31 ഒക്‌ടോബർ 2012

ചില ഫേസ് ബുക്ക് ചിന്തകള്‍

Buzz It


ഞാന്‍ കണ്ടുമുട്ടിയവര്‍ നല്ല ആദര്‍ശമുള്ളവരാണ്, സല്‍ഗുണ സമ്പന്നരാണ്. അഴിമതിയെ അടിമുടി എതിര്‍ക്കുന്നവരാണ്. അപ്പോ ആരാണ് ഈ സമൂഹത്തെ അധഃപതനത്തിലേക്കും അഴിമതിയിലേക്കും നയിക്കുന്നത്..??

സംശ്യമെന്താ ഫേസ്ബുക്ക് അകൌണ്ട് ഇല്ലാത്തവര്‍..!! ഫേസ് ബുക്ക് അകൌണ്ട് ഇല്ലേ? എന്നാല്‍ അപ്പോഴേ മനസിലാക്കിക്കോണം..

കുറച്ച് നാളായി ചില പ്രതിഭാസങ്ങള്‍ മുഖപുസ്തകത്തില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. പോസ്റ്റുകള്‍ , രാഷ്ട്രീയം , മതം , കല , സാഹിത്യം , സാഹിത്യമോഷണം, യുക്തിവാദം തുടങ്ങിയ നിരവധി അനവധി ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുള്ള ഈയുള്ളവന്  ഈ പുതിയ പ്രതിഭാസങ്ങള്‍ അത്ഭുതകരമായി തോന്നുന്നു. എന്താണ് ആ പ്രതിഭാസങ്ങള്‍..!?

ഓണ്‍ലൈന്‍ ഫ്രെണ്ട്ഷിപ്പ് ഓഫ്ലൈന്‍ ഫ്രെണ്ട്ഷിപ്പാകുന്നത് സ്വാഭാവികം, എന്നാല്‍ അത്തരം ചില ഫ്രെണ്ട്ഷിപ്പുകളെച്ചൊല്ലി പരസ്പരം തര്‍ക്കമുണ്ടാകുകയും , ആരൊക്കെ ആരുമായിട്ടൊക്കെ കൂട്ടുകൂടണമെന്നുമൊക്കെ ഡിക്റ്റേറ്റ് ചെയ്യുന്ന രീതിയില്‍ സംഗതികള്‍ വഷളാക്കി നല്ല സൌഹൃദമുള്ളവരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതും ഈ പറഞ്ഞ പ്രതിഭാസത്തിനുള്ളില്‍ പെടുത്താം..! ലൈക്ക് കുറയുമ്പോള്‍ വിവാദമുണ്ടാക്കാന്‍ വേണ്ടി മാത്രം മനോരഥത്തില്‍ വിഹരിച്ച് ഫേസ്ബുക്കിലില്ലാത്ത ആളെപ്പറ്റി എഴുതിയുണ്ടാക്കി മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന  പുതു രീതിയും, ഫേസ് ബുക്ക് വിടുന്നു എന്ന് ഭീഷണി മുഴക്കുന്നതും അടുത്തിടെ വിജയ ഫോര്‍മുലയായി..!
ഫേസ്ബുക്ക് വിട്ട പലരും നാലഞ്ച് ദിവസം പരുങ്ങിനിന്ന് പട്ടി ചന്തയ്ക്ക് പോയതു പോലെ പോയിട്ട് തിരികെ വരുന്നത് കാണം. ഫേസ്ബുക്കില്‍ വിവിധ കൃഷി ചെയ്യുന്നവര്‍ക്ക്  ഇങ്ങനെയൊക്കെയാകാം , നിങ്ങള്‍ക്ക് പോസ്റ്റിട്ട്  മുങ്കൂര്‍ ജാമ്യമെടുക്കുന്നതിന് അവകാശവുമുണ്ട് , എല്ലാവരെയും ഊളന്മാരാക്കി ‘വെണ്‍കുണ്ണിക്കാമെന്ന് ‘ കരുതുന്നവരോട് സഹിഷ്ണുതയുള്ളതുകൊണ്ടും  സെല്‍ഫ് റെസ്പെക്റ്റും ഒപ്പം പ്രതിപക്ഷബഹുമാനമുള്ളതുകൊണ്ടും ക്ഷമിക്കുന്നവരുമുണ്ട് ...!! ഇക്കാരണം കൊണ്ടുതന്നെ അവരില്‍ പലരും ഓവര്‍സ്മാര്‍ട്ടായി പുതിയ ഉടായിപ്പുകളുമായി രംഗത്തിറങ്ങുന്നു. കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും എത്ര അരോചകമാണെങ്കിലും  സൌഹൃദമോര്‍ത്ത് ചിലപ്പോള്‍ തുറന്ന് പറയാത്തതാവാം...! ലൈക്കും കമെന്റുമൊന്നുമല്ല സൌഹൃദമെന്ന് അറിയാവുന്ന ഒരുപാട് കൂട്ടുകാരുണ്ട് , ആ ധാരണയാണ് ഇവിടെ വന്ന് എന്തെങ്കിലും തമാശയെന്ന രീതിയില്‍ കുറിച്ചിടാന്‍ പ്രേരിപ്പിക്കുന്നതും...!

ഇന്ന് SSLC/SSC സര്‍ട്ടിഫിക്കേറ്റ് പോലെ പ്രായവും അഡ്രസും ഒക്കെ തെളിയിക്കാന്‍ ഫേസ് ബുക്ക് അകൌണ്ട് നിര്‍ബന്ധമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...!! എന്നാല്‍ ഫേസ്ബുക്കില്‍ ഫ്രെണ്ട്സിനെക്കൂട്ടുന്ന പല ആദര്‍ശവാന്മാരും ആദര്‍ശവതികളും നെറ്റ് വര്‍ക്ക് മാര്‍ക്കെറ്റിങ്ങിന്‍റെയും, പെണ്വാണിഭത്തിന്‍റെയും  കണ്ണികള്‍ ആണെന്ന്  പരദൂഷണം പറഞ്ഞ് നടക്കുന്നവരാണ് അധികവും. വളക്കലും തിരിക്കലുമൊക്കെ സമയ ബന്ധിതമായി നടപ്പാക്കുന്ന ഇവര്‍ക്ക് ആര് എവിടെ എങ്ങനെ ആരുമായൊക്കെ ബന്ധപ്പെടുന്നു, എന്തു ചെയ്യുന്നു എന്ന് വളരെ നിശ്ചയം. ചുരുക്കിപ്പറഞ്ഞാല്‍ പണ്ട് അടുക്കളക്കാരികള്‍ നടത്തിയിരുന്ന ഗോസിപ്പുകള്‍ ഇവര്‍ ഇന്‍റെര്‍നെറ്റില്‍ ഏറ്റെടുത്തിയിരിക്കുന്നു എന്ന് സാരം.

അടുത്ത ഗ്രൂപ്പ് .. ബിസിനസ് ചെയ്യാന്‍ വേണ്ടി മറ്റുള്ളോരെ ശല്യം ചെയ്യുന്ന സൂത്രശാലികള്‍ ..!! ( ഇവര്‍ക്ക് ഫേക് പ്രൊഫൈലിനെ കണ്ടാല്‍ വല്യ ആലര്‍ജിയാണ്..!!, ഫോട്ടോയും ബയോ ഡാറ്റയും ഒക്കെ കണ്ടെങ്കിലേ തൃപ്തിയാകൂ.). ഫേക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്‍പന്തിയിലാണെന്നുള്ളത് മറ്റൊരുകാര്യം. അതുപോലെ തന്നെ പല സാമൂഹിക ഗ്രൂപുകളിലും സംഘടനകളിലും വിളിക്കാതെ തന്നെ അംഗമായി കമെന്‍റിട്ട് സുഖിപ്പിക്കും , കല്യാണവീടുകളില്‍ തലേന്നേ പോയി സഹായിക്കുക എന്നത് പോലെ , ഗ്രൂപ്പുകള്‍ നടത്തുന്ന ജനകീയ ഓണ്‍ലൈന്‍ സമരങ്ങളില്‍ ചേരുക എന്നതുമൊക്കെ തന്‍റെ നെറ്റ്വര്‍ക്ക് പരിപോഷിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തന്നെ. കമെന്‍റും ലൈക്കും ചുമ്മാ കിട്ടുമ്പോള്‍ ഒന്ന് മനസിലാക്കുക നെറ്റ്വര്‍ക്ക് മാര്‍ക്കെറ്റിംഗ് പ്രൊഫൈല്‍ നിങ്ങളെ നോട്ടമിട്ട് കഴിഞ്ഞു..!

ഇനി മറ്റൊരു കൂട്ടം.  ചവര്‍ രചനകള്‍ എഴുതി മറ്റുള്ളവരെക്കൊണ്ട് വായിപ്പിച്ച് കമെന്‍റ് ഇടീപ്പിച്ചെ അടങ്ങൂന്ന് വാശിപിടിക്കുന്ന ബ്ലോഗറന്മാര്‍. അല്ല ഇങ്ങനെ വാശിപിടിക്കുന്നതുകൊണ്ട് വല്ല കുഴപ്പവും ഉണ്ടോ? ഇല്ലെന്നാണ് ഇതുവരെയുള്ള അറിവ് ല്ലേ..?? പുതിയത് എഴുതിയാല്‍ ഉടന്‍ അത് ഫേസ് ബുക്കില്‍ പോസ്റ്റി മെസേജ് അയച്ച് വായിപ്പിക്കും. സമയം ആര്‍ക്ക് പോയി..??  പരസ്പരം കമെന്‍റിട്ട് ചൊറിഞ്ഞ് സുഖിക്കുന്ന ഇത്തരക്കാര്‍ക്ക് എന്തോ മാനസിക വൈകല്യമുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.  നൊസ്റ്റാള്‍ജിയ ഉളവാക്കുന്ന വിഷയങ്ങള്‍ മാതൃകാബ്ലോഗറന്മാര്‍ മാന്യമായി എഴുതിയതു തന്നെ  കൂതറ ‘സാധന’മായി എഴുതി സ്വയം വലിയ എഴുത്തുകാരായി ബ്രാണ്ട് ചെയ്ത്  രംഗത്തിറങ്ങാന്‍ ഒരു ഉളുപ്പുമില്ലാത്തവര്‍..! ചര്‍വ്വിത ചര്‍വ്വണം ചെയ്ത വിഷയം വീണ്ടും എഴുതി സ്വന്തം ബ്ലോഗിന്‍റെ മുന്നില്‍ അടയിരിക്കുന്ന ഇത്തരക്കാരെ ഇനിയും നിലനിര്‍ത്തുന്നത് ഒരു പക്ഷെ ബ്ലോഗുലകത്തിലെ പുതുമുഖങ്ങളുടെ കമെന്‍റുകളായിരിക്കും. അവരെ സ്വന്തം ബ്ലോഗിലെത്തിക്കാനുള്ള സെറ്റപ്പുകളൊക്കെ ഭംഗ്യായി ചെയ്യാനുള്ള കഴിവിനെ പ്രശംസിക്കാതിരിക്കാനാവില്ല. ഏതൊ ബ്ലോഗിണിയുടെ അഡ്രസ് വാങ്ങി അവരുടെ വീട്ടില്‍ പോയി അലമ്പുണ്ടാക്കിയത് കഴിഞ്ഞ വര്‍ഷം ബ്ലോഗുലകത്തില്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ബ്ലോഗ് എഴുതുന്നവരുടെയെല്ലാം അഡ്രസ് തപ്പി നടക്കുന്നവര്‍ക്ക് അത് സ്ത്രീയായാല്‍ അടിപ്പാവാടവരെ പൊക്കി നോക്കാന്‍ പോലും മടിക്കാത്ത മക്കള്‍സ്... അങ്ങനെയാണ് നേരത്തെ സൂചിപ്പിച്ച ആയമ്മേടെ വീട്ടില്‍ ക്ഷണിക്കാത്ത അതിഥിയായി എത്തി പോലിസ് കേസായത്..! എന്‍റെ ബ്ലോഗ് സുഹൃത്തുക്കള്‍ എല്ലാം നല്ല തങ്കപ്പെട്ടവരായതുകൊണ്ട് അവരെയെല്ലാം മുകളില്‍ പറഞ്ഞവയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

ഇനി മറ്റൊരു മഹാസംഭവം എനിക്ക് മനസിലായത് ഈ അടുത്തിടെയാണ്. എന്‍റെ ഈ പ്രൊഫൈല്‍ കണ്ടാല്‍ ഏത് പൊട്ടനും മനസിലാകും ഫേക് ഐഡി ആണെന്ന്. നുമ്മ ഇട്ട കമെന്‍റിന് ചുമ്മാ കുറെ ലൈക് പിന്നെ മറുകമെന്‍റ്. കുറെ കഴിഞ്ഞ് മെസേജും. എന്താ ജോലി, കാണാന്‍ പറ്റുമോ, ഫോണ്‍ നമ്പര്‍ തരൂ..!! ഫ്രെണ്ടല്ലേ..ഫോണ് നമമ്പര്‍ കൊടുത്തു. ഉടന്‍ വിളിവന്നു.. ചുമ്മാ കുറെ സംസാരിച്ചു വച്ചു..! ദാ വൈകിട്ടും വിളിവന്നു. നിര്‍ത്താതെയുള്ള സംസാരം. 150 ഡോളര്‍ അടച്ചിട്ട് പിന്നെ 3 ആളിനെ ചേര്‍ത്താല്‍ ലൈഫ് ലോങ്ങ് വരുമാനം കിട്ടും, നമുക്ക് എന്തോ സഹായം ചെയ്യുന്നതുപോലെയുള്ള വര്‍ത്താനം..പിന്നെ എന്തൊക്കെയോ പറഞ്ഞു..!! ദേഷ്യം വന്നെങ്കിലും ഒരു വിധത്തില്‍ ഫോണ്‍ കട്ട് ചെയ്തു സ്വിച്ചോഫ് ചെയ്തു വച്ചു. സ്വാഭാവികമായും മാന്യത കൈവിടാതെ സാംസാരിക്കുന്നവര്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാതാതിരിക്കാനാണ് ഇവിടെയെഴുതിയത്. പെട്ടെന്ന് തലയില്‍ ബള്‍ബ് കത്താത്തവര്‍ക്ക് കാര്യങ്ങള്‍ ഒന്ന് റിവൈന്‍ഡ് ചെയ്താല്‍ മനസിലാകും.

സാമൂഹ്യജീവിയായ മനുഷ്യന് പല ഘട്ടത്തിലും വിവിധതരത്തിലുള്ള  ആള്‍ക്കാരുമായി സഹകരിക്കാനും ജോലി ചെയ്യാനും സാധിക്കുന്നുണ്ട്. സൌഹൃദം വേണ്ടുവോളമുണ്ട്താനും.  ഫേസ്ബുക്ക് വഴി മറ്റൊരു തരത്തിലുള്ള സമൂഹ്യജീവിതത്തിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുകയാണ്. ഇവിടെ ആര്‍ക്കും എന്തും പറയാം. പരസ്പര ബഹുമാനമില്ലാതെ, പരസ്പരം അറിയാതെ എന്തും എങ്ങനെയും വളച്ചൊടിക്കാം. തെരുവിൽപ്പോലും പറയാന്‍ മടിക്കുന്ന കമെന്‍റുകളുമായി രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രൊഫൈലുകളെക്കൊണ്ട് നിറഞ്ഞു വിളഞ്ഞു കഴിഞ്ഞു ഫേസ് ബുക്ക്. കേരളത്തിലെ രാഷ്ട്രിയപ്പാര്‍ട്ടികള്‍ നിരത്തില്‍ മുദ്രാവാക്യം വിളിക്കുന്നത് നിര്‍ത്തി ഫേസ്ബുക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയതായി ചില വാര്‍ത്തകള്‍ വായിക്കാനും ഇടയായി. വല്ലാത്ത ആശങ്കയുണ്ട്..കൊല്ലും കൊലയുടെയും രക്തക്കറ പുരണ്ട ചിത്രങ്ങളും വിവരണങ്ങളും ഗാഗ്വാവിളികളും സഹിക്കാന്‍ പറ്റാണ്ടായി..എല്ലാറ്റിനും ഒരു പരിധിയില്ലേ?

എന്‍റെ സുഹൃത്ത് കഴിഞ്ഞ കുറെ ദിവസങ്ങളിലായി മാനസിക പിരിമുറുക്കത്തിലാണ്. കാരണമന്വേഷിച്ചപ്പോള്‍ ഫെസ് ബുക്ക് ടൈംലൈനില്‍ ഒരു ഫ്രെണ്ട് ഇട്ട കമെന്‍റ് അറിയാതെ ഡിലീറ്റ് ചെയ്തുപോയി. എന്നും ലൈക്കും കമെന്‍റും അടിച്ച് കളിച്ചിരുന്ന ഫ്രെണ്ട് ഇതേത്തുടര്‍ന്ന് പിന്നീട് മിണ്ടിയില്ല. അണ്‍ഫ്രെണ്ട് ചെയ്യപ്പെട്ട വളരെ സെന്‍സിറ്റീവായ എന്‍റെ സുഹൃത്തിന്‍റെ നില വളരെ പരിതാപകരമായി.  മനക്കട്ടിയില്ലാത്തവര്‍ക്ക്  ഫേസ്ബുക്ക് സൌഹൃദത്തിന്‍റെ സ്വാധീനം പറഞ്ഞറിക്കാന്‍ പറ്റില്ല.. ആദ്യം ഫ്രെണ്ടാവുകയും പയ്യപ്പയ്യെ സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ മറ്റുള്ളവരില്‍ അടിച്ചേൽപ്പിക്കുന്ന ‘ഭയങ്കര’ വര്‍ഗ്ഗീയ സംഘടനയിലെ കണ്ണിയായിരുന്നു ആ ഫ്രെണ്ടെന്ന് അറിയുമ്പോള്‍ ആരാണ് ഞെട്ടാതിരിക്കുക. അതാണ് ആദ്യമേ പറഞ്ഞത് ഞാന്‍ ഫേസ്ബുക്കില്‍ കണ്ടുമുട്ടിയവര്‍ നല്ല ആദര്‍ശമുള്ളവരാണ്, സല്‍ഗുണ സമ്പന്നരാണ്. അഴിമതിയെ അടിമുടി എതിര്‍ക്കുന്നവരാണ്. അപ്പോ ആരാണ് ഈ സമൂഹത്തെ അധഃപതനത്തിലേക്കും അഴിമതിയിലേക്കും നയിക്കുന്നത്..??