28 ഫെബ്രുവരി 2010

ദില്‍ തൊ ബച്ചാ ഹെ ജി..!



"തു ഹി തൊ ജന്നത്ത് മേരി" പുതിയ റിങ്ങ് ടോണ്‍ ..!
രായൂട്ടന്‍ അവള്‍ക്ക് വേണ്ടി മാത്രം സെറ്റ് ചെയ്തത്..!
ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നു, ഒരേ മുറിയില്‍ താമസിക്കുന്നു എങ്കിലും തുറന്ന്‍ പറയാതിരിക്കാന്‍ വയ്യ "ഇവന്‍ ഈ കാണിക്കുന്നത് വളരെ വളരെ തൊട്ടിത്തരമാണ്, അലമ്പാണ്. എന്ന്‍ മാത്രമല്ല പാതിരാത്രി വെളുക്കുവോളം മൊബൈലില്‍ കിന്നാരം, പൂത്തുലഞ്ഞ നില്‍ക്കുന്ന കടുക് പാടങ്ങളിലൂടെ പാടി ഓടിനടക്കുന്ന എന്‍റെ റൂംമേറ്റ്..! (കട: ഡിഡിഎല്‍ജെ), ഒരു മൊബൈലിന്‍റെ സാങ്കേതികത്വത്തിനകത്തു കിടന്ന് ‍കൊണ്ട് ചെയ്യാവുന്ന എല്ലാ റോമാന്‍സ് പരിപാടികളും രായൂട്ടന്‍ നടത്തും. ഇതൊക്കെ കണ്ട് കണ്ട് ഹൃദയം തകര്‍ന്നു പോയ പാവം ഞാന്‍.". എന്നെ ഒരു ഹിന്ദിക്കാരി പോയിട്ട് ഒരു ഫിലിപ്പീന പോലും ഇതുവരെ സ്നേഹിച്ചിട്ടില്ല. നിങ്ങളു പറയും ഞാന്‍ ശ്രമിക്കാഞ്ഞിട്ടാണെന്ന്. ശ്രമിക്കായ്കയല്ല പലപ്പോഴും, പലയിടത്തും ഞാന്‍ ചൂണ്ട ഇട്ടു നോക്കി. എന്നാ ചെയ്യാനാ കൊത്തുന്നില്ലാ. ഇതിനൊക്കെ നല്ല കമ്യൂണിക്കേഷന്‍ എബിലിറ്റി വേണം..! ഇതു മാത്രല്ല നല്ലപോലെ സമയവും, ക്ഷമയും ഒക്കെയുണ്ടെങ്കിലേ സംഗതി അതിന്‍റേതായ രീതിയില്‍ പുരോഗമിക്കൂ. ഈ പെണ്ണുങ്ങള്‍ പറയുന്ന തൊലിപ്പന്‍ വളിപ്പ് കേട്ട് വളാവളാന്ന് മറുപടി പറഞ്ഞ് ചിരിച്ചോണ്ടിരിക്കണം. എന്നാലേ എന്തെങ്കിലും നടക്കൂ എന്ന് പറയാന്‍ പറ്റൂ, ഇല്ലേ സമയ നഷ്ടവും ഒപ്പം മാനഹാനിയും ഫലം. എന്തായാലും എന്നെങ്കിലും ഇത്തരം അസുലഭങ്ങളായ ആനന്ദദായക പ്രവൃത്തികളില്‍ ഞാനും വ്യാപൃതനാവും. ഞാന്‍ ദീര്‍ഘശ്വാസം വിട്ടു എന്ന്‍ കരുതി,പ്രതീക്ഷ കൈവിട്ടു എന്ന്‍ കരുതരുത്..!

രായൂട്ടന്‍ (രാജ് - ഈ പേരാ അവള്‍ വിളിക്കാറുള്ളത് ) അസുഖം തുടങ്ങിയത് ഇങ്ങനെ. രാവിലെ ഓഫീസില്‍ പോകാന്‍ മടിയുണ്ടായിരുന്ന ഒരുത്തന്‍..പതിവില്ലാതെ ഷേവ് ചെയ്യുന്നു, കക്ഷത്തില്‍ പുതിയ ഡിയോ, പുതിയ സ്പ്രേ (മിക്കവാറും എന്‍റെ ഓസുന്നതാ ശീലം) ,മുഖത്ത് രണ്ട് കോട്ട് ക്രീം.!! രാത്രി ഫോട്ടോഷോപ്പിന്റെ സംശയം ചോദിക്കാന്‍ വിളിച്ച പെണ്‍ശബ്ദം..അതിന് ശേഷമാണ് ഈ അസുഖം. ഇത് ഓഫീസില്‍ പുതിയതായി ജോയിന്‍ ചെയ്ത ഹിന്ദിക്കാരിപ്പെണ്ണാ. ഇതുവരെ എന്‍റെ സോപ്പ്, എന്‍റെ ഷാംമ്പൂ,എന്‍റെ പേസ്റ്റ് (പറ്റുമായിരുന്നേല്‍ എന്‍റെ ബ്രെഷ് വരെ) ഉപയോഗിച്ചോണ്ടിരുന്നവന്‍ . ഒരു സുപ്രഭാതത്തില്‍ സ്വയം പര്യാപ്തനായി മാറിയ ടെക്നിക് കണ്ട് ഞാന്‍ അന്ധാളിച്ചു പോയി..! കൂടാതെ പുതിയ പുതിയ ക്രീമുകളും, ജെല്ലുകളും..! ഈ ഹിന്ദിക്കാരിയെ വശത്താക്കാന്‍ മണം മാത്രം മതിയോ ഗുണവും വേണ്ടേ..! ഗുണമുള്ള ഞാന്‍ ഇനി കാത്ത് കാത്ത് ഇരുന്നിട്ട് എന്താ ഫലം..!

ഇടവിട്ടിടവിട്ട് നേരേ കണ്ണാടിക്ക് മുന്നില്‍ "മൈം", പത്ത് പതിനഞ്ച് മിനിറ്റ് കണ്ണാടിയുടെ മുന്നില്‍ ഗോഷ്ടികാണിച്ചു കഴിയുമ്പോള്‍ മനസ്സൊന്ന്‍ തണുക്കും, സ്വയം സുന്ദരനായെന്ന്‍ തോന്നും. പിന്നെ തലമുടിയൊക്കെ വീണ്ടും വീണ്ടും ജെല്‍ പുരട്ടി ചീകിയെങ്കിലേ രായൂട്ടന് ഇരിക്കപ്പൊറുതിയുള്ളൂ എന്ന്‍ വന്നാ എന്താ ചെയ്കാ..! ഇതൊക്കെ കോണ്‍ഫിഡെന്‍സ് ലെവല്‍ കൂട്ടിയാല്‍ നന്ന്‍. അത്യാവശ്യത്തിന് ബാത്ത് റൂമില്‍ കേറാന്‍ നോക്കുമ്പോള്‍ ,അകത്ത് നിന്ന ഹിന്ദി മൂളിപ്പാട്ട്. ഇക്കണക്കിന് ഈ പ്രേമം തളിരണിയുമ്പോഴേക്ക് ഇവന്‍ ഹിന്ദി പ്രൊഫസ്സര്‍ ആകുമല്ലോ..?!! മിക്കപ്പോഴും ബാത്ത് റൂം കുറ്റിയിട്ട് റോമിയോ അകത്തുണ്ടാവും..! പിന്നെ പിടിച്ചിറക്കി വിട്ടിട്ട് വേണം കാര്യം സാധിക്കാന്‍. ഇപ്പോള്‍ എന്നോടുപോലും ഹിന്ദിയിലേ സംസാരിക്കൂ എന്നായിട്ടുണ്ട്, എനിക്കാണെങ്കില്‍ ഹിന്ദിക്കൊക്കെ സ്കൂളില്‍ പഠിക്കുമ്പോഴേ ജസ്റ്റ് പാസ് മാര്‍ക്കാ. അത്യാവശ്യം "യേ ക്യാ ഹെ" "യേ കലം ഹേ' എന്നൊക്കെപ്പറയാമെന്നല്ലാതെ ഒരു "ഹിന്ദിക്കാരിയെ" ഹിന്ദി പറഞ്ഞ് വളച്ചെടുക്കാനുള്ള "ദേശീയാഭാഷാസെറ്റപ്പ്" ഇല്ല തന്നെ..! ഇവന്‍ ആള് ഭയങ്കരനാ..രാത്രി 9 മണിക്ക് തുടങ്ങുന്ന ഈ ടെലിഫോണ്‍ ചാറ്റ് പരിപാടി ഏകദേശം ഒരു മണി രണ്ട് മണിയോളം തുടരും..! ഇത്രയും നേരം ..അതും ഹിന്ദിയില്‍..നല്ല രാഷ്ട്ര ഭാഷാ ജ്ഞാനവും അപാര കപ്പാസിറ്റിയുമാ..!

"തു ഹി തൊ ജന്നത്ത് മേരി ..." ഏതു സമയവും ഈ കോള്‍ വന്ന്‍ കട്ടാവുമ്പോള്‍ പരവേശത്തോടെ തിരിച്ച് വിളിക്കുന്ന രായൂട്ടന്‍..!
അല്ല നേരം വെളുക്കുവോളം സംസാരിക്കുവാന്‍ ഇവര്‍ക്ക് എന്താണിത്ര..?
ഞാന്‍ പലപ്പോഴും ചെവിയോര്‍ത്തിട്ടുണ്ട്..!
ഇവന്‍ മുക്കലും മുരളലും അല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും ഗുണനിലവാരമുള്ള പഞ്ചാരയൊന്നും പറയുന്നുമില്ലാ...!
ഇനി വര്‍ത്തമാനം പറയുന്ന്‍ സ്റ്റേജ് ഒക്കെ കഴിഞ്ഞോ..?
അതെന്നാ സ്റ്റേജാ എന്ന്‍ ചോദിച്ചാ അങ്ങനെയും ഒരു സ്റ്റേജ് ഉണ്ടന്നതിന് തെളിവാണല്ലോ ..ഇത്..!
ഈ നാളുകളില്‍ പ്രേമം വളരെ കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. വലിഞ്ഞുമുറുകിയ പ്രണയം, മാറിമാറിയുള്ള മിസ് കോളുകളില്‍ പോലും പ്രതിഫലിച്ചിരുന്നു. ഉള്ളിലെ അസൂയയും, പോരാതെ ഉറക്കമില്ലായ്മയും എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ചിന്തിക്കാനല്ലാതെ എന്തു കുന്തമാ ഞാന്‍ ചെയ്യാന്‍ പറ്റുക. ഏറ്റവും വല്യ പ്രശ്നം ഉറങ്ങാന്‍ പറ്റാത്തതു തന്നെയായിരുന്നു. കര്‍ത്താവേ ഇവളുടേം ഇവന്റേം ടാക് ടൈം തീരത്തുമില്ലേ..? ഇത്തരക്കാരെക്കൊണ്ട് എറ്റിസലാറ്റിന് (യു എ യിലെ ടെലിഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍) നല്ല വരുമാനമാ. കുറഞ്ഞത് 5 മണിക്കൂറെങ്കിലും രാത്രി സംസാരിച്ചിരിക്കാതെ രായൂട്ടന്‍ ഉറങ്ങാറില്ലാ. ദിവസം 5 മണിക്കൂര്‍ വച്ച് ഒന്നു കണക്ക് കൂട്ടീനോക്കിയേ , എത്ര ദിര്‍ഹം വരുമെന്ന്, ദിസ് ഈസ് ഒണ്‍ലി കമ്യൂണിക്കേഷന്‍ എക്സ്പന്‍സ്..! ബാക്കി ചെലവുകള്‍ അങ്ങനെയങ്ങനെ നീണ്ടു കിടക്കുന്നു. ഇവളെ പ്രേമിച്ച് തുടങ്ങിയേപ്പിന്നെ രായൂട്ടന്‍ നാട്ടില്‍ പണയമയച്ചിട്ടില്ലാ. ചോദിച്ചാല്‍ ഫൈനാന്‍ഷ്യല്‍ ക്രൈസിസിന്‍റെ തലേലോട്ട് വച്ചുകൊടുക്കും..ഹല്ല പിന്നെ!

ഒരേ ഓഫീസിലാണെങ്കിലും, ഇതൊക്കെ പുറത്തറിഞ്ഞാല്‍ നിഷ്ഠൂരനായ എം.ഡി വിസ ക്യാന്‍സലാക്കിക്കളയുമെന്നതുകൊണ്ടാ തല്‍ക്കാലം, പ്രണയം ടെലിഫോണില്‍ക്കൂടി മതിയെന്ന്‍ മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ എത്തിയത്..! അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ഒക്കെ തെറ്റിയത് വളരെപ്പെട്ടന്നായിരുന്നു. ജോലികഴിഞ്ഞ് നേരത്തേ കലാപരിപാടി തുടങ്ങിയ രായൂട്ടനെ വിട്ട് ഞാന്‍ നടക്കാനിറങ്ങി. എന്താ അളിയാ സുഖമാണോ എന്നതിന് പകരം " കൈസാ ഹെ യാര്‍..?" എന്ന്‍ ചോദിക്കുന്നവന്റെ കൂടെ ഇരിക്കാന്‍ മനസ്സുവന്നില്ലാ. ഒന്നുമില്ലേലും പത്ത് കളറുകളെയെങ്കിലും കാണാമല്ലോ. ഒരു 'ഷവര്‍മ്മ' ഒതുക്കത്തിന് വാങ്ങിച്ച് തിന്ന് തിരിച്ച് വാതില്‍ക്കലെത്തിയ ഞാന്‍ കണ്ടത് രായൂട്ടന്റെ തല ഒരു തടിയന്റെ ഡിയോഡറന്റ് അടിക്കാത്ത കക്ഷത്തിനുള്ളില്‍..! എന്നെക്കണ്ടതും മലയാളത്തില്‍..മറ്റൊരു തടിയന്‍. "ആരാ.."
പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജ്യോതിഷ്ബ്രഹ്മി കുറെ കഴിച്ചതുകൊണ്ട് സിറ്റ്വേവേഷന്‍ മനസ്സിലാക്കി ബുദ്ധി പെട്ടെന്ന്‍ പ്രവര്‍ത്തിച്ചു.
"ഒരു വഴിപോക്കനാണേ"
"ഇതു വഴിയല്ല.."തടിയന്‍ അമറി.
താഴേക്കുള്ള സ്റ്റേര്‍കേസ് ഓടിയിറങ്ങുന്നതിനുള്ളില്‍ ഉറക്കെ വിളിച്ചു പറഞ്ഞു "അതു കൊണ്ടാ പോണേ". റൂം മേറ്റാണന്നോ, ഒരേ കമ്പനീല്‍ ജോലിയാണന്നോ മറ്റോ പറഞ്ഞാല്‍ , രായൂട്ടനെ "സത് വ ഇറാനിയന്‍ ആശുപത്രി"യില്‍ എത്തിക്കാന്‍ പോലും ഈയുള്ളവന്‍ ബാക്കിയുണ്ടാവില്ലായിരുന്നു. പിന്നാ രായൂട്ടനില്‍ നിന്ന്‍ അറിഞ്ഞത് ഹിന്ദിക്കാരിയുടെ ആങ്ങള, കൂട്ടുകാരനായ "മല്ലു"വുമായി എത്തി കൃത്യം നിര്‍വഹിച്ച് കൃതാര്‍ത്ഥനായി മടങ്ങിയെന്ന വിവരം..! ഇടിക്കാന്‍ വരുന്ന മലയാളീസിനെ മല്ലുവെന്നല്ലാതെ എന്തു വിളിക്കാന്‍ . വര്‍ഗ്ഗബോധമില്ലാത്ത ബ്ലഡി മല്ലൂസ് ..!

കഴുത്തൊടിഞ്ഞതു കാരണം ദ്രാവകരൂപത്തിലുള്ള ആഹാരം മാത്രമേ കഴിക്കാന്‍ പറ്റൂ..പാവം ചവക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ മിക്സിയില്‍ അടിച്ച കഞ്ഞിയുമായി ആശുപത്രീയില്‍ എത്തിയതും രായൂട്ടന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു..!
ഇത് അവളാ..! ഹിന്ദിക്കാരി..!! ഹെന്ത് ഇവന്‍ ഇത്ര പെട്ടെന്ന്‍ റിങ്ങ് ടോണും മാറ്റിയോ..? ഇതെപ്പോ..???!!! .

ഡര്‍ ലഗ്താ ഹെ തന്‍ഹാ സോനെ മെ ജി
ദില്‍ തൊ ബച്ചാ ഹെ ജി
ധോഡാ കച്ചാ ഹെ ജി..!

ഈ ഗതിയായിട്ടും പ്രേമലോലുപന്‍ ഒരു പാഠം പഠിച്ചിട്ടില്ല, ഞാന്‍ കൈ തലയില്‍ വച്ച് കുത്തിയിരുന്നു...!

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *