25 ഡിസംബർ 2011

മായാസ് കോയാസ് സുപ്രീം ശരണമന്ത്രം..!!

ശബരിമല മകരജ്യോതി ഇങ്ങ് അടുക്കാറായി..! ഇത്തവണത്തെ മണ്ഡല ഉത്സവകാലം വലിയ പരിക്കുകളില്ലാതെ കടന്നു പോകണമെന്ന് ദേവസ്വം ബോര്‍ഡിനൊപ്പം ഭക്തരും പ്രാര്‍ത്ഥിക്കുന്നു... പ്രാര്‍ത്ഥിക്കുമ്പോള്‍ കത്തിക്കുന്നത് മായാസ് കോയാസ് സുപ്രീം ചന്ദനത്തിരികള്‍.. ഫ്രം കര്‍ണ്ണാടക , വല്ല തമിഴനുമായിരുന്നേല്‍ നുമ്മ പ്രതികരിച്ചേനെ...!

ഇന്നത്തെ വാര്‍ത്തയില്‍ കോളടിച്ചത് ദേവസ്വം ബോര്‍ഡാണ്..

ദേവസ്വംബോര്‍ഡിന് ഒരു രൂപപോലും ചെലവില്ലാതെ ഉയരുന്ന സന്നിധാനത്തെ 18,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഈ ബൃഹദ് വിരിപ്പുരയ്ക്ക് ഒന്നരക്കോടി രൂപയാണ് ചെലവ് , ഇത് ചെന്നൈയിലെ ബാലാജി ഡിസ്റ്റിലറീസാണ് നിര്‍മിച്ചുനല്‍കുന്നത്.ഭക്തര്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന, 2000 പേര്‍ക്ക് ഒരേസമയം കിടന്നുറങ്ങാവുന്ന തരത്തിലുള്ള രീതിയിലാണ് നിര്‍മാണം.അലുമിനിയം ഷീറ്റുകള്‍ ഇട്ട മേല്‍ക്കൂര തറയില്‍നിന്ന് 40 അടി ഉയരത്തിലാണ്. അതുകൊണ്ടുതന്നെ ചൂട് തുലോം കുറവാണ്. നല്ല കാറ്റും വെളിച്ചവും ഉണ്ട്. വായുസഞ്ചാരത്തിന് നാലുവശത്തും സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 120 പ്ലഗ്‌പോയിന്റുകള്‍ മൊബൈല്‍ഫോണ്‍ ചാര്‍ജിങ്ങിനായി ക്രമീകരിച്ചിട്ടുണ്ട്. ഇതും സൗജന്യമാണ്.ശരണം വിളിയേക്കാള്‍ ശബ്ദം മൊബൈല്‍ റിംഗ് ടോണുകള്‍ക്കാണെന്നുള്ളത് മറ്റൊരു നഗ്ന സത്യം. വിരിപ്പുരയോടുചേര്‍ന്ന് 60 ശൗചാലയങ്ങളും പൂര്‍ത്തിയായിവരുന്നു. തൂറാനുള്ള സൌകര്യം ചെയ്തു കൊടുത്തില്ലേല്‍ എല്ലാക്കൊല്ലവും ചെയ്യുന്നതുപോലെ സ്വാമിമാര്‍ തൂറിത്തോല്പിക്കും. ഹാ എന്താ പറയുക...തമിഴ് വക ആണെങ്കിലും സന്മനസുള്ളവര്‍ക്ക് സമാധാനം.

പമ്പയില്‍ മുങ്ങാന്‍ ( ആ വെള്ളത്തില്‍ മുങ്ങുന്നവരെ സമ്മയിക്കണം ദേവസ്വം ബോര്‍ഡേ..!!) ഇറങ്ങുന്ന സ്വാമിമാരുടെ പണവും, മറ്റ് കിട്പിടി സാധനങ്ങളും അടിച്ച് മാറ്റുന്ന ഒരു സംഘത്തെ ക്യാമറ പിടിച്ച് പോലീസിനെ ഏല്പിച്ചു എന്നതൊഴിച്ചാല്‍ മറ്റ് ക്രമസമാധാനം എല്ലാം ഭദ്രം തന്നെ. ആണ്‍ വേഷം കെട്ടിയെത്തിയെ ചില പെണ്ണുങ്ങളും , സന്നിധാനത്ത് അടിക്കുന്നതേങ്ങയും, പുറത്ത് നടുന്ന തെങ്ങിന്‍ തയ്യും അടിച്ച് മാറ്റി വില്‍ക്കുന്ന സംഘങ്ങളെയും പിടിച്ചത് പോലീസിന്‍റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്തു...!!

സ്ത്രീകളെ ശബരിമലയില്‍ കയറ്റാത്ത ഇരട്ടത്താപ്പിനെതിരെ അങ്ങിങ്ങായി ചില ഫെമിസ്റ്റുകളും അവരുടെ പൂവാലന്മാരും ശബ്ദമുയര്‍ത്തിയെങ്കിലും എല്ലാ കൊല്ലത്തേപ്പോലെ ഇതും എരുമേലിവരെ എത്തി തിരിച്ചുപോയി എന്ന് പറഞ്ഞാല്‍ മതീല്ലോ..!!

മകരജ്യോതി തട്ടിപ്പിനെതിരെ യുക്തിവാദികള്‍ പതിവു പോലെ ഇറങ്ങിയതും, പമ്പയിലെ അനധികൃത കുപ്പിവെള്ളം വില്പന (?), മാലിന്യ പ്രശ്നങ്ങളും, പൂങ്കാവനത്തിനുള്ളില്‍ കുരങ്ങന്മാരെപ്പോലെ ( നല്ല ബെസ്റ്റ് സ്ഥലം..ഉം) സൈനികരും, വനത്തിലേക്ക് കക്കൂസ്മാലിന്യം തള്ളുന്നത് (ഇതു വരെ തള്ളിയത് നുമ്മ വിട്ടു)നിര്‍ത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസ്താവിച്ചതും ഒക്കെ ഭക്തരരുടെ മനസിന് കുളിര്‍മ്മയോടൊപ്പം, കിരുകിരുപ്പും സമ്മാനിക്കുന്നവ തന്നെ.! ഇത്രയും മാലിന്യപ്രശ്നങ്ങളും ഇതിനെച്ചൊല്ലിയുള്ള ആക്ഷേപങ്ങളും അവഹേളനങ്ങളും ഉണ്ടായിട്ടും , ഇതൊന്നു പരിഹരിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്ന പിന്തിരിപ്പന്‍ നയം മാതൃകാപരം തന്നെ. തുടരുക ദേവസ്വം ബോര്‍ഡേ. ഈ കിട്ടുന്ന കോടിക്കണക്കിന് ഉറുപ്പ്യ ഒക്കെ ഭഭ്രമല്ലേ..? ചോദിക്കേണ്ട കാര്യമുണ്ടോ ? ആയിരിക്കും..!! നന്ദി നമോവാകം..

ശ്രീകോവിലിനുള്ളില്‍ തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ കടന്നത് ദേവസ്വം ബോര്‍ഡിനും, വെള്ളാപ്പള്ളി നടേശനും ഒക്കെ പ്രസ്താവന നടത്താന്‍ ഇടയാക്കിയെങ്കിലും,2012 ജാനുവരി 4 വരെ നിലവില്‍ ഉള്ള പരികര്‍മ്മികള്‍ മതിയെന്ന് കോടതി പ്രസ്താവിച്ച് സംഭവം ഒതുക്കി. നന്ദി കോടതീ നന്ദി.. ഇല്ലെങ്കില്‍ ഈ വിഷയത്തില്‍ കേരളം കത്തിയേനെ..!

ഇതിനിടക്ക് തമിഴ് സ്വാമിമാരെ കേരളത്തില്‍ ആക്രമിച്ചു എന്ന് വാര്‍ത്ത നല്‍കി തമിഴ് ചാനലുകള്‍ മുല്ലപ്പെരിയാര്‍ വിഷയം വര്‍ഗ്ഗീയമാക്കാന്‍ ശ്രമം നടത്തിയതും അഭിനന്ദനാര്‍ഹം തന്നെ..!! അതുകൊണ്ടായിരികും ഇതിന് പ്രതികാരമായി തമിഴ് നാട്ടില്‍ തന്നെ ഒരു ശബരിമല പണിയണം എന്ന ആവശ്യം ഉയര്‍ന്നത്. ജയലളിത ഈ ആവശ്യം നിറവേറ്റുമോ? അയ്യപ്പനെക്കാണാന്‍ തമിഴ് നാട്ടിലേക്ക് പോകേണ്ടി വരുമോ..അതോ പത്തനംതിട്ട ജില്ല കൂടെ തമിഴ് നാടിനോട് ചേര്‍ക്കണമെന്ന് മന്മോഹന്‍ ജിയോട് ഇന്നലെ പുരട്ചി തലൈവി ആവശ്യപ്പെട്ടുകാണുമോ? സ്വാമിയേ ശരണമയ്യപ്പാ...!













18 ഓഗസ്റ്റ് 2011

സേതുമാധവന്‍ സീസര്‍ ആയപ്പോള്‍..!

Rise of the Planet of the Apes-ഒരു അവലോകനം.

വില്‍ റോഡ്മാന്‍ എന്ന ശാസ്ത്രജ്ഞന്‍ അള്‍ഷിമേര്‍സ് രോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കുന്നതിനിടയില്‍ genetically engineered retrovirus ചിമ്പാന്‍സികളില്‍ കുത്തിവച്ച് പരീക്ഷിച്ചു.ALZ-112 എന്ന വൈറസ് മനുഷ്യസഹചമായ ബുദ്ധിവൈഭവം ചിമ്പാന്‍സികളില്‍ വളര്‍ത്തുമെന്ന് തെളിഞ്ഞു. പരീക്ഷണത്തിനു വിധേയയായ അപാര ബുദ്ധിവൈഭവം കാണിച്ച ഒരു പെണ്‍ ചിമ്പാന്‍സി അക്രമവാസനകാണിക്കുകയും തന്മൂലം കൊല്ലപ്പെടുകയും ചെയ്തു. പക്ഷേ മരിക്കുന്നതിനു മുന്‍പ് “സീസര്‍“ എന്ന ചിമ്പാന്‍സിക്കുഞ്ഞിന് അവള്‍ ജന്മം നല്‍കി. അമ്മയുടെ അതേ ബുദ്ധിവൈഭവം ഉള്ള “സീസറിനെ” വില്‍ റോഡ്മാന്‍ സ്വന്തം വീട്ടില്‍ വളര്‍ത്തുമ്പോള്‍ കഥ ഒരു വഴിത്തിരിവില്‍ എത്തുന്നു. ഈ ആമുഖം കഥാകൃത്തിന് രക്ഷപെടാനുള്ള ഒരു “കഥയൊരുക്കല്‍“ മാത്രമാകുന്നത് കഥ മുന്നോട്ട് പോകുമ്പോഴാണ്. സയന്‍സും, ശാസ്ത്രജ്ഞനും ഒക്കെ വെറും വെറുതെ ആണെന്ന് സിനിമ മുന്നോട്ട് കാണുമ്പോള്‍ മനസിലാകും. അല്ലെങ്കില്‍ തന്നെ ഏതു പടത്തിലാ ഈ ഹോളിവുഡുകാര്‍ ശാസ്ത്രം തിരുകിക്കേറ്റാത്തത്.?

1989ല് ഇറങ്ങിയ “കിരീടം” എന്ന മലയാള സിനിമയുടെയും 2010ല് റിലീസായ “എന്തിരന്‍“ സിനിമയുടേയും, ഇന്ത്യന്‍ ആനുകാലിക രാഷ്ട്രീയത്തിന്‍റെയും ഒരു “മിക്സ്‘ ആണ് Rise of the Planet of the Apes എന്ന് പറയാന്‍ എനിക്ക് ഒട്ടും സങ്കോചമില്ല. കിരീടത്തിലെ സേതുമാധവന്‍ എന്ന കഥാപാത്രത്തെ “സീസര്‍“ എന്ന കുരങ്ങനായി അവതരിപ്പിച്ചത് Andy Serkis എന്ന ബ്രിട്ടീഷ്കാരനാണ്. സേതുമാധവന്‍- സീസര്‍ പേരില്‍ പോലുമുള്ള ഈ സാമ്യം കഥാകൃത്തിന്‍റെ അബോധമനസില്‍ നിന്നും “ ഊഷ്മളീകരിച്ച്” പേപ്പറില്‍ എത്തിയതാവാനേ തരമുള്ളൂ. സേതുമാധവന്‍ എന്ന പേര് സായിപ്പ് ക്രിസ്ത്യാനീകരിച്ച് “സീസര്‍“ ആക്കും എന്ന് ആര്‍ക്കാ അറിയാത്തത്.
ഡിയര്‍ ഹോളിവുഡ് സിനി അസോസിയേഷന്‍കാരേ.. ഒരു കാര്യം ഓര്‍ത്തു വച്ചോളൂ സേതുമാധവനെ ഇനി നിങ്ങള്‍ വേറേ പശ്ച്ചാത്തലത്ഥില്‍ സിനിമയുണ്ടാക്കി “ഷിയാങ്ങ് ലൂ പിങ്ങ് “ എന്ന് വിളിച്ചാലും ഞങ്ങള്‍ കയ്യോടെ പിടിക്കും.

സേതുമാധവന്‍- സീസറായപ്പോള്‍ , അച്യുതന്‍ നായര്‍ -വില്‍ റോഡ്മാന്‍ ആയി. അച്യുതന്‍ നായര്‍- തിലകന്‍ അവതരിപ്പിച്ച അവിസ്മരണീയമായ കഥാപാത്രത്തെ കീരിക്കാടന്‍ ജോസ് ഡ്യൂട്ടിക്കിടെ അടിക്കുമ്പോഴാണ് സേതുമാധവന്‍ ഇടപെടുന്നത്. എന്നാല്‍ ഇവിടെ ഒരു മാറ്റം ഹോളിവുഡ് കഥാകൃത്ത് കൊണ്ടുവന്നിരിക്കുന്നു. വില്‍ റോഡ്മാന്‍റെ അള്‍ഷിമേര്‍സ് രോഗമുള്ള അച്ഛനെ അയല്‍വക്കക്കാരനായ മറ്റൊരു “കീരിക്കാടന്‍ ജോസ്” അടിക്കുന്നതോടെ സീസര്‍ ഇടപെടുകയും, തദ്വാരാ സീസര്‍ എന്ന കുരങ്ങന്‍‍ (അങ്ങനെ വിളിക്കരുത് എന്ന് സിനിമയില്‍ വിലക്കിയിട്ടൂണ്ട്- ഏപ് - മനുഷ്യക്കുരങ്ങ്-ചിമ്പാന്‍സി- ഇങ്ങനെയെ വിളിക്കാവൂ. ) , ചിമ്പാന്‍സികള്‍ക്ക് മാത്രമുള്ള ജയിലില്‍ അടയ്ക്കപ്പെടുന്നു. അവിടെ നിയമം കര്‍ശനമായതുകൊണ്ടും മുരളി-ഇന്‍സ്പെക്ടര്‍ റോള്‍ ഹോളിവുഡ് സിനിമയില്‍ ഒഴിവാക്കിയതും കാരണം സീസറിന് പുറത്ത് വച്ച് താക്കീത് കൊടുക്കാന്‍ ആരുമില്ലാതായി. ജയില്‍ അധികൃതര്‍ മയക്കു വെടി വെയ്ക്കുക, വെള്ളം ചീറ്റിക്കുക, ആഹാരം എറിയുക തുടങ്ങിയപീഢനങ്ങളുടെ പരമ്പരകള്‍ സീസറിനെതിരെ അഴിച്ചു വിടുന്നു. കിരീടത്തില്‍ മോഹന്‍ലാലിനെയും സെല്ലില്‍ ഇട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന സീന്‍ പ്രേക്ഷകര്‍ മറന്നിട്ടില്ലല്ലോ. അനന്തരം കോപാക്രാന്തനായ സീസര്‍ ചില കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു..!



ചിമ്പാന്‍‍സികളുടെ ജയിലില്‍ നിന്ന് സീസറിന് ഒരു കത്തി കിട്ടുന്നു. സേതുമാധവനാകട്ടെ അപ്പൂപ്പന്‍ കളഞ്ഞ കത്തി പറമ്പില്‍ നിന്നുമാണ് കിട്ടൂന്നത്. കഥ ഒന്നാണെങ്കിലും പിടിക്കപ്പെടാതിരിക്കാന്‍ കഥാകാരന്‍ വളരെ തത്രപ്പെട്ട് കഥാകഥന രീതിയും സാഹചര്യങ്ങളും തിരിച്ചും മറിച്ചും ഒക്കെയിട്ട് രക്ഷപെടാനുള്ള വൃഥാ ശ്രമം നടത്തിയിട്ടുണ്ട് എന്നത് വ്യക്തം.

ഇടയ്ക്ക് പറയാന്‍ വിട്ടുപോയ ഒരു കാര്യം. ജോലിയും കൂലിയുമില്ലാതെ 28 നായും പുലിയും ചോക്കുകൊണ്ട് വരച്ചകളത്തില്‍ കളിക്കുന്ന സേതുമാധവനുപകരം, ജയില്‍ മുറിയില്‍ സീസര്‍ തന്‍റെ പഴയ മുറിയുടെ ജനാലയുടെ പടം വരച്ച് ഓര്‍മ്മകളിലൂടെ പുറം ലോകത്തെ കാണാന്‍ ശ്രമിക്കുന്ന രംഗം ഹൃദയസ്പൃക്കായി “Andy“ സീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

കത്തിയും, തന്‍റെ ബുദ്ധിയും ഉപയോഗിച്ച് ചിമ്പാന്‍സികളുടെ ജയില്‍, സീസറ് ചാടുന്നു.തനിക്ക് കിട്ടിയ “ബുദ്ധിമരുന്ന് “ തന്‍റെ വളര്‍ത്ത് അച്ഛനായ റോഡ്മാന്‍റെ ഫ്രിഡ്ജില്‍ നിന്നും അടിച്ച് മാറ്റി മറ്റ് ചിമ്പാന്‍സികള്‍ക്ക് ബുദ്ധി വെയ്പിക്കുന്നു. ഇത് അണ്ണാഹസാരെയുടെ സമരത്തെ കോപ്പി അടിച്ചതാണെന്ന് നിസ്സംശയം പറയാം. അഴിമതി സാധാരണമാണെന്ന് കരുതിയ ഒരു ജനതയെ അഴിമതിക്ക് എതിരെ പോരാടാന്‍ പ്രേരിപ്പിച്ചത് ഏതോ ഒരു “മരുന്ന്” ആണെന്ന് ഹോളിവുഡുകാര്‍ സംശയിക്കുന്നു. അല്ല്ലെങ്കില്‍ ഒരു സുപ്രഭാതത്തില്‍ ഇന്ത്യക്കാര്‍ അഴിമതിക്കെതിരെ ഇങ്ങനെ പോരാടുമോ എന്നതും യുക്തിപരമായി സംശയം ജനിപ്പിക്കുന്നത് തന്നെ.എന്തായാലും സീസര്‍ എല്ലാ ചിമ്പാന്‍സികളെയും കൂട്ടി നിരത്തിലിറങ്ങി, സത്യാഗ്രഹത്തിനല്ല്ലാ മറിച്ച് ഒരു സായുധവിപ്ലവത്തിന് അതും മനുഷ്യനെതിരെ..!ഇവിടെ പിടിക്കപ്പെടാതിരിക്കാന്‍ കഥാകൃത്ത് വീണ്ടും മലക്കം മറിയുന്നു.

ഇനിയാണ് “എന്തിരന്‍“ എന്ന രജനികാന്ത് സിനിമയുടെ ക്ലൈമാക്സ് കോപ്പി. തലങ്ങും വീലങ്ങും അക്രമം അഴിച്ചു വിടുന്ന ചിമ്പാന്‍സികള്‍ “റോബോ” കാണിച്ച മിക്കവാറും എല്ലാ സ്ട്രാറ്റജികളും പയറ്റുന്നു. എന്തിരനിലെപ്പോലെ
ഹെലികോപ്റ്ററുകളും, കാറുകളും , തീയും ഒക്കെക്കാണിച്ച് ഭീതി പരത്താന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്...ശേഷം സ്ക്രീനില്‍.



പോസ്റ്ററിലെ സാമ്യം വരെ നമ്മെ അത്ഭുതപ്പെടുത്തുന്നു..!

മൌലികമായ മലയാള , തമിഴ് സിനിമകളെ ഹിന്ദിയില്‍ കോപ്പിയടിക്കുന്നാതും റീമേക്ക് ചെയ്യുന്നതും സഹിക്കാം. ഒന്നുമില്ലേലും ഇന്ത്യക്കാരല്ലേ..!! എന്നാല്‍ ഒരുസിനിമയില്‍ മലയാളം, തമിഴ്, ഒപ്പം ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയം എല്ലാം അവിയലാക്കി കാണികളെ രസിപ്പിക്കുന്നത് അത്ര ഇമ്പമുള്ളകാര്യായി തോന്നുന്നില്ല. എന്താണു ഹേ. ..നിങ്ങള്‍ ഹോളിവുഡുകാര്‍ക്ക് സ്വന്തമായി ഒരു കഥയെഴുതി അത് ഭംഗിയായി സം‌വിധാനം ചെയ്താല്‍..?

Rise of the Planet of the Apes-ല്‍ സ്പെഷ്യലായി തോന്നിയത് ഇതില്‍ കാണിക്കുന്ന വനഭംഗിയാണ്. കേരളത്തിലും പ്രത്യേകിച്ച് ഇന്ത്യയിലും ഇപ്പോള്‍ ഉള്ള വനങ്ങളെക്കാള്‍ “മര നിബിഡമായ” വനങ്ങള്‍ അതിന്‍റെ മാസ്മരികതയോടെ കാട്ടിത്തന്നതിന് നന്ദി. ആഗസ്റ്റ് 5 ,2011 ല് ഇറങ്ങിയ ഈ സിനിമ $186,608,226 ഇതുവരെ “കളക്റ്റ്” ചെയ്തു എന്നതും വലിയ വിസ്മയമൊന്നുമല്ല. ഞങ്ങടെ കിരീടവും, എന്തിരനും, രാഷ്ട്രീയവും ഒക്കെ കോപ്പി അടിച്ച് നിങ്ങളെങ്കിലും പണക്കാരാകൂ. കടം ആണെന്ന് പറഞ്ഞ് പിച്ചച്ചട്ടിയുമായി ഇന്ത്യയുടെ പടിക്കല്‍ വന്ന് എരക്കാതിരിക്കാന്‍ ഇങ്ങനെ ചില മൌലികവും, വൈകാരികവും, ബൌദ്ധികവുമായ കടം കൊള്ളലുകള്‍ നല്ലതു തന്നെ. ആശംസകള്‍.




03 മേയ് 2011

ഒബാമ Vs ഒസാമ




പേരില്‍ ഒരക്ഷരത്തിന്‍റെ വ്യത്യാസമേ ഉള്ളൂവെങ്കിലും ഒസാമയെ കൊന്നത് തന്‍റെ ഭരണകാലത്താണെന്ന് തങ്ക ലിപികളില്‍ എഴുതി വെയ്ക്കാന്‍ ഒബാമയ്ക്ക് ഈ ഒരു “അരും കൊല“ മതി. കൊന്നു എന്നു മാത്രമല്ല ഇസ്ലാമികാചാരപ്രകാരം കടലില്‍ സംസ്കരിച്ച് ഇസ്ലാമിന്‍റെ ചടങ്ങുകള്‍ പാലിച്ച് ബഹുമാനിക്കാനും അമേരിക്കന്‍ സേന മറന്നില്ല. അതാണ് അമേരിക്ക...! ദേ ആര്‍ എക്സ്ട്രാ ഡീസന്‍റ്...യു നോ.

എന്നാല്‍ ആയിരത്തിനടുത്ത് എണ്ണത്തില്‍ അമേരിക്കയിലെയും, യൂറോപ്യന്‍ ഇന്റ്റെലിജെന്‍സിലും ജോലി ചെയ്യുന്ന കുടുംബാംഗ ബലമൊക്കെ ലാദന് പുല്ലാണ് ..പുല്ല്. വേണ്ടി വന്നാന്‍ ഇനിയും ഒരങ്കത്തിനു കൂടി ബാല്യമുണ്ട് എന്ന് ഒസാമയുടെ പാര്‍ട്ടി ഒബാമയെ വിരട്ടിയതും , എപ്പോഴും അലെര്ട്ടായിരിക്കാന്‍ ലോകജനതയോടും, വിശിഷ്യ അമേരിക്കക്കാരോടും ഒപ്പം മിഷീലിനോടും പുള്ളിക്കാരന്‍ ആഹ്വാനിച്ചു കളഞ്ഞു..!!


ഒസാമ ചത്ത സന്തോഷത്തിലും അതിന്‍റെ ആഘോഷത്തില്‍ ആലസ്യത്തിലാണ്ട‍ മെഷീലിനെ മാറ്റിക്കിടത്തി കൈഫോണില്‍ ഒബാമ കുത്തി വിളിച്ചു..!

ആത്മഗതം:-യെവള്‍ക്കെന്തെരരണോ യെന്തോ ഒരു വെളര്‍ച്ച..? പത്രക്കാര് പറയുന്നതുപോലെയെങ്ങാനും വയറ്റിലുണ്ടോ അവോ?

അളിയോ..എവിടെ? വിവരം ഒന്നും ഇല്ലല്ലോ..?

“അളിയന്‍ അല്ല, കോണ്ടലീസയാ..”“

“പെങ്ങളെ നീയാണാ ഇപ്പോഴും ഫോണ്‍ എടുക്കുന്നേ..ഒന്നു കൊട്”

“വെയിറ്റ്..ട്ടാ...”


“അളിയോ..ബുഷ് അളിയോ..”

“ഞാന്‍ ചൂണ്ടയിടുവാ അളിയാ..എന്താ വിശേഷം..” അങ്ങേത്തലക്കല്‍ ബുഷിന്‍റെ ഘനഗംഭീരശംബ്ദം. ചൂണ്ടയിടുകയാണെന്ന് തെളിയിച്ചുകൊണ്ട് വെള്ളത്തിന്‍റെ ശബ്ദം കേള്‍പ്പിക്കാന്‍ ബുഷളിയന്‍ ചുമ്മാ ഒന്ന് ഫ്ലഷ് ചെയ്തു കൊടുത്തു..!! ഉം.

ഒസാമയെ ഞാന്‍ പിടിച്ചളിയാ...എന്നിട്ട് തല്ലിക്കൊന്ന് കടാലില്‍ തള്ളി..പിന്നല്ല.

“ഉം , കണ്ടു കണ്ടു..തൂക്കിക്കൊല്ലണമായിരുന്നു..!!”

ഒബാമ ഫോണ്‍ കട്ട് ചെയ്തു..!

ഓ..ഒരു വല്യ തൂക്കിക്കൊല്ലുകാരന്‍..ആയുസുമൊത്തോം പറഞ്ഞു നടക്കാന്‍ ഒരു സദ്ദാം..എന്തായാലും സദ്ദാമിനെക്കാള്‍ ഭീകരവാദത്തില്‍ ഒരു പടി മുന്നിലാ ഒസാമ. അളിയന്‍ സദ്ദാമിനെ കൊന്നെങ്കില്‍ ഞാനും ഒട്ടും മോശമല്ല അളിയാ..!!

************************************************************

ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..

ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..

ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..

“ ഹെലൊ”

“ എന്തെരെടെ അപ്പീ ഫോണ്‍ എടുക്കാത്തത്..”

“ആരെടെ..ഇത്..?”

“എടാ..ഇത് ഡേവിച്ചായനാ യു കെന്ന്...! ബെഞ്ചമിന്‍ അണ്ണനും ഇവിടെയുണ്ട്..ഒളിച്ച് വന്നതാ സ്മോളടിക്കാന്‍..”

“ഇച്ചായാ ഇവിടെ വല്യ പ്രശ്നമാ....ലവനെ തട്ടിയതിന്‍റെ പ്രതിക്ഷേധ റാലി നടക്ക്വ്വാ..”

“നീയൊരു കാര്യം ചെയ്യ്.. കടപൂട്ടി..വേഗം സ്ഥലം വിട്ടോ..

ഞാന്‍ ഇനി കൈഫോണീല്‍ വിളിക്കാം എന്നിട്ട് തുറന്നാമതി..പുറത്ത് ഒരുബോര്‍ഡ് തൂക്കിയേരെ..“

“യുകെ എമ്പസി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കുന്നതല്ല.“പിന്നെ മറ്റൊരു കാര്യം ഗിലാനിയോ, സര്‍ദാരിയോ ഒക്കെ വിളിച്ചാല്‍ എന്നെ വിളിക്കാന്‍ പറ..ഒകെ..

“ഓകെ..!”

*****************************************************

ടിങ്ങ്..ടാങ്ങ്..ടിങ്ങ് ടാങ്ങ്..

ഒബാമ കാളിങ്ങ് ബെല്ലില്‍ അമര്‍ത്തിപ്പിടിച്ചു.

കതക് തുറന്നതും ഒബാമ ചാടി അകത്ത് കയറി.

“ഇരിപ്പുറക്കുന്നീല്ല അളിയാ....”

“ഒകെഡാ..നീ വാ...ഒന്ന് ചൂടു പിടിപ്പിക്കാം.”

അകത്ത് കയറിയതും ഒബാമയുടെ കണ്ണു തള്ളി. കോണ്ടലീസ ദാ ഒസാമയ്ക്ക് 90 ഒഴിക്കുന്നു...പിന്നെ ചിരിക്കുന്നു.

അപ്പൊ ലവന്മാര് കൊന്ന് കടാലില്‍ തള്ളിയത് ആരെ..?

സ്തബ്ദനായി നിന്ന ഒബാമയെ ബുഷ് തോളില്‍ തട്ടി ആശ്വസിപ്പിച്ചു..

“ നീ പേടിക്കെണ്ടടാ ഉവ്വേ നുമ്മ കോസമെറ്റിക് സര്‍ജറി ചെയ്ത് പാകിസ്ഥാനില്‍ വിട്ട ഒരു പഹയനെയാ ലവന്മാര് തട്ടിയത്..”

“എന്നാലും ഒരു കടും കൈ ആയിപ്പോയി ബുഷ് അളിയാ..‘

ഒബാമ...താടിക്ക് കൈകൊടുത്തു കുത്തീര്‍ന്നു.

‘വളരെ നന്നായി അണ്ണന്മാരെ..അതുകൊണ്ട് എനിക്കൊരൂ ഗുണം ഉണ്ടായി..”

‘’എന്തൂ ഗുണം കോണ്ടൂ..”

കോണ്ടലീസാ അര്‍ദ്ധനിമീലിതമായ മിഴികള്‍ ഇളക്കി ഉത്സാഹവതിയായി..പറഞ്ഞു

1575 ഡോളര്‍ ആയിരുന്ന സ്വര്‍ണ്ണം 40 ഡോളര്‍ ഒറ്റയടിക്ക് കുറഞ്ഞില്ലേ...കളിച്ച കാര്യമോ?

നാല്‍വരും നാല് 90 വീതം അടിച്ച് ആനന്ദ നൃത്തം ചെയ്തു...

******************

അപ്പോഴും ഇങ്ങ് കൊച്ചു കേരളത്തില്‍ പലവീടുകളിലൂം വാര്‍ത്തകള്‍ മുഴങ്ങി.
പാകിസ്ഥാനിലെ അബൊട്ടാബാദില്‍ ബീന്‍ ലാദന്‍ വധിക്കപ്പെട്ടു.

നമുക്ക് പ്രമുഖരുടെ അഭിപ്രായങ്ങളിലേക്ക് കടക്കാം. ഇപ്പൊള്‍ നമ്മുടെ റിപ്പോര്‍ട്ടര്‍ ശ്രീ. ബിജുക്കുട്ടന്‍ ലൈനില്‍ ഉണ്ട്.

ശ്രീ. ബിജുക്കുട്ടന്‍ എങ്ങനെയാണ്..ബിന്‍ലാദന്‍ വധിക്കപ്പെട്ടത്..?

“രാവിലെ ചായക്ക് ശേഷം ലാദന്‍ കക്കൂസില്‍ പോകാന്‍ ബീഡി തപ്പി , ബീഡീ തീര്‍ന്നുപോയതുകൊണ്ട് അതു വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് ഈ ദുര്യോഗമുണ്ടായത്. കൂട്ടുകാര്‍ പലരും വിലക്കിയെങ്കിലും ലാദന്‍ അനുസരിക്കുകയുണ്ടായില്ല..ശ്രീ സുരേഷ്..

ബിജുക്കുട്ടാ..കേള്‍ക്കാമോ.. തീര്‍ന്നുപോയ ബീഡിക്ക് പകരം സം‌വിധാനം ഒന്നുമില്ലായിരുന്നു എന്നാണോ വിശ്വസിക്കേണ്ടത്..?

സുരേഷ് കേള്‍ക്കാം ...പകരം സവിധാനം ഉണ്ടായിരുന്നു..എന്നാല്‍ കട്ടന്‍ ബീഡി തെറുക്കാന്‍ ചുക്കാ ഉണക്കാനിട്ടിരിക്കുകയായിരുന്നുവെന്നും, തെറുപ്പുകാരന്‍ ഇലവെട്ടിത്തുടങ്ങിയതേ ഉള്ളൂ എന്ന വിവരവും ബിലാദന്‍റെ ബീഡീ സ്പെഷ്യലിസ്റ്റ് സവാഹിരി നമ്മോട് പങ്കുവച്ചു.."

വേറെ എന്തൊക്കെയാണ് ബിജൂ ?

“സവാഹിരി മനഃപൂവ്വം ബീഡി മാറ്റിപ്പിച്ചതാണെന്ന് സംശയം പലരും ഉന്നയിച്ചിട്ടുമുണ്ട്..ഇതു മറ്റു കാര്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് കരുതുന്നു. നന്ദി സുരേഷ്..!“

ഒസാമയുടെ വധത്തില്‍ പ്രതികരിച്ചതിന് നന്ദി.. നന്ദി ശ്രീ.തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശ്രീ. എം ഐ ഷാനവാസ്, ശ്രീ ശശി തരൂര്‍, ശ്രീ. ടിന്‍റു മോന്‍, വാര്‍ത്തയില്‍ പങ്കെടുത്തതിനും പ്രതികരിച്ചതിനും നന്ദി. ഇനി മറ്റൊരു പീഢന വാര്‍ത്തയിലേക്ക്....ഇടവേളയ്ക്ക് ശേഷം.

05 മാർച്ച് 2011

മലയാളത്തെറികള്‍..!!

ഇതിന്‍റെ തലക്കെട്ട് വായിച്ചപ്പോള്‍ത്തന്നെ കുറെ തെറികള്‍ മനസില്‍ മിന്നിമറഞ്ഞു എന്ന് കരുതുന്നു. ഓ.. തെറികളെപ്പറ്റി എന്തെഴുതനാ അല്ലേ..! എങ്കിലും, എന്തെങ്കിലും എഴുതിയിട്ട് കാര്യമുണ്ടോ...?.കാര്യമുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ. ആരാണ് തെറി കണ്ടുപിടിച്ചത്..? ഏതോ സംസാരിക്കാന്‍ അറിയാവുന്നവരാകും എന്ന് ഉത്തരം പറഞ്ഞാല്‍ തെറി ഉറപ്പ്.

വെറുതേ പോകുന്ന ഒരു തെണ്ടിയെ, “എടാ തെണ്ടീ” എന്നു വിളിച്ചാല്‍ തിരിച്ചൊരു തെറി വരും. അതായത് ‘തെണ്ടി’ക്ക് പോലും തെണ്ടി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. അപ്പോ തെണ്ടി അല്ലാത്തവരെ അങ്ങനെ വിളിച്ചാല്‍ പ്രതികരണം ഒന്നൂകൂടെ മോശം ആയിരിക്കും. ഇത്രയും പറഞ്ഞത് “തെറി“ ആരുംതന്നെ മനസുകൊണ്ട് ഇഷ്ടപ്പെടുന്നില്ല എന്ന് പറയുവാന്‍ മാത്രമാണ്.

തെറി- അധിക്ഷേപം, പഴിക്കുക, ശകാരിക്കുക, ദുര്‍ഭാഷണം, ഭര്‍ത്സിക്കുക,ആട്ടുക ഇതുപോലെ ഒരുപാട് വാക്കുകള്‍ തെറിക്ക് സമാനമായിട്ടുണ്ട്.

മലയാളത്തിലെ മിക്കതെറികളുടെയും ആവിര്‍ഭാവം മറ്റു പല ഭാഷകളില്‍ നിന്നുമാവാം. ഏതു ഭാഷ പഠിക്കാനും തെറിയില്‍ നിന്ന് തുടങ്ങണമെന്നത് ഒരു അലിഖിത നിയമമെന്നോണം പറഞ്ഞു കേട്ടിട്ടുണ്ട്. ഭാഷ എല്ലായിപ്പോഴും പഠിക്കേണ്ടത് കേട്ട് തന്നെയാണ് . ഏതു ഭാഷയിലും കേള്‍ക്കുന്നതില്‍ എറ്റവും സുലഭം തെറികള്‍ തന്നെയാണ് താനും..! ലളിതമായി മനസിലാക്കാന്‍ പറ്റുന്നത് തെറികള്‍ ആയതു കൊണ്ടാവാം ആദ്യം തെറികള്‍ പഠിച്ചു തുടങ്ങുന്നത്.

തെറി - ഒതുക്കപ്പെട്ടവ.

ഏഭ്യന്‍, മര്‍ക്കടന്‍, മൊശകോടന്‍, ശുംഭന്‍ എന്നീ പഴയകാല തെറികള്‍ വളരെ പ്രശസ്തമാണല്ലോ. എന്തുകൊണ്ട് ഈ തെറികള്‍ ഇന്ന് സാധാരണ ജനങ്ങള്‍ വിളിക്കപ്പെടുന്നില്ല..? ഇത്തരം തെറികള്‍ക്ക് കാഠിന്യക്കുറവ് ഉണ്ട് എന്നതായിരിക്കും ഒരു കാരണം , അതായത് കേള്‍ക്കുന്നയാളിന് ഇത് ഒരു തെറിയായിട്ട് അംഗീകരിക്കാന്‍ ഇന്നത്തെക്കാലത്ത് കഴിയുന്നില്ല, തിരിച്ച് ഒരു തെറി വിളിപ്പിക്കത്തക്ക ശക്തി മുകളില്‍ പറഞ്ഞ തെറികള്‍ക്ക് നഷ്ടപ്പെട്ടു. നല്ല നല്ല റൊമാന്‍റിക് തെറികള്‍ പുതുതായി കണ്ടു പിടിച്ചപ്പോള്‍ നിത്യ ജീവിതത്തില്‍ നിന്ന് മുന്‍പറഞ്ഞ തെറികള്‍ അപ്രത്യക്ഷമായി എന്നു വേണം കരുതാന്‍. ഇപ്പോള്‍ മുകളില്‍ ചൂണ്ടിക്കാണിച്ച തെറികള്‍ സിനിമയിലും, രാഷ്ട്രീയത്തിലും അത്യാവശ്യ ഘട്ടത്തില്‍മാത്രം ഉപയോഗിച്ചു കാണുന്നു.

നമ്മള്‍ മലയാളികള്‍ ആഗ്രഹിച്ചകാര്യം നടന്നില്ലെങ്കില്‍ ആദ്യം മനസില്‍ ഒരു തെറിയായിരിക്കും വിളിക്കുക. അത് ആരെ എന്നില്ല, ആരെവേണമെങ്കിലും വിളിക്കും. സൌകര്യപൂര്‍വ്വം പുതിയ തെറികള്‍ ഉണ്ടാക്കി വിളിക്കുന്നവരും ധാരാളം.എത്ര ബലവാനേയും തെറിവിളിച്ച് തോല്പിക്കുന്ന ദാവീദും ഗോലിയാത്തും കളികളുടെ ഉദാഹരണങ്ങള്‍ക്ക് വളരെ ദൂരമൊന്നും പോകേണ്ട, ചുറ്റും ഒന്നു “ചെവി”യോടിച്ചാല്‍ മാത്രം മതി.

തെറി ചില വസ്തുതകള്‍

സാധാരണയായി മലയാളി ഉപയോഗിച്ചു വരുന്ന തെറികള്‍ താഴെപ്പറയുന്നവയാണ്.
1.ശരീരഭാഗങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള തെറികള്‍- ഇതില്‍ അടിമുതല്‍ മുടിവരെ ഉപയോഗിച്ചുകാണുന്നു.
ചട്ടുകാലന്‍, മുറിക്കയ്യന്‍, കോങ്കണ്ണന്‍ അങ്ങനെ പോകുന്നു ഗ്രേഡ് കുറഞ്ഞ തെറികള്‍..!
മൂര്‍ച്ച കൂടിയ തെറികള്‍ കേള്‍ക്കുന്നവരുടെ ഹൃദയമിടിപ്പ് കൂട്ടുകയും ഒപ്പം ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുകയും ചെയ്യാം. ചിലപ്പോള്‍ മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതുകൊണ്ട് ഒഴിവാക്കുന്നു.
2.ലൈംഗികാവയവങ്ങളെയും ലൈംഗികബന്ധങ്ങളെയും മ്ലേശ്ചവല്‍ക്കരിച്ചുകൊണ്ടുള്ള തെറികള്‍.
3.മുന്‍ഗാമികളെയും കുടുംബത്തെയും കേന്ദ്രീകരിച്ചുള്ള തെറികള്‍- അച്ഛന്‍ , അമ്മ, ചേച്ചി അനിയത്തി, ചേട്ടന്‍, അമ്മൂമ്മ, അമ്മാവന്‍ തുടങ്ങിയവരോടൊപ്പം അവരുടെ അവയവങ്ങളും തെറിയില്‍ കണ്ടുവരുന്നൂ. ഇത്തരം തെറികള്‍ കേട്ടാല്‍ ശരാശരി മലയാളി തിരിച്ചും ഒരു ഡോസ്കൂട്ടി നിശ്ചയമായും തെറിവിളിച്ചിരിക്കും.‍
4. മൃഗങ്ങളെയും പക്ഷികളേയും സാദൃശ്യപ്പെടുത്തിക്കൊണ്ടുള്ള തെറികള്‍. പന്നി , പട്ടി (പട്ടിയുടെ പല ഇനങ്ങള്‍ ഉദാ- മരപ്പട്ടി), ഊളന്‍ എന്നീ മൃഗങ്ങളെയും, അവയുടെ പെണ്‍ വര്‍ഗ്ഗത്തേയും കുഞ്ഞുങ്ങളെയും ഇതിലുള്‍പ്പെടുത്തിയിരിക്കും. കോഴി, മൂങ്ങ എന്നീ പക്ഷികളെയും ചേര്‍ത്തുള്ള തെറികളും സുലഭം.
5. പ്രവൃത്തികളെ , ജോലിയെ ആസ്പദമാക്കിയുള്ള തെറികള്‍
ബാര്‍ബര്‍, ചണ്ഡാലന്‍, ഭിക്ഷക്കാര്‍‍ എന്നിവരൊക്കെ ഇത്തരം തെറികളില്‍ പാത്രങ്ങളാകാറുണ്ട്.
6. മതപരവും ജാതീയവുമായ തെറികള്‍.
7. തിന്നുന്നതും കുടിക്കുന്നതുമായ വസ്തുക്കളെ ചേര്‍ത്തുള്ള തെറികള്‍
എന്നാല്‍ തെറിക്ക് സംസാരഭാഷതന്നെ വേണമെന്നില്ല ,ആംഗ്യഭാഷകൊണ്ട് നയനമനോഹരമായ തെറികള്‍ വിളിക്കുന്ന വിദ്വാന്മാരും/ വിദുഷികളും നമുക്കിടയില്‍ ഉണ്ട്..!

തെറിയുടെ സൈക്കോലോജി

രാഷ്ട്രാന്തരീയവും, സാര്‍വ്വദേശീയവുമായും തെറികള്‍ മുകളില്‍ പറഞ്ഞരീതിയിലൊക്കെത്തന്നെയാണ് ഉണ്ടായിരിക്കുന്നത് എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. സ്കിന്നര്‍, ഫ്രോയിഡ്,പാവ്ലോവ് തുടങ്ങിയ മനഃശ്ശാസ്ത്രജ്ഞമാരുടെ തെറിപഠനങ്ങളുടെ വ്യാഖ്യാനങ്ങള്‍ രസാവഹങ്ങളാണ്. വികാര അനവസ്ഥയാണ് തെറിവിളിയുടെ ആണിക്കല്ല് എന്നും മാനസികാരോഗ്യമില്ലാത്തവര്‍‍ ആണ് തെറിവിളിക്കാര്‍ എന്ന് മനഃശാസ്ത്രജ്ഞര്‍ പൊതുവില്‍ കരുതുന്നു. ചെറുപ്പകാലത്തെ അരക്ഷിതത്വം, ശിഥിലമായ കുടുംബാന്തരീക്ഷം അങ്ങനെ ഒരു പാട് കാര്യങ്ങള്‍ ഒരു തെറിവിളിക്കാരനെ/കാരിയെ വാര്‍ത്തെടുക്കുന്നതിന് പിന്നിലുണ്ട്. ഒരാള്‍ എത്ര മാനസികാരോഗ്യമുള്ളവനായാലും നിരന്തരമായ തെറിവിളികള്‍ അയാളെ അന്തര്‍മുഖനാക്കുകയും, ജോലിയില്‍ നിരുത്സാഹവാനാക്കുകയും ചെയ്യുന്നു. ഇത്തരം തെറിവിളികള്‍ ഒരു സമൂഹമാണ് ഏറ്റെടുക്കുന്നതെങ്കില്‍‍ ഒരു പക്ഷേ എതൊരാളേയും ആത്മഹത്യക്ക് വരെ പ്രേരിപ്പിച്ചേക്കാം. ഇരുണ്ടതും ദുഷ്പ്രാപ്യവുമായ വ്യക്തിത്വത്തിന്‍റെ ഒരു ഭാഗമാണ് തെറിവിളിക്കാനുള്ള ത്വര. ഈഗോയെയും, സൂപ്പര്‍ ഈഗോയെയും(ഫ്രോയിഡിന്‍റെ ആശയങ്ങള്‍) തൃപ്തിപ്പെടുത്താനുള്ള ഒരു അബോധപൂര്‍വ്വമായ അമര്‍ഷമാണ് തെറിവിളി...!

അടക്കിവച്ച ലൈംഗിക ദാഹത്തിന്‍റെ പുറന്തള്ളലാണ് തെറികള്‍ എന്ന് ഒരു മനഃശ്ശാസ്ത്രജ്ഞന്‍ എഴുതിയത് വായിച്ച് തന്‍റെ ലൈംഗികാഭീഷ്ടം അറിയിക്കാന്‍ മുന്‍ മനശാസ്ത്ര ലേഖനാടിസ്ഥാനത്തില്‍ സ്ത്രീകളെ തെറി വിളിച്ചയാള്‍ക്ക് കിട്ടിയതോ ദേഹമാസകലം മുറിവുചതവുകള്‍. പിന്നീട് മനഃശ്ശാസ്ത്രജ്ഞനോട് ലേഖനത്തിന്‍റെ സാധുതയെപ്പറ്റി പരാതിപ്പെട്ടപ്പോള്‍ “ആ സ്ത്രീകള്‍ എന്‍റെ ലേഖനം വായിക്കാത്തവരാകും” എന്നത്രേ മറുപടി നല്‍കിയത്.

തെറി ക്ലാസ്..!
തെറികള്‍ ആഗോളവല്‍ക്കരിച്ച് , ഉദാത്തമായ രീതിയില്‍ അവതരിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ നിലവില്‍ വന്നാല്‍, പരസ്പരം തെറിപറഞ്ഞ് നിരന്തരമായി ഉണ്ടാകുന്ന ടെന്‍ഷനില്‍ നിന്നും ആശ്വാസം കണ്ടെത്താനും ഒപ്പം പണം ഉണ്ടാക്കാനും ഉപകരിച്ചേനെ. ഒരു പക്ഷേ തെറിവിളിച്ച് പണമുണ്ടാക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. വളരെ എളുപ്പമായ ഒരു സംഗതിയാണത്. തെറി ഇസ്റ്റിറ്റ്യൂട്ടുകള്‍, തെറി ക്ലബ്ബുകള്‍ എന്നിവ തുടങ്ങിയാല്‍ ധാരാളം അംഗങ്ങളെ കിട്ടും . ഫീ/അംഗത്വ വരിസംഖ്യ ഈടാക്കി തെറി ഇന്‍സ്റ്റിട്യൂട്ടുകളും ക്ലബ്ബുകളും നടത്താം.

ക്ലബ്ബിന്‍റെ പേര് തന്നെ ഒരു തെറിയില്‍ തുടങ്ങിയാല്‍ അത്യുത്തമം . ഇത്തരം ഒരു ക്ലബ്ബിലേക്ക് കടന്നു ചെല്ലുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന ഗുഡ് മോണിങ്ങ്, നമസ്തേ എന്നതിന് പകരം ..&&*%%$$## തെറികള്‍ ആയിരിക്കും പറയുന്നത്. അതിനു ശേഷം കുശലം ചോദിക്കുമ്പോള്‍ നല്ല നല്ല തെറികള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം എരിവും പുളിയും ചേര്‍ത്താല്‍ അന്നത്തെ ദിവസം സമാധാനമായി ഉറങ്ങാം.

ഇന്‍സ്റ്റിട്യൂട്ടില്‍ ആണെങ്കില്‍ അധ്യാപകന്‍ ക്ലാസില്‍ വരുമ്പോള്‍ എല്ലാവരും കാല് ഡെസ്കിന്‍റെ മുകളില്‍ കയറ്റിവച്ച് നല്ലഒരു തെറി അങ്ങട് കാച്ചും..അധ്യാപകനും തിരിച്ച് ഒരു കണ്ണുപൊട്ടുന്ന പുളിച്ച തെറി..! അങ്ങനെ തെറിക്ലാസ് തുടങ്ങുകയായി.. ! നല്ല തെറിപ്പേരുള്ള പുസ്തകത്തിന്‍റെ ഒന്നാം അദ്ധ്യായതലക്കെട്ട് തന്നെ പ്രായോഗികമായി നിത്യ ജീവിതത്തെ പുളകം കൊള്ളിക്കുന്ന ഒരു തെറിയായിരിക്കും..!

തെറി എന്ന പീഢനം.
പീഢനങ്ങള്‍ മൂന്ന് വിധം, ഇതില്‍ ശാരീരികം, ലൈംഗികം എന്നീ പീഢനങ്ങള്‍ക്ക് കിടനില്‍ക്കുന്നതാണ് മാനസിക (വൈകാരിക) പീഢനവും. തെറിവിളി എന്ന വൈകാരിക പീഢനത്തിനെതിരെ കേസ് കൊടുക്കാന്‍ കഴിയുമോ? ഇതും പീഢനത്തിന്‍റെ പരിധിയില്‍ വരുന്നതുകൊണ്ട് എല്ലാ രാജ്യങ്ങളിലും അതിന്‍റേതായ നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ വിളിച്ചയാളും കേട്ടയാളും അല്ലാതെ സാക്ഷിയും ആവശ്യമാണ് താനും. ജോലി സ്ഥലങ്ങളിലെ തെറിവിളികള്‍ , കുടുംബത്തിനുള്ളിലെ തെറിവിളികള്‍ , സഹനത്തിന്‍റെ അതിര്‍ത്തികള്‍ ലംഘിക്കുമ്പോള്‍ കേസുകളായി പരിണമിക്കുന്നു. ഇന്ത്യന്‍ കുടുംബ അവസ്ഥകളില്‍ തെറിവിളികള്‍ക്കെതിരെ വളരെയൊന്നും പ്രതികരിക്കാറില്ല എന്നതാണ് സത്യം. വിവാഹമോചന ഘട്ടങ്ങളില്‍ ഇതും ഒരു കാരണമായി കാണിക്കാന്‍ മാത്രം പരാതിപ്പെടുന്നവരാണ് കൂടുതലും..!

തെറി-തുടക്കം ഒടുക്കം.
എവിടെയാണ് തെറി കൃത്യമായി പ്രയോഗിക്കേണ്ടത് എന്ന് പ്രത്യേകമായി ആരും പഠിപ്പിക്കേണ്ടതില്ല. പൊതു സഭകളില്‍ പ്രയോഗിക്കുന്ന തെറികള്‍ പലരും കുടുംബത്ത് പ്രയോഗിക്കില്ല. കൂട്ടുകാരുടെ മുന്നില്‍ പറയുന്ന തെറികള്‍ ജീവിത പങ്കാളിയുടെ മുന്നിലും പ്രയോഗിച്ചു കാണുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതായത് തനതായ അവസരങ്ങളില്‍ പലതരം തെറികള്‍ നാം തന്നെ അറിയാതെ തയ്യാറാക്കി വെച്ചിരിക്കുന്നു എന്നര്‍ത്ഥം..!

പലകാരണങ്ങളാണ് തെറിപറയാന്‍ പ്രേരകമാകുന്നത്. മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രതികരണങ്ങള്‍ കിട്ടാതെ വരുമ്പോഴും, പിരിമുറുക്കവും, ദേഷ്യവും ഒപ്പം അത്ഭുതം തോന്നുമ്പോള്‍ പോലും തെറി പറയുന്നു പലരും.പലപ്പോഴും മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി തെറിയുതിര്‍ക്കുന്നു എന്നതാണ് സത്യം. തെറി പറഞ്ഞ് അഭിവാദ്യം ചെയ്യുന്നവരും ധാരാളമായുണ്ട്. സ്നേഹക്കൂടുതല്‍ കൊണ്ട് തെറിവിളിക്കുന്നവരും, തമാശയ്ക്ക് തെറിപറഞ്ഞ് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരും ഏറെ.

ഒട്ടുമിക്ക ദാമ്പത്യ ബന്ധങ്ങളിലും തെറിവിളി സ്വാഭാവികമായിത്തന്നെയുണ്ട്. പരസ്പരം തോല്പിക്കാനുള്ള വ്യഗ്രതയില്‍ മിക്കപ്പോഴും സ്നേഹിക്കാന്‍ മറന്നു പോകുന്ന നിര്‍ബന്ധിത ബന്ധങ്ങള്‍ക്ക് പങ്കാളിയെ ജയിക്കാന്‍ അത്താണി തെറി തന്നെ. അവിഹിത ബന്ധങ്ങള്‍, സംശയങ്ങള്‍, ലൈംഗികാരാജകത്വം, പണദൌര്‍ലഭ്യം തുടങ്ങിയവയാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് ദമ്പതികളെ നയിക്കുന്നത്.

കുട്ടികള്‍ സാധാരണ തെറി വിളിച്ചു പഠിക്കുന്നത് മാതാപിതാക്കള്‍ പരസ്പരം വിളിക്കുന്നത് കേട്ടിട്ടാണ്. തങ്ങള്‍ പരസ്പരം തെറിവിളിക്കുന്നത് കുട്ടികള്‍ കേട്ട് പുനരവതരിപ്പിക്കുന്നു എന്ന് 90% മാതാപിതാക്കളും സമ്മതിക്കുന്നു.11 വയസുള്ള 3000 കുട്ടികളില്‍ നടത്തിയ പഠനം ഇത് അടിവരയിട്ട് തെളിയിക്കുന്നു. ബഹുഭൂരിപക്ഷം മാതാപിതാക്കള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും അവര്‍ കുട്ടികളുടെ ആദ്യ ഘട്ടങ്ങളിലെ തെറിവിളി വെറുംതമാശയായിട്ടെടുക്കുകയാണ് പതിവ്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ഭാഷ. നല്ല ഭാഷ കുട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസവും ഒപ്പം ചുറ്റുമുള്ളവരില്‍ നിന്ന് നല്ല പെരുമാറ്റവും ഉറപ്പുവരുത്തുന്നു.

വീട്ടില്‍ പഠിച്ച തെറികളുടെ പ്രായോഗിക പരിശീലനം കിട്ടുന്നത് സ്കൂളില്‍ ആണെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.സ്വഭവനത്തിങ്കല്‍ മുറപോലെ കോച്ചിങ്ങ് കിട്ടാത്ത ഹതഭാഗ്യര്‍, സ്കൂളില്‍ നിന്ന് അതെല്ലാം സ്വായത്തമാക്കാന്‍ സഹപാഠികള്‍ സഹായിച്ച് സ്വയം പര്യാപ്തതയില്‍ എത്തിക്കുന്ന സുന്ദരരീതിക്ക് എത്ര കണ്ട് അഭിനന്ദനം ചൊരിഞ്ഞാലും മതിയാകില്ല.‍..!!

നിങ്ങളെ ആരെങ്കിലും തെറിവിളിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും..? നാല് കാര്യങ്ങള്‍ ചെയ്യാം
1.തിരിച്ച് ഡോസ് കൂട്ടി തെറിയഭിഷേകം നടത്താം
2.ശാരീരികമായി എതിരിടാം
3. അവഗണിക്കാം.
4. കേസ് കൊടുക്കാം
ഇതില്‍ ഏതാണ് നല്ലതെന്ന് നിങ്ങള്‍ തീരുമാനിക്കൂ.

എന്തൊക്കെയായിരുന്നാലും തങ്ങള്‍ ഇടപഴകുന്ന സമൂഹത്തിന്‍റെ സംസ്കാരം ആണ് തെറിവിളിക്കാനും , സൌഹാര്‍ദ്ദപരമായി പെരുമാറാനും ശീലിപ്പിക്കുന്നത്. സൌമ്യമായതും , പരുക്കനായതുമായ വാക്കുകള്‍ സമൂഹമാണ് നിയന്ത്രിക്കുന്നത്.സമൂഹത്തിന് പഥ്യമല്ലാത്തതെല്ലാം സമൂഹം പുറന്തള്ളുന്നു. അക്കൂട്ടത്തില്‍ പെട്ടതാണ് തെറികളും.

തെറിവിളിച്ച് പൊട്ടിത്തെറിക്കുന്നവര്‍ ഓര്‍ക്കുക നിങ്ങള്‍ തെറിവിളിക്കുമ്പോള്‍ നിങ്ങളുടെ സംസ്കാരമാണ് ചോദ്യം ചെയ്യപ്പെടുന്നത്, അല്ലാതെ കേള്‍ക്കുന്നവരുടെയല്ല്ല.

തെറി വിളികേട്ട് ആദ്യം ചെവിയും പിന്നെ ഹൃദയവും പൊട്ടി, അടിയറവ് പറഞ്ഞ് കമഴ്ന്ന് കിടക്കുന്ന ഒരു പാവം ജീവനക്കാരന്‍റെയും തെറിവിളിയില്‍ വിജയം വരിച്ച ബോസിന്‍റേയും ചിത്രത്തോടെ ഇത് അവസാനിപ്പിക്കുന്നു. ശുഭം


24 ഫെബ്രുവരി 2011

അഹമ്മദ് റ്റീ..!!

ദുബായിലെ സാധാരണ കാറുകള്‍ കൂടണയാന്‍ തുടങ്ങുന്നു...!
പാര്‍ക്കിംഗില്‍ കിടക്കുന്ന ചില കാറുകള്‍
ബാറുകളിലേക്ക് പോകാന്‍ തയ്യാറായി...!
 പാര്‍ക്കിംഗ് കിട്ടാത്ത കാറുകള്‍ കറങ്ങിത്തളര്‍ന്നു...!
നഗരം സുരപാനം ചെയ്ത് മയങ്ങാന്‍ ഇനിയും സമയം ബാക്കി.!
ഓ..ഇത്രേമൊക്കെ മതി ആമുഖം.

മൊബൈല്‍ തരിപ്പിലിട്ടതുകൊണ്ട് ശബ്ദമലിനീകരണമില്ല.,
ഇതവനാ വേന്ദ്രന്‍. മാനവേന്ദ്രന്‍.

“അളിയോ..നീയെവിടാ..?”

“എന്താടാ..ഞാന്‍ വീട്ടിലുണ്ട്..”

“എന്താ പരിപാടി..?”
പരിപാടി എന്താണെന്ന് ചോദിക്കണമെങ്കില്‍
അവന്‍ ഫിറ്റായിരിക്കും, എന്നാലും ചോദിച്ചു.

“നീ ഫിറ്റാണോ..”

“ആണോന്ന്, മുക്കാല്‍ കുപ്പി കഴിഞ്ഞു..”

“ഹും നടക്കട്ട്..”

“ഒരു ചെറിയ സംഗതിയുണ്ട്..,
ഞാന്‍ കട്ട് ചെയ്തു വിളിക്കാം. വേറൊരു കോള്‍..”

ഹോ.. എന്തായിരിക്കും..?
സസ്പെന്‍സിലിട്ട് ഫോണ്‍ കട്ടു ചെയ്തുകളഞ്ഞു.
മാനവേന്ദ്രന്‍ ആള് ഒരു വാറ്റ് കന്നാസാ.
കന്നാസെന്ന് പറഞ്ഞാലും ശരിയാവുകയില്ല. ജാറയാ..ജാറ...!!

എന്തായിരിക്കും പറയാനുള്ളത്.

മൊബൈല്‍ വീണ്ടും തരിക്കുന്നു.

“ഹലോ..”

“അളിയോ..നമ്മക്ക് നാളെ ഒരു പ്രോഗ്രാമുണ്ട്.
വൈകിട്ട് ക്രൌണ്‍ പ്ലാസയിലാ. ഒരു പ്രോഡക്റ്റ് ലോഞ്ച്..!”

“എന്തോന്ന്..
പിന്നേ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ വരുമോ അതോ
പ്രോഡക്റ്റ് ലോഞ്ചിന് പോകുമോ..?, ഒന്നു പോഡോ.“

“അളിയാ..കൈവിടരുത്..
നീ ഉണ്ടങ്കിലേ എനിക്ക് പോകാന്‍ പറ്റൂ..
ഇല്ലേ രേണു വഴക്കുണ്ടാക്കും..പ്രശ്നമാകും..”

അതു ശരി എന്‍റെ ക്ലീന്‍ സര്‍ട്ടിഫിക്കേറ്റില്‍
പിടിച്ച് കളിക്കാനാ അവന്‍റെ ശ്രമം,
മുതലെടുക്കാന്‍ അവസരം നോക്കി ഇരിക്കുവാ.

“ഉം.. ശരി..ഞാന്‍ വരാം..
എന്നാല്‍ ലോഞ്ചിനൊന്നും ഇല്ല.
എനിക്ക് ഈ വക പരിപാടികളൊന്നും മനസിനു പിടിക്കുകേല്ല.
പിന്നെ എനിക്ക് ഷേക്ക് സായ്യിദ് റോഡില്‍ പോകേണ്ട ഒരു കാര്യണ്ട്..
ആട്ടെ എത്രമണിക്ക് തീരും തന്‍റെ പ്രോഗ്രാം “

“ഏറിയാല്‍ ഒന്‍പത് മണി മാക്സിമം പത്ത്..
അതിനപ്പുറം പോകില്ല..”

“ശരി..നാളെ വിളിക്ക്..ട്ടാ”

എനിക്ക് മനസിലാകുന്നില്ല,
എന്തിനാണോ ഇത്രയും മദ്യം കഴിക്കുന്നത്.
പൂസായാല്‍ പിന്നേം ഇരുന്ന് വലിച്ച് കേറ്റും.
ഒരിക്കല്‍ ചോദിച്ചപ്പോള്‍ പറയുന്നു

“ അളിയനറിയില്ല എനിക്ക് വല്യ ടെന്‍ഷനാ..”

“എന്തിന്‍റെ ടെന്‍ഷന്‍..?”

“ഓ..അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസിലാകുവേല..”

ഒരുപാട് പ്രോഡക്റ്റ്സിന്‍റെ ഡിസ്ട്രിബ്യൂഷന്‍ നടത്തുന്ന
മാനവേന്ദന്‍റെ ഒരേ ഒരു കുറവ് കോളജില്‍
കൂടെപ്പഠിച്ച ടെന്‍ഷനില്ലാത്ത ഞാന്‍ ആണെന്ന് തോന്നും.!!

“ഞാന്‍ എപ്പോഴും ഫിറ്റാന്നാ രേണു പറയുന്നേ,
എന്തു ചെയ്യാം..വൈകുന്നേരം ഒന്നു ടെന്‍ഷന്‍ ഫ്രീ
ആകാന്‍ ഇതല്ലാതെ വേറേ എന്തു വഴി..”

“നീ എപ്പോഴും ഫിറ്റാന്ന് പറഞ്ഞത് തെറ്റ്, കുടിക്കുമ്പൊ മാത്രം..!!

“അതിന് കുടിക്കാതെ രേണു നിന്നെ കണ്ടിട്ടുണ്ടോ..?”

“നീയിപ്പോഴും പഴയ അളിഞ്ഞ തമാശ തന്നേടേ. സ്റ്റേഷന്‍ മാറ്റിപ്പിടീ..’

“അല്ല ഇതു ഞാന്‍ സീരിയസായിപ്പറഞ്ഞതാ..”

ഒടുക്കത്തെ കുടി കാരണം രേണു ആണ് ബുദ്ധിമുട്ടുന്നത്.

"മൂത്ത മകന് 9 വയസ് കഴിഞ്ഞു.
അവനും ഇതൊക്കെ കണ്ടാ വളരുന്നത് എന്ന ചിന്ത പോലും മാനവേന്ദ്രന് ഇല്ല..”

ഒരിക്കല്‍ രേണു, ഞാന്‍ കൂടെയിരുന്നപ്പോള്‍ അവനോട് ചോദിച്ചു.

“ നിങ്ങള്‍ കുടിച്ചിട്ട് അമ്മയുടെയോ, പെങ്ങളുടെ അടുത്ത് സംസാരിക്കുമോ..?”

“ഇല്ല.”

“പിന്നെന്താ ഭാര്യയ്ക്കും ആ ബഹുമാനം തന്നാല്‍...?
അപ്പൊ ഭാര്യയുടെ സ്ഥാനം എന്താ..?”

അയാള്‍ക്ക് ഒന്നും പറയാന്‍ ഇല്ലായിരുന്നു.

ഇത് ഒരു ലഹരിയുടെ അവസ്ഥ..!
ഇനി മറ്റൊരുലഹരി- ബിസിനസ്..!!

വണ്ടിയിലിരുന്ന് കഴിഞ്ഞകാല ബിസിനസുകളേയും, അതിന്‍റെ വീഴ്ചകളേയും കുറിച്ച് വായ്തോരാതെ സംസാരിച്ചുക്കൊണ്ടിരുന്നു. പുതിയ മാര്‍ക്കെറ്റിംഗ് സ്ട്രാറ്റജികള്‍ പങ്കുവെയ്ക്കാന്‍ വല്ലാത്ത ഒരു ആവേശം. ചുമ്മാതല്ല കണ്ട ചവര്‍ പ്രോഡക്റ്റ്സ് എല്ലാം ഇറക്കുമതി ചെയ്ത് കാശുണ്ടാക്കിയത്..

“ ഇന്നത്തെ പ്രൊഡക്റ്റ് ലോഞ്ച് വളരെ പ്രത്യേകതരം തന്നെയാണ്..,!
 ഒരു പരീക്ഷണം. അത്രമാത്രം.
 മതം, ജാതി ഒക്കെ ഇന്ന് നിര്‍ണ്ണായക ഘടകം തന്നെ,
എന്തു വാങ്ങുമ്പോഴും ചെയ്യുമ്പോഴും!.“

മാനവേന്ദ്രാ...എന്ന് മനസില്‍ ഞാന്‍ ഉറക്കെ വിളിച്ചു,
 സ്റ്റിയറിംഗ് ഊരിയെടുത്ത് അടിക്കാനുള്ള ആഗ്രഹം അടക്കി.
ഇവന്‍ പുത്യ മതം വല്ലതും ലോഞ്ച് ചെയ്ത് കാശടിക്കാനുള്ള
ശ്രമത്തിലാണൊ എന്തോ..?

‘അളിയാ ..നീ നോക്കിക്കൊ,
മതം സെഗ്മെന്‍റ് ചെയ്താ ഈ പ്രോഡക്റ്റ്
യു എ ഇ യീല്‍ ഇറങ്ങാന്‍ പോകുന്നത്..!’

ഞാന്‍ സാകൂതം അവന്‍റെ മുഖത്ത് നോക്കി

‘അതെന്ത് പ്രോഡക്റ്റാ..മോനേ മാനൂ”

എന്‍റെ ജിജ്ഞാസയെ പുച്ഛിച്ച് തള്ളി അവന്‍ പറഞ്ഞു

“അത് സസ്പന്‍സ്”

ഞാന്‍ നിരാശതയോടെ വണ്ടിയില്‍ നിന്നും
അവനെ ക്രൌണ്‍ പ്ലാസയില്‍ ഇറക്കി.

“പ്രോഗ്രാം കഴിഞ്ഞ് ..വിളീക്ക്..ട്ടാ..
ഞാന്‍ ഇവിടെ എവിടെയെങ്കിലും കാണും..”

9 മണികഴിഞ്ഞു...
ദാ കാള്‍ വരുന്നു..

“ അളിയോ..30 മിനിറ്റിനുള്ളില്‍ ഞാന്‍ ഫ്രീയാകും...”

“കൈവിട്ട് പോയളിയാ...
വേറേ ഒരു പാര്‍‍ട്ടി ഡിസ്ട്രിബ്യൂഷന്‍ഷിപ്പ് എടുത്തുകളഞ്ഞു,
സാരമില്ല നമുക്ക് വേറേ നോക്കാം..”

വണ്ടിയില്‍ കയറിയതും ഒരു മനോഹരമായ പായ്ക്കറ്റ് എന്‍റെ നേര്‍ക്ക് നീട്ടീ..

ഇതാണാ പുതിയ പ്രോഡക്റ്റ്..!!

പായ്ക്കറ്റ് തുറന്ന് കണ്ണു നിറയെ കണ്ടു..യു എ ഇ കീഴടക്കാന്‍ പോകുന്ന ആ പുതിയ പ്രോഡക്റ്റ്. ..!!


അതേ..ഇതാണ് മാര്‍ക്കെറ്റ് സെഗ്മെന്‍റേഷന്‍,
ഇതായിരിക്കണം മാര്‍ക്കെറ്റ്സെഗ്മെന്‍റേഷന്‍..!!
മാര്‍ക്കെറ്റിംങ്ങിന്‍റെ പുതിയ തലങ്ങളിലേക്ക്
ഊളിയിടാന്‍ പ്രചോദനമാകുന്ന പുത്യ പ്രോഡക്റ്റ്..!!!
മുസ്ലീം പേരുള്ളതുകൊണ്ട് മാര്‍ക്കെറ്റിംഗ് രൊമ്പ ഈസിയായിരിക്കും..!!

സര്‍വ്വലോക മുസ്ലീംങ്ങള്‍ക്കും ഏതു നേരവും
 കുടിക്കാന്‍ യു കെയില് ‍നിന്ന് ഒരു ചായപ്പൊടി.
അഹമ്മദ് റ്റീ..!!

എനിക്ക് ദാക്ഷായണി ബിസ്കറ്റ്സ് ഓര്‍മ്മവന്നു
പിന്നെ ദൈവത്തിന്റെ പേരുകളുള്ള നെയ്യ്..
ഈ അണ്ഡകടാഹത്തില്‍ അങ്ങനെ എത്രയോ
പ്രോഡക്റ്റുകള്‍ ദൈവങ്ങളും,
മതങ്ങളുമായും സെഗ്മെന്റ് ചെയ്ത് വില്‍ക്കപ്പെടുന്നു..!!

എങ്കിലും പിന്നീട് മനസിലായി...
അഹമ്മദ് റ്റീ പുലി തന്നെ..നല്ല രുചിയുള്ള ചായ..!!
____________________________________________
#റഷ്യയിലും, #ഇറാനിലും എറ്റവും കൂടുതല്‍ വില്‍ക്കുന്ന
ചായപ്പൊടി എന്ന് കമ്പനി അവകാശപ്പെടുന്നു..!!.

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *