28 ഫെബ്രുവരി 2010

ദില്‍ തൊ ബച്ചാ ഹെ ജി..!

Buzz It


"തു ഹി തൊ ജന്നത്ത് മേരി" പുതിയ റിങ്ങ് ടോണ്‍ ..!
രായൂട്ടന്‍ അവള്‍ക്ക് വേണ്ടി മാത്രം സെറ്റ് ചെയ്തത്..!
ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നു, ഒരേ മുറിയില്‍ താമസിക്കുന്നു എങ്കിലും തുറന്ന്‍ പറയാതിരിക്കാന്‍ വയ്യ "ഇവന്‍ ഈ കാണിക്കുന്നത് വളരെ വളരെ തൊട്ടിത്തരമാണ്, അലമ്പാണ്. എന്ന്‍ മാത്രമല്ല പാതിരാത്രി വെളുക്കുവോളം മൊബൈലില്‍ കിന്നാരം, പൂത്തുലഞ്ഞ നില്‍ക്കുന്ന കടുക് പാടങ്ങളിലൂടെ പാടി ഓടിനടക്കുന്ന എന്‍റെ റൂംമേറ്റ്..! (കട: ഡിഡിഎല്‍ജെ), ഒരു മൊബൈലിന്‍റെ സാങ്കേതികത്വത്തിനകത്തു കിടന്ന് ‍കൊണ്ട് ചെയ്യാവുന്ന എല്ലാ റോമാന്‍സ് പരിപാടികളും രായൂട്ടന്‍ നടത്തും. ഇതൊക്കെ കണ്ട് കണ്ട് ഹൃദയം തകര്‍ന്നു പോയ പാവം ഞാന്‍.". എന്നെ ഒരു ഹിന്ദിക്കാരി പോയിട്ട് ഒരു ഫിലിപ്പീന പോലും ഇതുവരെ സ്നേഹിച്ചിട്ടില്ല. നിങ്ങളു പറയും ഞാന്‍ ശ്രമിക്കാഞ്ഞിട്ടാണെന്ന്. ശ്രമിക്കായ്കയല്ല പലപ്പോഴും, പലയിടത്തും ഞാന്‍ ചൂണ്ട ഇട്ടു നോക്കി. എന്നാ ചെയ്യാനാ കൊത്തുന്നില്ലാ. ഇതിനൊക്കെ നല്ല കമ്യൂണിക്കേഷന്‍ എബിലിറ്റി വേണം..! ഇതു മാത്രല്ല നല്ലപോലെ സമയവും, ക്ഷമയും ഒക്കെയുണ്ടെങ്കിലേ സംഗതി അതിന്‍റേതായ രീതിയില്‍ പുരോഗമിക്കൂ. ഈ പെണ്ണുങ്ങള്‍ പറയുന്ന തൊലിപ്പന്‍ വളിപ്പ് കേട്ട് വളാവളാന്ന് മറുപടി പറഞ്ഞ് ചിരിച്ചോണ്ടിരിക്കണം. എന്നാലേ എന്തെങ്കിലും നടക്കൂ എന്ന് പറയാന്‍ പറ്റൂ, ഇല്ലേ സമയ നഷ്ടവും ഒപ്പം മാനഹാനിയും ഫലം. എന്തായാലും എന്നെങ്കിലും ഇത്തരം അസുലഭങ്ങളായ ആനന്ദദായക പ്രവൃത്തികളില്‍ ഞാനും വ്യാപൃതനാവും. ഞാന്‍ ദീര്‍ഘശ്വാസം വിട്ടു എന്ന്‍ കരുതി,പ്രതീക്ഷ കൈവിട്ടു എന്ന്‍ കരുതരുത്..!

രായൂട്ടന്‍ (രാജ് - ഈ പേരാ അവള്‍ വിളിക്കാറുള്ളത് ) അസുഖം തുടങ്ങിയത് ഇങ്ങനെ. രാവിലെ ഓഫീസില്‍ പോകാന്‍ മടിയുണ്ടായിരുന്ന ഒരുത്തന്‍..പതിവില്ലാതെ ഷേവ് ചെയ്യുന്നു, കക്ഷത്തില്‍ പുതിയ ഡിയോ, പുതിയ സ്പ്രേ (മിക്കവാറും എന്‍റെ ഓസുന്നതാ ശീലം) ,മുഖത്ത് രണ്ട് കോട്ട് ക്രീം.!! രാത്രി ഫോട്ടോഷോപ്പിന്റെ സംശയം ചോദിക്കാന്‍ വിളിച്ച പെണ്‍ശബ്ദം..അതിന് ശേഷമാണ് ഈ അസുഖം. ഇത് ഓഫീസില്‍ പുതിയതായി ജോയിന്‍ ചെയ്ത ഹിന്ദിക്കാരിപ്പെണ്ണാ. ഇതുവരെ എന്‍റെ സോപ്പ്, എന്‍റെ ഷാംമ്പൂ,എന്‍റെ പേസ്റ്റ് (പറ്റുമായിരുന്നേല്‍ എന്‍റെ ബ്രെഷ് വരെ) ഉപയോഗിച്ചോണ്ടിരുന്നവന്‍ . ഒരു സുപ്രഭാതത്തില്‍ സ്വയം പര്യാപ്തനായി മാറിയ ടെക്നിക് കണ്ട് ഞാന്‍ അന്ധാളിച്ചു പോയി..! കൂടാതെ പുതിയ പുതിയ ക്രീമുകളും, ജെല്ലുകളും..! ഈ ഹിന്ദിക്കാരിയെ വശത്താക്കാന്‍ മണം മാത്രം മതിയോ ഗുണവും വേണ്ടേ..! ഗുണമുള്ള ഞാന്‍ ഇനി കാത്ത് കാത്ത് ഇരുന്നിട്ട് എന്താ ഫലം..!

ഇടവിട്ടിടവിട്ട് നേരേ കണ്ണാടിക്ക് മുന്നില്‍ "മൈം", പത്ത് പതിനഞ്ച് മിനിറ്റ് കണ്ണാടിയുടെ മുന്നില്‍ ഗോഷ്ടികാണിച്ചു കഴിയുമ്പോള്‍ മനസ്സൊന്ന്‍ തണുക്കും, സ്വയം സുന്ദരനായെന്ന്‍ തോന്നും. പിന്നെ തലമുടിയൊക്കെ വീണ്ടും വീണ്ടും ജെല്‍ പുരട്ടി ചീകിയെങ്കിലേ രായൂട്ടന് ഇരിക്കപ്പൊറുതിയുള്ളൂ എന്ന്‍ വന്നാ എന്താ ചെയ്കാ..! ഇതൊക്കെ കോണ്‍ഫിഡെന്‍സ് ലെവല്‍ കൂട്ടിയാല്‍ നന്ന്‍. അത്യാവശ്യത്തിന് ബാത്ത് റൂമില്‍ കേറാന്‍ നോക്കുമ്പോള്‍ ,അകത്ത് നിന്ന ഹിന്ദി മൂളിപ്പാട്ട്. ഇക്കണക്കിന് ഈ പ്രേമം തളിരണിയുമ്പോഴേക്ക് ഇവന്‍ ഹിന്ദി പ്രൊഫസ്സര്‍ ആകുമല്ലോ..?!! മിക്കപ്പോഴും ബാത്ത് റൂം കുറ്റിയിട്ട് റോമിയോ അകത്തുണ്ടാവും..! പിന്നെ പിടിച്ചിറക്കി വിട്ടിട്ട് വേണം കാര്യം സാധിക്കാന്‍. ഇപ്പോള്‍ എന്നോടുപോലും ഹിന്ദിയിലേ സംസാരിക്കൂ എന്നായിട്ടുണ്ട്, എനിക്കാണെങ്കില്‍ ഹിന്ദിക്കൊക്കെ സ്കൂളില്‍ പഠിക്കുമ്പോഴേ ജസ്റ്റ് പാസ് മാര്‍ക്കാ. അത്യാവശ്യം "യേ ക്യാ ഹെ" "യേ കലം ഹേ' എന്നൊക്കെപ്പറയാമെന്നല്ലാതെ ഒരു "ഹിന്ദിക്കാരിയെ" ഹിന്ദി പറഞ്ഞ് വളച്ചെടുക്കാനുള്ള "ദേശീയാഭാഷാസെറ്റപ്പ്" ഇല്ല തന്നെ..! ഇവന്‍ ആള് ഭയങ്കരനാ..രാത്രി 9 മണിക്ക് തുടങ്ങുന്ന ഈ ടെലിഫോണ്‍ ചാറ്റ് പരിപാടി ഏകദേശം ഒരു മണി രണ്ട് മണിയോളം തുടരും..! ഇത്രയും നേരം ..അതും ഹിന്ദിയില്‍..നല്ല രാഷ്ട്ര ഭാഷാ ജ്ഞാനവും അപാര കപ്പാസിറ്റിയുമാ..!

"തു ഹി തൊ ജന്നത്ത് മേരി ..." ഏതു സമയവും ഈ കോള്‍ വന്ന്‍ കട്ടാവുമ്പോള്‍ പരവേശത്തോടെ തിരിച്ച് വിളിക്കുന്ന രായൂട്ടന്‍..!
അല്ല നേരം വെളുക്കുവോളം സംസാരിക്കുവാന്‍ ഇവര്‍ക്ക് എന്താണിത്ര..?
ഞാന്‍ പലപ്പോഴും ചെവിയോര്‍ത്തിട്ടുണ്ട്..!
ഇവന്‍ മുക്കലും മുരളലും അല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും ഗുണനിലവാരമുള്ള പഞ്ചാരയൊന്നും പറയുന്നുമില്ലാ...!
ഇനി വര്‍ത്തമാനം പറയുന്ന്‍ സ്റ്റേജ് ഒക്കെ കഴിഞ്ഞോ..?
അതെന്നാ സ്റ്റേജാ എന്ന്‍ ചോദിച്ചാ അങ്ങനെയും ഒരു സ്റ്റേജ് ഉണ്ടന്നതിന് തെളിവാണല്ലോ ..ഇത്..!
ഈ നാളുകളില്‍ പ്രേമം വളരെ കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. വലിഞ്ഞുമുറുകിയ പ്രണയം, മാറിമാറിയുള്ള മിസ് കോളുകളില്‍ പോലും പ്രതിഫലിച്ചിരുന്നു. ഉള്ളിലെ അസൂയയും, പോരാതെ ഉറക്കമില്ലായ്മയും എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ചിന്തിക്കാനല്ലാതെ എന്തു കുന്തമാ ഞാന്‍ ചെയ്യാന്‍ പറ്റുക. ഏറ്റവും വല്യ പ്രശ്നം ഉറങ്ങാന്‍ പറ്റാത്തതു തന്നെയായിരുന്നു. കര്‍ത്താവേ ഇവളുടേം ഇവന്റേം ടാക് ടൈം തീരത്തുമില്ലേ..? ഇത്തരക്കാരെക്കൊണ്ട് എറ്റിസലാറ്റിന് (യു എ യിലെ ടെലിഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍) നല്ല വരുമാനമാ. കുറഞ്ഞത് 5 മണിക്കൂറെങ്കിലും രാത്രി സംസാരിച്ചിരിക്കാതെ രായൂട്ടന്‍ ഉറങ്ങാറില്ലാ. ദിവസം 5 മണിക്കൂര്‍ വച്ച് ഒന്നു കണക്ക് കൂട്ടീനോക്കിയേ , എത്ര ദിര്‍ഹം വരുമെന്ന്, ദിസ് ഈസ് ഒണ്‍ലി കമ്യൂണിക്കേഷന്‍ എക്സ്പന്‍സ്..! ബാക്കി ചെലവുകള്‍ അങ്ങനെയങ്ങനെ നീണ്ടു കിടക്കുന്നു. ഇവളെ പ്രേമിച്ച് തുടങ്ങിയേപ്പിന്നെ രായൂട്ടന്‍ നാട്ടില്‍ പണയമയച്ചിട്ടില്ലാ. ചോദിച്ചാല്‍ ഫൈനാന്‍ഷ്യല്‍ ക്രൈസിസിന്‍റെ തലേലോട്ട് വച്ചുകൊടുക്കും..ഹല്ല പിന്നെ!

ഒരേ ഓഫീസിലാണെങ്കിലും, ഇതൊക്കെ പുറത്തറിഞ്ഞാല്‍ നിഷ്ഠൂരനായ എം.ഡി വിസ ക്യാന്‍സലാക്കിക്കളയുമെന്നതുകൊണ്ടാ തല്‍ക്കാലം, പ്രണയം ടെലിഫോണില്‍ക്കൂടി മതിയെന്ന്‍ മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ എത്തിയത്..! അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ഒക്കെ തെറ്റിയത് വളരെപ്പെട്ടന്നായിരുന്നു. ജോലികഴിഞ്ഞ് നേരത്തേ കലാപരിപാടി തുടങ്ങിയ രായൂട്ടനെ വിട്ട് ഞാന്‍ നടക്കാനിറങ്ങി. എന്താ അളിയാ സുഖമാണോ എന്നതിന് പകരം " കൈസാ ഹെ യാര്‍..?" എന്ന്‍ ചോദിക്കുന്നവന്റെ കൂടെ ഇരിക്കാന്‍ മനസ്സുവന്നില്ലാ. ഒന്നുമില്ലേലും പത്ത് കളറുകളെയെങ്കിലും കാണാമല്ലോ. ഒരു 'ഷവര്‍മ്മ' ഒതുക്കത്തിന് വാങ്ങിച്ച് തിന്ന് തിരിച്ച് വാതില്‍ക്കലെത്തിയ ഞാന്‍ കണ്ടത് രായൂട്ടന്റെ തല ഒരു തടിയന്റെ ഡിയോഡറന്റ് അടിക്കാത്ത കക്ഷത്തിനുള്ളില്‍..! എന്നെക്കണ്ടതും മലയാളത്തില്‍..മറ്റൊരു തടിയന്‍. "ആരാ.."
പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജ്യോതിഷ്ബ്രഹ്മി കുറെ കഴിച്ചതുകൊണ്ട് സിറ്റ്വേവേഷന്‍ മനസ്സിലാക്കി ബുദ്ധി പെട്ടെന്ന്‍ പ്രവര്‍ത്തിച്ചു.
"ഒരു വഴിപോക്കനാണേ"
"ഇതു വഴിയല്ല.."തടിയന്‍ അമറി.
താഴേക്കുള്ള സ്റ്റേര്‍കേസ് ഓടിയിറങ്ങുന്നതിനുള്ളില്‍ ഉറക്കെ വിളിച്ചു പറഞ്ഞു "അതു കൊണ്ടാ പോണേ". റൂം മേറ്റാണന്നോ, ഒരേ കമ്പനീല്‍ ജോലിയാണന്നോ മറ്റോ പറഞ്ഞാല്‍ , രായൂട്ടനെ "സത് വ ഇറാനിയന്‍ ആശുപത്രി"യില്‍ എത്തിക്കാന്‍ പോലും ഈയുള്ളവന്‍ ബാക്കിയുണ്ടാവില്ലായിരുന്നു. പിന്നാ രായൂട്ടനില്‍ നിന്ന്‍ അറിഞ്ഞത് ഹിന്ദിക്കാരിയുടെ ആങ്ങള, കൂട്ടുകാരനായ "മല്ലു"വുമായി എത്തി കൃത്യം നിര്‍വഹിച്ച് കൃതാര്‍ത്ഥനായി മടങ്ങിയെന്ന വിവരം..! ഇടിക്കാന്‍ വരുന്ന മലയാളീസിനെ മല്ലുവെന്നല്ലാതെ എന്തു വിളിക്കാന്‍ . വര്‍ഗ്ഗബോധമില്ലാത്ത ബ്ലഡി മല്ലൂസ് ..!

കഴുത്തൊടിഞ്ഞതു കാരണം ദ്രാവകരൂപത്തിലുള്ള ആഹാരം മാത്രമേ കഴിക്കാന്‍ പറ്റൂ..പാവം ചവക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ മിക്സിയില്‍ അടിച്ച കഞ്ഞിയുമായി ആശുപത്രീയില്‍ എത്തിയതും രായൂട്ടന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു..!
ഇത് അവളാ..! ഹിന്ദിക്കാരി..!! ഹെന്ത് ഇവന്‍ ഇത്ര പെട്ടെന്ന്‍ റിങ്ങ് ടോണും മാറ്റിയോ..? ഇതെപ്പോ..???!!! .

ഡര്‍ ലഗ്താ ഹെ തന്‍ഹാ സോനെ മെ ജി
ദില്‍ തൊ ബച്ചാ ഹെ ജി
ധോഡാ കച്ചാ ഹെ ജി..!

ഈ ഗതിയായിട്ടും പ്രേമലോലുപന്‍ ഒരു പാഠം പഠിച്ചിട്ടില്ല, ഞാന്‍ കൈ തലയില്‍ വച്ച് കുത്തിയിരുന്നു...!

21 ഫെബ്രുവരി 2010

സാനിയാമിര്‍സാ..!

Buzz It
ഫെബ്രുവരി 9 രാത്രി 2010

നാട്ടില്‍ പോകാന്‍ ഒരു ചാന്‍സ് നോക്കിയിരിക്കുവായിരുന്നു ഞാന്‍. അത് നാല് പ്രൊപോസലിന്റെ രൂപത്തില്‍ വന്നു. ആകെ 5 ദിവസത്തെ അവധി..! നാല് ചെറുക്കന്‍ കാണലുകള്‍..അതായത് എന്നെ കാണാന്‍ നാല് പേര്‍ വരുന്നു എന്ന്‍. ഈ സമയം നാല് ലഡു മനസ്സില്‍ പൊട്ടേണ്ടതാണ് എന്നാല്‍ ഒരു ലഡു മാത്രമേ പൊട്ടിയുള്ളൂ..നാട്ടില്‍ പോകുന്നതിന്റെ സ്പെഷ്യല്‍ ലഡു.

എമിറേറ്റ്സീന്റെ ടെര്‍മിനല്‍ ത്രിയില്‍ വന്‍ തിരക്ക്. അടിപൊളിയായിട്ടുണ്ട് ടെര്‍മിനല്‍ ത്രീ. ചെക് ഇന്‍ ചെയ്ത് അമ്മയുമായി വളരെ ഭവ്യതയോടെ (എന്റെ സ്ഥായീ ഭാവം അതുതന്നെയാണല്ലോ..!). ഡ്യൂട്ടിഫ്രീയില്‍ നിന്ന്‍ മലയാളികളും മറ്റുള്ളവരും മദ്യം വാങ്ങിക്കൂട്ടുന്നു. അമ്മയെ ഒരിടത്തിരുത്തി ചുമ്മാ കറങ്ങി. കറങ്ങി കറങ്ങി കാല് വേദനിച്ചപ്പോള്‍ വീണ്ടും അമ്മയുടെ അടുത്ത് ചുരുണ്ട് കൂടി. നടക്കാന്‍ പറ്റാത്ത ആള്‍ക്കാരെ വണ്ടിയില്‍ എത്തിക്കുന്നു..!കൊള്ളാം എനിക്കും അതിലൊന്ന്‍ കേറിക്കറങ്ങിയാല്‍ കൊള്ളാമെന്നുണ്ട്.അതിനൊക്കെ ഒരു യോഗം വേണം.

ദാ അനൗണ്‍സ്മെന്റ്..ഗേറ്റ് രണ്ടിലേക്ക് പോകാന്‍.
എത്തി സര്‍..വീണ്ടും നടന്ന്‍ ഫ്ലൈറ്റിലെത്തി. "അലോക്കേറ്റഡ്" സീറ്റില്‍ ഭദ്രമായി പിന്‍ഭാഗം ഉറപ്പിച്ചു.ഫ്ലൈറ്റില്‍ കയറിയപ്പള്‍ത്തന്നെ അതില്‍ നിറയെ ആള്‍ക്കാര്‍, കണക്ഷന്‍ ഫ്ലൈറ്റായിരിക്കും...! അല്ലാതെ പിന്നെ ഓട്ടോമാറ്റിക്കായി ഇതെങ്ങനെ നിറയും ഇത്ര പെട്ടെന്ന്‍.

ഒരു എയഹോസ്റ്റസ് വന്ന്‍ സീറ്റ് ബല്‍റ്റ് ഇടാന്‍ പറഞ്ഞു. ഇതൊക്കെ ഇത്ര കര്‍ശനമായി പറയേണ്ട കാര്യമുണ്ടോ ? ഞാന്‍‍ ഇടുകേല്ലേ ? ഒന്ന്‍ ഉടക്കണമെന്ന്‍ ഉണ്ടായിരുന്നു. അവളുടെ ചുവന്ന്‍ ലിപ്സ്റ്റിക്ക് എനിക്ക് അത്ര അങ്ങോട്ട് ബോധിച്ചില്ല. പ്രധിക്ഷേധ സൂചകമായി ഞാനും ബാഗില്‍ നിന്ന്‍ ലിപ്സ്റ്റിക് എടുത്ത് ഇട്ടു, എന്നിട്ട് ബല്‍റ്റ് കെട്ടിയിരുന്നു. മദ്യം സപ്ലേ തുടങ്ങി. കുടിയന്മാര്‍ തുടങ്ങിക്കഴിഞ്ഞു. പരമാവധി സഹകരിച്ച് അവര്‍ ഒഴിച്ച് കൊടുത്തുകൊണ്ടിരുന്നു. ഈ കോപ്രായങ്ങള്‍ ഒക്കെ കണ്ടാല്‍ തോന്നും മദ്യം കിട്ടാത്ത ഏതോ നാട്ടിലേക്കാണ് പോകുന്നത് എന്ന്‍.

ഞാന്‍ ഒരു സ്മോള്‍ അടിച്ചാലോ എന്ന്‍ തോന്നി. ഞാനായിട്ട് നമ്മുടെ നാടിന്റെ സംസ്കാരത്തിന് കുറവ് വരുത്തരുതല്ലോ..! പക്ഷേ അമ്മയുള്ളതുകൊണ്ട് അതങ്ങ് വേണ്ടാന്ന്‍ വെച്ചു (അല്ലെങ്കിലും എനിക്ക് നല്ല ഇമേജാ..!)

മെനു കാര്‍ഡ് ഒരു സുന്ദരി നീട്ടി. മനസ്സിലാവാത്ത കൊറേ ഐറ്റംസ്. എന്ത് ഓര്‍ഡര്‍ ചെയ്താലും കിട്ടുന്നതിനെപ്പറ്റി ഒരു രൂപ രേഖയുമില്ലാ. വെജിറ്റബിള്‍ മെനു തന്നെ ഓര്‍ഡര്‍ ചെയ്യണമെന്ന്‍ അമ്മക്ക് നിര്‍ബന്ധമാ. ജീവിതത്തില്‍ ഇന്നേവരെ നോണ്‍-വെജ് ടേസ്റ്റ് ചെയ്തിട്ടില്ലാത്ത എന്റെ അമ്മ..!കൊറെ ഉരുളക്കിഴക്ക് പുഴുങ്ങി മസാല ചേര്‍ത്തതും, ഒരു ചപ്പാത്തി രണ്ടായി മുറിച്ചതും മുന്നിലെത്തി.കഷ്ടം.അതൊക്കെ വളരെ ഭംഗിയായി വിഴുങ്ങി.ചെറിയ കപ്പിലെ വെള്ളം കുടിച്ച് വായും കഴുകി ഹെഡ്സെറ്റ് ഫിറ്റ് ചെയ്ത് സിനിമാ കാണാന്‍ തുടങ്ങി.ഒരു ഹിന്ദി സിനിമ..ജെയില്‍ എന്ന്‍ പേര്.
മധുര്‍ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത സിനിമ.നൈല്‍ നിതിന്‍ മുകേഷ്, മനോജ് ബാജ്പേയ്,മുഗ്ദ ഗോഡ്സേ തുടങ്ങിയവര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രം.
കൂട്ടുകാരനാല്‍‍ ചതിക്കപ്പെട്ട്, തീവ്രവാദക്കേസില്‍ ജയിയിലില്‍ എത്തപ്പെട്ട വിദ്യാഭ്യാസമുള്ള യുവാവിന്റെ കഥ, ഒപ്പം ജയിലിന്റെ കഥയും, കൂടെ സൈഡായി കാമുകിയും, കോടതിയും..!സമകാലിക പ്രസക്തിയുള്ള വിഷയം ഭംഗിയായി ചൂടും ചൂരും ചോരാതെ കാഴ്ചക്കാരില്‍ എത്തിച്ചിരിക്കുന്നു. ആസ്വദിച്ചു കണ്ടു. കൊള്ളാം അഭിനന്ദനങ്ങള്‍..! എന്ന്‍‍ ഒരു കമെന്റ് ഇടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതു ചെയ്തേനെ.
അമ്മ ഉറങ്ങി. പിറകില്‍ നിന്ന്‍ ഒരു ഉന്തല്‍..ഒരിളക്കം. ആരാ ഈ പാതിരാത്രിയില്‍ പിന്നില്‍ നിന്ന്‍ തള്ളുന്നത്..? കേരളത്തിലെ ബസിലെപ്പോലെ ഫ്ലൈറ്റിലും, ഇനി പിറകില്‍ വല്ല മന്ത്രിയും ആണോ എന്ന്‍ സംശയം.
തിരിഞ്ഞു നോക്കി സുമുഖനായാ ഒരു ചെറുപ്പക്കാരന്‍..! തുറിച്ച് നോക്കിക്കൊണ്ടിരിക്കുന്നു,കണ്ണ് അകത്തേക്കിടാന്‍ പറയാന്‍ നാവു പൊന്തി.
അവന്‍ എന്നെ തള്ളിയതെന്തിന്..ഓ വെറുതെ തള്ളി നോക്കിയതായിരിക്കും..
എന്നാലും..
ഓ ഒരെന്നാലുമില്ലാ.
ദേ പിന്നേം തള്ളുന്നു. എന്താ ചെയ്കാ..!
ഒന്നു വാണ്‍ ചെയ്താലോ..? ഇനി തള്ളിയാല്‍..ഞാന്‍..മനസ്സില്‍ ഉറച്ചു.ഒന്നുമുണ്ടായില്ല.ഒരു വഴക്ക് അങ്ങനെ ഒഴിവായി.

ഫെബ്രുവരി 10 രാവിലെ 2010

കണ്ണു തുറന്നപ്പോള്‍ ഫ്ലൈറ്റ് കേരളത്തില്‍ എത്തിയിരുന്നു. പിറകിലേക്ക് നോക്കിയപ്പോള്‍ "സുമുഖന്‍"..സുമുഖനായിത്തന്നെ ഉറങ്ങുന്നു.

അപ്പൂപ്പന്‍ പുറത്ത് കാത്തുനില്‍ക്കുന്നു. നേരേ തറവാട്ടിലെത്തി കുളി പാസാക്കി.കൊറെ ഇഡ്ഡലിയും ചട്നിയും വാരിവലിച്ച് കേറ്റി സുഖമായി ഉറങ്ങാന്‍ കിടന്നു.എഴുന്നേറ്റപ്പോള്‍ മണി രണ്ടര. വീണ്ടും തീറ്റി.
വൈകുന്നേരം കാക്കനാട്ടുള്ള ഫ്ലാറ്റില്‍ എത്തണം അവിടെയാണ് ആദ്യത്തെ ചെറുക്കന്‍ കാണല്‍. യൂറോപ്പിലെങ്ങാണ്ട് ജോലിയാണത്രേ.സമയം തീരെയില്ല.എറണാകുളത്ത് വരാനാ അവര്‍ക്ക് എളുപ്പം അത്രേ.എല്ലാരുടെയും സൗകര്യമൊക്കെ നമ്മള്‍ നോക്കണമല്ലോ..! ഇത് നടക്കാനേ പോകുന്നില്ല എന്ന്‍ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.
തറവാട്ടില്‍ നിന്ന്‍ രണ്ട് രണ്ടര മണിക്കൂറെങ്കിലും എടുക്കും കാക്കനാട്ട് എത്താന്‍.മൂപ്പിച്ച് വിട്ടാല്‍ ഒന്നര മണിക്കൂറും.
സമയത്തുതന്നെ ഫ്ലാറ്റിലെത്തി.എല്ലാം ഭംഗിയായി തൂത്ത് തുടച്ച് നല്ല വൃത്തിയാക്കിയിട്ടിരിക്കുന്നു. എല്ലാം അപ്പൂപ്പന്റെ മാനേജ്മെന്റാ.പുള്ളി വല്യ കണിശക്കാരനായ ഒരു പഴയ പുലിയാ..!വെട്ടൊന്ന്‍ തുണ്ടം രണ്ട്..അതാ പോളീസി.
ഇന്ന്‍ രാത്രി ഇവിടത്തന്നെ , വളരെ അപൂര്‍വ്വമായി മാത്രം താമസിച്ചിട്ടുള്ള സ്ഥലം. അപ്പൂപ്പന്‍ ടെലിഫോണില്‍ ലൊക്കേഷന്‍ പറഞ്ഞു കൊടുക്കുന്ന തിരക്കിലാണ്. ഓരോ അഞ്ച് മിനിറ്റിലും ലൊക്കേഷന്‍ പറഞ്ഞു കൊടുക്കുന്നു.

കോളിങ്ങ് ബെല്‍ ..! എല്ലാവരേയും സ്വീകരിച്ച് ഇരുത്തി. അവസാനം എന്നെ വിളിച്ചു (വിളിക്കാതെ റൂമിന് പുറത്തിറങ്ങരുത് എന്നാണ് പുലിയുടെ ഓര്‍ഡര്‍). പുറത്തേക്ക് വന്ന്‍ കണ്ണുയര്‍ത്തിയ ഞാന്‍ ഞെട്ടിപ്പോയി. ദാ നമ്മുടെ സുമുഖന്‍..! അവനും വല്ലാതെ വിളറിയോ എന്ന്‍ എനിക്ക് സംശയം. ഭാവഭേദമില്ലാതെ എന്നെ എല്ലാവരും കണ്ണുകള്‍ കൊണ്ട് തുളച്ചു. ചിലരൊക്കെ എന്തൊക്കെയോ ചോദിച്ചു എന്തൊക്കെയോ ഉത്തരങ്ങളും ഞാന്‍ പറഞ്ഞു.
ഇനി ഒറ്റക്കുള്ള ഊഴമാണ്.
എന്നെയും, സുമുഖനേയും ബാല്‍ക്കണിയിലേക്ക് തള്ളി. ചോദ്യോത്തരവേളയില്‍‍ ഞാനവനെ മലര്‍ത്തിയടിച്ചു എന്ന്‍ തന്നെ വേണം പറയാന്‍. ജീവിതത്തിന്റെ കാഴ്ചപ്പാടിനെപ്പറ്റിയും, ഇഷ്ട സംഗീതത്തെപ്പറ്റിയും,എന്തിന് ഗേംസില്‍ ഏറ്റവും ഇഷ്ടതാരം സാനിയാ മിര്‍സയുമാണെന്ന്‍ വരെ വാതോരാതെ "സുമുഖന്‍" കത്തി വെച്ചു. എന്നാ സാനിയാ മിര്‍സയെ പെണ്ണുകാണാന്‍ പൊയ്കൂടായിരുന്നോ എന്ന്‍ പെണ്‍ കശുമ്പ്, അസൂയ തുടങ്ങിവ എന്നില്‍ തല പൊക്കി. ഒരു സാനിയ മിര്‍സക്കാരന്‍.
പിന്നെ ഫ്ലൈറ്റില്‍ അറിയാതെ കാല്‍ മുട്ടിയതാണെന്നും, സോറിയും പറയാന്‍ അവന്‍ മറന്നില്ല. സോറി പറഞ്ഞപ്പോള്‍ എനിക്ക് അല്‍പം മതിപ്പ് തോന്നാതിരുന്നില്ല. അപ്പൂപ്പന്‍ അകത്ത് അവരുടെ തറവാടിന്റെ അടിവേരുവരെ തോണ്ടിയെടുത്തുകാണും. അങ്ങനെ ഒരു ചടങ്ങ് കഴിഞ്ഞു. ബാക്കി നാളെ മുതല്‍.

അമ്മയും അപ്പൂപ്പനും, അമ്മൂയും കൊച്ച് വര്‍ത്താനം പറഞ്ഞ് നേരം വെളുപ്പിക്കും എന്നാ തോന്നുന്നത്. എന്തായാലും എനിക്ക് ഉറക്കം വരുന്നു.

ഉറങ്ങാന്‍ കിടന്ന എന്നെ എന്തൊക്കെയോ കുത്തി. ലൈറ്റ് ഇട്ട് നോക്കിയപ്പോള്‍ മുറി നിറയെ കൊതുകുകള്‍..! ഹോ ഇത്രേം വലിയ കൊതുകള്‍ എന്റെ രക്തമെല്ലാം ഊറ്റിക്കുടിച്ചത് തന്നെ..! ഞാന്‍ കുറെയെണ്ണത്തിനെ കൈകൊണ്ട് അടിച്ച് കൊന്നു. എന്റെ തിരുവാതിര കളിയുടെ ശബ്ദം കേട്ട് എല്ലാരും ഓടിയെത്തി, അത്ഭുതത്തോടെ നോക്കി നില്‍ക്കുന്നു. ഇവളെന്താ ഈ കാണിക്കുന്നത് എന്ന ഭാവം. അപ്പൂപ്പന്‍ ചിരിച്ചുകൊണ്ട് ഒരു ബാറ്റ് എന്റെ നേരേ നീട്ടി. എന്നിട്ട് ഒരു ഡയലോഗും " ഇതാ ഇപ്പോഴത്തെ ഫാഷന്‍..!" എന്നെ സാനിയാമിര്‍സ ആക്കാനാണോ ഇവരുടെ നീക്കം, ഞാനും സുമുഖനും ചര്‍ച്ചിച്ചത് ഇവരെങ്ങനെ കേട്ടു..?

ജനലൊക്കെ കുറ്റിയിട്ടശേഷം,ബാറ്റിന്റെ വര്‍ക്കിങ്ങ് രീതി അപ്പൂപ്പന്‍ എനിക്ക് പഠിപ്പിച്ച് തന്നു. ഹായ് വണ്ടര്‍ഫുള്‍..! ബാറ്റ് വീശിയപ്പോള്‍ കൊതുകുകള്‍ അതില്‍ കരിഞ്ഞു വീഴുന്നു. വണക്കം പറഞ്ഞ് തൊഴുത് ഞാന്‍ ബാറ്റ് കയ്യിലെടുത്ത്, എന്നിട്ട് രാത്രിമൊത്തം സാനിയാമിര്‍സക്ക് പ്രാക്റ്റീസ് ചെയ്തു.ബാറ്റ് തലങ്ങും വിലങ്ങും വീശി. അല്പം മുന്‍പേ ഞാന്‍ ഇവിടെയെത്തിയിരുന്നെങ്കില്‍ ഒന്നാംതരം ടെന്നീസ് പ്ലയര്‍ ആയേനേ. ഇനി പറഞ്ഞിട്ട് എന്താ കാര്യം..!


തലക്കഷണം:കഷ്ടപ്പെട്ട് ജോലിയെടുത്ത് ജീവിതസാഹചര്യം ഉണ്ടാക്കിയാലും,പരിസരം മലീമസമായാല്‍ സ്വസ്ഥമായി ഉറങ്ങാന്‍ പറ്റില്ല.
മാലിന്യമുക്ത കേരളത്തിന് വേണ്ടി നമുക്ക് കൈകോര്‍ക്കാം..ഇതു നടന്നില്ലേല്‍ കൊതുകില്ലാത്ത രാത്രികള്‍ക്ക് വേണ്ടി ടെന്നീസ് പ്രാക്റ്റീസ് ചെയ്യാം..!
free hit counters

07 ഫെബ്രുവരി 2010

പ്രണയപരിണാമങ്ങള്‍...

Buzz It
നീണ്ട കത്ത് വിരസമായിരുന്നിട്ടും അയാള്‍ അത് വായിച്ചത് അവളോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടായിരുന്നു. പിന്നീട് ആ കത്ത് ഒരു കളര്‍ ഫോട്ടോസ്റ്റാറ്റ് ആണെന്നറിഞ്ഞ നിമിഷം ..പ്രണയത്തിന്‍റെ മൊത്തവ്യാപാര സാധ്യതകള്‍ കണ്ട് പകച്ചുപോയി! സമയക്കുറവിന്റെ പരാധീനതകളില്‍ പ്രണയം പൂക്കാന്‍ ഒരുനൂറ് വിത്തെങ്കിലും എറിഞ്ഞാലെ ഒന്നെങ്കിലും മരമായ് വളരൂ എന്ന പ്രകൃതി സത്യം വികാരങ്ങളുടെ വേലിയേറ്റത്തില്‍ അയാള്‍ മറന്നുപോയതില്‍ എന്താ അതിശയം!

"സോള്‍ മേറ്റിനെ " കണ്ടെത്താനുള്ള ടീനേജ് അന്വേഷണങ്ങളില്‍ വഞ്ചനയുടെ, ചതിയുടെ ഏടുകള്‍ മറിയപ്പെടുമ്പോള്‍ നിസ്സംഗതയോടെ പ്രണയത്തെ തള്ളിപ്പറയാന്‍ ശ്രമിച്ച മനസ്സിന് തിരിച്ചറിയാന്‍ പറ്റാത്ത നിരാശത.പ്രണയത്തിന്റെ അര്‍ത്ഥതലങ്ങള്‍ വായിച്ച്, പ്രണയപരിണാമങ്ങളില്‍ കോള്‍മയിര്‍ കൊണ്ടുകൊണ്ട്, വായന നിര്‍വൃതിയാക്കി വരും വരാതിരിക്കില്ല എന്ന്‍ ചിന്തിച്ചിരുന്ന കാലം. കലാലയത്തിന്റെ സൗഹൃദങ്ങളില്‍ സിനിമയും ഐസ്ക്രീമും കാറ്റലിസ്റ്റായി പ്രണയത്തെ തഴുകിയ നേരം, കണ്ണുകളില്‍ കാമത്തിന്റെ ജിഞ്ജാസ നിറഞ്ഞനോട്ടങ്ങളില്‍ ആപത്തിന്റെ സൂചന. പ്രണയത്തിന്‍റെ നഖമുനപ്പാടുകളില്ലാത്ത കലാലയ ജീവിതം. അന്യോന്യം പറയാത്ത പ്രണയത്തെ "വണ്‍ വേ" എന്ന്‍ പറഞ്ഞ് കളിയാക്കുകയും സ്വയം മനസ്സിനെ അടക്കിപ്പിടിക്കുകയും ചെയ്യുകയായിരുന്നല്ലോ. ഇങ്ങോട്ട് ഇഷ്ടമാണ് എന്ന്‍ പറഞ്ഞവരെ ഇഷ്ടപ്പെടാഞ്ഞതും, അങ്ങോട്ട് ഇഷ്ടപ്പെട്ടവരോട് തുറന്ന്‍ പറയാനുള്ള ജാള്യതയും അക്കാലത്ത് ഉണ്ടായിരുന്നത് കാരണം തളിരിടാതെ പോയി പല പ്രണയങ്ങളും. സ്വയം രക്ഷാകവചമുണ്ടാക്കി അകലം പാലിച്ച്, ആര്‍ക്കോ നല്‍കാന്‍ കാത്തുവെച്ച പ്രണയം തുരുമ്പെടുത്ത് തുടങ്ങി. ഇനിയും വിരസങ്ങളായ, പ്രണയങ്ങളില്ലാത്ത ദിവസങ്ങള്‍..!

പറഞ്ഞും ,കണ്ടും, കേട്ടും അറിഞ്ഞവയെല്ലാം കെട്ടുകഥകള്‍ പോലെ മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു.സത്യവും മിഥ്യയും കൂടിക്കുഴഞ്ഞ ഒരു വല്ലാത്ത കെട്ടുകഥ.കൊച്ചുകുട്ടികള്‍ കണ്‍മിഴിച്ച് ആകാംഷയോടെ കേള്‍ക്കുന്ന കഥ പോലെ ഇന്നിന്റെ പ്രണയപാരവശ്യങ്ങള്‍ കേട്ട് കേട്ട് മനസ്സ് കണ്ടെത്താന്‍ ശ്രമിച്ച നിഗൂഢത.അനശ്വരമെന്ന്‍ കഥനം നടത്തുവോര്‍ ഊന്നിപറഞ്ഞത് നശിച്ച് നാമാവിശേഷമായെന്ന്‍ പരിതപിക്കുന്ന,പരിഹസിക്കുന്ന പ്രായോഗികവാദികള്‍.നിറങ്ങളില്‍ വിശ്വാസമില്ലത്തവര്‍, പണത്തിന് മാറ്റുനോക്കാത്തവര്‍, ഗുണങ്ങള്‍ ഉരച്ചു നോക്കാത്തവരുടെ കാലം പ്രണയത്തിന് അനശ്വരത നല്‍കിയപ്പോള്‍,ഇതെല്ലാം നോക്കിയവര്‍ പ്രായോഗിക പ്രണയത്തിന്റെ വക്താക്കളായി.പഞ്ചേന്ദിയങ്ങള്‍ക്ക് ഒരേസമയം അനുഭൂതിപ്രദായകമെന്ന്‍ വാദിച്ച പ്രണയ പണ്ഡിതന്മാര്‍.ആര്‍ക്കും തെറ്റിയില്ല.വീക്ഷണകോണുകളുടെ വത്യാസങ്ങള്‍, സംസ്കാരത്തിനും,പരിഷ്കാരത്തിനുമനുസരിച്ച് രൂപഭേദം പ്രാപിച്ചു പ്രണയം.

പ്രണയത്തിന്റെ പ്രോഗ്രാം ഡൗണ്‍ലോഡു ചെയ്ത മനസ്സില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പ്രൊവിഷന്‍ ഇല്ലായിരുന്നു താനും. പ്രണയമൊഴുകിയ ഇ-മെയിലുകള്‍ ഫോര്‍വേഡ് ചെയ്യപ്പെട്ടവയെന്നറിഞ്ഞതും, പുതിയ സാധ്യതകളിലേക്ക് കീ ബോര്‍ഡ് തനിയെ ചലിച്ചതും അവള്‍ പോലുമറിയാതെയായിരുന്നു. മൊബൈലിലെ ഗ്രൂപ്പ് എസ് എം എസുകളില്‍ നിന്ന്‍ വര്‍ണ്ണചിത്രങ്ങള്‍ നിറഞ്ഞ എം എം എസ്സുകളിലേക്ക് മനസ്സിന്റെ കുതിപ്പുകള്‍ കിതപ്പോടെ മറിഞ്ഞു. ഒരിക്കലും വാടാത്ത വിലകുറഞ്ഞ ചൈനീസ് പ്ലാസ്റ്റിക് പൂക്കള്‍ പ്രണയത്തെ ഗ്ലിറ്ററില്‍ മുക്കി തിളക്കമേകിയ ദിവസങ്ങളില്‍, ഉറക്കം തൂങ്ങുന്നകണ്‍പോളകളുമായി ചടഞ്ഞിരുന്ന്‍ പ്രണയത്തിന്റെ രൂപ പരിണാമങ്ങള്‍ വിരസതയോടെ നോക്കിക്കാണാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.ഇനിയും എത്രയോ മാറ്റങ്ങള്‍ക്കുവേണ്ടി പ്രണയം തയ്യാറെടുത്തു നില്‍ക്കുന്നു.പ്രണയപരവശരായ അനേകമാളുകള്‍ക്കായി ഫെബ്രുവരി മാസവും വാലന്റീന്‍സ് ഡേയും ഇങ്ങെത്തി!


തിരക്കിട്ട് ശുഭദിനവും, സ്വപ്നരാത്രികളുമാശംസിക്കുന്ന ചടങ്ങിന്റെ വിഴുപ്പെടുത്തെറിഞ്ഞ് പ്രണയപരിവേഷമില്ലാത്ത സൗഹൃദത്തിന്റെ നീരൊഴുക്കില്‍ ഹൃദത്തെ കഴുകിയെടുത്ത് ശാന്തമാക്കാന്‍ ശ്രമിച്ചു. സൗഹൃദങ്ങളില്‍ വേര്‍തിരിവുകളില്ല. ഒന്നുമാഗ്രഹിക്കാതെ, ഒന്നുമാലോചിക്കാതെ, പിരിയാന്‍ കഴിയാത്ത കളങ്കമില്ലാത്ത സൗഹൃദം..! ആരന്നറിയാതെ, ജാതിയും മതവും , സാമ്പത്തികാസമത്വങ്ങളുമില്ലാതെ കുട്ടികളുടെ സൗഹൃദം പുന:സൃഷ്ടിക്കപ്പെടുന്ന സുന്ദരനിമിഷങ്ങള്‍ ..! പക്ഷേ ഒന്നുണ്ട് വിസ്മരിക്കപ്പെടാന്‍ പറ്റാത്തത്, സുഹൃത്തുക്കള്‍ക്ക് മാത്രമേ പ്രണയിക്കാനാവൂ..!free hit counters