കിംഗില്‍ കിടക്കുന്ന ചില കാറുകള്‍
ബാറുകളിലേക്ക് പോകാന്‍ തയ്യാറായി...!
 പാര്‍ക്കിംഗ് കിട്ടാത്ത കാറുകള്‍ കറങ്ങിത്തളര്‍ന്നു...!
നഗരം സുരപാനം ചെയ്ത് മയങ്ങാന്‍ ഇനിയും സമയം ബാക്കി.!
ഓ..ഇത്രേമൊക്കെ മതി ആമുഖം.

മൊബൈല്‍ തരിപ്പിലിട്ടതുകൊണ്ട് ശബ്ദമലിനീകരണമില്ല.,
ഇതവനാ വേന്ദ്രന്‍. മാനവേന്ദ്രന്‍.

“അളിയോ..നീയെവിടാ..?”

“എന്താടാ..ഞാന്‍ വീട്ടിലുണ്ട്..”

“എന്താ പരിപാടി..?”
പരിപാടി എന്താണെന്ന് ചോദിക്കണമെങ്കില്‍
അവന്‍ ഫിറ്റായിരിക്കും, എന്നാലും ചോദിച്ചു.

“നീ ഫിറ്റാണോ..”

“ആണോന്ന്, മുക്കാല്‍ കുപ്പി കഴിഞ്ഞു..”

“ഹും നടക്കട്ട്..”

“ഒരു ചെറിയ സംഗതിയുണ്ട്..,
ഞാന്‍ കട്ട് ചെയ്തു വിളിക്കാം. വേറൊരു കോള്‍..”

ഹോ.. എന്തായിരിക്കും..?
സസ്പെന്‍സിലിട്ട് ഫോണ്‍ കട്ടു ചെയ്തുകളഞ്ഞു.
മാനവേന്ദ്രന്‍ ആള് ഒരു വാറ്റ് കന്നാസാ.
കന്നാസെന്ന് പറഞ്ഞാലും ശരിയാവുകയില്ല. ജാറയാ..ജാറ...!!

എന്തായിരിക്കും പറയാനുള്ളത്.

മൊബൈല്‍ വീണ്ടും തരിക്കുന്നു.

“ഹലോ..”

“അളിയോ..നമ്മക്ക് നാളെ ഒരു പ്രോഗ്രാമുണ്ട്.
വൈകിട്ട് ക്രൌണ്‍ പ്ലാസയിലാ. ഒരു പ്രോഡക്റ്റ് ലോഞ്ച്..!”

“എന്തോന്ന്..
പിന്നേ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ വരുമോ അതോ
പ്രോഡക്റ്റ് ലോഞ്ചിന് പോകുമോ..?, ഒന്നു പോഡോ.“

“അളിയാ..കൈവിടരുത്..
നീ ഉണ്ടങ്കിലേ എനിക്ക് പോകാന്‍ പറ്റൂ..
ഇല്ലേ രേണു വഴക്കുണ്ടാക്കും..പ്രശ്നമാകും..”

അതു ശരി എന്‍റെ ക്ലീന്‍ സര്‍ട്ടിഫിക്കേറ്റില്‍
പിടിച്ച് കളിക്കാനാ അവന്‍റെ ശ്രമം,
മുതലെടുക്കാന്‍ അവസരം നോക്കി ഇരിക്കുവാ.

“ഉം.. ശരി..ഞാന്‍ വരാം..
എന്നാല്‍ ലോഞ്ചിനൊന്നും ഇല്ല.
എനിക്ക് ഈ വക പരിപാടികളൊന്നും മനസിനു പിടിക്കുകേല്ല.
പിന്നെ എനിക്ക് ഷേക്ക് സായ്യിദ് റോഡില്‍ പോകേണ്ട ഒരു കാര്യണ്ട്..
ആട്ടെ എത്രമണിക്ക് തീരും തന്‍റെ പ്രോഗ്രാം “

“ഏറിയാല്‍ ഒന്‍പത് മണി മാക്സിമം പത്ത്..
അതിനപ്പുറം പോകില്ല..”

“ശരി..നാളെ വിളിക്ക്..ട്ടാ”

എനിക്ക് മനസിലാകുന്നില്ല,
എന്തിനാണോ ഇത്രയും മദ്യം കഴിക്കുന്നത്.
പൂസായാല്‍ പിന്നേം ഇരുന്ന് വലിച്ച് കേറ്റും.
ഒരിക്കല്‍ ചോദിച്ചപ്പോള്‍ പറയുന്നു

“ അളിയനറിയില്ല എനിക്ക് വല്യ ടെന്‍ഷനാ..”

“എന്തിന്‍റെ ടെന്‍ഷന്‍..?”

“ഓ..അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസിലാകുവേല..”

ഒരുപാട് പ്രോഡക്റ്റ്സിന്‍റെ ഡിസ്ട്രിബ്യൂഷന്‍ നടത്തുന്ന
മാനവേന്ദന്‍റെ ഒരേ ഒരു കുറവ് കോളജില്‍
കൂടെപ്പഠിച്ച ടെന്‍ഷനില്ലാത്ത ഞാന്‍ ആണെന്ന് തോന്നും.!!

“ഞാന്‍ എപ്പോഴും ഫിറ്റാന്നാ രേണു പറയുന്നേ,
എന്തു ചെയ്യാം..വൈകുന്നേരം ഒന്നു ടെന്‍ഷന്‍ ഫ്രീ
ആകാന്‍ ഇതല്ലാതെ വേറേ എന്തു വഴി..”

“നീ എപ്പോഴും ഫിറ്റാന്ന് പറഞ്ഞത് തെറ്റ്, കുടിക്കുമ്പൊ മാത്രം..!!

“അതിന് കുടിക്കാതെ രേണു നിന്നെ കണ്ടിട്ടുണ്ടോ..?”

“നീയിപ്പോഴും പഴയ അളിഞ്ഞ തമാശ തന്നേടേ. സ്റ്റേഷന്‍ മാറ്റിപ്പിടീ..’

“അല്ല ഇതു ഞാന്‍ സീരിയസായിപ്പറഞ്ഞതാ..”

ഒടുക്കത്തെ കുടി കാരണം രേണു ആണ് ബുദ്ധിമുട്ടുന്നത്.

"മൂത്ത മകന് 9 വയസ് കഴിഞ്ഞു.
അവനും ഇതൊക്കെ കണ്ടാ വളരുന്നത് എന്ന ചിന്ത പോലും മാനവേന്ദ്രന് ഇല്ല..”

ഒരിക്കല്‍ രേണു, ഞാന്‍ കൂടെയിരുന്നപ്പോള്‍ അവനോട് ചോദിച്ചു.

“ നിങ്ങള്‍ കുടിച്ചിട്ട് അമ്മയുടെയോ, പെങ്ങളുടെ അടുത്ത് സംസാരിക്കുമോ..?”

“ഇല്ല.”

“പിന്നെന്താ ഭാര്യയ്ക്കും ആ ബഹുമാനം തന്നാല്‍...?
അപ്പൊ ഭാര്യയുടെ സ്ഥാനം എന്താ..?”

അയാള്‍ക്ക് ഒന്നും പറയാന്‍ ഇല്ലായിരുന്നു.

ഇത് ഒരു ലഹരിയുടെ അവസ്ഥ..!
ഇനി മറ്റൊരുലഹരി- ബിസിനസ്..!!

വണ്ടിയിലിരുന്ന് കഴിഞ്ഞകാല ബിസിനസുകളേയും, അതിന്‍റെ വീഴ്ചകളേയും കുറിച്ച് വായ്തോരാതെ സംസാരിച്ചുക്കൊണ്ടിരുന്നു. പുതിയ മാര്‍ക്കെറ്റിംഗ് സ്ട്രാറ്റജികള്‍ പങ്കുവെയ്ക്കാന്‍ വല്ലാത്ത ഒരു ആവേശം. ചുമ്മാതല്ല കണ്ട ചവര്‍ പ്രോഡക്റ്റ്സ് എല്ലാം ഇറക്കുമതി ചെയ്ത് കാശുണ്ടാക്കിയത്..

“ ഇന്നത്തെ പ്രൊഡക്റ്റ് ലോഞ്ച് വളരെ പ്രത്യേകതരം തന്നെയാണ്..,!
 ഒരു പരീക്ഷണം. അത്രമാത്രം.
 മതം, ജാതി ഒക്കെ ഇന്ന് നിര്‍ണ്ണായക ഘടകം തന്നെ,
എന്തു വാങ്ങുമ്പോഴും ചെയ്യുമ്പോഴും!.“

മാനവേന്ദ്രാ...എന്ന് മനസില്‍ ഞാന്‍ ഉറക്കെ വിളിച്ചു,
 സ്റ്റിയറിംഗ് ഊരിയെടുത്ത് അടിക്കാനുള്ള ആഗ്രഹം അടക്കി.
ഇവന്‍ പുത്യ മതം വല്ലതും ലോഞ്ച് ചെയ്ത് കാശടിക്കാനുള്ള
ശ്രമത്തിലാണൊ എന്തോ..?

‘അളിയാ ..നീ നോക്കിക്കൊ,
മതം സെഗ്മെന്‍റ് ചെയ്താ ഈ പ്രോഡക്റ്റ്
യു എ ഇ യീല്‍ ഇറങ്ങാന്‍ പോകുന്നത്..!’

ഞാന്‍ സാകൂതം അവന്‍റെ മുഖത്ത് നോക്കി

‘അതെന്ത് പ്രോഡക്റ്റാ..മോനേ മാനൂ”

എന്‍റെ ജിജ്ഞാസയെ പുച്ഛിച്ച് തള്ളി അവന്‍ പറഞ്ഞു

“അത് സസ്പന്‍സ്”

ഞാന്‍ നിരാശതയോടെ വണ്ടിയില്‍ നിന്നും
അവനെ ക്രൌണ്‍ പ്ലാസയില്‍ ഇറക്കി.

“പ്രോഗ്രാം കഴിഞ്ഞ് ..വിളീക്ക്..ട്ടാ..
ഞാന്‍ ഇവിടെ എവിടെയെങ്കിലും കാണും..”

9 മണികഴിഞ്ഞു...
ദാ കാള്‍ വരുന്നു..

“ അളിയോ..30 മിനിറ്റിനുള്ളില്‍ ഞാന്‍ ഫ്രീയാകും...”

“കൈവിട്ട് പോയളിയാ...
വേറേ ഒരു പാര്‍‍ട്ടി ഡിസ്ട്രിബ്യൂഷന്‍ഷിപ്പ് എടുത്തുകളഞ്ഞു,
സാരമില്ല നമുക്ക് വേറേ നോക്കാം..”

വണ്ടിയില്‍ കയറിയതും ഒരു മനോഹരമായ പായ്ക്കറ്റ് എന്‍റെ നേര്‍ക്ക് നീട്ടീ..

ഇതാണാ പുതിയ പ്രോഡക്റ്റ്..!!

പായ്ക്കറ്റ് തുറന്ന് കണ്ണു നിറയെ കണ്ടു..യു എ ഇ കീഴടക്കാന്‍ പോകുന്ന ആ പുതിയ പ്രോഡക്റ്റ്. ..!!


അതേ..ഇതാണ് മാര്‍ക്കെറ്റ് സെഗ്മെന്‍റേഷന്‍,
ഇതായിരിക്കണം മാര്‍ക്കെറ്റ്സെഗ്മെന്‍റേഷന്‍..!!
മാര്‍ക്കെറ്റിംങ്ങിന്‍റെ പുതിയ തലങ്ങളിലേക്ക്
ഊളിയിടാന്‍ പ്രചോദനമാകുന്ന പുത്യ പ്രോഡക്റ്റ്..!!!
മുസ്ലീം പേരുള്ളതുകൊണ്ട് മാര്‍ക്കെറ്റിംഗ് രൊമ്പ ഈസിയായിരിക്കും..!!

സര്‍വ്വലോക മുസ്ലീംങ്ങള്‍ക്കും ഏതു നേരവും
 കുടിക്കാന്‍ യു കെയില് ‍നിന്ന് ഒരു ചായപ്പൊടി.
അഹമ്മദ് റ്റീ..!!

എനിക്ക് ദാക്ഷായണി ബിസ്കറ്റ്സ് ഓര്‍മ്മവന്നു
പിന്നെ ദൈവത്തിന്റെ പേരുകളുള്ള നെയ്യ്..
ഈ അണ്ഡകടാഹത്തില്‍ അങ്ങനെ എത്രയോ
പ്രോഡക്റ്റുകള്‍ ദൈവങ്ങളും,
മതങ്ങളുമായും സെഗ്മെന്റ് ചെയ്ത് വില്‍ക്കപ്പെടുന്നു..!!

എങ്കിലും പിന്നീട് മനസിലായി...
അഹമ്മദ് റ്റീ പുലി തന്നെ..നല്ല രുചിയുള്ള ചായ..!!
____________________________________________
#റഷ്യയിലും, #ഇറാനിലും എറ്റവും കൂടുതല്‍ വില്‍ക്കുന്ന
ചായപ്പൊടി എന്ന് കമ്പനി അവകാശപ്പെടുന്നു..!!.

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *