10 നവംബർ 2009

ലച്ചു ചത്തേ..!!

2008ലെ ഒരു പ്രഭാതം..

"അയ്യോ..അയ്യോ ലച്ചു ചത്തേ..!!"

മിച്ചു (മീനാക്ഷി) ഉറക്കെ വിളിച്ചു കൂവി..! ഞാന്‍ ചത്തിട്ടില്ലാ എന്ന്‍ വിളിച്ചു പറയാന്‍ തോന്നി. പക്ഷേ കഴിയുന്നില്ലാ. അമ്മയും അച്ഛനുമെല്ലാം മുറിയിലേക്ക് ഓടിവന്നു. അമ്മ എന്നെ കുലുക്കി വിളിച്ചു. വിളികേള്‍ക്കാന്‍ എന്‍റെ മനസ്സ് കൊതിച്ചു.ഇനി ഇവരെല്ലാവരുംകൂടെ എന്നെ എടുത്ത് കുഴിച്ചിടും, ഹോ ഓര്‍ക്കാന്‍ കൂടി വയ്യ. ഒന്ന് എഴുനേല്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..!ഞാന്‍ ശരിക്കും ചത്തോ..? കൈയ്യും കാലും അനക്കാന്‍ പറ്റുന്നില്ലാ, എന്തിന് അധികം പറയുന്നു കണ്ണൊന്നുചിമ്മാന്‍ കൂടി പറ്റുന്നില്ലാ. ഒരു വട്ടം, ഒരേ ഒരു വട്ടം കണ്ണ് ഒന്ന് ചിമ്മാന്‍ കഴിഞ്ഞാല്‍ ഞാന്‍ രക്ഷപെട്ടു.എനിക്ക് തെളിയിക്കാമായിരുന്നു ഞാന്‍ ചത്തിട്ടില്ലാ എന്ന്. മുറിയില്‍ ശര്‍ദ്ദിലിന്‍റെ നാറ്റം, ഞാന്‍ ശര്‍ദ്ദിച്ചിരുന്നുവോ ? എനിക്ക് ശ്വാസം എടുക്കാന്‍ കഴിയുന്നുണ്ടോ ? ഇല്ല. പറന്നു പറന്ന് പോകുന്ന ഒരു അവസ്ഥ..! അങ്ങനെ എന്‍റെ വെടി തീര്‍ന്നു. അയ്യോ..ഞാന്‍ ചത്തു.

എല്ലാവരുംകൂടെ എന്നെയെടുത്തു പൊക്കി ആമ്പുലന്‍സില്‍ കയറ്റി. അമ്മയും അച്ഛനും കൂടെക്കയറി. അമ്മ അലമുറയിട്ട് കരയുന്നു. അച്ഛന്‍ വിഷണ്ണനായി, വിവര്‍ണ്ണനായി ഇരിക്കുന്നു, കണ്ണില്‍ നിന്ന് കണ്ണീര്‍ വരുന്നില്ല എന്നേ ഉള്ളൂ. ഇവര്‍ ഇത്രയേറെ എന്നെ സ്നേഹിച്ചിരുന്നുവോ...? ഞാന്‍ എന്തുമാത്രം ബുദ്ധിമുട്ടിച്ചിരിക്കുന്നു, എല്ലാറ്റിനും മാപ്പ് ചോദിക്കുവാനുള്ള അവസരം പോലും കിട്ടിയില്ലാ. എന്തായാലും നാണക്കേടായി, കൂട്ടുകാര്‍ എന്തു വിചാരിക്കും..?, തൊട്ടപ്പുറത്തെ ഫ്ലാറ്റിലെ ആന്‍റിയും അങ്കിളും എന്നെപ്പറ്റിയെന്ത് കരുതും ? ഞാന്‍ ആത്മഹത്യ ചെയ്തതാണെന്ന് വാല്ലോം അവര്‍ കരുതുമോ..? പ്രേമനൈരാശ്യം മൂലമാണ് ഞാന്‍ ആത്മഹത്യ ചെയ്തത് എന്നു കൂടെ കഥകള്‍ ഉണ്ടായാല്‍ ‍ ഇതുവരെയുള്ള എല്ലാ ഇമേജും പോയിക്കിട്ടും. ഞാന്‍ എഴുതിപ്പൂര്‍ത്തിക്കാത്ത ഒരു പാട് കഥകള്‍, കവിതകള്‍, എന്‍റെ ലാപ് ടോപ്പിലെ എത്രയോ ഫയലുകള്‍, എന്‍റെ ഡയറി നോട്ട്സ്...എല്ലാം എല്ലാം എനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെടും. ഒരു നെടുവീര്‍പ്പിടാന്‍ പോലും കഴിയുന്നില്ലല്ലോ..?

എത്ര മനോഹരമായിരുന്നു ഈ ഭൂമി, ഞാന്‍ ഇത്ര വേഗം മരിക്കേണ്ടായിരുന്നു എന്ന് തോന്നുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടായിരുന്നു. സ്വപ്നങ്ങളും ആഗ്രഹങ്ങളും ഏറെ ബാക്കി വച്ച് ഞാന്‍ യാത്രയാകുമ്പോള്‍, ഇതുവരെ ഞാന്‍ എന്തു നേടി എന്ന ചിന്തയും എന്നെ വ്യാകുലപ്പെടുത്തുന്നു. എനിക്ക് സ്വന്തമായി എന്തായിരുന്നു ഉണ്ടായിരുന്നത്..ഒന്നും ഇല്ല. എന്നെ ആരും ഓര്‍ക്കുക്കപോലുമുണ്ടാവില്ലാ. മരണമെന്ന സത്യം സാധൂകരിക്കുന്നത് മറവിയിലൂടെയാണ്. എന്നെ അറിയാവുന്നവര്‍ക്ക് ഞാന്‍ ഒരു ഓര്‍മ്മ പോലും ആവുന്നില്ലല്ലോ..!, മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥമില്ലായ്മയെ പഴിചാരി ഞാന്‍ മരണത്തെ അംഗീകരിക്കാന്‍ ശ്രമിക്കുന്നു. ഹോ..ഇനി എനിക്ക് ആരെയും കാണാനും സംസാരിക്കാനും ആവില്ല, ഒന്നും കഴിക്കാനും പറ്റില്ല. മരിച്ചുകഴിഞ്ഞാല്‍ ആത്മാവുണ്ടാകുമോ..?, ഉണ്ടാവും അതുകൊണ്ടല്ലേ എനിക്ക് ചിന്തിക്കാന്‍ കഴിയുന്നത്. ഇനി ഞാന്‍ എങ്ങോട്ടാണാവോ പോകുക..? എന്നെ കൊണ്ടുപോകാന്‍ വന്ന കാലന്‍ എവിടെ..? എന്‍റെ ആത്മാവ് കാലനെത്തിരഞ്ഞു.

എന്നെ ശവക്കുഴിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം ഏതോ ആശുപത്രിയില്‍ എത്തിക്കുകയാണ് ഉണ്ടായത്. ട്രോളിയില്‍ കിടത്തി ഉരുട്ടിയപ്പോള്‍ മരുന്നിന്‍റെ മണം മൂക്കില്‍ അടിച്ചുകയറി. ഞാന്‍ ശ്വാസം എടുക്കുന്നുണ്ട്, ചത്തിട്ടില്ലാ. പിന്നെന്തിനാ ഇവരെല്ലാം കരയുന്നത്. ഞാന്‍ എല്ലാം കാണാതെ കാണുന്നു. ആശുപത്രിക്കിടക്കക്ക് ചുറ്റും എത്ര പേര്‍..? അറിയില്ലാ..
എത്ര സമയമായി..?എത്ര ദിവസമായി..? അതും അറിയില്ലാ. ആരോ കവിളത്ത് തട്ടി. പ്രകാശത്തിലേക്ക് കണ്ണുതുറന്നതും, അവ്യക്തമായ ഒരു സ്ത്രീരൂപം ഡോക്റ്ററായി മുന്നില്‍.

“ഹായ്, ലക്ഷ്മി എന്തു തോന്നുന്നു...?“ പള്‍സ് നോക്കിക്കൊണ്ട് അവര്‍ ചോദിച്ചു.നല്ല പരിചയമുള്ള മുഖം ഓര്‍ത്തെടുക്കാന്‍ പ്രയാസം, ഒരു മലയാളി ഡോക്റ്റര്‍. ചുറ്റും കണ്ണോടിച്ചു,എനിക്ക് വേണ്ടപ്പെട്ടവര്‍ ആരുമില്ല. എവിടെ എല്ലാവരും..?

“എത്ര മണിക്കൂറായി ഉറങ്ങുന്നു എന്നറിയാമോ..?“

“ഇല്ല“ ഞാന്‍ ചുണ്ടനക്കി, ശബ്ദം പുറത്ത് വരുന്നുണ്ട്, ഭാഗ്യം ആശ്വാസമായി.

“പേടിപ്പിച്ചുകളഞ്ഞല്ലോ..48 മണിക്കൂര്‍ കഴിഞ്ഞു ഈ ഉറക്കം തുടങ്ങിയിട്ട്”

ഞാന്‍ വാ പൊളിച്ച് കിടന്നു...അടുത്ത ചോദ്യം..

“ആട്ടേ..ഏതാ ബ്രാന്‍റ്..? ഇനി കുടികുമ്പോള്‍ ഇത്രയധികം കുടിക്കരുത്, എല്ലാറ്റിനും ഒരു ലിമിറ്റ് വേണം.”

ഞാന്‍ ബോധം പോയതുപോലെ കണ്ണടച്ച് അഭിനയിച്ച് കിടന്നു...ഡോക്റ്ററുടെ കാലു പിടിച്ച് പുറത്ത് പറയരുത് എന്ന് പറയാന്‍ കഴിഞ്ഞില്ലെങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല.

പിന്നീട് കണ്ട സ്വപ്നത്തില്‍ കാലനും ചിത്രഗുപ്തനും ഒരേ സ്വരത്തില്‍ പറഞ്ഞു
“ ഈ കണക്ക് പിന്നീട് തീര്‍ക്കും, പലിശയോട് കൂടി”


വാല്‍ക്കഷണം: ഓണത്തിന് അങ്കിളുമാര്‍ (അമ്മയുടെ 2 സഹോദരന്മാര്‍ അവരുടെ 2 കൂട്ടുകാര്‍) കൊണ്ടുവന്ന കുപ്പികളില്‍ പൊട്ടിക്കാത്ത ഒരെണ്ണം, ഞാന്‍ പൊട്ടിച്ച് രണ്ട് ഗ്ലാസ് അടിച്ചതുമാത്രം ഓര്‍മ്മയുണ്ട്.....!! എന്‍റെ ആദ്യത്തെ മദ്യപാനം...!!!

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *