25 ഡിസംബർ 2011

മായാസ് കോയാസ് സുപ്രീം ശരണമന്ത്രം..!!

Buzz It
ശബരിമല മകരജ്യോതി ഇങ്ങ് അടുക്കാറായി..! ഇത്തവണത്തെ മണ്ഡല ഉത്സവകാലം വലിയ പരിക്കുകളില്ലാതെ കടന്നു പോകണമെന്ന് ദേവസ്വം ബോര്‍ഡിനൊപ്പം ഭക്തരും പ്രാര്‍ത്ഥിക്കുന്നു... പ്രാര്‍ത്ഥിക്കുമ്പോള്‍ കത്തിക്കുന്നത് മായാസ് കോയാസ് സുപ്രീം ചന്ദനത്തിരികള്‍.. ഫ്രം കര്‍ണ്ണാടക , വല്ല തമിഴനുമായിരുന്നേല്‍ നുമ്മ പ്രതികരിച്ചേനെ...!

ഇന്നത്തെ വാര്‍ത്തയില്‍ കോളടിച്ചത് ദേവസ്വം ബോര്‍ഡാണ്..

ദേവസ്വംബോര്‍ഡിന് ഒരു രൂപപോലും ചെലവില്ലാതെ ഉയരുന്ന സന്നിധാനത്തെ 18,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഈ ബൃഹദ് വിരിപ്പുരയ്ക്ക് ഒന്നരക്കോടി രൂപയാണ് ചെലവ് , ഇത് ചെന്നൈയിലെ ബാലാജി ഡിസ്റ്റിലറീസാണ് നിര്‍മിച്ചുനല്‍കുന്നത്.ഭക്തര്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന, 2000 പേര്‍ക്ക് ഒരേസമയം കിടന്നുറങ്ങാവുന്ന തരത്തിലുള്ള രീതിയിലാണ് നിര്‍മാണം.അലുമിനിയം ഷീറ്റുകള്‍ ഇട്ട മേല്‍ക്കൂര തറയില്‍നിന്ന് 40 അടി ഉയരത്തിലാണ്. അതുകൊണ്ടുതന്നെ ചൂട് തുലോം കുറവാണ്. നല്ല കാറ്റും വെളിച്ചവും ഉണ്ട്. വായുസഞ്ചാരത്തിന് നാലുവശത്തും സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 120 പ്ലഗ്‌പോയിന്റുകള്‍ മൊബൈല്‍ഫോണ്‍ ചാര്‍ജിങ്ങിനായി ക്രമീകരിച്ചിട്ടുണ്ട്. ഇതും സൗജന്യമാണ്.ശരണം വിളിയേക്കാള്‍ ശബ്ദം മൊബൈല്‍ റിംഗ് ടോണുകള്‍ക്കാണെന്നുള്ളത് മറ്റൊരു നഗ്ന സത്യം. വിരിപ്പുരയോടുചേര്‍ന്ന് 60 ശൗചാലയങ്ങളും പൂര്‍ത്തിയായിവരുന്നു. തൂറാനുള്ള സൌകര്യം ചെയ്തു കൊടുത്തില്ലേല്‍ എല്ലാക്കൊല്ലവും ചെയ്യുന്നതുപോലെ സ്വാമിമാര്‍ തൂറിത്തോല്പിക്കും. ഹാ എന്താ പറയുക...തമിഴ് വക ആണെങ്കിലും സന്മനസുള്ളവര്‍ക്ക് സമാധാനം.

പമ്പയില്‍ മുങ്ങാന്‍ ( ആ വെള്ളത്തില്‍ മുങ്ങുന്നവരെ സമ്മയിക്കണം ദേവസ്വം ബോര്‍ഡേ..!!) ഇറങ്ങുന്ന സ്വാമിമാരുടെ പണവും, മറ്റ് കിട്പിടി സാധനങ്ങളും അടിച്ച് മാറ്റുന്ന ഒരു സംഘത്തെ ക്യാമറ പിടിച്ച് പോലീസിനെ ഏല്പിച്ചു എന്നതൊഴിച്ചാല്‍ മറ്റ് ക്രമസമാധാനം എല്ലാം ഭദ്രം തന്നെ. ആണ്‍ വേഷം കെട്ടിയെത്തിയെ ചില പെണ്ണുങ്ങളും , സന്നിധാനത്ത് അടിക്കുന്നതേങ്ങയും, പുറത്ത് നടുന്ന തെങ്ങിന്‍ തയ്യും അടിച്ച് മാറ്റി വില്‍ക്കുന്ന സംഘങ്ങളെയും പിടിച്ചത് പോലീസിന്‍റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്തു...!!

സ്ത്രീകളെ ശബരിമലയില്‍ കയറ്റാത്ത ഇരട്ടത്താപ്പിനെതിരെ അങ്ങിങ്ങായി ചില ഫെമിസ്റ്റുകളും അവരുടെ പൂവാലന്മാരും ശബ്ദമുയര്‍ത്തിയെങ്കിലും എല്ലാ കൊല്ലത്തേപ്പോലെ ഇതും എരുമേലിവരെ എത്തി തിരിച്ചുപോയി എന്ന് പറഞ്ഞാല്‍ മതീല്ലോ..!!

മകരജ്യോതി തട്ടിപ്പിനെതിരെ യുക്തിവാദികള്‍ പതിവു പോലെ ഇറങ്ങിയതും, പമ്പയിലെ അനധികൃത കുപ്പിവെള്ളം വില്പന (?), മാലിന്യ പ്രശ്നങ്ങളും, പൂങ്കാവനത്തിനുള്ളില്‍ കുരങ്ങന്മാരെപ്പോലെ ( നല്ല ബെസ്റ്റ് സ്ഥലം..ഉം) സൈനികരും, വനത്തിലേക്ക് കക്കൂസ്മാലിന്യം തള്ളുന്നത് (ഇതു വരെ തള്ളിയത് നുമ്മ വിട്ടു)നിര്‍ത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസ്താവിച്ചതും ഒക്കെ ഭക്തരരുടെ മനസിന് കുളിര്‍മ്മയോടൊപ്പം, കിരുകിരുപ്പും സമ്മാനിക്കുന്നവ തന്നെ.! ഇത്രയും മാലിന്യപ്രശ്നങ്ങളും ഇതിനെച്ചൊല്ലിയുള്ള ആക്ഷേപങ്ങളും അവഹേളനങ്ങളും ഉണ്ടായിട്ടും , ഇതൊന്നു പരിഹരിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്ന പിന്തിരിപ്പന്‍ നയം മാതൃകാപരം തന്നെ. തുടരുക ദേവസ്വം ബോര്‍ഡേ. ഈ കിട്ടുന്ന കോടിക്കണക്കിന് ഉറുപ്പ്യ ഒക്കെ ഭഭ്രമല്ലേ..? ചോദിക്കേണ്ട കാര്യമുണ്ടോ ? ആയിരിക്കും..!! നന്ദി നമോവാകം..

ശ്രീകോവിലിനുള്ളില്‍ തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ കടന്നത് ദേവസ്വം ബോര്‍ഡിനും, വെള്ളാപ്പള്ളി നടേശനും ഒക്കെ പ്രസ്താവന നടത്താന്‍ ഇടയാക്കിയെങ്കിലും,2012 ജാനുവരി 4 വരെ നിലവില്‍ ഉള്ള പരികര്‍മ്മികള്‍ മതിയെന്ന് കോടതി പ്രസ്താവിച്ച് സംഭവം ഒതുക്കി. നന്ദി കോടതീ നന്ദി.. ഇല്ലെങ്കില്‍ ഈ വിഷയത്തില്‍ കേരളം കത്തിയേനെ..!

ഇതിനിടക്ക് തമിഴ് സ്വാമിമാരെ കേരളത്തില്‍ ആക്രമിച്ചു എന്ന് വാര്‍ത്ത നല്‍കി തമിഴ് ചാനലുകള്‍ മുല്ലപ്പെരിയാര്‍ വിഷയം വര്‍ഗ്ഗീയമാക്കാന്‍ ശ്രമം നടത്തിയതും അഭിനന്ദനാര്‍ഹം തന്നെ..!! അതുകൊണ്ടായിരികും ഇതിന് പ്രതികാരമായി തമിഴ് നാട്ടില്‍ തന്നെ ഒരു ശബരിമല പണിയണം എന്ന ആവശ്യം ഉയര്‍ന്നത്. ജയലളിത ഈ ആവശ്യം നിറവേറ്റുമോ? അയ്യപ്പനെക്കാണാന്‍ തമിഴ് നാട്ടിലേക്ക് പോകേണ്ടി വരുമോ..അതോ പത്തനംതിട്ട ജില്ല കൂടെ തമിഴ് നാടിനോട് ചേര്‍ക്കണമെന്ന് മന്മോഹന്‍ ജിയോട് ഇന്നലെ പുരട്ചി തലൈവി ആവശ്യപ്പെട്ടുകാണുമോ? സ്വാമിയേ ശരണമയ്യപ്പാ...!