14 സെപ്റ്റംബർ 2009

കാര്‍ല എന്ന ബിച്ച് (കൂത്തിപ്പട്ടി!)

കാര്‍ല വെളുവെളെ കൊലുന്നനെ ഉള്ള ഒരു സുന്ദരി.ഇടത്തെ കവിളിലെ ഇളം കറുപ്പുനിറമുള്ള അതെ മറുക് മാറിനു മുകളിലുള്ളത് ഒരു അഹങ്കാരമായി കാര്‍ല എടുത്തിരുന്നു. അവളും ഞാനും എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ചായിരുന്നു. നടക്കുമ്പോള്‍ ചലിക്കാന്‍ പാകത്തിന്‍ മാംസങ്ങള്‍ നെഞ്ചിലും, പിന്‍ഭാഗത്തും മാത്രം. പക്ഷേ അവളെക്കാള്‍ നീളവും, വിടര്‍ന്ന കണ്ണുകളും എനിക്കായിരുന്നു. ആര് കണ്ടാലും അവളെ ഒന്നുകൂടെ നോക്കും, എന്തോ ഒരു ആകര്‍ഷണീയത.

അവളെ ആരാണ് ആദ്യമായി കൂത്തിപ്പട്ടി എന്ന് വിളിച്ചത്, എനിക്കറിയില്ല.പക്ഷെ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് അവളുടെ പപ്പാ അങ്ങനെ വിളിക്കുന്നതാണ്.ഒരു വെള്ളിയാഴ്ച്ച , ഞാന്‍ മമ്മയുമായി കുശലം നടത്തുന്നു.

where is that bitch? (എവിടെ ആ കൂത്തിപ്പട്ടി ?)
ചുവന്ന കണ്ണുകളുമായി കാര്‍ലയുടെ പപ്പാ…

നാന്‍സിയും , ആര്‍നിയും ഞെട്ടി , പിന്നെ കളി മതിയാകി മമ്മയെ പറ്റിക്കൂടി ഇരുന്നു.

“just..come..” സ്പ്രേയുടെ മണവുമായി….കാര്‍ല ഷൂസ് കയ്യില്‍ പിടിച്ചു , എന്നെയും വലിച്ചുകൊണ്ട് പുറത്തേക്ക് ഓടി.

“he’s a bastard”
പടിയില്‍ ഇരുന്നു ഷൂസ് കെട്ടി , ഞങ്ങള്‍
നടന്നുതുടങ്ങി.
“Tomorrow also off for him, drunkard, “
അവള്‍ പപ്പയെ പഴി പറഞ്ഞുകൊണ്ടിരുന്നു.അവള്‍ക്കു രണ്ടാന്‍ അച്ഛനെ ഒട്ടും ഇഷ്ടമല്ലായിരുന്നു.

“Rent’s hiked toomuch.., i will join for a work to support mumma”
“yes..its getting costly “..ഞാന്‍ ശരിവച്ചു.

സ്കൂളില്‍ കാര്‍ല ചില ദിവസങ്ങളില്‍ എന്നോട് മാത്രമെ സംസാരിക്കൂ. സ്കൂള്‍ കഴിഞ്ഞു ഈവനിംഗ് ഷിഫ്റ്റില്‍ അവള്‍ ജോലിക്ക് പോയിത്തുടങ്ങി.
മാര്‍ട്ടിന്‍ , വിക്കി , മറിയം തുടങ്ങിയ എല്ലാപേരും എന്‍റെ ഫ്ലാറ്റില്‍ വരുക പതിവുണ്ടായിരുന്നു ഒപ്പം കാര്‍ലയും. ഇപ്പോള്‍ കാര്‍ല ഇല്ലാത്ത സായാഹ്നങ്ങള്‍ എനിക്ക് പതിവായി . പക്ഷെ രാത്രിയില്‍ അവള്‍ എന്നെ എന്നും വിളിക്കും.
ബാല്‍കണിയില്‍നിന്നു ആരോടാ കൊഞ്ചിക്കുഴയുന്നതെന്നു അമ്മ എന്നോട് ചോദിക്കും,
“എന്താ പെണ്ണെ സ്കൂളില്‍ സംസാരിക്കാന്‍ സമയമില്ലേ .”
“ദാ വരുന്നു..” ഫോണ്‍ കട്ട് ചെയ്തു ഞാന്‍ അമ്മക്കടുത്തെത്തിയാലും, കാര്‍ല വിളിച്ചുകൊണ്ടിരിക്കും.
കാര്‍ല പുതിയ മൊബൈലും , ലാപ്‌ ടോപ്പും എന്നെ കാണിച്ചു , എന്‍റെ പഴയ മൊബൈല് ബാഗില്‍ തിരുകി , അവളുടെ സോണി ലാപ്ടോപിന്റെ ചന്തം നോക്കിയിരുന്നു. ഞാനും ഒരു പാര്‍ട്ട് ടൈം ജോലിയെ പ്പറ്റി ആലോചിച്ചുതുടങ്ങി,
എങ്ങനാ ഇതൊന്നു അച്ഛനോട് അവതരിപ്പിക്കുക എന്ന് ആലോചിച്ചു തലപുകച്ചു.ഒരെത്തുംപിടിയും കിട്ടുന്നില്ല.

ചിലപ്പോള്‍ വളരെ വളരെ മൌനത്തോട്‌ മല്ലിടുന്ന , അവളുടെ മുഖം പ്രത്യേക ഭാവങ്ങളോടെ എന്നില്‍ മിഴികളൂന്നി നിറഞ്ഞിരുന്നത് , ഞാന്‍ കണ്ടില്ലെന്നു നടിച്ചു . അത് അവളെ വേദനിപ്പിക്കേണ്ട എന്ന് കരുതിയാണ് . സ്വന്തം നാട്ടില്‍ തിരിച്ചു പോയാല്‍ എന്താ ചെയ്യുക എന്ന് അവളുടെ മമ്മ വിഷമിച്ചിരുന്നു , അവള്‍ക്കും ആ വിഷമം ഉണ്ട്.

ഒരിക്കല്‍ മമ്മ എന്നോട് രഹസ്യമായി പറഞ്ഞു.അവര്‍ക്ക് നാട്ടില്‍ ഒരു വില്ല വാങ്ങാന്‍ പ്ലാന്‍ ഉണ്ടെന്നു.ഞാന്‍ വളരെ സന്തോഷിച്ചു.

ലിബ്രറിയില്‍ വച്ചു അവള്‍ വളരെ ചിന്താവിവശയായിരുന്നു. അവള്‍ക്കു കുറെ ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുനു‌.
“I’ll make money…. fast money ‘അവള്‍ എന്തോ ഉറച്ചപോലെ
“But..how” എനിക്കൊന്നും മനസ്സിലായില്ല.
“At any cost i want to buy a villa “ഒരു ചെറിയ ജോലി ചെയ്യുന്ന അവള്‍ക്കെങ്ങനെ വില്ല വാങ്ങാന്‍ പണം ഉണ്ടാക്കാന്‍ കഴിയും..ഞാന്‍ ചിന്തിച്ചുതുടങ്ങി ..പക്ഷെ എങ്ങുമെത്തിയില്ല.

കാര്‍ല ഇടയ്ക്കിടയ്ക്ക് സ്കൂളില്‍ വരാറില്ല.ചിലപ്പോള്‍ വില കൂടിയ ആഭരണങ്ങള്‍ അണിഞ്ഞു കൊണ്ടുവരും, അവ അവളെ കൂടുതല്‍ മനോഹരിയാക്കി. ഇപ്പോള്‍ എല്ലാ രാത്രി കളിലും അവള്‍ എന്നെ വിളിക്കാറില്ല. അവള്‍ വളരെ സന്തോഷവതിയായി കാണപ്പെട്ടു . മമ്മയും വളരെ സന്തോഷവതിയായിരുന്നു.

ഇടയ്ക്ക് നീന്താന്‍ പോകുമ്പോള്‍ ഞാന്‍ അവള്‍ അല്പം തടിച്ചതായി കണ്ടു . മാറിലെ മറുകും , മുഖത്തെ മറുകും അതുപോലെ തന്നെ.

കാര്‍ല ഒന്നുകൂടെ സുന്ദരിയായി എന്ന് എനിക്ക് തോന്നി . കവിളുകളില്‍ റൂഷ് പുരട്ടാതെ തന്നെ ചുവന്നു തുടുത്തിരുന്നു. അവളുടെ വെളുത്ത തുടകള്‍ കാണുമാറുള്ള “മിനിസ്” , അവളെ ശരിക്കും ഒരു പ്രോഫെഷണല്‍ ആക്കിയതുപോലെ. മമ്മയുടെ ഉന്മേഷം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു. നാന്‍സിയും, ആര്‍നിയും അവിടെയും ഇവിടെയും ഓടിച്ചാടി നടന്നു,കാര്‍ലക്ക് അനുജത്തിയെയും , അനുജനെയും കൊഞ്ചിക്കുവാന്‍ വളരെ ഇഷ്ടമായിരുന്നു .

പപ്പാ വെള്ളിയാഴ്ചകളില്‍ ചുവന്ന കണ്ണുകളുമായി എന്നെ നോക്കി ചിരിക്കും.
” How are you..ലച്ച്ചു?.” മലയാളികള്‍ വിളിക്കുന്നതുപോലെ എനിക്ക് തോന്നും . കാര്‍ലയുടെ കെട്ടിടത്തിന്റെ വാച്ച്മാന്‍ ഒരു മലയാളി ചേട്ടനായിരുന്നു . എന്നെ കാണുമ്പൊള്‍ …ദൂരെനിന്നേ സലാം പറയും .ഞാന്‍ ചേട്ടാ എന്നാ വിളിക്കാറ് , അയാളുടെ കണ്‍കോണിലെവിടെയോ ഒരു നനവ്. “എന്‍റെ മോളും ഇത്രേണ്ട് ” …കൂടെ ഒരു വാടിയ പുഞ്ചിരിയും ..മനസുകരയുന്ന ഒരു പാവം പ്രവാസിയുടെ എല്ലാ വേദനകളും ഉള്ളിലൊതുക്കുന്ന ചേട്ടന്‍ . അതിരാവിലെ നാലുമണി മുതല്‍ കാറ്‌ കഴുകി കിട്ടുന്ന തുക നാട്ടിലേക്കു മകളുടെ പഠിപ്പിനായി അയക്കും. വീട് പണി പാതിവഴിയിലാണത്രേ . എന്തെല്ലാം വിശേഷങ്ങള്‍….
കാര്‍ല ഒരിക്കല്‍ എന്നോട് പറഞ്ഞു ഈ മനുഷന്‍ എന്റെ പപ്പാ ആയിരുന്നെങ്കില്‍ എന്ന് , അത്രയ്ക്ക് വാല്‍സല്യം ആണ് ആ കണ്ണുകളില്‍

എല്ലാ ഓണാവധിക്കും ഞാന്‍ മുടങ്ങാതെ നാട്ടില്‍ മുത്തശ്ശിമാരെ കാണാന്‍ പോകുമായിരുന്നു. വെറും ഒരാഴ്ച മാത്രം.ആ കഥകളൊക്കെ പിന്നീട് ഞാന്‍ എഴുതുന്നതാണ്..അവധികഴിഞ്ഞ് ..പിന്നെ സ്കൂളിലെ നോട്സ് എഴുതുന്ന തിരക്കാണ്.അമ്മയെ സോപ്പിട്ടു ഞാന്‍ എഴുതിക്കുമായിരുന്നു. ഒരു വ്യാഴാഴ്ചയാണ് ഞാന്‍ തിരികെ എത്തിയത് . വെള്ളിയാഴ്ച കാര്‍ലയെ കാണാന്‍ ചെന്നു.. നോട്സ് വാങ്ങിക്കുവാനും ഒപ്പം ഒരാഴ്ചത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും.
കതകു തുറന്നതും മമ്മ പൊട്ടിക്കരഞ്ഞു..
’she’s gone with her boss , but she given money for the villa.”
അകത്തുനിന്നും ചുവന്ന കണ്ണുകളുമായി കാര്‍ലയുടെ പപ്പാ ..
“forget about that bitch”
അയാള്‍ മുരണ്ടുകൊണ്ട്‌.അകത്തേക്ക് പോയി.
ഞാന്‍ വിളറിയ മുഖമോടെ പുറത്തേക്കും…..

03 സെപ്റ്റംബർ 2009

ആദ്യ ചെറുക്കന്‍കാണല്‍- ഇതു കഥയല്ല

എന്നെ പെണ്ണുകാണാന്‍ ആരോ വരുന്നു എന്ന് അമ്മ വിളിച്ചു പറഞ്ഞതും, ഒരു കൊല്ല്യാന്‍ എവിടെക്കൂടെക്കൊയോ പാഞ്ഞതും ഒരുമിച്ചായിരുന്നു. വല്ലാത്ത ഒരു തരം ചിന്തകളില്‍ ഞാന്‍ മനസ്സിനെകുത്തിക്കറക്കി. മനസ്സ്, അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡറില്‍ കയറിയ കൊച്ചുകുട്ടിയുടെ പേടിയോടേ ശക്തിയായി മിടിച്ചു.

വീട്ടിലെത്തിയതും ബുക്കുകള്‍ ബെഡിലേക്ക് എറിഞ്ഞു, ഒപ്പം ഞാനും മലര്‍ന്നു കിടന്നു.മിക്കവാറും എല്ലാ സിനിമകളിലും നായിക ഇങ്ങനെയൊക്കെയാണല്ലോ..!

“ഡീ...“ അമ്മ നീട്ടി വിളിച്ചു.ഞാന്‍ നായികാ സങ്കല്പത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റ് മുന്നില്‍ നിന്ന അമ്മയെ നോക്കി, ചില സീരിയലുകളില്‍ പുരാണാവതാരങ്ങളുടെ വലിപ്പം കാണിക്കാറുള്ള ഷോട്ട് പോലെ അമ്മ മുകളിലേക്ക് നില്‍ക്കുന്നു.
“ചെറുക്കന് ജബലാലീല് ജോലിയാ,സീനിയര്‍ മാനേജറാ.. ഫുള്‍ ഫാമിലി ഇവിടെയും ക്യാനഡേയിലുമാ..ഒരു ചേച്ചി ഉള്ളത് സിങ്കപ്പൂരിലും..”
അതെന്താ അമ്മെ ചെറുക്കന്‍റെ അപ്പന് രണ്ടു ഫാമിലിയുണ്ടോ എന്നു ചോദിക്കാന്‍ മനസ്സു ഒന്നു മിടിച്ചു..പിന്നെ പുവര്‍ ജോക് അടിച്ച് അമ്മയെ ശുണ്ഠിപിടിപ്പിക്കേണ്ട എന്നു തീരുമാനിച്ചു.
“നീ വേഗം കുളിച്ചു റെഡിയാവ്..അവര് ഒരു മണിക്കൂറില്‍ ഇങ്ങെത്തും”
മലയാളിയായ ഞാന്‍ ദിവസവും രണ്ടുനേരം കുളിക്കുമെന്ന് അമ്മക്കറിയാമെങ്കിലും ഈ കുളി ഒരു സ്പെഷ്യലാ,സ്പെഷ്യല്‍ ചായ പോലെ..സ്പെഷ്യല്‍ കുളി..!

ഞാന്‍ കുളിച്ചിറങ്ങിയതും, അമ്മ ഫോണില്‍ എന്തൊക്കെയോ സംസാരിച്ചു കട്ടു ചെയ്തു.

“ആരാ..?”
“അച്ഛനാ..അവര് താഴെ പാര്‍ക്കിങ്ങ് നോക്കുവാ,നീ വേഗം റെഡിയാവ്..“
ഞാന്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് നോക്കി..അപ്പൊ അതാ അദ്ദേഹം മേലേക്ക് നോക്കുന്നു. പക്ഷേ ഞങ്ങള്‍ പ്രേമത്തിലായില്ല.കാരണം എനിക്കറിയില്ല ആരാ ചെറുക്കന്‍ എന്ന്..!
വേറേ ആരോ ആണ് മുകളിലേക്ക് നോക്കിയതെന്ന് പിന്നീട് മനസ്സിലായി.‍

ഞാന്‍ അടുക്കളയില്‍ അമ്മയെ സഹായിക്കാനെന്ന വ്യാജേന നിന്നു.അവരും വിചാരിച്ചോട്ടെ ഞാന്‍ ഒരു ഹോംലി ഗേള്‍ ആണെന്ന്.

അമ്മ അവരെ ആനയിച്ചിരുത്തി..അതിനു ശേഷം ആനയുടെ അത്രയും വണ്ണമുള്ള എന്‍റെ ഭാവി അമ്മായിഅമ്മ ആകാന്‍ സാധ്യതയുള്ള.. മഹതിയെ അടുക്കളയിലേക്ക് ആനയിച്ചു. കൂടെ ചെറുക്കന്‍റെ പെങ്ങളാണെന്നു തോന്നുന്നു ഒരു ശൃംഗാരി..എനിക്ക് ഒട്ടും പിടിച്ചില്ല, സ്ത്രീ സഹജമായ അസൂയ എന്ന് ഇതിനെ നിങ്ങള്‍ വിളിക്കരുത്.ഇത് എന്‍റെ ജന്മാവകാശമാണ്. ഭാവി സിസ്റ്റര്‍-ഇന്‍-ലൊയെ കാണുന്ന അന്നു മുതല്‍ വെറുക്കുക എന്നത്.

ഭാവി മതര്‍-ഇന്‍-ലൊ കണ്ട ഉടനേ തലയില്‍ തലോടുന്ന വ്യാജേന മുടിയില്‍ പിടിച്ച് വലിച്ചു,പിന്നെ താടിക്ക് പിടിച്ചു സ്നേഹം പ്രകടിപ്പിച്ചു, മൂക്കില്‍ പിടിച്ച് വലിച്ചു..സത്യം പറഞ്ഞാല്‍ ശരിക്കും വേദനിച്ചു.ഇതൊക്കെ ഒരു ടെസ്റ്റിങ്ങ് ആണെന്നെനിക്കറിയാം.എന്‍റെ അമ്മയെക്കൊണ്ട്, ചെറുക്കന്‍റെ മുടിക്കും (ഇപ്പൊ എല്ലാം വെല്‍ ഗേറ്റ് അല്ലേ), താടിക്കും മൂക്കിനും ഒന്നു പിടിപ്പിക്കണമെന്ന് എനിക്കുണ്ടായിരുന്നു. ഭാവി സിസ്റ്റര്‍-ഇന്‍-ലൊ എന്നെയും വലിച്ചു കൊണ്ട് ആണുങ്ങളുടെ മുന്നിലെക്കിട്ടു.

“അവര്‍ക്കെന്തെങ്കിലും തമ്മില്‍ പറയാന്‍ ഉണ്ടെങ്കില്‍..?” ഞാന്‍ മുഖം കുനിച്ചു, നാണം നടിച്ചു നിന്നു.എനിക്കൊരു പേടിയുണ്ടായിരുന്നു, ഞാന്‍ കാണിക്കുന്ന നാണം എന്ന രസം മാറി എട്ടാമത്തെയോ, ഒന്‍പതാമത്തെയോ രസമായാല്‍..?
എന്തായാലും അഭിനയം വളരെ കണ്ട്രോള്‍ഡ് ആയിരുന്നു.

“ഇല്ല..എനിക്കൊന്നും പറയാനില്ല” ചെറുക്കന്‍ ഒരു മാന്യനാണല്ലോ..മിക്കവാറും ചിലര്‍ കിട്ടിയ ചാന്‍സില്‍ ഒന്നു പഞ്ചാര അടിക്കുകയാണ് പതിവ് എന്നു കൂട്ടുകാരികള്‍ പറഞ്ഞ് അറിയാം..(ഓ..ഞാന്‍ ഒരു പഞ്ചപാവം), പെണ്ണുകാണാന്‍ വരുമ്പോഴല്ലേ നമ്മളില്‍ നിന്ന് ബഹുമാനം പ്രതീക്ഷിക്കാന്‍ പറ്റൂ.

“ജാതകം ചേര്‍ച്ചയായ സ്ഥിതിക്ക് ഇനി മറ്റുകാര്യങ്ങള്‍ സംസാരിക്കാം..”

അച്ഛന്‍ അകത്തുനിന്ന് ഒരു ഫയല്‍ കൊണ്ടുവന്നു. അപ്പോഴാണ് എനിക്കോര്‍മ്മവന്നത്.കഴിഞ്ഞ ആഴ്ച നടത്തിയ എന്‍റെ മെഡിക്കല്‍ ചെക്അപ്പിന്‍റെ
റിപ്പോര്‍ട്ട്.HIV ടെസ്റ്റുവരെ എടുത്തിരുന്നു.ഒരു വിവാഹത്തിന് എന്തെല്ലാം നൂലാമാലകള്‍.

ചെറുക്കന്‍റെ അച്ഛനും ദേ ഒരു ഫയലുമായി ഇരിക്കുന്നു.

സ്കൂള്‍ , കോളേജ് സെര്‍ട്ടിഫിക്കേറ്റ്സ് എല്ലാം പരിശോധിച്ചു കഴിഞ്ഞു....

രണ്ട് അച്ഛന്മാരും അമ്മമാരും ഫയല്‍ നോക്കി പരസ്പരം തൃപ്തിപ്പെട്ടു.

ഭാവി മതര്‍-ഇന്‍-ലോ ഇടപെട്ടു, “ഇതില്‍ വെര്‍ജിനിറ്റി ടെസ്റ്റിന്‍റെ റിപ്പൊര്‍ട്ടില്ല..?വിശ്വാസല്ലാഞ്ഞിട്ടല്ല..നമ്മള്‍ ഒരു കാര്യത്തിനിറങ്ങുമ്പോള്‍ എല്ലാം നോക്കുന്നത് നല്ലതല്ലേ....”.

“അതിനെന്താ..അതെടുക്കാവുന്നതേ ഉള്ളൂ, നാളെ ആവാം..ന്തേ” പാവം അച്ഛന്‍..!

“അതു വേണ്ട ഞങ്ങള്‍ക്ക് ഒരു ലേഡിഡോക്ടര്‍ ഉണ്ട്, അവിടെ ഞാന്‍ കൊണ്ടുപോകാം” ഭാവി മതര്‍-ഇന്‍-ലോ.കള്ള സെട്ടിഫിക്കേറ്റ് ഉണ്ടാക്കിയാലോ എന്ന പേടിയാവാം.

അങ്ങനെ വെര്‍ജിനിറ്റി ടെസ്റ്റും ഞാന്‍ പാസ്സായി, അതും ചെറുക്കന്‍ പാര്‍ട്ടിയുടെ ഗൈനക്കൊളജി ഡോക്ടറുടെ.താങ്ക് ഗ്വാഡ്.

ഇത്ര വിശ്വാസമില്ലാത്തവര്‍..വിവാഹം കഴിഞ്ഞാല്‍ എന്നെ മുറിയില്‍ പൂട്ടിയിട്ട് ജോലിക്കു പോകുമോ എന്ന് ചോദ്യത്തിന് അമ്മക്ക് ഒരുത്തരവും ഇല്ലായിരുന്നു.

പക്ഷേ ഈ വിവാഹം നടന്നില്ല.കാരണം ഞാന്‍ തന്നെ.

“ചെറുക്കന്‍റെ വെര്‍ജിനിറ്റി ടെസ്റ്റ് നടത്താതെ ഞാന്‍ എങ്ങനെ വിവാഹം കഴിക്കും. “ എന്ന എന്‍റെ ചോദ്യം..
അതിന്‍റെ മറുപടി പുരുഷന്മാര്‍ക്ക് വെര്‍ജിനിറ്റി ടെസ്റ്റ് ഇല്ല എന്നായിരുന്നു.

തെളിയിക്കാന്‍ പറ്റാത്ത സത്യത്തിന് വിലയില്ല.നിങ്ങള്‍ തെളിയിക്കൂ എന്നിട്ട് വരൂ.
മറുപടി പറയാതെ അങ്ങേത്തലക്കല്‍ ഫോണ്‍ കട്ടു ചെയ്യുന്ന ശബ്ദം...

എന്‍റെ സങ്കടം മുഴുവന്‍ അച്ഛനെപ്പറ്റിയായിരുന്നു..പാവം എന്തു മാത്രം വിഷമിച്ചുകാണും.

01 സെപ്റ്റംബർ 2009

അമ്മായി ഇന്‍ ഷാര്‍ജാ പയറുകട..!

അമ്മായി ആള് അടിപൊളിയാ.എന്‍റെ സ്വന്തം അമ്മാവന്‍റെ ഭാര്യ.ആരെങ്കിലും എന്നോട് ചോദിച്ചാല്‍, വകേലൊരു അമ്മായി എന്നു പറയിപ്പിക്കുന്ന പെരുമാറ്റവും, ഒരുക്കവും. ഞാന്‍ പലവട്ടം അമ്മായിയെ ശരിക്കും ഉപദേശിച്ചു പരാജയപ്പെട്ടതാണീ വിഷയത്തില്‍.
"അമ്മായീ... ഈ മുസ്ലീം സ്ത്രീകള്‍ എത്ര ഭംഗിയിട്ടാണ് ശരീരം മറച്ച് നടക്കുന്നത്"
"എടീ നമ്മള്‍ ഹിന്ദുക്കളാ..അവളുമാര് ചെയ്യുന്നതിന് ഓപ്പോസിറ്റേ ഞാന്‍ ചെയ്യൂ..ഹിന്ദു മുസ്ലീം ഐക്യം ഒന്നും ഇപ്പൊ പ്രാവര്‍ത്തികമല്ല."
ഇപ്പോള്‍ നിങ്ങള്‍ക്കൂഹിക്കാന്‍ അമ്മായി ആരാ "മൊതല്‍" എന്ന്‍.

"ഇത്രയൊക്കെയായിട്ട് പിടിച്ചുനില്‍ക്കാന്‍ വയ്യ.."

"എവിടെ പിടിച്ചു നില്‍ക്കുന്ന കാര്യമാ അമ്മായി..?"ഞാന്‍ അമ്മായിയെ ഒന്ന്‍ ഊതി.

"എടീ, ശവമേ..ഷോപ്പിങ്ങ് മാളിലൊക്കെ പോയാല്‍ പത്തു പേരു നമ്മളെ നോക്കണം. ല്ലേപ്പിന്നെ പോയിട്ടെന്താ കാര്യം..നിന്നെപ്പോലെ പൊട്ടും ഇടത്തില്ല..ഒരുങ്ങത്തുമില്ല..നീ ഒരു പെണ്ണാണോടീ"

അമ്മായി എന്‍റെ അസ്ഥാനത്തു വിരല്‍ ചൂണ്ടി..ഇനി രക്ഷയില്ല.നിങ്ങള്‍ എന്നാ വേണേലും ഉടുക്ക് പെണ്ണുമ്പിള്ളേ എന്നു പറയാന്‍ നാവുപൊന്തിയതാ. അമ്മാവനെ ഓര്‍ത്ത് നാവു താഴ്ത്തിത്തന്നെയിട്ടു. അമ്മായി സാരിയുടുത്താല്‍, എതിരെ വരുന്ന ആണുങ്ങള്‍ പിടലി ഉളുക്കിയതുപോലെ നടന്നു പോകും. അത്രക്ക് അടിപൊളിയാ അമ്മായി.

താമസം ഷാര്‍ജയില്‍, ജോലി പാര്‍ട്ട് റ്റൈം ഹൗസ് വൈഫ്, ഫുള്‍ റ്റൈം ഷോപ്പിങ്ങ്. എവിടെ നല്ല തുണിയുണ്ടെങ്കിലും വാങ്ങും.എന്നിട്ട് അതിട്ട് എന്നെപ്പോലയുള്ളവരെ കൊതിപ്പിക്കുക എന്നതാണ് പ്രധാനവിനോദം. അതൊക്കെ സഹിക്കാം പക്ഷേ ഇടക്കിടക്ക് ഇംഗ്ലീഷ് പറയുന്നത് കേട്ടാല്‍ അമ്മായിപെറ്റ അഞ്ചിലും,ഏഴിലും പഠിക്കുന്ന സുനിലും,സുലേഖയും പോലും സഹിക്കില്ല. അതെങ്ങനാ വിത്തുഗുണം പത്തുഗുണം എന്നല്ലേ പ്രമാണം.അമ്മായിയുടെ അച്ഛന്‍ പണ്ട് പ്ലാന്‍റേഷന്‍ കോര്‍പൊറേഷനില്‍ പ്രസംഗിച്ചതിന് ഉല്‍ബുദ്ധരായ ചെറുപ്പക്കാരികള്‍ പൊതിരെ തല്ലി.

കൈയില്‍ പ്ലാസ്റ്ററുമായി എത്തിയ അമ്മായിയുടെ അച്ഛനോട്, തോമാച്ചായന്‍ വഴിയില്‍ ചോദിച്ചു.
"എന്നാ പറ്റിയതാ"
"ഓ..ഒന്നും പറയേണ്ട ഒന്നു പ്രസംഗിച്ചതാ, ഇംഗ്ലീഷില്‍" എന്നായിരുന്നു മറുപടി.
പ്രസംഗത്തില്‍ അടികൊണ്ട ഭാ​ഗം ഇങ്ങനെ.

"എന്‍റെ പ്രീയപ്പെട്ട,സമര സഖാക്കളെ, ജോലി സ്ഥിരതയില്ലാത്ത 56 ഓളം ലേഡീസിനെ പിരിച്ചുവിട്ടതില്‍ തോറ്റ പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ ഞാന്‍ എന്‍റെ സ്റ്റ്രോങ്ങ് പതിക്ഷേധം രേഖപ്പെടുത്തുന്നു.നിങ്ങളുടെ അഗാധമായ പ്രോബ്ലംസ് സോള്‍വ് ചെയ്യാന്‍ ഞാന്‍ മുന്നിട്ടിറങ്ങും. ഭര്‍ത്താവില്ലാത്തവരുടേയും, വിവാഹം കഴിക്കാത്തവരുടേയും നികത്താനാവാത്ത നിരവധി പ്രോബ്ലംസ് എനിക്ക് നേരിട്ടറിയാം.നിങ്ങള്‍ കണ്ട്രോള്‍ വിടരുത്. നിങ്ങളുടെ ഏത് ബുദ്ധിമുട്ടുകള്‍ക്കും മിഡ്നൈറ്റില്‍ പോലും നിങ്ങള്‍ക്ക് എന്നെ കോണ്ടാക്റ്റ് ചെയ്യാം. നമ്മുടെ ഈ കോര്‍പൊറെഷനിലെ 56 ലേഡീസിനേയും പ്രഗ്നന്‍റ് ആക്കാന്‍ ഞാന്‍ അഹോരാത്രം വര്‍ക്കു ചെയ്യുമെന്ന്‍ ഉറപ്പുതരുന്നു. " പെണ്ണുങ്ങളുടെ കണ്ട്രോള്‍ ശരിക്കും വിട്ടു..
അതില്‍പ്പിന്നെ പെര്‍മനെന്‍റും, പ്രഗ്നന്‍റും കേട്ടാല്‍ പുള്ളി, വലതു കൈ തടവുന്നത് ഒരു ശീലമാക്കി എന്നാണറിവ്.

ഞാനും എന്‍റെ നാലു കൂട്ടുകാരികളും ഊരുചുറ്റി ഒരു രണ്ടുദിവസം മുന്‍പ് മലയാളിയുടെ ഷാര്‍ജ അഥവാ അറബിയുടെ ഷാര്‍ങ്ങായിലെത്തി. സമയം ഉച്ചക്ക് ഒരു മണി. നല്ല വിശപ്പ് .രാവിലെ ഒന്നും "ഞണ്ണാന്‍" കിഴിഞ്ഞതുമില്ല. അമ്മായിയെ വിളിച്ചു, ഫോണ്‍ എടുക്കുന്നില്ല. ഇനി എന്നാ ചെയ്യും..ഈ അമ്മായി ഒരു പഞ്ഞരവാദിയാ..വിശന്നിട്ടാണേല്‍ ഞാന്‍ ഒരു ഈദി അമീനി ആകും എന്നാ തോന്നണത്.
ഡ്യൂട്ടിക്കിടേല്‍ അമ്മാവനെ വിളിച്ചാല്‍ " ഡീ , നിന്‍റെടുത്ത് ഞാമ്പറഞ്ഞിട്ടൂണ്ട്, മേലാ ഈ നമ്പരീ വിളിക്കരുതെന്ന്‍".അത്രക്ക് കാര്യമാ അമ്മാവനെന്നോട്. അഞ്ചു മൊബൈലുകള്‍ ഒരേസമയം അമ്മായിയെ ട്രൈ ചെയ്തു. വിളിയോട് വിളി.

ഇനി വിളിച്ച് വിളിച്ച് ചാര്‍ജ് തീര്‍ന്ന്‍, മൊബൈല്‍ സ്വിച്ച് ഓഫ് ആവുമോ..?
അതാ ആഷയുടെ മൊബൈലില്‍ അമ്മായിയുടെ സൗണ്ട്..നല്ല മണിയടിച്ചതുപോലെ..

"ഹലോ, ഹു ഈസ് ദിസ്..?" അമ്മായിയുടെ ഇംഗ്ലീഷ്...

"അമ്മായി ഇതു ഞാനാ ലച്ചു" മൊബൈല്‍ പിടിച്ചുവാങ്ങി ഞാന്‍ ഉറക്കെ അലറി.

"ഹായ്, നൈസ് റ്റു മീറ്റ് യു...മൈ ഗേള്‍"

"അമ്മായി ഇതു ഞാനാ ലച്ചു" ഞാന്‍ വീണ്ടും അലറി.
"അമ്മായി എവിടെയാ?"

"ഐ ആം ഇന്‍ പയറു കട, അജ്മാന്‍ റോഡ്, ഫോര്‍ ഷോപ്പിങ്ങ്..കം..കം."

"അമ്മായി എവിടെയാ ഈ പയറു കട..? വെജിറ്റബിള്‍ മാര്‍ക്കെറ്റിലാണോ..?"

"എടീ പൊട്ടീ, ഇതു റെഡിമെയ്ഡിന്‍റെ കടയാ..ഫ്രം പാരീസ് യു നൊ....യു ഡു വണ്‍ തിംഗ്..ആ പാലം കേറി K M ട്രേഡിംഗ് കഴിഞ്ഞു നേരേ വിട്ടോ..ഐ ആം ഇന്‍ഫ്രോണ്ട് ഓഫ് പയറു കട ഒകെ ബൈ..."

ഇന്‍കമിംഗ് കാളിനും ചാര്‍ജീടാക്കുന്ന കണക്കെ അമ്മായി ഫോണ്‍ കട്ട് ചെയ്തു.

ഞങ്ങള്‍ക്ക് ആകെ കണ്‍ഫ്യുഷനും..ഒപ്പം ജിജ്ഞാസയും..എന്താ ഈ പയറുകട?
"ഇത്രേം നാളായിട്ടും, നമുക്കീ പയറുകട കാണാന്‍ കഴിഞ്ഞില്ലല്ലോ.."

വീണ്ടും വിളിച്ചു..

"ഏസ്..." അമ്മായി വീണ്ടും..

"അമ്മായീ ഞാന്‍ ഇതാ K M ട്രേഡിംഗ് കഴിഞ്ഞു.."

"എടീ പോത്തേ..അല്‍പംകൂടി മുന്നോട്ട് വാ..ദാ ഞാന്‍ പയറുകടേടെ മുന്നില്‍ തന്നെയുണ്ട്"

"ഹോ ..ശരിയമ്മായി.." അമ്മായിയെ ഞാന്‍ കണ്ടു..മുഖത്ത് ഒരുപാട് ഭരണപരിഷ്കാരങ്ങളുമായി,ബോഡി എക്സിബിഷന്‍ നടത്തിക്കൊണ്ട് അമ്മായി നിറഞ്ഞു നില്‍ക്കുന്നു.പയറു കട കാണാനുള്ള ആകാംഷയോടെ ബോര്‍ഡിലേക്ക് നോക്കി..ആ ബോര്‍ഡ് കണ്ട് ഞാന്‍ വായ് പൊളിച്ചുരുന്നു..ഒരു കൂട്ടുകാരി വായ് പിടിച്ച് അടുപ്പിച്ചു..അല്ലെങ്കില്‍ എന്‍റെ വായ് അങ്ങനെ അര മണിക്കൂര്‍ ഇരുന്നേനെ.

എന്‍റെ "വകേല്‍" അമ്മായിയുടെ പയറുകടേടെ ഫോട്ടോ താഴെക്കൊടുക്കുന്നു.

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *