12 ഏപ്രിൽ 2010

കേരള ഗവ: വായിച്ചറിയുവാന്‍..!

Buzz Itകേരളാ സര്‍ക്കാര്‍ സമക്ഷം കേരളത്തിലെ ഒരു ഇന്ത്യന്‍ സിറ്റിസന്‍‍ എന്ന നിലയില്‍ ഞാന്‍ സമര്‍പ്പിക്കുന്ന ചില സംഗതികള്‍, ദയവുണ്ടായി വായിച്ച് യുക്തിസഹമായി തീരുമാനിക്കുക.
സാധരണക്കാരുടെ ജീവിതത്തെ ദൂരവ്യാപകമായി ബാധിക്കുന്ന രണ്ട് വിഭാഗങ്ങളുടെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത ചില വസ്തുതകള്‍ ....!

അദ്ധ്യാപനം

കേരളത്തിലെ ഗവവണ്മെന്‍റ്, പ്രൈവറ്റ് സ്കൂള്‍/ കോളജ്കളിലെ , ഗവണ്മെന്‍റ് ശമ്പളം കൈപ്പറ്റുന്ന അധ്യാപകര്‍ ഗുണനിലവാരത്തിന്‍റെ കാര്യത്തില്‍ എങ്ങനെയാണെന്നും, അവരുടെ ഗുണനിലവാരം പരിശോധിക്കുന്നവര്‍ എങ്ങനെയാണെന്നും ഞാന്‍ ചിന്തിച്ചു നോക്കി. ഒന്നും മനസ്സിലായില്ല. അതിനൊക്കെ വ്യവസ്ഥകളും മറ്റും ഉണ്ടെന്നറിയാം.എ ഇ ഒ, ഡി എ ഒ തുടങ്ങിയവര്‍ ഇന്‍സ്പെക്ഷന് വരുമ്പോള്‍ എന്താണ് പരിശോധിക്കുന്നത് എന്നും , റിപ്പോര്‍ട്ടില്‍ എന്ത് എഴുതുന്നു എന്ന് പരിശോധിക്കാന്‍ ആരെങ്കിലുമുണ്ടോ..? ഉണ്ടായിരിക്കാം..എന്നാല്‍ പരിശോധിക്കുന്നുണ്ടോ..? സംശയമാണ്. കോളജുകളിലെ ഇന്‍സ്പെക്ഷനും ഇതുപോലൊക്കെ തന്നെ.യു ജി സിക്കാര് വന്ന് ഫുഡ് അടിച്ചിട്ട്പോകും..അത്രതന്നെ..! അദ്ധ്യാപകരില്‍ ഭൂരി ഭാഗവും പ്രൈവറ്റ് ട്യൂഷന്‍ നടത്തി സ്വന്തം സ്കൂളിലെ/ കോളജിലെ കുട്ടികളില്‍ നിന്ന് പണം പിടുങ്ങുന്നത് ഇന്നും അവസാനിച്ചിട്ടില്ലാ.

പുതു തലമുറയെ വാര്‍ത്തെടുക്കേണ്ട ഇത്തരം അവസരങ്ങളില്‍ ജോലിചെയ്യുന്നവര്‍ എന്തു മാത്രം കാര്യങ്ങള്‍ പുതുതായി പഠിക്കുന്നു, ജോലിയില്‍ എത്ര കൃത്യത പുലര്‍ത്തുന്നു എന്നുള്ളത് സംശയമാണ്. ആയതിനാല്‍ അധ്യാപകര്‍ക്ക് ഓരോ മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഒരു പൊതുപരീക്ഷ നടത്തി ജയിക്കാത്തവരെ പിരിച്ചുവിടാനും , പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതേ പരീക്ഷകളില്‍ അവസരം കൊടുത്ത് കൂടുതല്‍ മാര്‍ക്ക്/ ഗുണനിലവാരമുള്ളവരെ നിയമിക്കുന്നതും വരും തലമുറക്ക് ഗുണം ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. കൂടുതല്‍ അവധിയെടുക്കുന്നവരേയും, ഒപ്പിട്ട ശേഷം സ്വന്തം ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരേയും മറ്റും ഒഴിവാക്കുവാനും ഇതു മൂലം കഴിയും. ഇങ്ങനെ ഒരു ഗുണനിലവാര പരീക്ഷ കൊണ്ട് പെര്‍ഫോമന്‍സില്ലാത്താത്ത അദ്ധ്യാപകാരെ ഒഴിവാക്കനും പെന്‍ഷന്‍ , ഇന്‍ക്രിമെന്‍റുകള്‍ എന്നീ അധിക ബാധ്യതയില്‍ നിന്ന് ഗവണ്മെന്‍റിന് ഒഴിവാകാനും സാധിക്കും. ഇതു വഴി പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലും, അലസരായവര്‍ക്ക് തൊഴില്‍ നഷ്ടവും ഉറപ്പ് വരുത്തണം. ജോലികിട്ടിയാല്‍ അടുത്ത മുപ്പത് വര്‍ഷം ഒന്നും സംഭവിക്കാനില്ല എന്ന് കരുതുന്നവര്‍ക്ക് ഒന്നു കൂടി ജോലിയില്‍ ശ്രദ്ധിക്കാനും,കോമ്പറ്റീഷന്‍ വര്‍ദ്ധിപ്പിക്കാനും, ചെയ്യുന്ന ജോലിയെ ആര്‍ജ്ജവത്തോടെ സമീപിക്കാനും കഴിയും എന്ന് വിശ്വസിക്കുന്നു. കോണ്‍റ്റ്രാക്റ്റ് വ്യവസ്ഥയില്‍ അദ്ധ്യാപകരെ നിയമിക്കുന്നത് വളരെ നല്ലരീതിയില്‍ സ്ഥാപനങ്ങള്‍ നടത്താന്‍ ഉപകരിക്കുമെന്ന് സെല്‍ഫ് ഫിനാന്‍സിങ്ങ് കോളജുകളും, ഐ എച് ആര്‍ ഡി, യു ഐ റ്റി തുടങ്ങിയ സ്ഥാപനങ്ങളും തെളിയിച്ചു കഴിഞ്ഞു.


ക്രമസമാധാനം


കേരളത്തിലെ പോലീസുകാരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് അവരുടെ വലിയ വയറും, പിന്നെ പുളിച്ച തെറിയും , പിന്നെ പ്രാകൃതമായ മര്‍ദ്ദനമുറകളുമാണ്. ഇത്രയും വൃത്തികേടായിട്ട് ജീവിക്കുന്ന/ പെരുമാറുന്ന മറ്റൊരു ഗവ: വിഭാഗം ഉണ്ടോ എന്ന് തോന്നിപ്പോകും. അടച്ചാക്ഷേപിക്കുന്നില്ല, എന്നാലും ഭൂരിഭാഗവും ഇങ്ങനെ തന്നെ ആണ് എന്ന് വേണം പറയാന്‍.

നല്ല പെരുമാറ്റമില്ലാത്ത എല്ലാ പോലീസുകാര്‍ക്കെതിരെയും നടപടികള്‍ എടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കണം. അതിനുള്ള ഉചിതമായ സം‌വിധാനം ഗവ: കൊണ്ടുവരണം.കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നു പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധം കയ്യില്‍ പത്ത് പുത്തനുള്ളവര്‍ക്കും, ഒന്നോ രണ്ടോ ഗുണ്ടയോ, അതല്ല ഒരു മഞ്ഞപ്പത്രമോ കയ്യിലുണ്ടെങ്കില്‍ പിന്നെപ്പറയാനുമില്ല. തരികിടപ്പാര്‍ട്ടിയിലെ ഊച്ചാളി നേതാക്കള്‍ക്ക് പോലും പോലീസിനെ വരച്ച വരയില്‍ നിര്‍ത്താം.

ഇത്തിരി മദ്യത്തിനോ, കൂടെ തൊട്ടുനക്കാനുള്ളതിന്‍റേയോ പിരുപിരുപ്പില്‍ ആര്‍ക്ക് വേണമെങ്കിലും സല്യൂട്ട് നല്‍കാന്‍ ഇവര്‍ക്ക് ജാള്യതയൊന്നുമില്ല. നേരേ ചൊവ്വേ മാന്യമായി ജോലിയെടുത്ത് ജീവിക്കുന്ന സാധാരണക്കാരെ പരമ പുച്ഛവും. ഇത് മാറണം. പോലീസ്-മാഫിയാ-രാഷ്ട്രീയക്കൂട്ട് കെട്ടുകള്‍ അവസാനിപ്പിക്കാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് നീതി കിട്ടില്ല.

പോലീസിനെക്കുറിച്ചുള്ള ഏറ്റവും കൂടുതല്‍ പരാതി പെരുമാറ്റവൈകല്യം തന്നെയാണ്. ഇത് സഹപ്രവര്‍ത്തകരുടെ ക്ലോസ് ഇന്‍റെര്‍വ്യൂ വഴി കണ്ട് പിടിക്കുകയും, ഇന്‍വ്വെസ്റ്റിഗേഷന് ശേഷം റ്റെര്‍മിനേഷന്‍ ഉള്‍പ്പടെ ഉള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

മര്‍ദ്ദനമുറ പാടേ ഉപേക്ഷിക്കാന്‍ തീരുമാനമുണ്ടാകണം, പകരം മറ്റ് ശാസ്ത്രീയമായ നൂതനമാര്‍ഗ്ഗങ്ങള്‍ കേസ് തെളിയിക്കാന്‍ പ്രയോഗിക്കാവുന്നതാണ്..! ഈ കഴിഞ്ഞ കാലയളവുകളില്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ മര്‍ച്ചവരുടെ ആശ്രിതരെ ഒതുക്കാന്‍..സോറി സഹായിക്കാന്‍ നല്‍കിയ തുകയൊക്കെ മതിയാകും ഇതൊക്കെയൊന്ന് ശാസ്ത്രീയവല്‍ക്കരിക്കാന്‍, അതുകൂടാതെ ഇതെല്ലാം ന്യൂസായി ഇക്കണ്ട പത്രങ്ങളിലൊക്കെ അച്ചടിച്ച ചിലവ് നോക്കുകയാണെങ്കില്‍ ...ഇതൊക്കെ ഒരു നാഷണല്‍ വേസ്റ്റ് തന്നെ..!!!

ശാരീരിക ക്ഷമത പോലീസിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇന്ന് അതാണോ സ്ഥിതി..? എല്ലാ ദിവസവും എക്സര്‍സൈസ് നിര്‍ബന്ധമാണെന്നിരിക്കെ എത്ര സ്റ്റേഷനുകളില്‍ കൃത്യമായി ഇത് നടക്കുന്നു...?

സര്‍വ്വീസില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ പോലീസുകാര്‍ക്ക് സര്‍വ്വീസ് തുടരാന്‍ പുതിയ മാനദണ്ഡം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഏറ്റവും കൂടിയത് 38 ഇഞ്ചിന് മുകളില്‍ വയറുള്ള എല്ലാ പോലീസുകാരേയും പിരിച്ചുവിടണം. അല്ലേങ്കില്‍ 3 മാസത്തെ സസ്പെന്‍ഷനില്‍ നിര്‍ത്തി അര വണ്ണം കുറക്കാനുള്ള മെമ്മോ കൊടുക്കുക, അര വണ്ണം കുറക്കുന്നവരെ വീണ്ടും ജോലിക്ക് വെയ്ക്കുക. ഓരോ വര്‍ഷവും ഫിസിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുക. പാസാകത്തവരെ പിരിച്ചു വിടുകയോ മറ്റ് സെക്യൂരിറ്റി പണികള്‍ക്ക് നിയോഗിക്കുകയോ ചെയ്യാം. എന്തായാലും പോലീസില്‍ തിരിച്ച് എടുക്കരുത്. സര്‍വ്വീസിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള സസ്പെന്‍ഷന്‍ കിട്ടിയവരെ ഒരു കാരണവശാലും പ്രമോഷന്‍ അനുവദിക്കരുത്.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എന്‍റെ അറിവിന്‍റെ പരിമിതികളില്‍ നിന്നും എഴുതിയതാണ്. ഏതെങ്കിലും തരത്തിലുള്ള പിഴ വന്നു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഒരു സാധാരണ ഇന്ത്യന്‍ സിറ്റിസണ്‍ എന്ന നിലയില്‍ ഉള്ള ചിന്തകള്‍ മാത്രമാണ് ഇത്.

അദ്ധ്യാപകര്‍ നന്നായാല്‍ ഒരു ജനസമൂഹം നന്നായി.. പോലീസുകാരും‍ നന്നായാല്‍ പിന്നെ പറയാനുണ്ടോ..? ഈ പോലീസുകാരെ മുഴുവന്‍ പഠിപ്പിച്ചതും, ഇനി പഠിപ്പിക്കാന്‍ പോകുന്നതും അദ്ധ്യാപകര്‍ ആണെന്നുള്ള കാര്യം വിസ്മരിക്കരുത്..!

പക്ഷേ സര്‍ക്കാരിന്‍റെ സേവന വേതന വ്യവസ്ഥകള്‍ ഈ വിഭാഗങ്ങളിലെ താഴ്ന്ന കാറ്റഗറിക്ക് , നിത്യ ജീവിതച്ചിലവുകള്‍ക്കും, മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും ഒട്ടും പര്യാപ്തമല്ല.ശമ്പളം കൂട്ടുന്നത് സര്‍ക്കാരിന് അധിക ബാധ്യത ആകയാല്‍ ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചിലവുകള്‍‍ (സ്കൂള്‍/ കോളജ് ഫീ) സര്‍ക്കാര്‍ ഇളവ് അനുവദിച്ചാല്‍ അവര്‍ക്ക് അത്രയും ഭാരം കുറഞ്ഞിരിക്കും. സാമ്പത്തികാസംതൃപ്തിയാണ് മിക്ക ജീവനക്കാരേയും കൈക്കൂലി വാങ്ങാനും, മറ്റ് ബിസിനസ്സ് ചെയ്യാനും പ്രേരിപ്പിക്കുന്നത്..!

മുകളില്‍പ്പറഞ്ഞ പല കാര്യങ്ങളിലും അതാത് ഡിപ്പാര്‍റ്റ്മെന്‍റുകള്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും കാര്യക്ഷമമാണോ എന്ന് ആശങ്കയും ഉണ്ട്. കാര്യപ്രാപ്തിയുള്ള അഴിമതി രഹിത സമൂഹം സ്വപ്നം മാത്രമാകാതിരിക്കട്ടെ...!

ജയ് ഹിന്ദ്...!