27 ഒക്‌ടോബർ 2009

ഹൃദയത്തിന്‍റെ രുചി..!!

Buzz It
മമനീലനയനദ്വയം നിനക്കായ് വിടര്‍ന്നു,
അതില‌ുടെ നിയെന്‍ ഹൃത്തിലൊഴുകിത്തുളുമ്പീ......
ഈ പകലില്‍, വസന്തം വിടര്‍ന്ന പ്രണയത്താഴ്വരകളില്‍
നിന്‍ സ്വര്‍ഗീയ മദഗന്ധമാസ്വദിച്ചുരുമ്മിനടക്കാനായ്...

മഴവില്ല് വിരിയട്ടെ, പക്ഷികള്‍ പാടട്ടെ....
ചെറുമരച്ചില്ലകള്‍ ആവോളം താളം പിടിച്ചാടിടട്ടെ....
സ്വപ്നങ്ങളും, പ്രതീക്ഷകളും, മോഹങ്ങളും,
പുതു പൂക്കളായ്‌ ചിരിച്ചുലഞ്ഞിടട്ടെ.

ഒരുവേള ഞാനെന്നെത്തന്നെ മറന്നുവോ...
പലനാളായ് പറയാന്‍ കരുതിവച്ചതെല്ലാം...
ചില കളിവാക്കായ്‌ വീണ്ടും മൊഴിഞ്ഞതിലലിഞ്ഞു,
പകലോളം നാം തമ്മില്‍ അരികില്‍ അറിഞ്ഞിരുന്നു.

പൊന്‍ചക്രവാളത്തില്‍ സൂര്യനമരുമ്പോള്‍.....
നിന്‍കൈപിടിച്ചവസാന വഴിയും താണ്ടി , വിജനതയില്‍,
കൂമ്പിയ മിഴികളില്‍ നിന്‍ചുണ്ടിനാലൊരു സ്പര്‍ശം,
പഞ്ചേന്ദ്രിയങ്ങളെ ഉലയില്‍ ഊതിക്കൊളുത്തി.

ഹൃദയമിതാ തുറക്കുന്നു നിനക്കായ് ..നിനക്കുമാത്രമായ്‌
അറിയുന്നു ഞാന്‍ , മദമിളകിയ താളം നിന്‍ ശ്വാസക്കൊടുങ്കാറ്റില്‍...
ഇടനെഞ്ചുപിളര്‍ത്തി ..നീ... മൂര്‍ച്ചയേറും കോമ്പല്ലിനാലെന്‍
ഹൃദയം കടിച്ചെടുത്താര്‍ത്തിയോടെ..പിന്നെക്കിനിഞ്ഞ
പ്രണയ സുഗന്ധമുതിരും രുധിരം,മധുരം മതിയാവോളം ദാഹം തീര്‍ക്കൂ.
കരയില്ല ഞാന്‍..നിനക്കെന്റെ ഹൃദയം ഞാനെന്നേ നേദിച്ചതല്ലേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ