കരിക്കട്ട

Buzz It
കരിക്കട്ട--ജനനം

ജാനു വയസ്സറീച്ചതിന്‍റെ മൂന്നാം ദിവസം തന്ത പരമു ലോറികേറി ചത്തു. വാ കീറിയവന്‍ വയറ്റിനും തരുമെന്ന് പറഞ്ഞതുപോലെ, മരണവീട്ടില്‍ ചുറ്റിക്കറങ്ങീ ഇസാക്കിന്‍റെ മോന്‍ ദാസന്‍. ആളൊഴിഞ്ഞിട്ടും അവന്‍ അങ്ങനെ ജാനുവിന്‍റെ സഹായത്തിനായി എന്ന ഭാവേന അവിടെയൊക്കെ കറങ്ങിക്കറങ്ങി നിന്നു.പരമുവും , ഇസാക്കും ഇതേ കോളനിയില്‍ ജനിച്ചു വളര്‍ന്ന വലിയ കൂട്ടുകാരായിരുന്നു. ഇതേ കോളനിയില്‍ ജനിച്ചു വളര്‍ന്നെങ്കിലും ആ കൂട്ടൊന്നും ജാനുവിന് ദാസനോടില്ല.ഇടക്കിടക്ക് ആളില്ലാത്ത നേരം നോക്കി അവളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ അവന്‍ അഞ്ചാറുവട്ടം ശ്രമിച്ചു. ദാസന്‍ അവളുടെ അടുത്തിരുന്ന് ഒരുപാടുനേരം കരയുകപോലും ചെയ്തു. കരഞ്ഞുകരഞ്ഞ് ജാനുവിനെ തന്നിലേക്ക് വലിച്ചടിപ്പിക്കാന്‍ ആവതും ശ്രമിച്ചു, അവള്‍ കുതറി ഒന്നു കൂടെ അകന്നിരുന്നു.

വയസ്സറിയിച്ച വിവരം നാണിത്തള്ളയോടാണ് അവള്‍ ആദ്യം പറഞ്ഞത്. തള്ള കൊടുത്ത തുണി അപ്പാടെ രക്തത്തില്‍ കുതിര്‍ന്നിരിക്കുന്നു. ആരോ കൊണ്ടുവന്ന കഞ്ഞി അവള്‍ കുടിച്ചു. കഞ്ഞി അത്ര ഇഷ്ടമായില്ല, മറ്റെന്തെങ്കിലും കഴിച്ചാല്‍ കൊള്ളാമന്നവള്‍ക്ക് അതിയായ ആഗ്രഹം.കുളിച്ചു വന്നപ്പോള്‍ വിശപ്പിന്‍റെ കടുപ്പം ഏറി.

“ഡീ..നെനക്ക് വെശക്കുന്നോ?” അതേയെന്ന് അവള്‍ ദാസനോട് തലയാട്ടി.
“എന്താ വേണ്ടെ?”
‘പിരിയാണി” അവള്‍ക്ക് ഓര്‍ഡര്‍ ചെയ്യാന്‍ ഒരു നാണവും തോന്നിയില്ല.
കുറെക്കഴിഞ്ഞ്, നടക്ക് ബീടി വലിച്ചെറിഞ്ഞ്,ദാസന്‍ ബിരിയാണിയുമായി എത്തി.

ജാനു ബിരിയാണി തിന്നുന്നത് ദാസന്‍ നോക്കിയിരുന്നു.സന്തോഷം കോണ്ട് ജാനു അവനെ നോക്കിച്ചിരിച്ചു,പിന്നെ ബിരിയാണി വാരി വാരി തിന്നു.അന്നും അവന്‍ അവളെ തന്നിലേക്ക് വലിച്ചടിപ്പിച്ചു, അവള്‍ ഒന്നും കൂടെ ഒട്ടിയിരുന്നു. പിന്നെ രണ്ടു മൂന്നു ദിവസം അതൊരു പതിവായി. ജാനു എന്നും ബിരിയാണി തിന്നുകൊണ്ടിരുന്നു.നാലിന്‍റെ അന്ന് ദാസന്‍ ബിരിയാണിയുമായി വന്നില്ല. വിശന്നു തളര്‍ന്ന അവള്‍ക്ക് നാണിത്തള്ളയുടെ കഞ്ഞി തന്നെ ശരണം.

“ടിയേയ്..പരമൂന്‍റെ മരിപ്പെ പഞ്ചായത്താപ്പീസി അറീക്കാന്‍ മെമ്പറ് പറഞ്ഞേക്ക്ണ്”
നാണിത്തള്ള ചടഞ്ഞിരുന്നു, പീളകെട്ടിയ കണ്ണില്‍ നിന്നും ചെറിയ ഈച്ചകളെ ഓടിക്കാന്‍ അവര്‍ കൈ, മുഖത്ത് വീശിക്കൊണ്ടിരുന്നു.

“നീയാ റേഷന്‍ കാര്‍ഡുമെടുത്തോണ്ട് , വിലാസിനീടെ കൂടെപ്പോയിട്ടുവാടീ”

വിലാസിനിയാ പഞ്ചായത്താപ്പീസ് തൂക്കുന്നതും, പിന്നെ കോളനിക്കാര്‍ക്ക് എന്തെങ്കിലും ശിപാര്‍ശകള്‍ ഒക്കെ നടത്തിക്കൊടുക്കുന്നതും.പഞ്ചായത്താപ്പീസിലെ ക്ലാര്‍ക്കന്മാര്‍ക്കെല്ലാം വിലാസിനിയെ ജീവനാണ്, എന്തിന് എക്സികൂട്ടീവ് ആപ്പീസര്‍ക്കു പോലും വിലാസിനിയെ ജീവനാണ്. വിലാസിനിക്ക് തിരിച്ചങ്ങോട്ടും അങ്ങനെതന്നെയാണ്. ജാനുവിന് വിലാസിനിയെന്നാല്‍ സ്വന്തം അമ്മയെപ്പോലെയാണ്. പക്ഷേ പരമു വിലാസിനിയെ “പെങ്ങളേ“ എന്നേ വിളിച്ചിരുന്നുള്ളൂ. തന്‍റെ അമ്മ മരിച്ചത് അവള്‍ക്കോര്‍മ്മയില്ല. കാരണം അവളെ പെറ്റപ്പോള്‍ തന്നെ അമ്മ മരിച്ചു. കുഞ്ഞിനെ കട്ടിലിനിനടിയില്‍ കിടത്തി എല്ലാരും ശവമടക്കിനു പോയിരുന്നു. തിരികെ വന്നപ്പോഴാണ് കുഞ്ഞിന്‍റെ കാര്യം ചിലരെങ്കിലും ഓര്‍ത്തത്. പരമൂന്‍റെ കയ്യില്‍ നാണിത്തള്ള കുഞ്ഞിനെ ഏല്‍പ്പിക്കുമ്പോള്‍ മൂക്കിലും വായിലും ചെവിയിലും ഉറുമ്പരിച്ചിരുന്നു. അതുകൊണ്ട് ജാനുവിന് ചെറുതിലേ കേഴ്വിക്കുറവുണ്ട്.

“നീ ഇവിടിരി, ആപ്പീസറദ്ദ്യേം ഇച്ചിരി തെരെക്കിലാ” ഇതും പറഞ്ഞ് വിലാസിനി എങ്ങോട്ടോ പോയി.

രാവിലെ പത്തു മണിമുതല്‍ ജാനു അവിടെത്തന്നെയിരുന്നു. രണ്ടു മണിയായിക്കാണും, ശിപായി ആണെന്നു തോന്നുന്നു...വന്നു പറഞ്ഞു അകത്തോട്ട് വിളിക്കുന്നു എന്ന്.അവളെണീറ്റു, വെശന്നിട്ടുവയ്യ...ബിരിയാണി കിട്ടിയിരുന്നെങ്കില്‍.
ആപ്പീസറുടെ മുന്നിലെത്തി,ഒരു ബിരിയാണി കിട്ടുമോന്നുള്ള നോട്ടവുമായി. അതറിഞ്ഞിട്ടെന്നവണ്ണം, അയാള്‍ കാശെടുത്തു നീട്ടി
“പെണ്ണേ നീ വല്ലതും പോയി കഴിച്ചിട്ടുവാ, എന്‍റെ പണിയൊക്കെത്തീരാന്‍ അഞ്ചു മണിയാകും, കഴിച്ചിട്ടു നീ പൊറത്തിരി കേട്ടോ.”
ജാനു ആഗ്രഹിച്ചതും ബിരിയാണി, കിട്ടിയ ഉറുപ്യക്ക് വാങ്ങിച്ചതും ബിരിയാണി.
അഞ്ചു മണി കഴിഞ്ഞതും പഞ്ചായത്താപ്പീസില്‍ ആള്‍ക്കാരൊഴിഞ്ഞു. ആപ്പീസര്‍ അകത്തേക്കു വിളിച്ചു..

“കേറി, വാടീ...എന്താ പെണ്ണെ നീ തിന്നെ ”
“ആടുപിരിയാണി” അവള്‍ നാണത്തോടെ പറഞ്ഞു.
അയാള്‍ അവളെ മൂത്രപ്പുരയിലേക്ക് കൂട്ടിക്കൊണ്ടു പോയി...

അങ്ങനെ ജാനു സ്വന്തം തന്തയുടെ മരണം പഞ്ചായത്താപ്പീസില്‍ രെജിസ്റ്റെര്‍ ചെയ്തു..

“നാളെ വരണോ സാറെ” ഇറങ്ങാന്‍ നേരം അവള്‍ ചോദിച്ചു..

“ങ്ങാ ..പോരെ“ അയാള്‍ ചിരിച്ചു പിന്നെ ഇരുപത് രൂപായുടെ നോട്ട് അവള്‍ക്ക് നീട്ടി.അങ്ങനെ അടുത്ത മൂന്നു ദിവസം ജാനു ബിരിയാണി തിന്നു.

“നിനക്ക് ഞാന്‍ ഒരു ജോലി പറഞ്ഞു വച്ചിട്ടോണ്ട്, നീ ഇയാളെ പോയി കാണൂ.വല്യ നേതാവാ..നോക്കീംകണ്ടും ഒക്കെനിന്നോണം..നീ എത്രവരെ പഠിച്ചു പെണ്ണേ..?“

“മൂന്നാം തരം തോറ്റേ”

“നീ ഇടക്ക് ഇങ്ങോട്ടെക്കെ പോരണം കേട്ടോ” ജാനു തലയാട്ടി, ഇരുപത് രൂപയും വാങ്ങി നടന്നു.....

പിറ്റേന്ന് രാവിലെ അവള്‍ സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ നേതാവിനെ കാണാന്‍ പോയി.പഞ്ചായത്താപ്പീസര്‍ ജോലി പറഞ്ഞു വെച്ചിരിക്കുകയല്ലെ..
നേതാവിന്‍റെ വലിയ വീടിന്‍റെ ഗേറ്റ് കടന്നതും, ആരോ വിളിച്ചു പറഞ്ഞു, “പിന്നാമ്പുറത്തേക്ക് പൊയ്ക്കോളുക.“

പിന്നാമ്പുറത്തെത്തിയതും ജാനു അടുക്കളയില്‍ നിന്നും “പിരിയാണി”യുടെ മണം തിരിച്ചറിഞ്ഞു. നാല്പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവളെ കൂട്ടിക്കൊണ്ടുപോയി.

ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്ന നല്ല വെളുത്ത ഒരാള്‍.

“നിന്നെ ആപ്പീസര്‍ പറഞ്ഞ് വിട്ടതാണോടീ”

“ആണേ” ജാനു പരുങ്ങി..

“എന്താ നിന്‍റെ കൂലി.. ബിരിയാണിയാന്നാ അവന്‍ പറഞ്ഞെ..?”അയാള്‍ ഉറക്കെച്ചിരിച്ചു.

അങ്ങനെ ജാനുവിനു ബിരിയാണി ജാനു എന്നു പേരും വീണു.ടൌണില്‍ ബിരിയാണി ജാനു എന്നു പറഞ്ഞാല്‍ നാലാള്‍ അറിയും.ചില ദിവസങ്ങളില്‍ അഞ്ചും ആറും ബിരിയാണിവരെ അവള്‍ പൊതിഞ്ഞെടുത്ത് കോളനിയിലെ കുട്ടികള്‍ക്ക് കൊടുക്കും ഒപ്പം വിലാസിനിക്കും നാണിത്തള്ളക്കും.

ഇതുപോലെ കുറെ ബിരിയാണി തിന്ന് തിന്ന് അവസാനം അവള്‍ കറമ്പന്‍ ബാലനെ കണ്ടുമുട്ടി. കറുകറുത്ത ബാലന്‍ അവളെ കല്യാണം കഴിച്ചു.

ആദ്യരാത്രിയില്‍ കറമ്പന്‍ ബാലന്‍ അവള്‍ക്ക് , അവള്‍ ആവശ്യപ്പെട്ടതു പ്രകാരം ആടുബിരിയാണി വാങ്ങിക്കൊടുത്തു..

അങ്ങനെ സുന്ദരവും സമ്മോഹനവുമായ ദിവസങ്ങള്‍ ബിരിയാണി കഴിച്ചും കഴിക്കാതെയും മുന്നോട്ടു പോകവെ, കറമ്പന്‍ ബാലനെക്കാള്‍ കറുകറുത്ത ഒരാണ്‍കുഞ്ഞിനെ ജാനു പെറ്റു..അവനാണ് എന്‍റെ ബാല്യകാല സുഹൃത്ത് കരിക്കട്ട.അവനെ പെറ്റു ഒരാഴ്ച മാത്രമേ ജാനു ജീവിച്ചിരുന്നുള്ളൂ. രക്തം വാര്‍ന്നു ജാനു മരിച്ചു, കരിക്കട്ടക്ക് അമ്മയില്ലാതായി. വയറ്റിലായിരുന്നപ്പോള്‍ ബാലന്‍ വെള്ളമടിച്ചിട്ട് ജാനുവിനെ ഇടിക്കുമായിരുന്നു..അതുകൊണ്ടാണ് ജാനു ചത്തതെന്നും കിംവദന്തികള്‍ ഉണ്ടായി.

ആയിടക്ക് ഒന്നുകൂടെ പെറ്റ വിലാസിനിയുടെ മുല കരിക്കട്ടക്ക് കുടിക്കാന്‍ നാണിത്തള്ള ഏര്‍പ്പാടു ചെയ്തു. അങ്ങനെ മുലകുടിച്ചു വളര്‍ന്ന കരിക്കട്ടയെ ഞാന്‍ ആദ്യമായിക്കാണുന്നത് അവന്‍റെയും എന്‍റെയും ഏഴാം വയസ്സിലാണ്.അതിനിടക്ക് കരിക്കട്ടേടെ അച്ഛന്‍ ബാലന്‍ വീണ്ടും കല്യാണം കഴിച്ചു.ആദ്യരാത്രിയില്‍ ബിരിയാണി വാങ്ങിക്കൊടുത്തെങ്കിലും കരിക്കട്ടേടെ പുതിയ രണ്ടാനമ്മ സരള അത്രകണ്ട് ബിരിയാണി കഴിച്ചില്ല. അത് ബാലന് വല്ലാത്തൊരു ആശ്വാസം നല്‍കി, ഒപ്പം സരളയിലുള്ള വിശ്വാസവും കൂടി.

കരിക്കട്ട-ചങ്ങാത്തം

യാത്രയുടെ ക്ഷീണത്തില്‍ രാവിലെ പതിനൊന്നു മണിക്ക് ശേഷം ആണ് ഞാന്‍ അന്ന് ഉണര്‍ന്നത്. തൊടിയില്‍ ഒരു ചെറിയ പയ്യന്‍, പൂവാലിപ്പയ്യിനെയും പിടിച്ച് നടക്കുന്നു, ജനാലയിലൂടെ കാണാം. അവനെക്കാളും ചെറുതാണ് ഞാന്‍, എന്ന കാര്യം തന്നെ മറന്നുപോയി. ഞാന്‍ പൂമുഖത്തെത്തി..
“ഡാ.....”
വള്ളിയുള്ള കാക്കിനിക്കറും, കരിങ്കറുപ്പ് നിറവും , ഉന്തിയ വാരിയെല്ലുകളുമായി അവന്‍ മുന്നിലെത്തി. അവന്‍ ചിരിച്ചു, പല്ലിന് നല്ല വെളുത്ത നിറം. കണ്ണുകള്‍ എഴുതിയതുപോലെ. ഭംഗിയുള്ള നീണ്ട കണ്ണുകള്‍. കറുപ്പാണെങ്കിലും ഒറ്റനോട്ടത്തില്‍ എനിക്ക് അവനെ ഇഷ്ടപ്പെട്ടു. പോക്കറ്റില്‍ നിന്നും എന്തോ ഒരു കായ് എനിക്ക് നേരേ നീട്ടി. ആദ്യം മടിച്ചെങ്കിലും, അതു വാങ്ങി ഞാന്‍ ഗൌരവം വിടാതെ ഗമയില്‍ നിന്നു.

“ന്താ..വിളിച്ചെ”
“പെരെന്താഡാ..നിന്‍റെ“ ഞാന്‍ അല്പം ഗൌരവത്തില്‍ തന്നെ.
“മോഹനന്‍..നിക്ക്..പണീണ്ട്..“അവന്‍ തിരിഞ്ഞോടി..മൂടുകീറിയ കാക്കിനിക്കര്‍, അതിന്‍റെ ഊര്‍ന്നുവീണ തോള്‍ വള്ളി ഇടക്കിടക്ക് നേരെയാക്കിക്കൊണ്ട്.

പിന്നീട് ഞാന്‍ അവനെക്കാണുന്നത് അടുക്കളക്ക് പിന്നിലെ വാരാന്തയിരുന്ന് ചോറുണ്ണുന്നതാണ്. ഒരില നിറയെ ചോറ്, ഈ എല്ലും കൂടിനകത്ത് ഇതെല്ലാം കയറുമോ എന്ന് ഞാന്‍ ശങ്കിച്ചു.

“അമ്മേ എനിക്കും ചോറ് “ ഞാന്‍ നാല്‍കാലി വലിച്ചിട്ട് ഇരുന്നു.
കരിക്കട്ട എന്‍റെ മുഖത്തുപോലും നോക്കാതെ അറഞ്ഞുമിന്നുവാണ്. ചോറിടുന്നതിന് മുന്‍പ് സാമ്പാറ്, സാമ്പാറിനു മുന്‍പ് കറികള്‍, കറികള്‍ക്ക് മുന്‍പ് വീണ്ടും ചോറ്..ഭയങ്കരം തന്നെ..

ഊണുകഴിഞ്ഞ് ഞാന്‍ അവന്‍റെ കൂടെക്കൂടി. എന്നെ അവന്‍റെ ലോകം കാണിക്കാന്‍, അതില്‍ അഭിമാനം കൊള്ളാന്‍ അവന്‍ തത്രപ്പെട്ടു. വീടിന്‍റെ ചുവരിലൂടെ വലിഞ്ഞുകയറി പ്രാവിന്‍റെ മുട്ട എടുത്തു കാണിക്കാനും, മഞ്ഞക്കിളിയുടെ കൂട് കാട്ടിത്തരാനും എന്നെ അവന്‍റെ കൂടെക്കൂട്ടി. ഞാന്‍ വല്യ ഗമയില്‍ അവനോടൊപ്പം നടന്നു. പെട്ടെന്ന് അവന്‍ സൈഡ് ചരിഞ്ഞു നിന്ന് മൂത്രമൊഴിക്കാന്‍ തുടങ്ങി..!! പല ഇലകളിലുമായി മൂത്രം കറക്കിത്തളിക്കുകയാണ്, ചിലപ്പോള്‍ അടുത്ത്, ചിലപ്പോള്‍ ദൂരെ ചീറ്റിപ്പെടുത്ത് അവന്‍ രസിച്ചു. പ്രയോഗം കഴിഞ്ഞ് ഒന്നും സംഭവിക്കാത്തതുപോലെ അവന്‍ കൂടെ നടന്നു. എനിക്ക് ശരിക്കും നാണം വന്നു. എന്‍റെ ഗമയൊക്കെ എവിടെയോപോയി. മൂത്രമൊഴിച്ചതിന് ഞാന്‍ അവനെ ശകാരിക്കുകയും ചെയ്തു.

പോകുന്ന വഴിയില്‍ പൂത്തു നില്‍ക്കുന്ന വേലിപ്പൂക്കളില്‍ വല്യ വണ്ടുകള്‍ മുരണ്ട് പറക്കുന്നു. നല്ല വല്യമഞ്ഞനിറമുള്ള പൂക്കള്‍, പൂവിന്‍റ് അകത്ത് വയലറ്റ് നിറം.

“ഇപ്പൊ ഒരു കാര്യം കാണിക്കാമേ..”

ഒരു പൂവു ചുരുട്ടിക്കൂട്ടി, പിന്നെ ഒരു തീപ്പെട്ടിയിലേക്ക് പൂവിനെ തുറന്നു അവന്‍. പിന്നെ എന്‍റെ ചെവിയില്‍ വച്ച് വണ്ട് മൂളുന്നത് കേള്‍പ്പിച്ചു.

“ഡാ ..നീ ബീഡി വലിക്കുമോ..?“
“ഇല്ല്യാലോ..തീപ്പെട്ടികണ്ടിട്ടാണോ..? എന്‍റെ കയ്യീലേ.. എന്തൂരം തീപ്പെട്ടിപ്പടം ഉണ്ടെന്നറിയാമോ..? നാളെക്കാണിക്കാം ട്ടോ..!”

“എടാ , നിന്നെ ഞാന്‍ കരിക്കട്ടേ എന്നേവിളിക്കൂ, നീയും ആ കറുകറുത്ത വണ്ടും ഒരുപോലാ..!”
“സരി” അതും പറഞ്ഞ് എന്‍റെ ഇടത് കവിളിലെ നുണക്കുഴിയില്‍ തൊടാന്‍ അവന്‍ ശ്രമിച്ചു.

“ദാ കുമ്പഴപ്പന്‍ പുളി”
ചാഞ്ഞുനിന്ന പുളിയില്‍ നിന്ന് ഒരെണ്ണം പറിച്ചെടുത്ത് എനിക്ക് നേരേ നീട്ടി. പാതി പഴുത്തപുളിക്കാണ് കുമ്പഴപ്പന്‍ എന്ന് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി.

പൊന്മാന്‍ ഇരിക്കുന്ന് കുളം കാട്ടിത്തരാം എന്നു പറഞ്ഞാണ് ഞാനവന്‍റെ കൂടെ ഇറങ്ങിയത്. നടന്ന് നടന്ന് കാല് വേദനിക്കുന്നു. ഒരു തടിമേല്‍ കുത്തിയിരുന്ന എനിക്ക് അടുത്ത നെല്ലിമരത്തില്‍ നിന്നു നെല്ലിക്കാ പറിച്ചു തന്ന് പ്രോത്സാഹിപ്പിച്ച്, കുളം വരെ നടത്തിച്ചു.

ഞാന്‍ കുളത്തിന്‍റെ പടവില്‍ ഇരുന്ന് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ എത്തുന്ന പക്ഷികളെ നോക്കിയിരുന്നു. പൊന്മാനെ മാത്രം കണ്ടില്ലാ. അമ്പലുകള്‍ കൂമ്പിനിന്നിരുന്നു അങ്ങിങ്ങായി. നല്ല തെളിഞ്ഞ ജലം. ആരൊക്കെയോ കുളത്തില്‍ തുണിയലക്കുകയും, കുളിക്കുകയും ചെയ്തതുപോലെ, പടവില്‍ സോപ്പ് ഒട്ടിച്ച് വച്ചിരിക്കുന്നു, ഒപ്പം ചകിരി അവിടെയുമിവിടെയുമായി ചിതറിച്ചിട്ടിരിക്കുന്നു.

ഞാന്‍ അവനെ കടുപ്പിച്ചു നോക്കിയതും, അവന്‍ അലറി

“ദാ...പൊന്മാന്‍“

നീലനിറത്തോട് കൂടി, നീണ്ടകൊക്ക് വെള്ളത്തില്‍ മുട്ടിച്ച് പറന്നു പൊന്മാന്‍..
എനിക്കാശ്വാസമായി. പൊന്മാനെ കാണാന്‍ പറ്റിയല്ലോ..

“കരിക്കട്ട” കുളത്തിന് ചുറ്റും ആഹ്ലാദത്താല്‍ ഓടിനടന്നു. പെട്ടെന്ന് അവന്‍ നിന്നു, പിന്നെ ചൊറിഞ്ഞ് തുടങ്ങി. ദേഹമാകെ ഭീകരമായി തിണര്‍ത്തു...! ചൊറിച്ചില്‍ തീരുന്നില്ല.

ഞാന്‍ പടവില്‍ നിന്നും കയറി ഓടി. കരിക്കട്ട എന്‍റെ പിറകേയും. ഞാന്‍ പേടിച്ചു പോയിരുന്നു.

വീട്ടീലെത്തിയെത്തും പാറു ഇടപെട്ടു. അവന്‍റെ ദേഹത്ത് വെളിച്ചെണ്ണ തേക്കുന്നതിനിടയില്‍ കരിക്കട്ടയെ ഒരടിയും കൊടുത്തു.

“ആ കുളത്തിനടുത്തേയ് “ചാര്” ഉണ്ട്, ചാര് ആട്ടിയതാ..!”
ചാര് എന്ന് പറയുന്ന വൃക്ഷമുണ്ടന്നും , അത് ചൊറിയിക്കുമെന്നും അങ്ങനെ മനസ്സിലായി. പിന്നിട് ആ ചാര് മുറിക്കുകയും അവിടെ കൂടുതല്‍ ആഞ്ഞിലി, മാവ്, ഇലഞ്ഞി, വാക, മുരിക്ക് തുടങ്ങിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തു.

കരിക്കട്ട- നാടുചുറ്റല്‍

എന്‍റെ കൂടെക്കൂടി കരിക്കട്ട വഷളായി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഞാന്‍ മോഷ്ടിച്ചെടുത്ത ഒരു സിഗരറ്റിന്‍റെ ഫില്‍റ്റര്‍ വെക്കാത്തഭാഗം അവന്‍ വലിച്ചത്..! മറ്റേ പകുതി, ഞാന്‍ വലിച്ചു രസിച്ചതും..!
മുതിര്‍ന്നവര്‍ പലരും പുകവലിക്കുന്നത് നോക്കി നിന്നിട്ടുണ്ട്, ഒരു പക്ഷേ അതൊക്കെ അനുകരിക്കാനാവണം ഒളിച്ച് പുകവലിച്ച് തുടങ്ങിയത്. സിഗരറ്റ് മോഷ്ടിക്കുക പലപ്പോഴും വല്യ ബുദ്ധിമുട്ടായതുകാരണം അതൊരു ദു:ശ്ശീലമായിത്തന്നെ പരിഗണിച്ച് എന്നെ അതില്‍ നിന്നും ഞാന്‍ തന്നെ വിലക്കി..!അതുകൂടാതെ കരിക്കട്ടയെ വഷളാക്കുന്നു എന്ന കുറ്റബോധത്തില്‍ നിന്നും ഒരു മോചനവും എന്‍റെ മനസ്സ് കാംഷിച്ചിരിക്കാം. പിന്നീട് കരിക്കട്ടയില്‍ നിന്നും ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞു, അവന്‍ ഇതിന് മുന്‍പ് ഒരുപാട് ബീഡി ഒളിച്ച് വലിച്ചിരുന്നു..!

കരിക്കട്ടയും ഞാനുമായുള്ള ചങ്ങാത്തം അനുദിനം വളര്‍ന്നുകൊണ്ടിരുന്നു. പുതിയ പുതിയ മേഖലകളിലേക്ക് കൈ വെയ്ക്കാനായി അവന്‍ എന്നേയും കൂട്ടി.
എന്നും ഊണ് കഴിഞ്ഞ് സര്‍ക്കീട്ട് പതിവായി. അതില്‍ വളരെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരു ഞായറാഴ്ചയെപ്പറ്റിപ്പറയാം. പത്തായപ്പുരയില്‍ തൂക്കിയിട്ടിരുന്ന കുലകളില്‍ നിന്ന്‍ പാളയങ്കോടന്‍ പഴമെടുത്ത് ഞങ്ങള്‍ തിന്നുമായിരുന്നു. അന്ന്‍ അവന്‍ വന്നത് ഒരു കൂട് കപ്പലണ്ടിയും, പച്ച കളറില്‍ പൊതിഞ്ഞ ഒരു തരം മിഠായിയുമായാണ്. ഒരു കഷണം പഴം, മിഠായി, കുറച്ച് കപ്പലണ്ടി എന്നിവ മിക്സ് ചെയ്തു കഴിക്കാനുള്ള അവന്‍റെ അഭ്യര്‍ത്ഥന ഞാന്‍ മാനിച്ചു. സത്യം പറഞ്ഞാല്‍ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഇറക്കുന്ന അടിപൊളി മിഠായികള്‍ വരെ ഈ പുതിയ മിക്സിന്‍റെ മുന്നില്‍ തോറ്റുപോകും..! ഇത് പല പഴങ്ങളുമായും ഞങ്ങള്‍ പരീക്ഷിച്ചു, പക്ഷേ പാളയങ്കോടന്‍റെയത്ര ക്വാളിറ്റി മറ്റൊരു മിക്സിനും കിട്ടിയില്ലാ..!

ഉച്ചയൂണും കഴിഞ്ഞ് ഞങ്ങള്‍ നടന്ന്‍ നടന്ന്‍ ഒരു മൈതാനത്ത് എത്തി, കരിക്കട്ടെയെക്കണ്ടതും കുറെ കുട്ടികള്‍ ഓടിയെത്തി. എല്ലാം കരിക്കട്ടെയെപ്പോലുള്ള കുട്ടികള്‍. പെണ്ണും ആണും..എല്ലാം അതേ. ഒരേ അച്ചിലിട്ട് വാര്‍ത്തതുപോലെ. എന്നെ പരിചയപ്പെടുത്തുന്നതോടൊപ്പം , അവിടെയുണ്ടായിരുന്ന മാവില്‍ കയറി ഒളിപ്പിച്ച് വച്ച ഏതോ കളി സാധനം അവന്‍ എടുത്തുകൊണ്ട് വന്നു. ഒരു വലിയ മിനുസമുള്ള കമ്പും, ഒരു ചെറിയ കമ്പും....! കുട്ടിയും കോലും കളി ഞാന്‍ അന്നുവരെ കണ്ടിട്ടില്ലായിരുന്നു.

ദൂരെ കുറെ വെളുത്ത കുട്ടികള്‍ ക്രിക്കെറ്റ് കളിക്കുന്നുണ്ടായിരുന്നു, തടിമാടന്മാര്‍..! തടിച്ചികളുമുണ്ട്..!
“ലച്ചൂ..നീ പോയാല്‍ നിന്നേം അവന്മാരെടുക്കും ടീമില്‍, വെളുത്തവര് ആരു പോയാലും അവര് ടീമിലെടുക്കും..“
ശരിയാ അവിടെ കളിക്കുന്ന എല്ലാവരും വെളുത്ത നിറമുള്ളവരായിരുന്നു.

“ഞാന്‍ ഇവിടെ കളിക്കുന്നേ ഉള്ളു..”അതും പറഞ്ഞ് ഞാന്‍ വലിയ മാവിന്‍റെ വേരില്‍ അലസതയോടെ ചാരിയിരുന്നു.

അവന്മാര് അടിച്ച് തെറിപ്പിക്കുന്ന ബാള്‍ എടുത്ത് കൊടുക്കുന്നത് കരിക്കട്ടയും സംഘവും ആയിരുന്നു. ബാള്‍ കയ്യില്‍ കിട്ടിയാല്‍ കുറെ പാസ്സ് ചെയ്തതിന് ശേഷമേ കരിക്കട്ട കൊടുത്തിരുന്നുള്ളൂ. അതിനെപ്പോഴും അവര്‍ തെറിവിളിച്ചിരുന്നു താനും.

കൈ മടക്കി അതില്‍ "കുട്ടി" വച്ച് മഹിയേട്ടന്‍ എന്ന്‍ വിളിക്കുന്ന മഹേഷ് അടിച്ച് തെറിപ്പിച്ചു..
എന്നിട്ട് നില്‍ക്കുന്ന വൃത്തത്തില്‍ നിന്നും കോലുകൊണ്ട് അളന്നു...ചേക്കുട്ട, ചാത്തി, മുറി, ഞാലി, അയ്റ്റി, ആറാങ്ക പണം ഒന്നും, ചേക്കുട്ട, ചാത്തി, മുറി, ഞാലി, അയ്റ്റി, ആറാങ്ക പണം രണ്ടും...!

ഇപ്പൊ അടിച്ചത് ചേക്കുട്ട ആയിരുന്നു.

ഇനി ചാത്തി.. കാല്‍പ്പത്തിയുടെ മുകളില്‍ "കുട്ടി" വച്ച് അടിച്ച് തെറിപ്പിക്കുക..
അതിനു ശേഷം ദൂരം അളന്നു തിട്ടപ്പെടുത്തുക.

ഇതൊക്കെ കണ്ടുകൊണ്ട് ഞാന്‍ മാവിന്‍റെ വേരില്‍ ചാരി, നല്ല ഒന്നാന്തരം കാറ്റേറ്റ് സുഖമായി ഇരുന്നു..കൂടെത്തിന്നാന്‍ പഴവും, മിഠായിയും, കപ്പലണ്ടിയും. തളിര്‍ത്തു തുടങ്ങിയ മാവ്, തളിരുകള്‍ പൊഴിച്ചുകൊണ്ടിരുന്നു...മാവ് മനപ്പൂര്‍വ്വം അതിന്‍റെ തളിരിലകള്‍ പൊഴിക്കുമോ..? എനിക്ക് തോന്നുന്നത് കുയിലുകള്‍ , കൂ കൂ എന്ന് കൂകി ആഹ്ലാദത്തോടെ കൊത്തിപ്പൊഴിക്കുകയാവാം..! ഈ കുയിലുകളുടെ ഒരു അഹങ്കാരം..!

“മുറി“ അടിക്കുന്നത് വിരലുകള്‍ കൂട്ടിപ്പിടിച്ച് അതിന്മേല്‍ "കുട്ടി" വെച്ചാണെങ്കില്‍, “ഞാലി“ അടിക്കുന്നത് ചൂണ്ട് വിരലും , കുഞ്ഞു വിരലും നിവര്‍ത്തി, ഇടക്കുള്ള വിരലുകള്‍ മടക്കി, "കുട്ടി" വച്ച് അടിക്കും.

“അയ്റ്റി“ കോലുകൊണ്ട് കുട്ടി കറക്കി അടിച്ച് തെറിപ്പിക്കുന്നു...
“ആറാങ്ക“ ആണ് അപകടകരം..കണ്ണിന്‍റെ മുകളില്‍ "കുട്ടി" വച്ച് ആണ് അടിക്കേണ്ടത്..!

കരിക്കട്ട അടിച്ച “കുട്ടി“ ക്രിക്കറ്റ് കളിക്കാരുടെ ഇടയില്‍ പോയി വീണു.“കുട്ടി“ എടുക്കാന്‍ പോയ ഒരുത്തനെ അവര്‍ അടിച്ചോടിച്ചു. കരഞ്ഞുകൊണ്ട് വന്ന അവനെയും കൂട്ടി കരിക്കട്ടയുടെ ആഭിമുഖ്യത്തില്‍ ഒരു കൂട്ടം കറുമ്പന്മാര്‍ ചോദിക്കാനായി പോയി..!

പിന്നെ ഞാന്‍ കാണുന്നത് പാഞ്ഞു വരുന്ന കരിക്കട്ടയെ ആണ്..
"ഓടിക്കോ ലച്ചൂ...."
അതുവരെ മാവിന്‍ തണലില്‍ സുഖിച്ചിരുന്ന ഞാന്‍ വെപ്രാളപ്പെട്ട് എഴുന്നേറ്റു..എന്താണ് സംഭവിക്കുന്നത് എന്ന്‍ അറിയാതെ..! ക്രിക്കറ്റ് ബാറ്റുമായി കുറെ തടിമാടന്മാര്‍ ഓടിവരുന്നു..!

“എന്നെയും ഇവന്മാര്‍ അടിക്കുമോ..?,ഞാന്‍ വെളുത്തതല്ലേ...?” ഞാന്‍ ആശ്വസിച്ചു.

“അടി കൊണ്ടിട്ട് വെളുത്തതാ എന്ന് പറഞ്ഞിട്ട് കാര്യല്ല..ഓടിക്കോ“ കരിക്കട്ടക്ക് നല്ല പ്രാക്റ്റിക്കല്‍ ബുദ്ധിയാ..!


എന്‍റെ കയ്യും പിടിച്ച് കരിക്കട്ട ഓടി...


ഓടി ഓടിച്ചെന്നെത്തിയത് ഒരുവാട്ടര്‍ അതോറിറ്റിയുടെ പൈപ്പിനുള്ളില്‍..!
രണ്ടു പേരും ചുരുണ്ട് കൂടിയിരുന്നു,എന്തോ പറയാന്‍ തുടങ്ങിയ അവന്‍റെ ശ്വാസം എന്‍റെ മൂക്കിലടിച്ചു.

“എന്‍റമ്മേ...ഞാന്‍ അറിയാതെ വിളിച്ചുപോയി...!
മൂക്കില്ലായിരുന്നെങ്കില്‍ കണ്ണുപൊട്ടിപ്പോയേനേ..!“

വീട്ടിലെത്തി ഞാന്‍ ആദ്യം ചെയ്തത് ദുബായീന്ന് കൊണ്ട് വന്ന ഒരു പേസ്റ്റ് എടുത്ത് അവന് കൊടുക്കുക എന്നതായിരുന്നു...!

കുറെക്കഴിഞ്ഞ് പൈപ്പില്‍നിന്നും ഇറങ്ങി നടന്നു..നടന്ന് നടന്ന് ഓല മേഞ്ഞ വലിയ വീടിന്‍റെ ഉമ്മറത്ത് എത്തി. പച്ച പെയിന്‍റ് അടിച്ച ചുവരുകള്‍, കുറെ ആട്ടിന്‍ കുട്ടികളും, കോഴികളും പശുക്കളും മുറ്റത്ത്. ചാരുകസേരയില്‍ താടി നരച്ച ഒരപ്പൂപ്പന്‍..!

“ഇത്തിരി വെള്ളം..!”

കരിക്കട്ട വിളിച്ചുപറഞ്ഞതും , തലയില്‍ തട്ടനിട്ട ഒരു അന്‍പത് വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന ഉമ്മ പുറത്തേക്ക് വന്നു..

“ദ് ആരാടാ..ഈ കുട്ടി..” എന്നെച്ചൂണ്ടി ഉമ്മ ആശ്ചര്യം പൂണ്ടു, കരിക്കട്ടേടെ ഒരു വില ഞാന്‍ അന്ന് മനസ്സിലാക്കി

‘എന്താ മോക്കടെ പേര്..?‘

‘ലക്ഷ്മി‘

കരിക്കട്ടയുടെ എന്നെപ്പറ്റിയുള്ള വിശദീകരണം കഴിഞ്ഞപ്പോള്‍, ഉമ്മ വന്ന് എന്നെപ്പൊക്കിയെടുത്തകത്തേക്ക് കൊണ്ടുപോയി കൊഴലപ്പം, അച്ചപ്പം, മുറുക്ക്, കളിയോടക്കാ,അല്‍ബൂരി, മധുരസേവ, നെയ്യപ്പം തുടങ്ങിയ ഒരുപാട് പലഹാരങ്ങള്‍ പേര് പറഞ്ഞ് എന്നെപ്പരിചയപ്പെടുത്തി..!
പിന്നെ കുശലാന്വേഷണപ്പെരുമഴ തുടങ്ങി..!
കരിക്കട്ടയുടെ കണ്ണുകള്‍ ജനലിലൂടെ അകത്തേക്ക് പലഹാരങ്ങളെ നോക്കിക്കണ്ടു ..!

ഒരു കടലാസില്‍ പൊതിഞ്ഞെടുത്ത രണ്ട് മൂന്ന് പലഹാരങ്ങള്‍ അവനു നേരേ നീട്ടി, ആര്‍ത്തിയോടെ അതു മുഴുവന്‍ തിന്ന് കൈയ്യില്‍ പറ്റിയ എണ്ണ കാലുകളില്‍ നന്നായി തേയ്ച്ചു പിടിപ്പിച്ച് വെളുക്കനെ ചിരിച്ചു കരിക്കട്ട..

കാലം കടന്നുപോകുന്നു..

കാലമൊരുപാട് കടന്നു പോയി, ഇടയ്ക്കിടെ ഞാന്‍ വന്നും പോയുമിരുന്നു..
കരിക്കട്ടയെക്കുറിച്ച് അന്വേഷിച്ചിരുന്നു, കരിക്കട്ടയുടെ അച്ഛന്‍ ഒരിക്കല്‍ വീട്ടില്‍ വന്നു..ഒപ്പം അവന്‍റെ ചിറ്റമ്മ സരളയും.
‘ആ ചെക്കന് കോയമ്പത്തൂരില്‍ പോകേണ്ട വല്ല കാര്യണ്ടാ, ഇവിടെ വല്ല പണിയും ചെയ്ത് ജീവിച്ചാല്‍ പോരേ, തുണിമില്ലിലെ ജോലിക്ക് ബോണസൊക്കെ കിട്ടുമായിരിക്കും..എന്നാലും നാട് നാടന്നെയല്ലെ..’
ബാലന്‍ വിറക് കീറി , സരള അത് അടുക്കി വെച്ചുകൊണ്ടിരുന്നു..ഇതിനിടെ അവര്‍ പിറുക്കല്‍ തുടര്‍ന്നു..

ഇങ്ങനെ ഇടക്കിടെ കരിക്കട്ടയുടെ വാര്‍ത്തകള്‍ കിട്ടിക്കൊണ്ടിരുന്നു..
കരിക്കട്ട കോയമ്പത്തൂരില്‍ നിന്നു തനെ ഒരു തമിഴ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു..അവിടെത്തന്നെ താമസവുമായി.!
പിന്നെയും കുറെ വാര്‍ത്തകള്‍ .. കരിക്കട്ട കഞ്ചാവ് വലിച്ചു തുടങ്ങിയെന്നും..
അവന്‍റെ ഭാര്യ ഏതോ തമിഴന്‍റെ ഒപ്പം ഓടിപ്പോയിയെന്നും..
പിന്നീടെപ്പോഴോ കഞ്ചാവിന്‍റെ ലഹരിയില്‍ ആത്മഹത്യ ചെയ്ത കരിക്കട്ടെയെ
കോയമ്പത്തൂരില്‍ തന്നെ ദഹിപ്പിച്ചെന്നുമൊക്കെ കേട്ടു..
ഒരു അവധിക്ക്  നാട്ടിലെത്തിയതിന്റെ പിറ്റേന്ന് രാവിലെ മുറ്റത്ത് രണ്ടു പേര്‍..
കരിക്കട്ടയുടെ അച്ഛനും സരളയും ..അവളുടെ കയ്യിലൊരു  വെള്ള ഫ്രോക്കിട്ട ,
കാതുകുത്തിയ പെണ്‍കുഞ്ഞ് . ഞാനിറങ്ങിച്ചെന്ന് കൈ നീട്ടിയതും കുഞ്ഞ്  ഉത്സാഹത്തോടെ എന്‍റെ കൈകളിലേയ്ക്ക് ചാടിത്തിമിര്‍ത്ത് വന്നു.
‘മോഹനന്‍റെ മോളാ.. ‘ അതെ, അവള്‍ പഴയ കരിക്കട്ടയെപ്പോലെയിരിക്കുന്നു.  
എന്താ മോളുടെ പേര്..?
ബാലനും  ഭാര്യയും ഒരുമിച്ച് പറഞ്ഞു.
‘ലച്മി”10 അഭിപ്രായങ്ങൾ:

 1. നല്ല രസോണ്ട് വായിക്കാന്‍..

  മറുപടിഇല്ലാതാക്കൂ
 2. വ്വായന വൈകി .
  വായനാ സുഖം , അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 3. വ്വായന വൈകി .
  വായനാ സുഖം , അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 4. വ്വായന വൈകി .
  വായനാ സുഖം , അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 5. കരിക്കട്ടയും,ലക്കും.. ബു ഹ ഹ ഹാ ..!!
  സൂപ്പര്‍

  മറുപടിഇല്ലാതാക്കൂ
 6. അടിപൊളി.... "സില്‍മ" യാക്കാം!! 'കരിക്കട്ട പുരാണം' നല്ല വായനാ സുഖമുല്ലള്ള കഥ...

  മറുപടിഇല്ലാതാക്കൂ
 7. കരിക്കട്ട മാഹാത്മ്യം ജോറ്...!

  മറുപടിഇല്ലാതാക്കൂ