06 ഏപ്രിൽ 2009

എടാ...ഗീവര്‍ഗ്ഗീസ്‌ പുണ്യാളാ..!!

Buzz It
ഞാന്‍ അച്ഛനോട് വളരെ മല്ലിട്ടതിനു ശേഷമാണ് നാട്ടിലെ സ്കൂളില്‍ ചേര്‍ത്തത്. അമ്മയും നഖശിഖാന്തം എന്നെ എതിര്‍ത്തിരുന്നു. നാട്ടില്‍ പഠിക്കാനുള്ള എന്‍റെ മോഹത്തിന് എന്ത് വാദഗതിയും ഉന്നയിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു താനും.
അച്ഛന്‍ നാട്ടിലല്ലേ പഠിച്ചത്..?
അമ്മാവന്‍ നാട്ടിലല്ലേ പഠിച്ചത്..?
നാട്ടിലെ സ്കൂളിനെന്താ ഒരു കുഴപ്പം..?
എനിക്കും നാട്ടിലെ സ്കൂള്‍ എന്താന്നറിയണം..?
മുത്തച്ഛന്‍ നാട്ടിലെ സ്കൂള്‍ മാഷായിരുന്നില്ലേ..?
ആ ചെറിയ വയസ്സില്‍ അത്രയുമേ വന്നിരുന്നുള്ളൂ..എങ്കിലും വാദിച്ച് വാദിച്ച് ഞാന്‍ ജയിച്ചു. അങ്ങനെ എഴാം ക്ലാസ്സില്‍ മധ്യതിരുവിതാംകൂറിലെ ഒരു ക്രിസ്റ്റ്യന്‍ മാനേജ്മെന്‍റ് സ്കൂളില്‍ ചേര്‍ന്നു.എന്നാല്‍ ഞാന്‍ വാശിപിടിച്ചത് ഏതെങ്കിലും ഗവ:സ്കൂളില്‍ ചേരണമെന്നു തന്നെയായിരുന്നു. എട്ടാം ക്ലാസ്സില്‍ ഞാന്‍ അതും സാധിച്ചു. അതു പിന്നീട് ഒരവസരത്തില്‍ പങ്കുവെക്കാം.അങ്ങനെ രണ്ടു വര്‍ഷം നാട്ടിലെ സ്കൂളില്‍ പഠിക്കാന്‍ എനിക്ക് അസുലഭമായ അവസരം കൈവന്നു. എന്‍റെ ജീവിതത്തിലെ അമൂല്യമായ രണ്ടു വര്‍ഷങ്ങളായിരുന്നു അവ.

സ്കൂള്‍ തുറന്നത് ഒരു തിങ്കളാഴ്ച്ച ആണെങ്കിലും, അമ്മമ്മയുടെ നിര്‍ബന്ധം കാരണം ബുധനാഴ്ചയേ പോകാന്‍ കഴിഞ്ഞൂള്ളൂ.ബുധനാഴ്ചയാ വിദ്യാരംഭത്തിന് നല്ലതെന്നാ വെയ്പ്. കൊ-എജ്യൂക്കേഷന്‍ സമ്പ്രദായമുള്ള സ്കൂള്‍, നാലു വര്‍ഷം മുന്‍പ് ഗേള്‍സും, ബോയ്സുമാക്കി മാറ്റി . സ്കൂള്‍ ബസ്സില്‍ അമ്മമ്മ എന്നെ എന്നും കയറ്റിവിടും, ആദ്യ ദിവസം ബസ് സ്കൂളിലേക്ക് തിരിഞ്ഞതും ഡ്രൈവര്‍ വണ്ടി നിര്‍ത്തില്‍ കുരിശടിയില്‍ ഒരു മെഴുക് തിരി കത്തിച്ചു, ഒരു നാണയവും പെട്ടിയിലേക്ക് ഇട്ടു. ചുറ്റും കെട്ടിയ ആ കുരിശടിക്കുള്ളില്‍ കുന്തംപിടിച്ച് ഒരു പ്രതിമ, അതും കുതിരപ്പുറത്ത്..പിന്നീടാണ് മനസ്സിലാത് ..അതാണ് ഗീവര്‍ഗ്ഗീസ്‌ പുണ്യാളന്‍ എന്ന്. ഞാനും ഇടക്കൊക്കെ പരീക്ഷ പാസാകാനും, അടികിട്ടാതിരിക്കാനും മെഴുകുതിരിയും ചില്ലറകളും അദ്ദേഹത്തിന് കൊടുത്തുപോന്നു.

അന്നൊക്കെ പൊതിച്ചോറു തന്നെ എനിക്കു വേണമായിരുന്നു. ചിറ്റയുടെ കല്യാണം കഴിഞ്ഞതുകാരണം അടുക്കള മേല്‍ നോട്ടമെല്ലാം അമ്മമ്മയും പാറുവുമായിരുന്നു. സഹായത്തിന് സുലുച്ചേച്ചിയും, ജാനേച്ചിയും. ഇവര്‍ രണ്ടുപേരും അമ്മമ്മയുടെ ഏതോ ബന്ധുക്കളുടെ മക്കളാണ്. മുതിര്‍ന്നവരായതു കാരണം എനിക്ക് ഒരു ഹായ് പൂയ് ബന്ധമേ ഉണ്ടായിരുന്നുള്ളൂ.നല്ല ഞാലിപൂവന്‍ വാഴയുടെ കിളുന്ത് ഇല വാട്ടി, അതില്‍ കുത്തരിച്ചോറും, അരച്ച സമ്മന്തിയും, വിഴുക്ക് പുരട്ടിയും,തോരനും, അച്ചാറും പൊതിഞ്ഞെടുത്ത് ബാഗില്‍ വെക്കുക സുലുചേച്ചിയാണ്. ഒരു മണിക്ക് ബല്ലടിച്ചാല്‍ പിന്നെ ഒരു ബഹളമാണ്. ആണ്‍കുട്ടികള്‍ മറ്റൊരുവശത്താണ് ലഞ്ച് കഴിക്കുന്നത്. എന്‍റെ ബഞ്ചിലെ മേബിള്‍, എത്സമ്മ, മോളിക്കുട്ടി, ശ്രീജ..ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് കഴിക്കാറ്. എന്‍റെ പൊതി തുറക്കുമ്പോള്‍ വാട്ടിയ ഇലയുടെയും, കറികളുടെയും പ്രത്യേക മണം മറ്റുള്ളവരെ ആകര്‍ഷിച്ചിരുന്നു..സുലുചേച്ചി കീ ജയ്. മേബിള്‍ ചോറ്റുപാത്രം തുറക്കുമ്പോള്‍ തലേന്നത്തെ പോത്തിറച്ചിയുടെ നാറ്റം മൂക്കിലടിക്കും.അതുകൊണ്ട് ഞാന്‍ അല്പം അകലം പാലിച്ചേ ഇരിക്കാറുള്ളൂ. അന്നൊക്കെ ഞാന്‍ മാസം കഴിക്കാറില്ലായിരുന്നു. പിന്നെപ്പിന്നെ മുട്ട കഴിച്ചു തുടങ്ങുകയും, താമസം‌വിനാ കോഴിയും അതിലും വലിയ ജീവികളെയും വീട്ടിലറിയാതെ തിന്നു തുടങ്ങി.എന്‍റെ വെജിറ്റേറിയന്‍ പൊതിക്ക് ബാര്‍ട്ടര്‍ ആയി നോണ്‍-വെജ് ചോറ്റുപാത്രങ്ങള്‍ എപ്പോഴും റെഡി.

കണക്ക് , ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന സാറന്മാര്‍ വളരെ ക്രൂരന്മാരായിരുന്നു.എന്തെങ്കിലും തെറ്റിയാല്‍ ഒരടിക്ക് പകരം അഞ്ച് അടിവരെ തരുന്ന ദുഷ്ടന്മാര്‍. സയന്‍സ് പഠിപ്പിക്കുന്ന “കാള സൂസി“ ടീച്ചര്‍ക്ക് പെന്‍സിലിന്‍റെ മുനയും തള്ളവിരലും ചേര്‍ത്ത് കക്ഷത്തിലെ തൊലിയില്‍ ഒരു പ്രയോഗമുണ്ട്..അമ്മേ...ഇപ്പോഴും വേദനിക്കുന്നു. ഒറ്റക്കാലില്‍ നിര്‍ത്തി ചോദ്യം ചോദിക്കുന്ന രീതിയായിരുന്നു ഇംഗ്ലീഷ് മാഷ് “മക്കുണന്‍“ മാത്യുസ് എങ്കില്‍ കൈ മുകളിലേക്ക് ഉയര്‍ത്തി ഒറ്റക്കാലില്‍ നിന്നു വേണം “ചെങ്കീരി“ വര്‍ഗ്ഗീസ് സാറിന്‍റെ കണക്കിന് ഉത്തരം നല്‍കാന്‍. അതായത് പൊതുവില്‍ ചോദ്യം ചോദിക്കും എന്നിട്ട് വടി ആരുടെ നേര്‍ക്ക് നീളുന്നുവോ അയാള്‍ കൈ പൊക്കി ഒറ്റക്കാലില്‍ നിന്നിരിക്കണം. ആരെങ്കിലും ഉത്തരം പറയുന്നതുവരെ അങ്ങനെ നിര്‍ത്തും, പിന്നെ വേണ്ടപോലെ അല്ലെങ്കില്‍ മൂഡുപോലെ സല്‍ക്കരിച്ചേ ഇരുത്തൂ.

ഉച്ച സമയത്ത് പെണ്‍കുട്ടികള്‍ സ്കൂളിനു പുറത്ത് പോകാന്‍ അനുവദിച്ചിരുന്നില്ല.
ആണ്‍കുട്ടികള്‍ പുറത്തുനിന്നും “ കോണ്‍ ഐസ്“ , ‘കമ്പ് ഐസ്” എന്നിവ വാങ്ങി നക്കിക്കൊണ്ട് വരുമ്പോള്‍, മാനേജ്മെന്‍റിന്‍റെ ഇത്തരം കാര്‍ക്കോടാക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യണമോ എന്നു വരെ ഞാന്‍ ചിന്തിച്ചു. തയ്യാറെടുപ്പെന്ന നിലയില്‍ ഒരു മാസത്തിനുള്ളില്‍ ഒരു സമരം ചെയ്ത SFI ല്‍ ഞാന്‍ അംഗമായി.കോളേജീന്നുള്ള അണ്ണന്മാരാണ് സ്കൂളില്‍ വന്നു സമരമുണ്ടാക്കിയത്, അന്നു മുതല്‍ കോളേജില്‍ പഠിക്കണം എന്ന ആഗ്രഹം തുടങ്ങി. സ്റ്റഡി ക്ലാസുകളില്‍ പങ്കെടുത്തു. രക്തസാക്ഷികളെയും, പാര്‍ട്ടിയെയും പറ്റിയുള്ള ഒരുമണിക്കൂര്‍ ദീര്‍ഘ വെള്ളിയാഴ്ച്ച പ്രസംഗങ്ങളില്‍ പങ്കെടുക്കുന്ന ഏക ഫീമെയില്‍ ഞാനായിരുന്നു. അതിന്‍റെ എല്ലാ പരിഗണനയും കിട്ടിയിരുന്നു. പിന്നീട് തിരഞ്ഞെടുപ്പില്‍ ക്ലാസ് ലീഡറായി വിലസി.

അങ്ങനെ സന്തോഷമായി, അല്പം താന്തോന്നിത്തരവും,തെറിവിളികളും, ഗുണ്ടായിസവുമായി ദിവസങ്ങള്‍ കടന്നുപോയി. പാവപ്പെട്ടവന് ലോട്ടറി അടിച്ച പോലെ പുറത്തുനിന്ന് “ഐസ്” വാങ്ങിക്കാന്‍ എനിക്ക് ഒരു ഇരയെക്കിട്ടി. മറ്റാരുമല്ല MGOCSM (ക്രിസ്റ്റ്യന്‍ വിദ്യാര്‍ത്ഥി സംഘടന) ക്ലാസ് സെക്രട്ടറി “വിമല്‍ മാത്യൂസ്”. മഹാപിശുക്കന്‍ ആയിരുന്നു ലിവന്‍. MGOCSM മീറ്റിങ്ങ് എല്ലാ വെള്ളിയാഴ്ച്ചയുമാണ്.അതിന് ആളെ സംഘടിപ്പിക്കലാണ് പുള്ളിക്കാരന്‍റെ പണി. ആ പണിയുമായി എന്‍റെ അടുത്ത് വന്നു, അങ്ങനെ ആ പരിചയം ഒരു ബിസിനസ്സിലേക്ക് നീണ്ടു.

ഒരിക്കല്‍ ഞാന്‍ ചോദിച്ചു .
“വിമല്‍ നിന്‍റെ ഫാദര്‍ ആരാ..?“ (ഇത് ഇംഗ്ലീഷിന്‍റെ തര്‍ജ്ജമ, മലയാളത്തില്‍ ചോദിച്ചാല്‍ അടികിട്ടും)

“ഓ, അപ്പന്‍ അമേരിക്കയിലാ..” ഭാഗ്യം അണ്ടര്‍വേള്‍ഡ് കിങ്ങ് അല്ല.

“എന്നിട്ടാണോ വിമല്‍ നീ പെന്‍സില്‍ വെച്ച് എഴുതുന്നേ..?“

“അതു പിന്നെ, ഇതു വേണേല്‍ മായ്ച്ചിട്ട് എഴുതാമല്ലൊ...!!“ അങ്ങനെ പല വിഷയങ്ങള്‍ക്കും ചുരുക്കം നോട്ട് ബുക്കുകള്‍ കൊണ്ട് വിമല്‍ കാര്യം സാധിച്ചു.

പുതിയ ചെരുപ്പ് വാങ്ങിയാല്‍ അത് ഉരുകിയ ടാറിലും , മണലിലും മാറി മാറി ചവിട്ടി പെട്ടെന്നു തേയാതിരിക്കാനുള്ള എക്സ്റ്റ്രാ സോള്‍ ഇവന്‍ ഉണ്ടാക്കിയിരിക്കും..!!!

ബുധനാഴ്ച്ചകളിലും, അവനവന്‍റെ ബെര്‍ത്ഡേക്കും സ്കൂളില്‍ കളര്‍ ഡ്രസ്സ് ഇടാമായിരുന്നു. ഒരു ചൊവ്വാഴ്ച്ച ദേ വിമല്‍ കളര്‍ ഡ്രസ്സ് ഇട്ടോണ്ടു വന്നിരിക്കുന്നു..ഒരു പുതിയ ടീ ഷര്‍ട്ട്..!. കുറെ അമേരിക്കന്‍ ഇംപോര്‍ട്ടഡ് മിഠായിയും അവന്‍ വിതരണം ചെയ്തു. അവന്‍റെ ടീ ഷര്‍ട്ടിന്‍റെ പ്രൈസ് ടാഗ് അങ്ങനെ തൂങ്ങിക്കിടക്കുന്നു..! മുകളിലെത്തെ ബട്ടന്‍ ഹോളില്‍ നിന്നും നെഞ്ചിലോട്ട്. പ്രൈസ് ടാഗില്‍ അമേരിക്കന്‍ സ്റ്റിക്കര്‍..! പിറ്റേന്ന് ബുധനാഴ്ച്ചയും അവന്‍ ടീ ഷര്‍ട്ടില്‍ പ്രൈസ് ടാഗുമായി എത്തി. അങ്ങനെ കുറെ ബുധനാഴ്ച്ചകള്‍..അതാണ് വിമല്‍ മാത്യൂസ്..!.

അവസാനം ഞാന്‍ അവനുമായി ഡീല്‍ ഉറപ്പിച്ചു. അതിലും നല്ലത് അവന്‍ ഞാനുമായി ഡീല്‍ ഉറപ്പിച്ചു എന്നു പറയുന്നതാവും. ഒരു ഐസ് വാങ്ങിത്തരുമ്പോള്‍ ഒന്നു ഫ്രീ. മനസ്സിലാമനസ്സോടെ ഈ കരിഞ്ചന്തക്ക് ഞാന്‍ സമ്മതിച്ചു. ഇതേ രീതിയില്‍, നെല്ലിക്കാ, സപ്പോട്ട, ചാമ്പക്ക, ലവ് ലോലി, പാഷന്‍ ഫ്രുട്ട് തുടങ്ങിയവയും അവന്‍ സപ്ലൈ ചെയ്തു പോന്നു.പിന്നീട് ഞാന്‍ അറിഞ്ഞു അതില്‍ ചിലതൊക്കെ അവന്‍റെ വീട്ടുവളപ്പില്‍ നിന്നുതന്നെയാണെന്ന്...അതാണ് വിമല്‍ മാത്യൂസ്..! ഇടയ്ക്ക് ഐസ് , നെല്ലിക്കാ, സപ്പോട്ട, ചാമ്പക്ക, ലവ് ലോലി, പാഷന്‍ ഫ്രുട്ട് തുടങ്ങിയവയുടെ എല്ലാം വില ഇടയ്ക്കിടയ്ക്ക് കൂടിക്കൊണ്ടിരുന്നു...!!! അധികവരുമാനമില്ലാത്ത കുട്ടികളെ നീ പരീക്ഷിക്കരുതേ ദൈവമേ..!

ഇനി ക്ലൈമാക്സ്..!!

കണക്ക് പരീക്ഷക്ക് മാര്‍ക്ക് കുറയാതിരിക്കാന്‍ ഞാന്‍ ഗീവര്‍ഗ്ഗീസ്‌ പുണ്യാളന് ഒരു കൂടു മെഴുകുതിരിയും, ഒരു രൂപായും കൊടുക്കുമായിരുന്നു. പുള്ളിക്കാരന്‍ അതൊക്കെ മാന്യമായി വാങ്ങിച്ച് എന്നെ അടിയില്‍ നിന്നും രക്ഷിച്ചിരുന്നു.പക്ഷേ കണക്കില്‍ വളരെ പിറകിലായ വിമല്‍ മാത്യൂസിന് ഓരോ ചോദ്യത്തിനും രണ്ട് അടി വെച്ച് കൊണ്ടിരുന്നു.

അങ്ങനെ ഒരു കണക്കു പരീക്ഷക്ക് ഞാന്‍ ഗീവര്‍ഗ്ഗീസ്‌ പുണ്യാളനെ പ്രാര്‍ത്ഥിക്കാന്‍ പോയി. വളവ് തിരിഞ്ഞതും..അതാ വിമല്‍ മാത്യൂസ് പ്രാര്‍ത്ഥിക്കുന്നു.

“എടാ..ഗീവര്‍ഗ്ഗീസ്‌ പുണ്യാളാ..എന്‍റെ അമ്പത് പൈസായും, ഒരു മെഴു തിരീം വാങ്ങിച്ച് അന്തസ്സായി കു‍തിരപ്പുറത്ത് ഞെളിഞ്ഞിരിക്കുവാ...? , കളിപ്പീരാണ് അല്ലേ..? എന്‍റെ പൈസായും മെഴുകുതിരീം തിരികെത്താടാ കള്ളാ...
ഒന്നു രണ്ട് അടിയൊക്കെ ഞാന്‍ സഹിക്കും, ഇത് ഇരുപത്തഞ്ച് അടിയാ..പൈസായും വാങ്ങിച്ച് പോക്രിത്തരം കാട്ടരുത് പുണ്യാളാ..
പ്ലീസ് പുണ്യാളാ..കഴിഞ്ഞതൊക്കെ കഴിഞ്ഞു..ഇന്നെങ്കിലും രക്ഷിക്കണം, 75 പൈസയുണ്ട്..വേണ്ട..ഇന്നാ ഒരു രൂപാ പിടി..ഇതു കുറവാണെങ്കില്‍ പറയണം..ഞാന്‍ കൂട്ടിത്തരാം..ദാ മെഴുകുതിരി ഒന്നിനു പകരം മൂന്നെണ്ണമാ കത്തിക്കുന്നെ..കൈവിടെല്ലേ..”

അവന്‍ കുരിശു വരച്ച്..പുറത്തേക്ക് ഓടി.

അപ്പോള്‍ എനിക്ക് തലയില്‍ ഒരു മിന്നല്‍, ഇന്നലെ വിമല്‍ മാത്യൂസ് പറഞ്ഞത് “ഐസ് , നെല്ലിക്കാ, സപ്പോട്ട, ചാമ്പക്ക, ലവ് ലോലി, പാഷന്‍ ഫ്രുട്ട് തുടങ്ങിയവയുടെ വില അല്പം കൂടി...!!!

അറിയാതെ ഞാന്‍ വിളിച്ചുപോയി..!!!
“എന്‍റെ ഗീവര്‍ഗ്ഗീസ്‌ പുണ്യാളാ..”