08 ഒക്‌ടോബർ 2014

അജ്ഞാതമായ ജീവിതാദ്ധ്യായങ്ങള്‍..!

Buzz It
ജനിക്കുമ്പോഴേ പേടിയുള്ളതുകൊണ്ടാണ്
നമ്മള്‍ ഒറ്റക്കരച്ചില്‍ കരയുന്നത് ,
നിര്‍ത്താതെ കരയും .. അമ്മയുടെ ചൂട് കിട്ടുന്നതുവരെ.
അതുവരെയുണ്ടായിരുന്ന ചൂട് നിലനിര്‍ത്താനുള്ള
വാശിയോടെയുള്ള കരച്ചില്‍..!

പിന്നെ വളരുന്തോറും കരച്ചിലിന്‍റെ ആവൃത്തി കുറയും,
ചുറ്റുപാടുകള്‍ പരിചിതമാകുമ്പോള്‍ ക്രമേണ പേടിയും കുറയും.
പിന്നെപ്പിന്നെ നേരമ്പോക്കിന് ഇടക്കിടെ പേടിക്കാറും കരയാറുമുണ്ട്..
കൌമാരമൊക്കെ കടന്ന് ചിറക് കുടഞ്ഞ്
പറന്ന് തുടങ്ങുമ്പോള്‍ ജീവിതത്തോടു തന്നെ ഒരു പേടി തോന്നും.
ഇനിയെന്തെന്ന് വിചാരിച്ച് കുണ്ഠിതപ്പെടും..!
ജോലിയും കൂലിയുമില്ലാതെ വലിയ അന്ധകാരത്തില്‍ പെട്ട്
മനസ്സ് എന്തിനെന്നില്ലാതെ വിങ്ങിപ്പൊട്ടും..
മൂല്യങ്ങളോടും മാമൂലുകളോടും നിഷേധാത്മകത പ്രകടിപ്പിച്ച്
ജീവിതത്തെ നോക്കി അന്ധാളിച്ച് നില്‍ക്കും..
ആര്‍ദ്രകണികളിലെവിടെയൊക്കെയോ തിളക്കമാര്‍ന്ന കണ്ണുകള്‍ ചൊരിയുന്ന
വൈദ്യുത നോട്ടങ്ങളെ താലോലിച്ചുകൊണ്ട്
ഒന്നുമുരിയാടാനാകാതെ വിമ്മിട്ടപ്പെട്ട ദിനങ്ങളുമുണ്ടാകാം..
ആരുമില്ലാതിരിക്കുമ്പോള്‍ അങ്ങനെയൊക്കെ തോന്നുക
സ്വാഭാവികം..
ആരെങ്കിലുമുണ്ടെങ്കില്‍ത്തന്നെ വിഷമം പങ്കുവെയ്ക്കാന്‍
പറ്റിയെന്ന് വരില്ല..കാരണം വിവരാണാതീതമായ , അതിസങ്കീര്‍ണ്ണമായ വ്യാപാരങ്ങളിൽപ്പെട്ട് മനസ്സ് ഉഴലുകയാവാം ..
കത്തിനില്‍ക്കുന്ന സൂര്യന്റെ ചൂടില്‍
മനസ്സില്‍ സ്വയം സൃഷ്ടിക്കപ്പെട്ട ഉത്കണ്ഠകളില്‍
ഒതുങ്ങിക്കൂടിയിരിക്കുന്ന കാലം..
അന്തസ്സു്, അഭിമാനം , ദുരഭിമാനം എന്നിവ വേറേയും..
സ്വന്തം മുഴക്കോലില്‍ അളക്കാന്‍ കഴിയാത്ത
സമൂഹത്തിന്‍റെ വിവേചന വിരല്‍ചൂണ്ടലുകളില്‍
മുഖമമര്‍ത്തി തേങ്ങിപ്പോകുന്ന ഒരു കാലഘട്ടം..
കൗതുകപ്രദങ്ങളായ വസ്തുക്കള്‍ പണമില്ലാത്തതുകൊണ്ട്
നിഷേധിക്കുക വഴി അപകര്‍ഷതാ ബോധത്തില്‍ ആണ്ടുപോകാം..
പതുക്കെ അതൊക്കെയുമായി ഇണങ്ങിച്ചേര്‍ന്ന് തട്ടിയും മുട്ടിയും
മുന്നോട്ട് പോകുമ്പോള്‍ എന്തെങ്കിലും ജോലിയൊക്കെ കിട്ടും..
കിട്ടിയ ജോലി പോകുമോയെന്നോര്‍ത്ത് ആധിയുണ്ടാകാം..
ആധിയും വ്യഥകളും കടന്ന് എതാണ്ടൊക്കെ
ജീവിതത്തിന്നുറപ്പായെന്ന് കരുതുമ്പോള്‍
കരച്ചിലിന് ഒരു ശമനമൊക്കെ വരും.

യൌവ്വനം അവസാനിക്കുന്നതുവരെ വലിയ
പേടിയില്ലാതെ, കരച്ചിടക്കി ജീവിതയാത്ര തുടരാം..!
വ്യത്യസ്തമായ ചൂടുകള്‍ക്ക് വേണ്ടി പോരടിച്ച്
വിജയവും പരാജയവുമേറ്റുവാങ്ങുന്ന കാലം..
കാലം കനിഞ്ഞു നല്‍കിയ യൌവ്വന വേഗങ്ങള്‍ ..
യൌവ്വനത്തില്‍ ജീവിതം ശക്തിവിശേഷങ്ങളുടെ പ്രതിരൂപങ്ങളോട്
ഇണങ്ങി നില്‍ക്കുന്നവെന്ന് ഉറച്ച് വിശ്വസിക്കാം.
ആ ശക്തിവിശേഷങ്ങള്‍ അനവരതം പ്രതിപ്രവര്‍ത്തനം
നടത്തി നമ്മെ മുന്നോട്ട് നയിക്കുന്നു
കാലപ്രയാണത്തില്‍ കൂട്ടുകൂടിയവരും , കൂടിച്ചേര്‍ന്നവരും ,
കൂടെയുള്ളവരും പിരിയുകയും ,ദൂരേയ്ക്കകലുകയും ചെയ്യുമ്പോള്‍
മനസ്സ് വിങ്ങിക്കരയുന്നുണ്ടാവും,.
അപ്പോഴൊക്കെ വ്യക്തിത്വശക്തിയെ വികസിപ്പിച്ചെടുത്ത പ്രസരിപ്പ്
വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍
നമ്മെ അവസരത്തിനൊത്ത് ഉയര്‍ത്തി നിര്‍ത്തിയേക്കാം..

ധൈര്യം സംഭരിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍
പിന്നെയും പേടിയുടെ ആധിക്യം കൂടിക്കൂടി വരും...
അത് ജീവിക്കുന്നതിന്‍റെ അല്ല , ജീവിതം തീര്‍ന്നുവരുന്നതിന്‍റെ പേടി..
വീണു പോകുന്നതിന്‍റെ പേടി..ഒറ്റയ്ക്കാകുന്നതിന്‍റെ പേടി..
ആ പേടികാരണം നാസ്തികന്‍ ചിലപ്പൊ ദൈവ വിശ്വാസിയാകും..
അങ്ങനെയായില്ലെങ്കില്‍ത്തന്നെ മറ്റാരുമറിയാതെ
ഉള്ളിന്‍റെയുള്ളില്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാവാം..
ശരിക്ക് പ്രാര്‍ത്ഥിക്കുമ്പോള്‍ കരയാറുമുണ്ടാകാം..
ഭാരമുള്ള കരിമ്പടത്തിനുള്ളിലെ ജീവന്റെ ചൂടില്‍ ആത്മാവിന്റെ പശിമ
നിലനിര്‍ത്താനുള്ള മത്സരത്തില്‍ തോറ്റുപോകാം...
കാലമടിച്ചേൽപ്പിച്ച പൊരുത്തപ്പെടാനാകാത്ത വ്യാകുലതയെ
വ്യക്തിപരമായി നേരിടുന്നതിന്‍റെ വിഷമസന്ധികളിലൂടെയുള്ള യാത്ര..
കോപ താപ പാരുഷ്യങ്ങളുമായി സമരസപ്പെടുമ്പോഴും
മനസ് പറയുന്നിടത്ത് ശരീരമെത്താതെയാകുമ്പോള്‍ ഹൃദയം കൊണ്ട് കരയും..
എന്തിനു കരയുന്നുവെന്ന് ചോദ്യങ്ങളുണ്ടാവുന്നതുകൊണ്ടും
കരച്ചിലിന് ഉത്തരമില്ലാത്തതുകൊണ്ടും ..ആരും കാണാതെ കരയാം....!
കരഞ്ഞ് കരഞ്ഞ് കണ്ണീര്‍ വറ്റിപ്പോയതുകൊണ്ട് ..കണ്ണുകള്‍ നിറഞ്ഞ് തൂവണമെന്നില്ല ..
മനുഷ്യനെതിരെ കാലം നിരന്തര സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും
കാലം വെല്ലുകയും ചെയ്യുന്നു..
ജീവന്‍റെ ചൂട് നഷ്ടപ്പെടുന്ന ആ നിമിഷങ്ങളില്‍ എന്തിനു
കരയുന്നുവെന്നുപോലുമറിയാതെ നിര്‍വ്യാജമായി പേടിക്കും..

____________________________________
‪#‎അജ്ഞാതമായ‬ ജീവിതാദ്ധ്യായങ്ങള്‍..!


01 ഒക്‌ടോബർ 2014

കുണ്ഡലിനി..!!

Buzz It


കുണ്ഡലിനി.. കുണ്ഡലിനി എന്ന് കേട്ടിട്ടുള്ളതല്ലാതെ എന്താണ് സംഭവം എന്ന് പലര്‍ക്കും പിടിയില്ല..! ഈ സരസവും ദുര്‍ഘടവുമായ പദം കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു ചെറു പുഞ്ചിരി വിടരും , ദേ..ഇപ്പൊ നിങ്ങള്‍ക്ക് ഒരു ചിരി വന്നില്ലെ..അതാണ് നുമ്മള്‍ പറയാന്‍ പോകുന്ന കുണ്ഡലിനി..!! കുണ്ഡലിനി എന്ന് പറഞ്ഞാല്‍ നുമ്മക്ക് ബാബാ രാംദേവിനെയോ , സ്വാമി നിത്യാനന്ദയൊ വരെ ഓര്‍മ്മ വരും. അവരുടെ കുണ്ഡലിനി ഉണര്‍ത്തല്‍ പ്രസിദ്ധമാണല്ലൊ..! യോഗചെയ്ത് കുണ്ഡലിനിയെ ഉണര്‍ത്തിയെടുക്കുന്നവരും , എന്നാല്‍ ഒരു ചുക്കും ചെയ്യാതെ സ്വന്തം കുണ്ഡലിനിയെ അവഗണിക്കുന്നവരുമുണ്ട്. ഭൂരിഭാഗവും ഈ രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ്. സ്വന്തമായി നല്ല ഒന്നാംതരം കുണ്ഡലിനിയുള്ളവര്‍ പോലും വല്ലവരുടേയും ‘ഓഞ്ഞ’ കുണ്ഡലിനിയെ പൊക്കിപ്പറഞ്ഞ് പ്രതിപക്ഷ ബഹുമാനമുണ്ടെന്ന് നടിക്കുന്ന കലികാലമാണ് ഇത്. അദ്ധ്യാത്മസാധനകൊണ്ട് മനുഷ്യശരീരത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന അതിബൃഹത്തായ മൂലശക്തിയെ ഉണര്‍ത്തിയെടുത്ത് നമുക്ക് ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് മുന്നോട്ട് പോകാം.!

ആരാധ്യരായ യോഗഗുരുക്കാന്മാരുടെ കുണ്ഡലിനിയെ ഒന്നു ബഹുമാനപുരസ്സരം താണുവണങ്ങി എന്താണ് കുണ്ഡലിനിയെന്ന് പരിശോധിക്കാം. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ അവര്‍ക്കെല്ലാം സ്വന്തായി കുണ്ഡലിനിയുമുണ്ട്, കൃത്യമായി പറയുകയാണെങ്കില്‍ സ്പൈനല്‍ കോഡിന്റെ [സുഷുമ്‌ന നാഡി] ഏറ്റവും താഴത്തെ അറ്റത്താണ് ഈ കുണ്ഡലിനി എന്ന് പറയുന്ന സംഭവം സ്ഥിതിചെയ്യുന്നതെന്നാണ് പൊതുവെയുള്ള മതം. അവിടെ ചുരുട്ടിക്കൂട്ടി വച്ചിരിക്കുന്ന ‘എനര്‍ജി’ ഉണര്‍ത്തിയെടുത്താല്‍ അതു സ്പൈനല്‍ കോഡ് വഴി മുകളിലേയ്ക്ക് കയറും...പിന്നെ പോലീസ് പിടിച്ച് ഇടിച്ചാല്‍ പോലും ഒന്നും സംഭവിക്കില്യാ.! ആയതിനാല്‍ നാഡീ വ്യൂഹത്തിലെ അന്തര്‍വാഹികളും ബഹിര്‍വാഹികളുമായ വ്യാപാരവ്യവസായങ്ങള്‍ കേന്ദ്രീകൃതമായും അടുക്കുംചിട്ടയൊടും നിര്‍വ്വഹിക്കാന്‍ കുണ്ഡലിനിയെ ഉണര്‍ത്തേണ്ടത് ഏതൊരു ഇന്ത്യന്‍ പൌരന്റെയും ആത്യന്തികമായ കടമയാണ്..!

നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ സന്തുലിതപ്പെടുത്തുന്നവയാണ് ആഹാര രീതികളെങ്കിലും നമ്മുടെ സ്വഭാവവുമായും അത് ബന്ധപ്പെട്ടു കിടക്കുന്നു.
ആയതിനാല്‍ കുണ്ഡലിനി ഉണര്‍ത്തുന്നവര്‍ ആഹാര കാര്യത്തില്‍
പ്രത്യേക നിഷ്കര്‍ഷ പാലിക്കേണ്ടതാണ്.. ഒന്നു ചുരുക്കി വിവരിക്കാം..

1. രാവിലെ രണ്ട് ഇഡ്ഡലി കഴിക്കാം . നാട്ടിലാണെങ്കില്‍ 12 എണ്ണം വരെ ഈസിയായിട്ട് കൈകാര്യം ചെയ്യാം . ഇഡ്ഡലി & കുണ്ഡലിനി വായിച്ചാല്‍ പേരില്‍ ഒരു പ്രാസം ഇല്ലേ? അതാണതിന്റെ ഒരു ഇത്...!

2. ക്ലോക്കില്‍ മണി പന്ത്രണ്ട് അടിക്കുമ്പോള്‍ ഒരു ഓറഞ്ച്,ക്യാരറ്റ് ഫ്രെഷ് ജൂസ് ഒരു ഗ്ലാസ് നിര്‍ബന്ധമാക്കണം. നൊ ഐസ് , ആ തെണ്ടികള്‍ ഷുഗര്‍ ഇടാറേയില്ല..!

3.ഉച്ചക്ക് ചോറ് ..മീനില്ലെങ്ക്ലും സാരമില്ല മീഞ്ചാറെങ്കിലും മതി.
മീനിലെ ധാതു ലവണങ്ങള്‍ അലിഞ്ഞു ചേര്‍ന്ന് രാസപ്രവര്‍ത്തനം നടത്തിയ ‘ചാറ് ‘ കുണ്ഡലിനിയെ കുലുക്കി ഉണര്‍ത്താന്‍ കഴിവുള്ളവയാണ്..!

4.ഇടക്കിടയ്ക്ക് ബ്ലാക് ടീ . ഫ്ലേവനോയിഡുകളുടെ ബാഹുല്യം കുണ്ഡലിനിക്ക് അത്ഭുതാവമായ പ്രചോദനമാണ് നല്‍കുന്നത്. സുലൈമാനി കുടിക്കുമ്പോള്‍ വെറുതെ വയര്‍ ഉരുണ്ടുകേറുന്നത് കുണ്ഡലിനിയുടെ പ്രഭാവം ആണെന്ന് തെറ്റിദ്ധരിച്ചേക്കരുത്..

5. വൈകിട്ട് ഒരു കുബൂസ് [കുബൂസ് കിട്ടിയില്ലെങ്കില്‍ മാത്രം ചപ്പാത്തി..! ]
അല്പം ചിക്കങ്കറി..
ചിക്കങ്കറിയാ..? എന്നൊന്നും ചോദിക്കേണ്ട , ചിക്കനും മീനുമൊക്കെ വെജിറ്റേരിയന്‍ ആഹാരമാണ്. സിംഹം , കടുവ, പുലി ഇവറ്റകളുടെ മാംസം ഭക്ഷിച്ചാല്‍ നുമ്മളും നോണ്‍ വെജ് ആയിപ്പൊകും. അതുകൊണ്ട് കുണ്ഡലിനിയെ ഉണര്‍ത്താന്‍ പര്യാപ്തമായ ആഹാരം നാം പ്രത്യേകം തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്.

ആത്മീയജ്ഞാനത്തിന്റെ അഭാവമാണ് മനുഷ്യര്‍ക്ക് മാനസികാരോഗ്യം കുറയാനുള്ള യഥാര്‍ത്ഥകാരണമെന്ന് പറയുമ്പോള്‍ ശ്വാസം പോലും നേരെ ചൊവ്വേ നിയന്ത്രിക്കാന്‍ കഴിയാത്ത മനുഷ്യര്‍ എത്ര നിസ്സാരന്മാരും അവര്‍ക്കെങ്ങനെ ആത്മീയജ്ഞാനം മുഴുവനായി ഉള്‍ക്കൊണ്ട് കുണ്ഡലിനിയെ പരിപോഷിപ്പിക്കാന്‍ കഴിയുമെന്ന് ഒരു ശങ്കയില്ലേ?. ശരീരത്തിനു സംഭവിക്കുന്ന ക്ഷയവും, വൃദ്ധിയും , മരണവുമെല്ലാം തന്റേതാണെന്നു തെറ്റിദ്ധരിച്ച് ജീവിക്കുന്നവര്‍ക്ക് കുണ്ഡലിനിയെപ്പറ്റി ചിന്തിക്കാന്‍ പോലും സമയം കിട്ടുമോ ..?!! ആത്മാവിന്റെ ശക്തിയെന്ന നിലയില്‍ കുണ്ഡലിനീ ശക്തിയെ തിരിച്ചറിയുകയും വികസിപ്പിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ ഒരു വെറും ശരീരമോ ബുദ്ധിയോ അല്ല; ആത്മാവുതന്നെയാണെന്ന് മനസ്സിലാക്കാനും മാനസികാരോഗ്യം വീണ്ടെടുത്ത് ഏതു ജീവിത പ്രതിസന്ധികളേയും ധൈര്യപൂര്‍വ്വം നേരിടാനും തരണം ചെയ്യാനും കഴിയുന്നുവെന്ന് യോഗിവര്യന്മാര്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നതൊക്കെ വായിച്ച് നുമ്മടെ കുണ്ഡലിനിയും ഉണര്‍ന്നു തുടങ്ങി..!! ഉണര്‍ന്ന കുണ്ഡലിനീപരിപോഷണത്തിനായി പരിശ്രമിക്കുമെന്ന് ഞാനിതാ സത്യം ചെയ്യുന്നു...! ജീവിതാസ്വാദനത്തിന്റെ ആത്മീയവ്യവഹാരത്തില്‍
അലിഞ്ഞ് ചേരാന്‍ നോം നിങ്ങളേയും സഹര്‍ഷം സാദരം സ്വാഗതം ചെയ്യുന്നു..

ഇനി ഏതെങ്കിലും യോഗഗുരുവിനെ എത്രയും പെട്ടെന്ന് സമീപിച്ച് ദക്ഷിണ വെക്ക്യാ.. ! കുണ്ഡലിനി ധൃതഗതിയില്‍ ഉണര്‍ത്തുക...!
സര്‍വ്വം മംഗളം ..ശുഭം.
______________________________________________
#എല്ലാകൂട്ടുകാര്‍ക്കും കുണ്ഡലിനി ഉണര്‍ത്തല്‍ ആശംസകള്‍ ..!!

04 സെപ്റ്റംബർ 2014

ഖള്ല്ലാആആആസ്..!!

Buzz It

സ്വന്തം വിവാഹ ക്ഷണക്കത്ത് അയക്കുന്നതിനൊപ്പം കഥാനായകന്‍ ഫേസ് ബുക്കില്‍ അലഞ്ഞുതിരിഞ്ഞ് ഏതോ ഒരു ഫ്രെണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തതും അപ്പുറത്തു നിന്നും ഒരു ഡിങ്ങ്..

അളിയാ..ഞാനാഡാ..

ഹു..? ( മലയാളിയാണെങ്കിലും ഇംഗ്ലീഷില്‍ തുടങ്ങുന്നതാ ബുദ്ധി..!)

ഞാനാടാ കാദര്‍..

തലച്ചോറില്‍ ഒരു കൊള്ളിയാന്‍ മിന്നി... ഒരു ഫ്ലാഷ് ബായ്ക്.
ഗള്‍ഫിള്‍ വന്നിറങ്ങി ആദ്യകാലങ്ങളില്‍ ജീവിതം കാദറിനൊപ്പമായിരുന്നു.
നല്ലവനായ കാദറിന്‍റെ കയ്യില്‍ കൊള്ളരുതായ്മകള്ക്ക് പരിധിയില്ലായിരുന്നു എന്നത് നഗ്നസത്യം ..! ജീവിതത്തിന്‍റെ ഒരു ഘട്ടമായിരുന്നു..ഒരു “അന്തരാള ഘട്ടം” കാദര്‍ കൊടികുത്തിവാഴുന്ന കാലം..!! വൈകുന്നേരങ്ങളില്‍ അറബിമൂത്രത്തിന്‍റെ ഗന്ധം പൊഴിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് കാദര്‍ എങ്ങോട്ടാണെന്ന് പലര്‍ക്കും അറിയാമെങ്കിലും കഥാനായകന് മാത്രം വലിയ പിടിയില്ല. കാദറിനെ ‘അറബാബ്’ എന്നുപോലും ആരെങ്കിലും വിളിച്ച് പോയാല്‍ അത്ഭുതപ്പെടാനില്ല. ഒരു മുതലാളിയുടെ പ്രൌഢിയോടേ കാദര്‍ സലാം പറഞ്ഞ് നടന്നു നീങ്ങും. വൈകുന്നേരം കാദര്‍ മുറിക്ക് പുറത്തേക്ക് ഇറങ്ങിയാല്‍ അവിടെയുള്ളവര്‍ “ഖള്ള്ലാആആആഅസ്” എന്നു ഉറക്കെപ്പറയും.. ! കാദറും ഉറക്കെയുറക്കെ ചിരിച്ച് അവരുടെ ചിരിയില്‍ പങ്കുചേരും. ഇടക്കിടയ്ക്ക് ഈ “ഖള്ലാഅആആആസ്” ഉറക്കെ പറഞ്ഞ് അവര്‍ ആസ്വദിക്കുന്നത് മനസിലാകാത്ത കഥാനായകന്‍ വൈക്ലബ്ബ്യനായി..!

“അബ്ബാസേ..നമുക്ക് വൈകിട്ട് ഒരിടം വരെ പോകണം”

“അതിനെന്താ ഇക്കാ, ഞാന്‍ റെഡി”

ഇന്ന് എന്തായാലും ഈ “ഖള്ല്ലാആആസ് “ എന്താണെന്ന് ചോദിച്ചിട്ട് തന്നെ കാര്യം..!!! വൈകുന്നേരം നേരെ പാര്‍ക്കിലേക്ക് കാലെടുത്തുവച്ചതും അകലെ കുറെ പൈങ്കിളികള്‍. ദാ വരുന്നു കല്യാണം കഴിക്കാന്‍ പാകത്തില്‍ ഒരെണ്ണം. കാദര് ചിരിച്ചുകൊണ്ട് പരിചയപ്പെടുത്തി.

“ഐഷു..നുമ്മടെ ഫ്രെണ്ടാ..!!”

കാദറിനെക്കാളും നല്ല ഫ്രെണ്ടാക്കാന്‍ എനിക്കു പറ്റും എന്ന് കഥാനായകന് പറയാന്‍ തോന്നിയ നിമിഷം. ഐഷുവിന്‍റെ കണ്ണില്‍ നോക്കിയതും രണ്ട് കറണ്ടടിച്ച മാതിരി ഒരു ഒരു..ഇത്...

കല്യാണം കഴിക്കുവാണെങ്കില്‍ ഇവളെത്തന്നെ കെട്ടണം ..പക്ഷേ ദുഷ്ടന്‍ കാദര്‍..?? ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു. എന്തായിരിക്കും കാദറും ഐഷുവുമായുള്ള ബന്ധം.. അതോര്‍ത്ത് കഥാനായകന്‍റെ മനം പുകഞ്ഞു...!! താന്‍ നടത്തിയ കമ്പ്യൂട്ടര്‍ ഷോപ്പില്‍ പോലും ഇത്രയും സൌന്ദര്യമുള്ള ഒരു “ മുത്തിനെ” കണ്ടുകിട്ടിയിട്ടില്ല. ഇനിയുള്ള സ്വപ്നങ്ങള്‍ ഐഷുവിന് വേണ്ടി മാത്രമായിരിക്കും എന്ന് ഉഗ്രപ്രതിജ്ഞ ചെയ്ത് അബ്ബാസ് അങ്ങനെ കോരിത്തരിച്ച് നിന്നു.!

“ നീ എന്താടാ പെണ്ണിനെ കണ്ടിട്ടില്ലാത്തതുപോലെ..??”, ഇതു നമ്മുടെ ഒരു സുഹൃത്തിന്‍റെ പെങ്ങളാ, നാട്ടീന്ന് അവന്‍ കൊടുത്തുവിട്ട കുറെ സാധനങ്ങളാ ആ പൊതിയില്‍, റൂമില്‍ ചെന്നിട്ട് നോക്കാം..മൊത്തം പലഹാരങ്ങളായിരിക്കും..“

ഓഹ്..സമാധാനമായി, കാദര് എന്ന സത്സ്വഭാവിയെ മനസാ നമിച്ചുപോയ നിമിഷം..! ഐഷുവുമൊത്തുള്ള ജീവിതം എത്രമനോഹരമായിരിക്കും. 2 കുട്ടികള്‍ മതി. ഒരു മോനും ഒരു മോളും. ഒരു ചെറിയ ..അല്ല വലിയ വീട്..എന്തിനാ കുറയ്ക്കുന്നത്..!! നാട്ടില്‍ പോയി ഒരു പുതിയ വലിയ കമ്പ്യൂട്ടര്‍ ഷോപ്പ് തുടങ്ങണം.നെയ്തുകൂട്ടിയ സ്വപ്നങ്ങളുമായി കഥാനായകന്‍ നടത്തത്തിന് സ്പീട് അല്പം കൂട്ടി.

എതിരെ വന്ന ഒരാള്‍.. മലയാളിയാണെന്ന് നിശ്ചയം..
കാദറിന് കൈകൊടുത്ത് “ ഖള്ല്ലാആആആസ്“ എന്ന് ഉറക്കെ പറഞ്ഞു രണ്ടു പേരും ചിരിച്ചു..! കഥാനായകന് ജിജ്ഞാസ അടക്കാനായില്ല.

“ഇക്കാ, നിങ്ങള്‍ ഖള്ല്ലാആആആസ് എന്നു പറഞ്ഞ് ചിരിക്കുന്നത് എന്തിനാ..??”

“അതോ ,ധൃതിവെയ്ക്കല്ലേ.. നമ്മളങ്ങോട്ട് തന്നെയാ പോകുന്നത്..?“

നടന്നുകയറിയത് പഴമ തോന്നിക്കുന്ന ഒരു വില്ലയില്‍. ഇവിടെ ഇങ്ങനെയുള്ള വില്ലകള്‍ സാധാരണമാണ്. അറേബ്യന്‍ മാതൃകയിലുള്ള വാസ്തുകലയുടെ ഭംഗിയാര്‍ന്ന രൂപം. അകത്ത് കടന്നതും തറയില്‍ ഇരിക്കാന്‍ ആവശ്യമായ കുഷനുകള്‍ നിരത്തിയിട്ടിരിക്കുന്നു. ഇരുന്നതും ഒരു വയസായ മുഷിഞ്ഞ പര്‍ദ്ദക്കാരി പെപ്സിയും വെള്ളവും കൊണ്ട് വച്ചു.

“പണ്ട് ഞാനും ഐഷുവിന്‍റെ കെട്ടിയവനും ഒരുമിച്ചായിരുന്നു ഇവിടെ വന്നിരുന്നത്.. മിക്കവാറും ആഴ്ചയില്‍ ഒരിക്കല്‍..അവന്‍റെ കല്യാണത്തിനു മുന്‍പ്. ..” കാദര്‍ പറഞ്ഞു നിര്‍ത്തിയതും.. കഥാനായകന്‍ മുന്നില്‍ ഇരുന്ന വെള്ളം എടുത്ത് “ മടമടാന്ന്” കുടിച്ചു. സ്വപ്നങ്ങള്‍ തകര്‍ന്ന് ഹതാശനായി അവന്‍ തണുതണുത്ത ഭിത്തിയില്‍ ചാരി ഇരുന്നു...കണ്ണിലെ സ്വപ്നങ്ങള്‍ ഇരുട്ടായി രൂപാന്തരം പ്രാപിച്ചു. എന്നാലും ഐഷു..!!

അകത്തു നിന്ന് റേഡിയോയിലൂടെ ഒഴുകി വരുന്ന അറബിപ്പാട്ട്.
കാദറിനെ അറബി സ്ത്രീ ആനയിച്ചുകൊണ്ടു പോയി.
റേഡീയോയിലെ പാട്ട് ഉച്ചസ്ഥായിലായി.
അകത്തുനിന്ന് ഏതോ സ്ത്രീയുടെ “ഖള്ല്ലാആആഅസ്“ എന്ന അത്ഭുത അലര്‍ച്ച...!

കാദര്‍ ക്ഷീണിതനായി വന്നു...ഇരുന്നു..പിന്നെ കുറെ വെള്ളം കുടിച്ചു, അനന്തരം പെപ്സിയും പൊട്ടിച്ച് അണ്ണാക്കിലേക്കൊഴിച്ചു...!

“നീ പോയി നോക്കീട്ട് വാ..അബ്ബാസേ..”

കഥാനായകനെ അറബിസ്ത്രീ ആനയിച്ചുകൊണ്ട് പോയി...
ചെറിയഇടനാഴിയിലൂടെ.. പതുപതുത്ത കാര്‍പ്പെറ്റില്‍ ചവുട്ടി അസഹ്യമായ അറബിക് സുഗന്ധദ്രവ്യങ്ങളുടെ മണം പറന്ന് നടക്കുന്ന മുറിയിലെത്തി. ഒരു സ്ത്രീ.....പ്രൌഢയായ ഒരു തേജസ്വിനി ഗംഭീരമായി ഇരിക്കുന്നു..പര്‍ദ്ദയില്‍.
ചെറിയ റേഡിയോ ചെവിയില്‍ വച്ച് ഉച്ചത്തില്‍ അവര്‍ പാട്ട് കേള്‍ക്കുന്നു..
കഥാനായകനെ കൈകാട്ടി അടുത്തേക്ക് വിളിച്ചു.. അടുത്തേക്ക് പോയ അവനെ അവര്‍ ആശ്ലേഷിച്ചു...പിന്നെ എല്ലാം പെട്ടെന്നായിരുന്നു..

“ഖള്ല്ലാആആആസ്....!” സ്ത്രീ അലറി..

അബ്ബാസ് ഊരിയിട്ടിരുന്ന വസ്ത്രങ്ങള്‍ എടുത്തുകൊണ്ട് പുറത്തേക്ക് ഓടി.
ഇടനാഴിയില്‍ വച്ച് വസ്ത്രങ്ങള്‍ ധരിച്ച് ഒന്നും സംഭവിക്കാത്തതുപോലെ കാദറിനടുത്തേക്ക്. കഥാനായകനെ ആനയിച്ചു കൊണ്ട് പോയ സ്ത്രീ കളിയാക്കി ചിരിക്കുകയാണോ എന്ന് അവന് സംശയം..

“ഖള്ള്ല്ലാആആആസ്” കാദര്‍ അലറി..പിന്നെ ഉറക്കെയുറക്കെ ചിരിച്ചു..!!
ഐഷുവിനെ എന്നെന്നേയ്ക്കുമായി മറന്ന് അവനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു....!

നിന്‍റെ നിക്കാഹ് ആണെന്ന് അറിഞ്ഞു.. ആശംസകള്‍ അബ്ബാസ്..!
നീ പറഞ്ഞില്ലേലും ഞാന്‍ അറിയും. മുന്നിലെ ഫേസ്ബുക്ക് ചാറ്റില്‍ കാദറിന്റെ മെസേജ് നിന്ന് ചിരിക്കുന്നു..! ഇപ്പോള്‍ കാദര്‍ ഓണ്‍ലൈനില്‍ ഇല്ല.

മൊബൈലില്‍ ഒരു കാള്‍...എടുത്തതും കാദര്‍..
പിന്നെ ഒടുക്കത്തെ ഒരു അലര്‍ച്ചയും..

ഖള്ള്ല്ലാആആആഅസ്.....!!
_________________________________________


25 ഓഗസ്റ്റ് 2014

X- റിലോഡഡ്

Buzz It
ദേ ആ പോകുന്ന ആളെക്കണ്ടോ.? X- മിലിട്ടറിയാ..
സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞുവന്ന പട്ടാളക്കാരന്‍ ..!
മനസിന്‍റെ ഉള്ളറകളില്‍ നിന്ന് ഓഹ്.. ഒരു ബഹുമാനം
അങ്ങട് അനര്‍ഗ്ഗളമായി നിര്‍ഗ്ഗളിച്ചൂന്ന് പറഞ്ഞാല്‍ മതീല്ലൊ..
കയ്യില്‍ XXX- റം...
വണ്ടര്‍ഫുള്‍ , ഇപ്പൊ ഇംഗ്ലിഷ് അക്ഷരമാലയിലെ X നോട്
എന്തെന്നില്ലാത്ത ആദരവ് . റം അത്ര ഇഷ്ടലങ്കിലും..
XXX റം അടിച്ച് X-mas ആഘോഷിച്ചാല്‍ X-Ray എടുക്കേണ്ടി വരും..
അതല്ല്ലേ കയ്യിലിരിപ്പ്..!? ;)

X factor ഉള്ളവര്‍ X-llent ആയി കാര്യങ്ങള്‍ നീക്കുമ്പോള്‍
X-paired ആയിപ്പോയവരുണ്ട് , അവര്‍
X- peria ഉപയോഗിച്ച് 
Xtra ordinary ആയി X-ersice  ചെയ്യുന്നതുകൊണ്ടായിരിക്കും.. 
X വെട്ടിക്കളയലിന്‍റെ ഒരു പ്രതീകവും..XXX കടുംവെട്ടും.. ;)
X ജെനറേഷന്‍ XXX കണ്ട് വിജ്രംഭിച്ചിരിക്കുമ്പൊ ഒരു ടൈമ്പാസിന്
X-മെന്‍ സിനിമ കണ്ട് നിര്‍വൃതിയടഞ്ഞ സാദാ ആള്‍ക്കാരുമുണ്ട്..!
ചില മലയാള സിനിമകളില്‍ നായകന് അനോണിമസ് കാളിലൂടെ
സുപ്രധാന വിവരങ്ങള്‍ നല്‍കുന്ന മി.
X ആണ്...!!


അതൊക്കെ പോട്ട്...XL - XXX L അളവുകളില്‍ ടീഷര്‍ട്ടുകളും മറ്റ് വസ്ത്രങ്ങളും വാങ്ങാത്തവര്‍ ആരാ..
പത്താം ക്ലാസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം 
X F എനിക്ക് ഓര്‍മ്മവരും..നുമ്മടെക്ലാസ് അതായിരുന്നല്ലൊ..
X  എം എല്‍ എ എന്നും  
X മന്ത്രിയെന്നും സ്റ്റേജിലും മറ്റിടങ്ങളും പരിചയപ്പെടുത്തി പൊങ്ങുന്നവരും നാണം കെടുത്തുന്നവരുമുണ്ട്..
[EX എന്ന് എഴുതിയാലും  X എന്നേ നുമ്മക്ക് വായിക്കാന്‍ പറ്റൂ..!! ]
ഇതു പറഞ്ഞപ്പഴാണ് Example ന്റെ ഷോര്‍ട്ട് ഫോം X-ample  ,  Ex. എന്നൊക്കെ തെറ്റായി എഴുതുന്നവര്‍ ഉണ്ട് , Explain എന്നതിനെ   X-plain എന്നാക്കുന്നവരുമുണ്ട്..ജനിതകത്തില്‍ XX  കോമസോം സ്ത്രീകള്‍ക്ക് മാത്രം..
അതെന്താ സ്ത്രീകള്‍
XX ആയിപ്പോയതെന്ന് ചിന്തിക്കാറുണ്ട്..
എന്നാല്‍ പുരുഷന്മാര്‍ക്ക് 
Xഉം  Y ഉം ഉണ്ട്..
നുമ്മക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിഉഅ
X , XY എന്നീ പെര്‍ഫ്യൂമുകളെയും വിസ്മരിക്കുന്നില്ല..


ഇതിന്റിടയ്ക്ക്  X ആക്സിസ് വിട്ടുകളയുന്നില്ല..ഒപ്പം Y ആക്സിസും.. ;)മുകളില്‍ എഴുതിയതൊക്കെ 
പഴയ  പരിചയപ്പെടുത്തലാണെങ്കില്‍ ...
ആധുനിക പരിചയപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നു..
ഹായ്..മീറ്റ് മൈ X - ഹസ്ബഡ് ആന്‍റ് X- ബോയ് ഫ്രെണ്ട്..!
ഒരേ വേദിയില്‍ രണ്ട് ‘X‘കള്‍ കൂട്ടിമുട്ടിയിരിക്കുന്നു...
X-ited   ആയിപ്പോയോ... എങ്കില്‍ വേണ്ട..! അവര്‍ ചിയേര്‍സ് പറഞ്ഞ് ഈരണ്ട് ലാര്‍ജ്ജ് അധികത്തില്‍ അടിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല.
എല്ലാം ഒരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കാന്‍ പഠിച്ചിരിക്കുന്നു..
അതിനിടയ്ക്ക്  മറ്റൊരു ന്യൂ ജനറേഷന്‍ പരിചയപ്പെടുത്തല്‍ ..!
ഹായ്.. ദിസീസ് മൈ XX- ഗേള്‍ഫ്രെണ്ട് ആന്‍റ് XXX- ഗേള്‍ഫ്രെണ്ട്..!!
______________________________________________
#എല്ലാ X-ബ്ലോഗ്ഗേര്‍സിനും അഭിവാദ്യങ്ങള്‍ ..!!

24 ഓഗസ്റ്റ് 2014

വിരസതയുടെ ലളിതസങ്കീര്‍ണ്ണതകള്‍ ..!

Buzz It

പ്രേമപൂര്‍വ സൌഭാഗ്യങ്ങളെക്കുറിച്ച് സംസാരിച്ചായിരുന്നു അവര്‍ തുടങ്ങിയത്..
ജന്മാന്തരങ്ങളുടെ സാന്നിദ്ധ്യം അറിഞ്ഞുവെന്ന് പരസ്പരം പ്രോത്സാഹിപ്പിച്ചിരുന്നു..
ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെയും വൈവിധ്യങ്ങളെയും പ്രണയിച്ച്
തോല്പിച്ചതില്‍ അഹങ്കരിച്ചുകൊണ്ട്  ഒരു തീക്ഷ്ണ പ്രകാശം
അവരെ വലയം ചെയ്തു നിന്നു. പ്രണയത്തിന്റെ അനശ്വരതയ്ക്കടയാളം
നല്‍കിയ അവളുടെ വിരലില്‍ ഒരു വജ്രമോതിരം തിളങ്ങി..
ഇടക്കിടെ ആ വിരലിനെ അവള്‍ താലോലിച്ചിരുന്നു , മെഴുകുതിരി
വെട്ടത്തില്‍ അന്യോന്യം നോക്കിയിരിക്കുമ്പൊള്‍ അയാളും...!
അന്യാദൃശവും അസാധാരണവുമായ ഒരു തിളക്കം അവരില്‍
വന്നു പതിച്ചതിന്റെ ചാലകശക്തിയില്‍ സ്വയം മറന്നിരുന്നു..

ആത്മസത്തയെ പ്രത്യക്ഷമാക്കിത്തരുന്ന
ജീവിതാവസ്ഥകളെ ഉന്മാദത്തോടെ നേരിട്ടിരുന്ന ദിവസങ്ങള്‍ക്ക്
ധൈഷണികമായി കള്ളയൊപ്പിട്ട പിന്വിളികളുണ്ടായത് പൊടുന്നനെയായിരുന്നു..!
ഒറ്റപ്പെടലിന്റെ ബാധ കേറിയ വൈകാരിക നിമിഷങ്ങള്‍ സ്വന്തമാക്കി
തുരുത്തുകളിലായി സമാധികൊണ്ട ദിവസങ്ങള്‍.
സ്നേഹപ്രസരത്തിന്റെ അവശിഷ്ട ബിംബങ്ങളെ പ്രതിനിധാനം ചെയ്യുന്ന
ഉണര്‍ച്ചയില്ലാതെ രണ്ട് അവശേഷിപ്പുകള്‍ . ദൃഷ്ടിഗോചരമല്ലാത്ത
ഒരു മതില്‍ പടുത്തുയര്‍ത്തി അവര്‍ മൌനികളായി..

ബോധധാരകളില്‍ മദ്യത്തിന്റെ സ്ഥിരോത്സാഹം വര്‍ദ്ധിക്കുമ്പോള്‍ ,
കടുംവര്‍ണ്ണങ്ങളോട് ഒരല്പം പോലും കരുണകാട്ടാതെ വരച്ചിടുന്നത്
മനസ്സിന്റെ നിയന്ത്രണരേഖക്കിപ്പുറം നിന്നുകൊണ്ട് ,
അസഹിഷ്ണുതകളെ ശബ്ദമേതുമില്ലാതെ ചുണ്ടുകളനക്കുന, കൈകള്‍
ചലിപ്പിക്കുന്ന ഭാവപ്രകടനത്തില്‍ ഭാഷയുടെ അഴുക്കുകളെ ദൂരെയെറിഞ്ഞ്
ഒന്നും മനസ്സിലാകാതെ അവള്‍ കണ്ടുനിന്നുവെന്ന് പറയുന്നതാവും ശരി..!

അതിലും ദുര്‍ഗ്രഹമായിരുന്നു അയാളുടെ വിരസവിവരണങ്ങള്‍ ..
ഭിന്നവും എന്നാല്‍ അതിനേക്കാളുപരി സാമ്യമുള്ളതുമായ രണ്ടേ രണ്ട് കാര്യങ്ങളില്‍
അവര്‍ ഒരുമിച്ചത് നീണ്ടുപുളഞ്ഞ വഴികളില്‍ അതിവേഗത്തില്‍
കാറോടിക്കുന്നതും , വളരെ നേര്‍ത്ത ശബ്ദത്തില്‍ രാത്രികാല ഗീതങ്ങള്‍
ശ്വാസോച്ച്വാസത്തിന്റെ പരിമിതിയില്‍ ശ്രവിക്കുക എന്നതുമായിരുന്നു..!
അയാള്‍ക്ക് കാറോട്ടവും അവള്‍ക്ക് സംഗീതവും..

വേഗത്തിലോടുന്ന കാറില്‍ മരണഭീതിയോടെ അവളും,
അരോചകമായ സംഗീതത്തില്‍ ഉറക്കം നഷ്ടപ്പെട്ട് ഭ്രാന്തനായി അയാളും..
പരസ്പര പീഡനത്തിന്റെയും സഹനത്തിന്റെ കെട്ടുപൊട്ടിയ ഒരു നാള്‍
അവര്‍ തുറന്ന് വച്ചത് മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത
സ്വാതന്ത്ര്യത്തിന്റേയും , ഇഷ്ടങ്ങളുടേയും പുതുലോകമായിരുന്നു..

ഇരുണ്ട പ്രകാശത്തില്‍ വിജനമായ
റെസ്റ്റോണ്ടിലെ നിശബ്ദതയെ ജയിക്കാനെന്നവണ്ണം
അയാള്‍ ഉറക്കത്തന്നെ പറഞ്ഞു..
“നാം തുടങ്ങിയത് ഇവിടെ നിന്ന്,
അവസാനിക്കുന്നതും..ഇവിടെ “

 “മ്യൂസിക് സര്‍ “

“നോ താങ്ക്സ്”
അവള്‍ വെയിറ്ററെ വിലക്കി..!

ഒന്നും കഴിക്കാതെ ;
രണ്ടു വിരലുകളാല്‍ സ്ട്രോകൊണ്ട് കോക്ടെയിലിലെ ഐസ് ക്യൂബ്സ്
കുത്തിത്താഴ്ത്തുന്ന തിരക്കിലായിരുന്നു അവള്‍ .
കുത്തിമുറിവേല്‍പ്പിക്കുന്ന നോട്ടങ്ങളാല്‍ അവളെ അനുധാവനം ചെയ്തുകൊണ്ട്
മുന്നിലിരുന്ന മദ്യം ഒറ്റവലിക്ക് അയാള്‍ അകത്താക്കി..!
അയാള്‍ കൂടുതല്‍ മദ്യപിക്കുന്നതിനു മുന്‍പേ

“എനിക്ക് പോകാന്‍ ധൃതിയുണ്ട്..”
ഇതുവരെക്കാണാത്ത ഇച്ഛാശക്തി പ്രകടമാക്കിക്കൊണ്ട് അവള്‍ എഴുന്നേറ്റു..!

മനസ്സിലെ ഭാവഭേദം മുഖത്ത് കാട്ടാതെ കൈകൊടുത്ത് പിരിയുമ്പോള്‍
ഒരു വിടവാങ്ങലിന്റെ സ്വാഭാവികമായ പരിസമാപ്തിയില്‍
അയാള്‍ നീട്ടിയ അവസാന പൂക്കള്‍ക്ക് ചിരിയോടെ
അയാളണിച്ച വജ്രമോതിരമൂരി അവള്‍ തിരികെ നല്‍കി ,
കൂടെ അതിന്റെ ബില്ലും, ഗ്യാരണ്ടി പേപ്പറും..!

സമയത്തെ വേഗം കൊണ്ട് തോല്പിച്ച് അവള്‍ നടന്നുമറഞ്ഞു..
മുന്നില്‍ പലവുരു നിറഞ്ഞും ഒഴിഞ്ഞും ക്ഷീണിച്ച
മദ്യചഷകത്തെ നിര്‍ദ്ദാക്ഷിണ്യം പിന്തള്ളി
പടവുകള്‍ കയറിയ ലഹരിയുമായി അയാള്‍ പടികളിറങ്ങി..
ജീവിതത്തിന്റെ ലഹരിയില്‍ നിന്നും മരണത്തിന്റെ ലഹരി
ആസ്വദിക്കാന്‍ മനസ്സിനെ പട്ടം പോലെ വിഹരിക്കാന്‍ സ്വതന്ത്രമാക്കിക്കൊണ്ട്...
നാളത്തെ വൃത്തികെട്ട പകല്‍ തച്ചുടയ്ക്കാന്‍ പാകത്തില്‍ ഈ രാത്രി ആഘോഷിക്കണം...
“ഇനിയൊരു പകല്‍ എന്നെത്തേടിയെത്തെരുത്.. “
ഇരുട്ടിന്റെ തേര്‍ തെളിച്ചെത്തുന്ന കുതിരകളെത്തഴുകി
അയാള്‍ ഉറക്കെയുറക്കെ ആവര്‍ത്തിച്ചു
‘ഇനിയൊരു പകല്‍ എന്നെത്തേടിയെത്തെരുത്..
എന്റെ വെളിച്ചമിവിടെയവസാനിക്കുന്നു...”

“ഇനി ഞാനോടിക്കാം..” കീ പിടിച്ച് വാങ്ങി ,
ഇരുട്ടില്‍ ഒളിച്ചു നിന്ന അവള്‍ ഉറക്കെ ചിരിച്ചു..അയാളും..!
കാറിന്റെ അതിവേഗതയില്‍ രസിച്ചുകൊണ്ട് അയാള്‍ മ്യൂസിക് വോല്യം കൂട്ടി..!
സ്റ്റിയറിങ്ങില്‍ വജ്രമോതിരത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ
അവളുടെ വിരലുകള്‍ താളം പിടിക്കുന്നുണ്ടായിരുന്നു...
ഓരോ വിരസ ജീവിതവും അവസാനിക്കുന്നിടത്ത് ,
അതിലും വ്യത്യസ്തമായും തീവ്രമായും മറ്റൊന്ന് തുടങ്ങുന്നു..!11 മേയ് 2014

ധനുഷ്കോടി

Buzz It
ഇന്ത്യയുടെ തെക്കേ മുനമ്പ് ..!
സുനാമിയില്‍ തകര്‍ന്നടിഞ്ഞ നിരവധി കെട്ടിടങ്ങള്‍ ..
ക്ഷേത്രങ്ങള്‍ , പള്ളികള്‍ , റേല്‍വേസ്റ്റേഷന്‍..!!

വന്‍കരയുമായി ഈ ദ്വീപിനെ ബന്ധിപ്പിക്കുന്ന
പാമ്പന്‍ പാലവും കടന്ന് പിന്നെയും കുറെ ദൂരം..
കക്കയും ശഖും ചിതറിക്കിടക്കുന്ന
കണ്ണെത്താ ദൂരത്ത് മണല്‍ത്തീരം..
മണല്‍ത്തീരത്ത് പാഞ്ഞു നടക്കുന്ന
വന്യഭാവങ്ങളോടെ നിരവധി കുതിരകള്‍ ..
വികൃത ശബ്ദങ്ങളുണ്ടാക്കി പറന്നിറങ്ങുന്ന കടൽപ്പഷികള്‍ ..

രണ്ട് നിറമുള്ള രണ്ട് സമുദ്രങ്ങള്‍
ഒന്നില്‍ തിരകള്‍ തീരത്തേയ്ക്കാഞ്ഞടിക്കുമ്പൊള്‍
മറ്റൊന്ന് തിരയിളക്കമില്ലാതെ ശാന്തമായി തീരത്തെ പുല്‍കുന്നു..
സമുദ്രത്തില്‍ , ശ്രീലങ്കയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ചുണ്ണാമ്പ് കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ച രാമസേതു ..!

കാഴ്ചയില്‍ അങ്ങകലെ ശ്രീലങ്ക..
ആളനക്കമില്ലാത്ത വെള്ള മണല്‍ നഗരം,
തിരമാല വിഴുങ്ങിയ നഗരത്തിന്‍റെ അവശിഷ്ടങ്ങള്‍
ശ്വാസം മുട്ടിമരിച്ച അനേകായിരം ആത്മാക്കളുടേതെന്ന് തോന്നുമാറ് ഹുങ്കാര ശബ്ദം പ്രതിധ്വനിപ്പിക്കുന്ന മഹാ സമുദ്രതീരം..! മുക്കുവരുടെ പൊലിഞ്ഞുപോയ സ്വപ്നങ്ങളും മത്സ്യഗന്ധമാര്‍ന്ന കാറ്റും തമ്മിൽപ്പുണരുന്ന വിജനതീരം, ധനുഷ്കോടി ഒരു അനുഭവം
തന്നെയാണ്...!
ധനുഷ്കോടി-2

നരയുടെ ചെമ്പന്‍ വികൃതികളുമായി
വാര്‍ദ്ധക്യത്തിന്‍റെ , നിസ്സഹായതയുടെ , നിരാലംബതയുടെ
നിഷ്കരുണം വിധി തകര്‍ത്തെറിഞ്ഞവരുടെ
പ്രതീകമായി അയാള്‍ എന്‍റെ മുന്നില്‍ ..
അഴുക്കുപുരണ്ട നരച്ചമുടികള്‍ക്ക്
ഇനിയും വളരാന്‍ മോഹം..
അനേകം കൊല്ലങ്ങളുടെ പഴക്കമേറി
ആരാധനയുടെ പാരമ്പര്യമറ്റ് പുതുക്കിപ്പണിയാന്‍
കഴിയാത്ത അവശിഷ്ടങ്ങളുമായി അസ്ഥിവാരങ്ങള്‍
മണലില്‍ കുഴിച്ചിട്ട പ്രേതഗ്രഹം പോലെയുള്ള
പള്ളിക്ക് മുന്നില്‍ അയാള്‍ ..!

കീറിയ തുണികളില്‍ പൊതിഞ്ഞ ദുര്‍ബല ശരീരത്തെ
കടല്‍ക്കാറ്റ് വല്ലാതെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു..
അതിലുപരി വിശപ്പ് വിറകൊള്ളിക്കുന്ന
പ്രായാധിക്യം നിലവിളിക്കുന്നു..
വളര്‍ന്നിറങ്ങിയ വെളുത്ത പുരികത്തിനു താഴെ
കാഴ്ചയും, കണ്ണീരും വറ്റിപ്പോയ നേത്രങ്ങള്‍ക്ക്
നിരവധി ചരിത്രകഥകള്‍ പറയാനുണ്ടാവും...
പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ട
ജീവിതഘട്ടങ്ങളുടെ അവസാന താളുകളില്‍
ഇനിയുമെന്തോ കോറിയിടാന്‍ ബാക്കിയുണ്ടെന്ന്
ദ്യോതിപ്പിക്കുന്ന ശരീരഭാഷ..

നീട്ടിയ കൈകളില്‍ പത്തു രൂപയുടെ രണ്ട്
നോട്ടുകള്‍ വച്ചു കൊടുത്തപ്പോള്‍ അധികമായിപ്പോയി
എന്ന ഭാവം ...നോട്ടുകള്‍ ചുരുട്ടിപ്പിടിച്ച് കൈകള്‍ കൂപ്പി
വിശപ്പൊഴിയാ വയറും , ശക്തിക്ഷയിച്ച ശരീരവുമായി അയാള്‍
വെള്ള മണലിലൂടെ ഏങ്ങോ നടന്നു മറഞ്ഞു..

“ഞാനിനിയും വരും ..ചിലപ്പോള്‍ ഒരിക്കല്‍ക്കൂടി
തമ്മില്‍ കാണാന്‍ കഴിഞ്ഞേക്കും.“
ആശംസകളായി അറിയാതെ പറഞ്ഞപ്പോള്‍
എന്‍റെ ആയുസിന്‍റെ പുസ്തകത്തിലെ
ഇനിയുള്ള പേജുകളില്‍ കുറച്ച് കീറി
അയാള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്
മനസ് വൃഥാ ആഗ്രഹിച്ചു..
________________________________________
#വാര്‍ദ്ധക്യവും വിശപ്പും ഒരുമിച്ചാക്രമിക്കുമ്പോള്‍
സ്നേഹത്തിന്‍റെ കിനിവുകള്‍ ഇറ്റുവീഴപ്പെടെട്ടെ..!30 ഏപ്രിൽ 2014

ആപ്പിളില്ലാത്ത ഇന്ത്യ..!!

Buzz It


ഈ കഴിഞ്ഞ വിഷുവിനാണ് ഒരു കാര്യം ശ്രദ്ധിച്ചത്..
‘കാര്യം നിസാരമാണെങ്കിലും’ ഞാന്‍ ഞെട്ടിപ്പോയി..
കണികാണാന്‍ ‘ആപ്പിള്‍ ‘ ഇല്ല
ആപ്പിള്‍ വര്‍ജ്ജ്യവുമാണത്രെ..
വാട്ട് ദ ഹെല്‍ ..?
ഹൌം കം..?
എന്തുകൊണ്ട് ആപ്പിള്‍ ഇല്ല...ഹും ..!

ആര്‍ഷഭാരത സംസ്കാരത്തിലും എന്തിനധികം പറയുന്നു..
കേരള സംസ്കാരത്തിന്റെ പിന്നാമ്പുറത്തുപോലുമോ ലോകപ്രശസ്തിയാര്‍ജ്ജിച്ച ആപ്പിളിന് പണ്ടേ വെറും പുല്ലുവില.!! അതുകൊണ്ടായിരിക്കും പരീക്ഷിത്തിനെ ദംശിച്ച് കൊല്ലാന്‍ വന്ന തക്ഷകനെ ‘ആപ്പിളില്‍’ കയറ്റിവിടാതെ നല്ല നാടന്‍ മാമ്പഴത്തില്‍ തന്നെ കയറ്റി വിട്ടതും. പൈശാചികമായിത്തന്നെ കര്‍മ്മം നിര്‍വ്വഹിച്ച് തക്ഷകന്‍ സ്ഥലം വിട്ടതും..!

തലയില്‍ ആപ്പിള്‍ വീണ ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചതിനെപ്പോലും തൃണവല്‍ഗണിച്ചാണ് നാം ആപ്പിളിനെ വിഷു ചരിത്രത്തില്‍ നിന്ന് പഞ്ഞിക്കിട്ടതെന്നോര്‍ക്കുമ്പോള്‍ ശരിക്കും കുണ്ഠിതം തോന്നുന്നു..!

ആപ്പിള്‍ മൊബൈലും, ടാബും , കമ്പ്യൂട്ടറും സാധാരണയായി ഉപയോഗിക്കുന്ന
ഇന്നത്തെ മലയാളികള്‍ , ‘ ആപ്പിള്‍ ‘ എന്തു വിലകൊടുത്തും വാങ്ങിക്കും..

കാരണം ഇംഗ്ലീഷിലെ ഈ പഴഞ്ചൊല്ല് തന്നെ
“ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ ഒഴിവാക്കാം..!
“ ഡോക്ടര്‍ സുന്ദരനെങ്കില്‍ ആപ്പിള്‍ ഒഴിവാക്കാം “
എന്ന് ഫെമിനിസ്റ്റുകള്‍ തിരുത്തിയതും നുമ്മള്‍ ഒഴിവാക്കുന്നില്ല.

ആപ്പിള്‍ ഒരു വലിയ സംഭവമാണോ.? ആയിരിക്കുമായിരിക്കും..അല്ലാതെപിന്നെ ..!
ആദാമിനെ ആപ്പിള്‍ കഴിപ്പിച്ചാണ് ആദിമ സ്ത്രീ പാപം ചെയ്യിപ്പിച്ചത്, തന്മൂലം രണ്ടാളും സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് , ജീവിതത്തോടും പരസ്പരവും നിരന്തരം മല്ലിട്ട് ദുഃഖാകുലരായി കഴിഞ്ഞു. അല്ലെങ്കില്‍ ദുഃഖമില്ലെന്നാണോ പറയുന്നത് എന്ന് ചോദിച്ചിട്ടും വല്യ കാര്യമില്ല. പാശ്ചാത്യലോകത്ത് സ്ത്രീപുരുഷന്മാര്‍ വഴക്കിടുന്നതും പിരിയുന്നതുമൊക്കെ സാധാരണമായതില്‍ ‘ആപ്പിളിനും’ ഒരു പങ്കുണ്ടാകുമോ? ഉണ്ടായിരിക്കുമായിരിക്കും.. അതുകൊണ്ടാണല്ലൊ ഇന്ത്യയില്‍ ആപ്പിള്‍ വ്യാപകമായപ്പോള്‍ പാശ്ചാത്യ സംസ്കാരത്തിനൊപ്പം അവരുടെ ഇത്തരം ദുര്‍ഗുണങ്ങളും നമ്മെ പിടികൂടിയത് ..!

എന്നാലും സ്ത്രീകള്‍ക്ക് ആപ്പിളിനോട് മനുഷ്യര്‍ ഉണ്ടായതു മുതല്‍ക്കേ നല്ല ബന്ധമുണ്ട്. അതുകൊണ്ടായിരിക്കും സ്ത്രീകളുടെ ചില അവയവങ്ങളെ ആപ്പിളിനോട് ഉപമിച്ച് കവികള്‍ എഴുതിയിരിക്കുന്നത് . തെറ്റിദ്ധരിക്കരുത്, അവയവം എന്ന് ഞാന്‍ ഉദ്ദേശിച്ചത് കവിളിനെയാണ് .
ഇനി കവിള്‍ അവയവം ആണോ എന്ന് ചോദിക്കേണ്ട..കവിള്‍ ഒരു അവയവമാണ് ..!! സ്ത്രീകളുടെ കവിളിനെ ആപ്പിളിനോട് കവികള്‍ ഉപമിക്കാന്‍ തുടങ്ങിയത് അവര്‍ ബ്യൂട്ടിപാര്‍ലറില്‍ ആപ്പിള്‍ ഫേഷ്യല്‍ ചെയ്തു തുടങ്ങ്യതു മുതലൊന്നുമല്ല. എന്നാല്‍ ഈ ഉപമ മുതലാക്കി സ്ത്രീകള്‍ ആപ്പിള്‍ ഫേഷ്യല്‍ ചെയ്യാന്‍ ഉത്സാഹം കാട്ടുന്നുവെന്ന് സംശ്യയിക്കാന്‍ ചിലവൊന്നുമില്ലല്ലൊ..!?

ആപ്പിളിനെപ്പറ്റി ആര്‍ഷഭാരത വിശുദ്ധ പുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടാത്തതില്‍ സായാഹ്നപ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ക്യാമറാമാന്‍ ഇല്ലാതെ ദുഫായില്‍ നിന്നും ഈ ഞാന്‍ എല്ലാവര്‍ക്കും ശുഭസായാഹ്നം ആശംസിക്കുന്നു..!
________________________________________
# ആപ്പിള്‍ കീ ജയ് ..!!
24 ഫെബ്രുവരി 2014

മതിലുകള്‍ - ആധുനികന്‍

Buzz It
നാട്ടിലേയ്ക്ക് സ്വന്തം വീട്ടാവശ്യത്തിന് ഈയുള്ളവന്‍ വെറും 150 ഗ്രാം സ്വര്‍ണ്ണം കൊണ്ടു പോകുന്നു.. ഉപ്പും മുളകുമൊക്കെ തൂക്കിവാങ്ങിക്കുന്നതുപോലെ പ്രവാസികള്‍ തൂക്കി വാങ്ങുന്നതാണല്ലൊ ഈ സ്വണ്ണക്കട്ടികള്‍ ഐ മീന്‍ ഗോള്‍ഡ് ബാര്‍ ..!
എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പരിശോധന ..!
“സ്വര്‍ണ്ണക്കടത്തിലെ കണ്ണിയെക്കിട്ടി..”
പത്രക്കാരോട് ക്രൂവല്‍ കസ്റ്റംസ് വിളിച്ചുകൂവി ഇപ്പോ നോം ജയിലില്‍ ..
ജയിലര്‍ പിലാത്തോസ് ഉലാത്തുന്നപോലെ ഉലാത്തുന്നു...!
 ‘ഭീകരനാണിയാള്‍ ‘ പോലീസുകാര്‍ അലറി.
ഇട്ടിരുന്ന തുണിയൊക്കെ അഴിച്ചു വാങ്ങി ദാ തരുന്നു..യൂണിഫോം വെള്ള നിക്കറും , മ്മടെ ബോബി ചെമ്മണ്ണൂരിന്റെ ‘ചട്ട’യുമാണല്ലൊ കേരളാ മോഡല്‍ ജയില്‍ വേഷം. രാത്രിയില്‍ ജയില്‍ ചപ്പാത്തിയും പൊരിച്ച ചിക്കനും സുഭിക്ഷമായി കഴിച്ച് സുഖമായുറങ്ങി. രാവിലെ പ്രഭാതകൃത്യങ്ങള്‍ മുറയ്ക്ക് ചെയ്ത് അന്തസ്സായി ജയില്‍ പരിസരം കാണാനിറങ്ങി. വെറുതെ ചൂളമടിച്ചു....ഒരു ടൈം പാസ് ...!!

ഒരു സ്ത്രീശബ്ദം. ''ആരാണവിടെ ചൂളമടിക്കുന്നത്?''
അതിശയം തന്നെ .. മതിലിന്നപ്പുറത്ത് നിന്നാണ്
 ''ഞാനാ!''
 ഉടനെ മറുചോദ്യമുണ്ടായി,
 ''പേരെന്താ?''
''വിരോധാഭാസന്‍ ..''
''എന്തൊരു പേരാ ഇത് ? ശരിക്കും ആഭാസനാണോ? ''
'' ഇതെന്റെ ഫേസ്ബുക്കിലെ പേരാ , ചെറ്തായിട്ട് ആഭാസനാ സ്വര്‍ണ്ണക്കടത്തിന് പിടിച്ചിട്ടെക്വാ , പ്രവാസിയാണ്..''
നിശബ്ദത ...
 ''പേര് പറഞ്ഞില്ലല്ലോ?''
 '' സരിത ''
 ''സുന്ദരമായ പേര് , വയസ് ?''
''മുപ്പത്തി മൂന്ന് ''
''സുന്ദരമായ വയസ്.. ഗൃഹപ്പിഴയാണല്ലെ?''
''അതെ.. കേസ് നടന്നുകൊണ്ടിരിക്കുന്നു ''
ഞാന്‍ : ''വന്നിട്ടൊത്തിരിനാളായോ?''
സരിത: ''നാലഞ്ചാറ് മാസമായി ഹോ ! എന്തൊരു പുകിലായിരുന്നു..!, അതിരിക്കട്ടെ ആളെങ്ങെനെയാ..? ''
ഞാന്‍ : എന്നൂച്ചാ ?
സരിത: ഉയരമുണ്ടോ?
ഞാന്‍ : ഉണ്ട്
സരിത: നിറം ?
ഞാന്‍ : എവിടുത്തെ..? =D
സരിത : പോ അവിടുന്ന്...വെളുത്തിട്ടാണോന്ന്?
ഞാന്‍ : “അതെ, സരിതെ ! നമ്മള്‍ എന്തിനാണീ ജയിലില്‍ വന്നത്..?.''
സരിത: ഇതുപോലെ പരിചയപ്പെടാനായിരിക്കും..
 ഒരു ദീര്‍ഘശ്വാസം ഞാന്‍ ഇപ്പുറത്ത് കേട്ടു..
അല്പമൊരു മൗനത്തിനുശേഷം സരിത ''എനിക്കൊരു മൊബൈല്‍ ഫോണ്‍ തരുമോ?''

 ''സരിത എങ്ങനെയറിഞ്ഞു എന്റെ കയ്യില്‍ മൊബൈല്‍ ഫോണുണ്ടെന്ന് ?''

''ജയിലല്ലേ ! എല്ലാം എല്ലാവരും അറിയും. ഇവിടെ രഹസ്യങ്ങളൊന്നുമില്ല. ഫോണ്‍ തരുമോ?''

അതിന് ഉടന്‍ മറുപടി കൊടുത്തില്ല. അപ്പോള്‍ അവളുടെ ചോദ്യമുണ്ടായി, ''എന്താ മിണ്ടാത്തേ?''

 ''സരിതേ ! ഈ ദുനിയാവിലുള്ള ഏത് മൊബൈല്‍ ഫോണ്‍ വേണം? നിനക്ക് ഞാന്‍ എന്തും തരും, എന്റെ കയ്യിലുള്ള എല്ലാ ഫോണുകളും ഞാന്‍ സരിതയ്ക്ക് തരും.!!''

 സരിത ഉറക്കെയുറക്കെ ചിരിച്ചു , എന്തു സുന്ദരമായ ചിരി..
 ''ഒരെണ്ണം മതി. തരുമോ?''
ഞാന്‍: ''ഹോ ! എന്തൊരു ചോദ്യമാ സരിതെ ഇത്? തരുമോന്ന്..!, എന്റെ കയ്യില്‍ ഇപ്പൊ രണ്ട് ഫോണുണ്ട്..., ആട്ടെ.. എന്തിനാ മൊബൈല്‍ ഫോണ്‍ ?”

സരിത: “ ഫേസ് ബുക്കില്‍ ലോഗിന്‍ ചെയ്യാനാ , ജയിലിലുള്ള മിക്കവര്‍ക്കും ഈ സൌകര്യമുണ്ടെങ്കിലും എനിക്ക് മാത്രം ഇല്ല “

ഞാന്‍: “അയ്യോ കഷ്ടമായിപ്പോയി , ഇതാ പിടിച്ചോ ..! , ലോഗിന്‍ ചെയ്താല്‍ മാത്രം പോരാ എനിക്ക് ലൈക്ക് അടിക്കുകയും വേണം..”
സരിത: ഉറപ്പായിട്ടും..എന്റെ ലൈക് എല്ലാം വിരോധേട്ടനു മാത്രാ.. !

കയ്യിലിരുന്ന മൊബൈല്‍ മതിലിന്നപ്പുറത്തേയ്ക്ക് പൊക്കിയിട്ടു.. “കിട്ട്യോ ..? “
“കിട്ടി ..”
ഞാന്‍: “അതില്‍ വാട്ട്സാപ്പ് ഉണ്ട്.. ഞാന്‍ ഒരു മെസേജ് അയക്കാം ..കിട്ടിയോ?“
സരിത: “കിട്ടി..”
ഞാന്‍: “തിരിച്ച് ഒരു മെസേജ് അയക്കുമോ? “
“ദാ.. ഇപ്പൊ അയക്കാം.. ഇതെന്റെ ഹൃദയമാണ് <3 ..="" br="">
മെസേജില്‍ <3 :="" br="" nbsp="">
ഞാന്‍ : “ എന്നാല്‍ കര , കരഞ്ഞ് തീര്‍ക്ക് വിഷമം, അതിരിക്കട്ടെ ഈ മൊബൈല്‍ പോലീസുകാരു കാണാതെ എവിടെ ഒളിപ്പിച്ച് വെയ്ക്കും..? “

സരിത:“ഹൃദയത്തിനുള്ളില്‍ - ബ്ലൗസിനുള്ളില്‍.''

തരളിതനായി, പ്രേമത്തിന്റെ സ്വരത്തില്‍ ഞാന്‍ : ''അതിലെന്റെ ചുംബനങ്ങളുണ്ട്.''
സ്വപ്നം കട്ടായി...!! എന്താല്ലേ...!!

#മതിലുകള്‍ - ആധുനികന്‍
ശ്രീ വൈക്കം മുഹമ്മദ് ബഷീറിന് ബഹുമാനാദരങ്ങള്‍ ..!! [അദ്ദേഹത്തിന്റെ ജന്മദിനദിവസമായ ജാനു. 21 ന് എഴുതിയത് ]