24 മാർച്ച് 2009

ഒരു സ്ട്രേറ്റണിങ്ങ് പ്രണയം.

Buzz It
ഇത്രേം ചുരുണ്ടമുടിയുള്ള ഒരുത്തന്‍ ഈ ദുനിയാവില്‍ ഉണ്ടോ എന്നു സംശയം ആണ്.
ഇരുണ്ട നിറവും നല്ല കറുകറുത്ത മുടിയും,
ഏകദേശം ആറടി ഉയരവും മെലിഞ്ഞ ശരീരവും,
നല്ലോരു ചെക്കന്‍ എന്ന് ആരെക്കൊണ്ടും പറയിപ്പിക്കാത്ത പ്രകൃതവും സുകുവിനെ ഗള്‍ഫില്‍ എത്തിച്ചു.
സുബേര്‍ കുട്ടനല്ലൂര്‍, സഹമുറിയന്മാര്‍ ചുരുക്കി, സുകു എന്നാക്കി.
ഇപ്പൊ സുകു ഫെമസ് ആണ്.
ഇടക്കിടക്ക് ഷുര്‍ത്ത ( അറബിപ്പോലീസ്) പിടിക്കും.
പത്താക്ക ചെക്കു ചെയ്ത് ഇന്ത്യക്കാരനായതുകൊണ്ട് വെറുതെ വിടും.
ആഫ്രിക്കാരനായ ഇവന് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ആരു കൊടുത്തു എന്നു പോലും ദുബായിലെ ഷുര്‍ത്ത സംശയം ഉന്നയിച്ചത്രെ..!!

രാവിലെ എത്രനേരം കുളിക്കാനായി ക്യൂ നിന്നാല്‍ പറ്റും..?
കക്കൂസില്‍പ്പോകാന്‍ അതില്‍ കൂടുതല്‍ ക്യൂ നില്‍ക്കണം.
എന്നിരുന്നാലും നല്ല ഭംഗിയായി ഗോപുരംപോലെ നില്‍ക്കുന്ന ചുരുണ്ട മുടി ജെല്‍ തേച്ച് ചീകി താഴ്ത്തി വെക്കാന്‍ 15 മിനിററ്റില്‍ കൂടുതല്‍ സമയം ചിലവഴിക്കും.
എന്താ കാര്യം..?
ആത്മാര്‍ത്ഥത ഒന്നു കൊണ്ടുമാത്രം..
അതു നിങ്ങള്‍ക്ക് വഴിയേ മനസ്സിലാകും...!

ചുരുചുരാ ചുരുണ്ടിരിക്കുന്ന ഈ മുടി ചീകുന്നതൊരു ചടങ്ങായതുകൊണ്ട് ആധുനിക സാങ്കേതികവിദ്യകളെപ്പറ്റി അന്വേഷണത്വര വര്‍ദ്ധിപ്പിച്ച് മുടിയില്‍ പുതിയപുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു.
തല മൊട്ടയടിച്ചാല്‍ പിന്നെക്കിളിര്‍ക്കുന്ന മുടി നീളുമെന്ന് ആരോ പറഞ്ഞു.
അതനുസരിച്ച് മൊട്ടയടിച്ചു.
ഫലം തഥൈവ...!
തല മൊട്ടയടിച്ചതും, മുടി പൂര്‍വ്വാധികം ശക്തിയോടെ ചുരുണ്ട് വളര്ന്നു..!
നാട്ടില്‍ നിന്നും കരടിനെയ് വരുത്തിത്തേച്ചു,
മുടി പിന്നെയും വളര്‍ന്നു..പക്ഷേ ചുരുളിച്ച കൂടി..!
ഇപ്പൊള്‍ ഒരു ഗതിയുമില്ലാതെ സര്‍ദാര്‍ജിമാര്‍ താടി ഒതുക്കാന്‍ ഉപയോഗിക്കുന്ന ജെല്‍ ആണ് ഉപയോഗിക്കുന്നത്, എന്തായാലും ഫലം നിരാശ തന്നെ.

ഇതിനെല്ലാം കാരണം പ്രേമം ആണ്.
ബീര്‍ കുപ്പി കുലുക്കിപ്പൊട്ടിക്കുമ്പോലെ ഉള്ളില്‍ നിന്ന് പതഞ്ഞൊഴുകുന്ന ദിവ്യമായ അനുഭൂതി വിശേഷം...! പ്രണയം ..
ഓര്‍ക്കുമ്പോള്‍ കുളിര് തോന്നുന്ന ഒരു വികാരപ്രപഞ്ചം.
സുകുവിന് കരയണോ?
ചിരിക്കണോ?
അതോ പ്രണയഗാനം കേട്ടു കേട്ട് ഉറങ്ങണൊ എന്നൊന്നും ഒരു നിശ്ചയവുമില്ലാ. ഇരിക്കുമ്പോള്‍ തോന്നും നില്‍ക്കാന്‍ അങ്ങനെ തിരിച്ചും, പിന്നെ നടക്കാനും..!
ഇതാണോ ഒര്‍ജിനല്‍ പ്രണയം..!?
ഊണില്ല ഉറക്കമില്ലാ എന്നു പറയുന്നതുപോലെ സിഗരറ്റുവലിയും വെള്ളമടിയും ഇല്ലാ,
എല്ലാം നിര്‍ത്തി...!
കണ്ണടച്ചാലും തുറന്നാലും അവള്‍ മാത്രം.
മറ്റെല്ലാവരെയും സുകു മറന്നു.
ഒരുകാലത്ത് സുകുവിന്‍റെ ആശയും അഭിലാഷവുമായിരുന്ന മറിയാമ്മ ടീച്ചര്‍ മുതല്‍ കരളിലെ തുടിപ്പായിരുന്ന ഷക്കീല,
അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്ന മറിയ തുടങ്ങിയവരെയെല്ലാം സുകു സൌകര്യപൂര്‍വ്വം മറന്നു.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം എന്നൊക്കെ വേണമെങ്കില്‍ പറയാം.
അവളുടെ നടപ്പിന്‍റെ ടക്..ടക് ശബ്ദം,
സുകുവിന്‍റെ ഹൃദയത്തില്‍ എ ആര്‍ റഹ്മാന്‍റെ മ്യൂസിക് പോലെ അടിച്ചുപൊളിച്ചു കടന്നുപോയി.
എന്തിലും ഏതിലും അവള്‍ മാത്രം. ആരാണവള്‍...?
സ്വന്തം ബോസിന്‍റെ മകള്‍..!

പഴയകാല സജ്ഞയ് ദത്തിനെപ്പോലെ,
ധോണിയെപ്പോലെ നീണ്ട മുടിയുള്ളവരെയാണ് എനിക്കിഷ്ടം എന്ന് അവള്‍ പറഞ്ഞെന്ന്, ആരോ സുകുവിനോട് പറഞ്ഞു,
അതില്‍പ്പിന്നെയാണ് മുടിയിലുള്ള ഈ ഭരണപരിഷ്കാരങ്ങള്‍.
അങ്ങനെയിരിക്കെ അതാ ആ മനംകുളിര്‍പ്പിക്കുന്ന സുന്ദരസുരഭില വാര്‍ത്ത...!
[ഇന്ന് ഇതൊന്നും  ഒരു വാര്‍ത്തയെ അല്ല, കഥ നടക്കുന്നത് 2002 ല് ആണെന്ന് അറിയിച്ചുകൊള്ളുന്നു...]
“മുടിനീട്ടാം...ഇതിനെ ഹെയര്‍ സ്റ്റ്രൈയിറ്റനിംഗ് എന്നു പറയും, 60 ദിര്‍ഹം മാത്രം.”
60 അല്ല അതില്‍ക്കുടുതല്‍ ആയാലും സുകു റെഡി.
നേരെ സലൂണിലേക്ക് ഓടി, അല്ല പറന്നു.
സംഗതി നടന്നു , വളരെ ക്ലീന്‍.
പിറ്റേന്ന് രാവിലെ മുടിയൊക്കെ സ്റ്റ്രൈറ്റനിംഗ് ചയ്ത് അവള്‍ വരുന്നതും പോകുന്നതുമായ കോറിഡോറിലൊക്കെ മാറി മാറി നിന്നു.
അതും മുടിയില്‍ തലോടിക്കൊണ്ട് “ന്നാ..നോക്കെടീ എന്‍റെ സ്റ്റ്രൈറ്റ് മുടി” എന്നു പറയും വിധം.
അവള്‍ ഉണ്ടോ മൈണ്ട് ചെയ്യുന്നു...!
ഭയങ്കരി...അവളെ തന്‍റെ മുടി ഒന്നു വിളിച്ചു കാണിച്ചാല്‍ എന്താണെന്ന് വരെ സുകുവിന് തോന്നി...
പിന്നെ അവന്‍ ആത്മസം‌യമനം പാലിച്ചു.
സംഗതി നേരെ പറഞ്ഞാല്‍ കൊളമാകുമോ..വിടില്ല ഞാന്‍..!
സുകു കണ്ണുകള്‍ മുഴപ്പിച്ച് ബലം പിടിച്ച് ഒരു കാഥികനെപ്പോലെ കണ്ണാടിയില്‍ നോക്കി റിഹേഴ്സല്‍ നടത്തി...!!

രാവിലെ സ്റ്റ്രൈയിറ്റ് ചെയ്ത മുടിയുമായി അവളെയും കാത്ത് എന്നും കോറിഡോറില്‍ സുകു ഉണ്ടാവും.
പക്ഷേ ഒന്നും പറയാനുള്ള ധൈര്യം കിട്ടുന്നില്ല.
യഥാര്‍ത്ഥ പ്രണയത്തില്‍ ഇങ്ങനെയൊക്കെയുള്ള വൈതരണികള്‍ ഉണ്ടാകാം എന്ന് അവന്‍ ആശ്വസിച്ചു.
ഇതിനിടയില്‍ സുകു മുടി വീണ്ടും വീണ്ടും സ്റ്റ്രൈയിറ്റ് ചെയ്തു.

“എടാ സുകു, സ്ത്രീകള്‍ക്ക് കറുത്തു ചുരുണ്ട മുടിയുള്ള സ്ഥലം എതാ..?

കളിയാക്കാനാണെന്ന് അറിയാം, എങ്കിലും സുകു ആലോചിച്ചു പല സ്ഥലങ്ങളും ഓര്‍മ്മ വരുന്നു. തല, കക്ഷം..അങ്ങനെയങ്ങനെ...പക്ഷേ എങ്ങനെ പറയും, മോശമല്ലേ...! സുകു പൊതുവേ അല്പം ജാള്യതയുള്ളവനാണ്.

“ആഫ്രിക്ക” ഒരു വിരുതന്‍റെ മറുപടി.

“സുകുവേ അവള്‍ വീഴുമോ..?” പൊട്ടിച്ചിരിയോടൊപ്പം അടുത്ത ചോദ്യം.

“വീഴും..വീഴും..പക്ഷെ തട്ടി വീഴ്ത്തണം ..!!”

“നീ മുടി സ്റ്റ്രൈറ്റനിംഗ് ചെയ്തതു വെള്ളത്തീവരച്ച വര ആകുമോ ?“

“സുകൂ അവള്‍ എപ്പൊ വീഴും”

“അണ്ണാ, രണ്ടു മൂന്ന് നാല് സ്റ്റ്രൈറ്റനിംഗ് കൂടി വേണ്ടിവന്നേക്കും..!!!“

കൂട്ടച്ചിരിയോടൊപ്പം, സുകു തന്‍റെ മുടിയില്‍ വിരലോടിച്ച് നാളത്തെ പരിപാടിയെപ്പറ്റി ആലോചിച്ച് വ്യാകുലനായി...

രാവിലെ സ്റ്റ്രൈയിറ്റ് ചെയ്ത മുടിയുമായി അവളെയും കാത്ത് കോറിഡോറില്‍ സുകു....

അതാ..അവള്‍..സുകുവിന്‍റെ മുടിയിലേക്ക് ഒരു നോട്ടം ഒരേ ഒരു നോട്ടം..

സുകുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുംബി..
അവള്‍ തന്നെ ഇതുവരെയില്ലാത്ത ഭാവങ്ങളോടെയുള്ള നോട്ടം.
ആ നോട്ടത്തില്‍ പ്രേമം തുള്ളിത്തുളുമ്പിനില്‍ക്കുന്നു .
ഇന്ന് അടിച്ചുപൊളിക്കണം..
എല്ലാവര്‍ക്കും ചിലവ് ചെയ്യാന്‍ സുകു തീരുമാനിച്ചു.

“സുബേറിനെ മാഡം വിളിക്കുന്നു..”
ഹാവു..
ഇത്ര പെട്ടെന്നോ..
സ്ത്രീകള്‍ വളരെ സ്ലൊ ആണ് എന്ന് പറഞ്ഞവനെ തല്ലണം.
സുകുവിന്‍റെ മനം നിറഞ്ഞു കവിഞ്ഞു, പുറത്തേക്കൊഴുകിയില്ല.
അതിനുമുന്‍പേ അവന്‍ അവളുടെ ക്യാബിനിലെത്തി.
സ്നേഹിക്കുന്ന പെണ്‍കുട്ടി ബോസ്സ് ആയാല്‍ എന്തു ചെയ്യും..?
ഇരിക്കണോ..നില്‍ക്കണോ..

“ആരാ താന്‍, ഇതിനു മുന്‍പ് ഇവിടെ കണ്ടിട്ടില്ലല്ലോ..?”
സുകു അന്തം വിട്ടു..
സുബേര്‍ കുട്ടനല്ലൂര്‍ എന്ന സുകുവിന്‍റെ ഹൃദയം മുറിഞ്ഞടര്‍ന്നതുപോലെ....
സുകു തലയില്‍ തടവി മുടി അവിടെയുണ്ടോ എന്ന് ഉറപ്പാക്കി.

“ഞാന്‍ സുബേര്‍...” സുകുവിന്‍റെ വാക്കുകള്‍ കഷ്ടപ്പെട്ട് പുറത്തേക്ക് വന്നു.

“ഓ സുബേര്‍ ആയിരുന്നോ..!! അറിഞ്ഞതേയില്ല..ഓകെ..ഓകെ..”
ചങ്കു പൊട്ടി അവന്‍ ക്യാബിന് പുറത്തേക്കിറങ്ങി..ലീവെഴുതിക്കൊടുത്തു.

രണ്ടു പാക്കറ്റ് സിഗരറ്റ് വാങ്ങി, നേരെ റൂമിലേക്ക്..
അതു മൊത്തോം വലിച്ചു തീര്‍ത്തു..
കണ്ണാടിയില്‍ നോക്കി ..
തന്‍റെ മുടി ഷോക്കടിച്ചതുപോലെ..

ഇതൊക്കെക്കണ്ട് ഭിത്തിയില്‍ ഷക്കീലയും, മറിയയും ചിരിക്കുന്നു..ഒരിക്കലും മായാത്ത ചിരി..!!!
___________________________________