07 ഫെബ്രുവരി 2010

പ്രണയപരിണാമങ്ങള്‍...

Buzz It
നീണ്ട കത്ത് വിരസമായിരുന്നിട്ടും അയാള്‍ അത് വായിച്ചത് അവളോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടായിരുന്നു. പിന്നീട് ആ കത്ത് ഒരു കളര്‍ ഫോട്ടോസ്റ്റാറ്റ് ആണെന്നറിഞ്ഞ നിമിഷം ..പ്രണയത്തിന്‍റെ മൊത്തവ്യാപാര സാധ്യതകള്‍ കണ്ട് പകച്ചുപോയി! സമയക്കുറവിന്റെ പരാധീനതകളില്‍ പ്രണയം പൂക്കാന്‍ ഒരുനൂറ് വിത്തെങ്കിലും എറിഞ്ഞാലെ ഒന്നെങ്കിലും മരമായ് വളരൂ എന്ന പ്രകൃതി സത്യം വികാരങ്ങളുടെ വേലിയേറ്റത്തില്‍ അയാള്‍ മറന്നുപോയതില്‍ എന്താ അതിശയം!

"സോള്‍ മേറ്റിനെ " കണ്ടെത്താനുള്ള ടീനേജ് അന്വേഷണങ്ങളില്‍ വഞ്ചനയുടെ, ചതിയുടെ ഏടുകള്‍ മറിയപ്പെടുമ്പോള്‍ നിസ്സംഗതയോടെ പ്രണയത്തെ തള്ളിപ്പറയാന്‍ ശ്രമിച്ച മനസ്സിന് തിരിച്ചറിയാന്‍ പറ്റാത്ത നിരാശത.പ്രണയത്തിന്റെ അര്‍ത്ഥതലങ്ങള്‍ വായിച്ച്, പ്രണയപരിണാമങ്ങളില്‍ കോള്‍മയിര്‍ കൊണ്ടുകൊണ്ട്, വായന നിര്‍വൃതിയാക്കി വരും വരാതിരിക്കില്ല എന്ന്‍ ചിന്തിച്ചിരുന്ന കാലം. കലാലയത്തിന്റെ സൗഹൃദങ്ങളില്‍ സിനിമയും ഐസ്ക്രീമും കാറ്റലിസ്റ്റായി പ്രണയത്തെ തഴുകിയ നേരം, കണ്ണുകളില്‍ കാമത്തിന്റെ ജിഞ്ജാസ നിറഞ്ഞനോട്ടങ്ങളില്‍ ആപത്തിന്റെ സൂചന. പ്രണയത്തിന്‍റെ നഖമുനപ്പാടുകളില്ലാത്ത കലാലയ ജീവിതം. അന്യോന്യം പറയാത്ത പ്രണയത്തെ "വണ്‍ വേ" എന്ന്‍ പറഞ്ഞ് കളിയാക്കുകയും സ്വയം മനസ്സിനെ അടക്കിപ്പിടിക്കുകയും ചെയ്യുകയായിരുന്നല്ലോ. ഇങ്ങോട്ട് ഇഷ്ടമാണ് എന്ന്‍ പറഞ്ഞവരെ ഇഷ്ടപ്പെടാഞ്ഞതും, അങ്ങോട്ട് ഇഷ്ടപ്പെട്ടവരോട് തുറന്ന്‍ പറയാനുള്ള ജാള്യതയും അക്കാലത്ത് ഉണ്ടായിരുന്നത് കാരണം തളിരിടാതെ പോയി പല പ്രണയങ്ങളും. സ്വയം രക്ഷാകവചമുണ്ടാക്കി അകലം പാലിച്ച്, ആര്‍ക്കോ നല്‍കാന്‍ കാത്തുവെച്ച പ്രണയം തുരുമ്പെടുത്ത് തുടങ്ങി. ഇനിയും വിരസങ്ങളായ, പ്രണയങ്ങളില്ലാത്ത ദിവസങ്ങള്‍..!

പറഞ്ഞും ,കണ്ടും, കേട്ടും അറിഞ്ഞവയെല്ലാം കെട്ടുകഥകള്‍ പോലെ മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു.സത്യവും മിഥ്യയും കൂടിക്കുഴഞ്ഞ ഒരു വല്ലാത്ത കെട്ടുകഥ.കൊച്ചുകുട്ടികള്‍ കണ്‍മിഴിച്ച് ആകാംഷയോടെ കേള്‍ക്കുന്ന കഥ പോലെ ഇന്നിന്റെ പ്രണയപാരവശ്യങ്ങള്‍ കേട്ട് കേട്ട് മനസ്സ് കണ്ടെത്താന്‍ ശ്രമിച്ച നിഗൂഢത.അനശ്വരമെന്ന്‍ കഥനം നടത്തുവോര്‍ ഊന്നിപറഞ്ഞത് നശിച്ച് നാമാവിശേഷമായെന്ന്‍ പരിതപിക്കുന്ന,പരിഹസിക്കുന്ന പ്രായോഗികവാദികള്‍.നിറങ്ങളില്‍ വിശ്വാസമില്ലത്തവര്‍, പണത്തിന് മാറ്റുനോക്കാത്തവര്‍, ഗുണങ്ങള്‍ ഉരച്ചു നോക്കാത്തവരുടെ കാലം പ്രണയത്തിന് അനശ്വരത നല്‍കിയപ്പോള്‍,ഇതെല്ലാം നോക്കിയവര്‍ പ്രായോഗിക പ്രണയത്തിന്റെ വക്താക്കളായി.പഞ്ചേന്ദിയങ്ങള്‍ക്ക് ഒരേസമയം അനുഭൂതിപ്രദായകമെന്ന്‍ വാദിച്ച പ്രണയ പണ്ഡിതന്മാര്‍.ആര്‍ക്കും തെറ്റിയില്ല.വീക്ഷണകോണുകളുടെ വത്യാസങ്ങള്‍, സംസ്കാരത്തിനും,പരിഷ്കാരത്തിനുമനുസരിച്ച് രൂപഭേദം പ്രാപിച്ചു പ്രണയം.

പ്രണയത്തിന്റെ പ്രോഗ്രാം ഡൗണ്‍ലോഡു ചെയ്ത മനസ്സില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പ്രൊവിഷന്‍ ഇല്ലായിരുന്നു താനും. പ്രണയമൊഴുകിയ ഇ-മെയിലുകള്‍ ഫോര്‍വേഡ് ചെയ്യപ്പെട്ടവയെന്നറിഞ്ഞതും, പുതിയ സാധ്യതകളിലേക്ക് കീ ബോര്‍ഡ് തനിയെ ചലിച്ചതും അവള്‍ പോലുമറിയാതെയായിരുന്നു. മൊബൈലിലെ ഗ്രൂപ്പ് എസ് എം എസുകളില്‍ നിന്ന്‍ വര്‍ണ്ണചിത്രങ്ങള്‍ നിറഞ്ഞ എം എം എസ്സുകളിലേക്ക് മനസ്സിന്റെ കുതിപ്പുകള്‍ കിതപ്പോടെ മറിഞ്ഞു. ഒരിക്കലും വാടാത്ത വിലകുറഞ്ഞ ചൈനീസ് പ്ലാസ്റ്റിക് പൂക്കള്‍ പ്രണയത്തെ ഗ്ലിറ്ററില്‍ മുക്കി തിളക്കമേകിയ ദിവസങ്ങളില്‍, ഉറക്കം തൂങ്ങുന്നകണ്‍പോളകളുമായി ചടഞ്ഞിരുന്ന്‍ പ്രണയത്തിന്റെ രൂപ പരിണാമങ്ങള്‍ വിരസതയോടെ നോക്കിക്കാണാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.ഇനിയും എത്രയോ മാറ്റങ്ങള്‍ക്കുവേണ്ടി പ്രണയം തയ്യാറെടുത്തു നില്‍ക്കുന്നു.പ്രണയപരവശരായ അനേകമാളുകള്‍ക്കായി ഫെബ്രുവരി മാസവും വാലന്റീന്‍സ് ഡേയും ഇങ്ങെത്തി!


തിരക്കിട്ട് ശുഭദിനവും, സ്വപ്നരാത്രികളുമാശംസിക്കുന്ന ചടങ്ങിന്റെ വിഴുപ്പെടുത്തെറിഞ്ഞ് പ്രണയപരിവേഷമില്ലാത്ത സൗഹൃദത്തിന്റെ നീരൊഴുക്കില്‍ ഹൃദത്തെ കഴുകിയെടുത്ത് ശാന്തമാക്കാന്‍ ശ്രമിച്ചു. സൗഹൃദങ്ങളില്‍ വേര്‍തിരിവുകളില്ല. ഒന്നുമാഗ്രഹിക്കാതെ, ഒന്നുമാലോചിക്കാതെ, പിരിയാന്‍ കഴിയാത്ത കളങ്കമില്ലാത്ത സൗഹൃദം..! ആരന്നറിയാതെ, ജാതിയും മതവും , സാമ്പത്തികാസമത്വങ്ങളുമില്ലാതെ കുട്ടികളുടെ സൗഹൃദം പുന:സൃഷ്ടിക്കപ്പെടുന്ന സുന്ദരനിമിഷങ്ങള്‍ ..! പക്ഷേ ഒന്നുണ്ട് വിസ്മരിക്കപ്പെടാന്‍ പറ്റാത്തത്, സുഹൃത്തുക്കള്‍ക്ക് മാത്രമേ പ്രണയിക്കാനാവൂ..!free hit counters