04 ഡിസംബർ 2012

പ്രൊഫൈല്‍ നാമവും നൈതിക കാഴ്ചപ്പാടും..!!

Buzz Itഒരാളോട്‌ മറ്റൊരാള്‍ അനീതി കാട്ടുന്നത്‌ കാണാനിടയായ വ്യക്തിയുടെ അഭിപ്രായം - 'അനീതിക്കിരയായ വ്യക്തിക്കുളവാവുന്ന അത്രതന്നെ വേദനയും , അഭിമാനക്ഷതവും, മാനസികാഘാതവും അനുഭവിക്കാതിരിക്കുന്ന കാലത്തോളം നീതി പുലര്‍ന്നു എന്നു പറയുക വയ്യ..!‘

സാമാന്യ ജനത്തിന് അപ്രാപ്യമാകുന്ന പ്രൊഫൈല്‍ നാമ നൈതികതയുടേ കാഴ്ചപ്പാടുകള് പങ്ക് വയ്ക്കാന്‍ ശ്രമിക്കുന്നു. ...! ഇതിലുള്ള ഒരു പ്രധാനപ്പെട്ട കുഴപ്പം, വായനക്കാരന്‍റെ , അനുവാചകന്‍റെ പെര്‍സപ്ഷന്‍സ് പ്രൊഫൈലുടമയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് .... നൈതികമായ ഒരു സോഷ്യല് നെറ്റ്വര്ക്കിങ്ങ് വ്യവസ്ഥയില് സ്വതന്ത്ര പ്രൊഫൈല്‍ നാമത്തിന്‍റെ വിവിധ സാധ്യതകളെപ്പറ്റി മനസിലാക്കുക എന്നത് മാത്രമാണ് ഈ എഴുത്തിന്‍റെ ഉദ്ദേശ്യം.

എല്ലാ പേരുകള്‍ക്കും ഓരോരോ അര്‍ത്ഥതലങ്ങളും വിവിധ മാനങ്ങളുമുണ്ട്. വ്യത്യസ്തമായ നാമം ഉപയോഗിക്കപ്പെടുമ്പോള്‍ അതിന്റെ ക്രയവിക്രയങ്ങളില്‍ നാം മനസ്സില്‍ പോലും കരുതിയിട്ടില്ലാത്ത പുതിയൊരു മാനം , അര്‍ത്ഥം കൈവരുന്നു. സാങ്കേതിമായി പേര് ഉപയോഗിക്കുന്നു എന്നതു മാത്രമല്ല ഇവിടെ ശരിക്കുമുള്ള വിഷയം. സ്വതന്ത്രമായ ചിന്തകളെ സ്വന്തം പേരിനൊപ്പം ഒരു പ്രത്യേക ഉല്പന്നമെന്ന നിലയില്‍ കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ശരിക്കും പറഞ്ഞാല്‍ ഇതിനെ മറ്റൊരു വീക്ഷണകോണില്‍ നിന്നുമാണ് നോക്കിക്കാണേണ്ടത്. കമ്പോളത്തില്‍ വില്‍ക്കപെടുക എന്ന ലക്ഷ്യവുമായി നിര്‍മ്മിക്കുന്ന ഒന്നിനെയാണ് നാം പൊതുവെ ഉല്പന്നം വിളിക്കുന്നത്. സൌഹൃദത്തിന് സ്വതന്ത്രമായി ജീവിക്കുവാനും ആശയങ്ങള്‍ പങ്കുവെയ്ക്കുവാനും വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒന്നിനെയാണ് ഞാന്‍ പ്രൊഫൈല്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അക്കാരണത്താല്‍ തന്നെ അതിനെ ഉല്പന്നം എന്ന് വിളിക്കുവാന്‍ കഴിയില്ല. പക്ഷെ, ഏതെങ്കിലും വ്യക്തി അങ്ങനെ വിളിക്കുന്നുവെങ്കില്‍ അയാളുടെ സൌഹൃദത്തോടുള്ള കാഴ്ചപാടിനെയാണത് അന്തിമമായി പ്രതിഫലിപ്പിക്കുന്നത്. വ്യക്തി ബന്ധങ്ങളെ കമ്പോളവല്‍ക്കരിക്കുന്ന സ്ഥിരോത്സാഹികള്‍ ഒരു പക്ഷേ അത്രകണ്ട് യോജിക്കില്ല എന്നതും ഇവിടെ പരിഗണീക്കേണ്ടതാണ്. മറ്റേതൊരുപ്രൊഫൈലിനെയും പോലെ തന്നെ കേവലോപയോഗത്തിന് മാത്രമുതകുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത ഒന്നാണ് ഇത്തരം ഒരു പ്രൊഫൈലെന്നാണ് പലരുടെയും ധാരണ.! ഒരു തരത്തില്‍ ഇത് ശരിയാണെങ്കിലും സ്വതന്ത്ര ചിന്താഗതിയുടെ ആശയം സ്വന്തമായ പേരിലുള്ള പ്രൊഫൈലില്‍ ഒരിക്കലും പൂര്‍ണ്ണമാകുന്നില്ല എന്നൊരു സാങ്കേതിക പ്രശ്നം അവിടെ നിലനില്‍ക്കുന്നുണ്ട്. ചിലപ്പോളൊരുപക്ഷെ സ്വന്തം പേരില്‍ ഒരു പ്രൊഫൈല്‍ എന്നത് മാത്രമായിരിക്കാം സാധാരണജനങ്ങള്‍ക്ക് അറിവുള്ളത് . സ്വാതന്ത്ര്യം എന്ത് കൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനെക്കുറിച്ച് അവര്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരിക്കുവാന്‍ വലിയ സാധ്യതയില്ല. അവരുടെ അടുത്ത് സ്വാതന്ത്ര്യത്തിനെക്കുറിച്ചും, എന്ത് കൊണ്ട് സ്വന്തം പേരിലുള്ള പ്രൊഫൈലിന്‍റെ വക്താക്കള്‍ സ്വാതന്ത്ര്യമെന്ന ആശയത്തെ അംഗീകരിക്കുന്നില്ല എന്നും വ്യക്തമാക്കിക്കൊടുത്താല്‍ സ്വതന്ത്ര പ്രൊഫൈല്‍ നാമം ഉപയോഗയോഗ്യമാണെന്ന് അവരും അംഗീകരിക്കുമെന്നതിന് രണ്ടു പക്ഷമുണ്ടെന്ന് തോന്നുന്നില്ല. സ്വന്തം നാമത്തിലുള്ള അസ്വതന്ത്ര പ്രൊഫൈലുകള്‍ ഉള്ളവരില്‍ പലരും അവര്‍ക്ക് സ്വന്തമായി സ്വതന്ത്ര പ്രൊഫൈലുകള്‍ സൃഷ്ടിച്ച് നിഷ്പക്ഷമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിന് തെളിവുകള്‍ അനേകമുണ്ട്. എന്തുകൊണ്ടെന്നാല്‍ സ്വന്തം പേരിലുള്ള അസ്വതന്ത്രമായ പ്രൊഫൈലുകള്‍ ഉപയോഗയോഗ്യമാക്കുന്നതില്‍ അവര്‍ പരാജയമടഞ്ഞു. അതുകൊണ്ട്  ഈ ഒരു മാറ്റത്തിനായ് മുന്നോട്ട് വരുന്നതെന്നും ചിന്തനീയം. സ്വന്തന്ത്ര പ്രൊഫൈലുകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ കുറച്ചു കൂടെ ആഴത്തില്‍ അവലോകനം ചെയ്താല്‍ മനസിലാകുന്ന പ്രധാന തടസ്സം സാമൂഹികമായ ജഢത്വമാണ്.!!

കുറേയധികം ഫേസ്ബുക്ക് ഉപയോക്താക്കള്‍ അസ്വതന്ത്രമായ സ്വന്തം നാമം പ്രൊഫൈല്‍ നാമമായി ഉപയോഗിക്കുന്നു. ഇത് കാരണം മറ്റുള്ളവരും ഇതേ അസ്വതന്ത്ര പ്രൊഫൈല്‍ ഉപയോഗിക്കുവാന്‍ നിര്‍ബ്ബന്ധിതരാകുന്നു. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പല സാമൂഹിക വ്യവസ്ഥിതികളും ജനങ്ങളെ അസ്വതന്ത്രമായ സ്വന്തം പേരിലുള്ള പ്രൊഫൈല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഇതിനുള്ള ഒരു കാരണം ഈ സ്വതന്ത്ര പ്രൊഫൈലിന്‍റെ ഉടമകള്‍ അവിശുദ്ധ രീതികളില്‍ ഏര്‍പ്പെടുന്നത് കൊണ്ടാണ് എന്നൊന്നും മൊത്തത്തില്‍ അനുമാനിക്കാന്‍ കഴിയില്ലെങ്കിലും ഒരു പരിധിവരെ അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ ആവില്ല. സ്വന്തം പേരിലുള്ള അസ്വതന്ത്ര പ്രൊഫൈലുകളില്‍ ആശയങ്ങള്‍, അഭിപ്രായങ്ങള്‍ കൈമാറുക എന്നത് പെട്ടെന്ന് കഴിയുമെങ്കിലും എന്നാല്‍ ആശയദാതാവിലുള്ള മുന്‍വിധി ഒരിക്കലും നിഷ്പക്ഷത നിലനിര്‍ത്തുന്നില്ല , എന്നാല്‍ അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റിയും പരിണിത ഫലങ്ങളെപ്പറ്റിയും അവര്‍ വളരെ ബോധവാന്മാരും അതോടൊപ്പം ആശങ്കാകുലരുമാണ് എന്നതാണ് സത്യം. ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തു തന്നെയായാലും തത്ത്വത്തില്‍ ഈ അസ്വതന്ത്ര പ്രൊഫൈലുകളെ മറ്റുള്ളവര്‍ മുഖവിലയ്ക്കെടുക്കുകയാണ്. ഇതിന്റെ അന്തിമമായ ലക്ഷ്യം തങ്ങളുടെ ഹിഡന്‍അജണ്ടകളെയും സാമൂഹികമായ മാമൂലുകളെയും മൊത്തത്തില്‍ സംരക്ഷിക്കുക എന്നതൊന്ന് മാത്രമാണ്.

ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പില്‍ പലപ്പോഴും റിജക്റ്റ്ചെയ്യപ്പെടാറുള്ള ഇത്തരം വ്യത്യസ്ഥ സ്വതന്ത്ര പ്രൊഫൈലുകള്‍ ദുര്‍ഘടമായ ഒരു പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ , ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്ന എല്ലാ സഹായവും (കമെന്‍റും, ലൈക്കും ഉള്‍പ്പെടെ) സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം. അതിന്റെ അര്‍ത്ഥം, സഹായിക്കുന്നവരുടെ കൈകള്‍ സംശുദ്ധമാണെന്ന് നമ്മള്‍ കരുതിക്കൊള്ളണം എന്നല്ല. അവരുടെ നിലപാടുകളില്‍ കാപട്യവും അനീതിയും പൊരുത്തക്കേടുകളും ഉണ്ടായേക്കാം. എന്നാല്‍ അതിന്റെ വെളിച്ചത്തില്‍, ഒരു സഹായ ഹസ്തത്തെ, പാടേ തഴയുകയും തള്ളിക്കളയുന്നതും ഒരു പിഴവായാണ് ഞാന്‍ കരുതുന്നത്. ആയതിനാല്‍ വളരെ ഉദാരമായ ഒരു സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്..!

നൂറു ശതമാനം സുതാര്യത ആവശ്യപ്പെടുന്നില്ല. എങ്കിലും സ്വാതന്ത്ര്യത്തിന്റെ പ്രചാരകനാണ്. ഒര്‍ജിനല്‍ എന്ന് വിശേഷിക്കുന്ന അസ്വതന്ത്ര പ്രൊഫൈലുകള്‍ അനുവര്‍ത്തിക്കുന്ന നടപടികള്‍ - അക്കമിട്ട് പറയുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല എങ്കിലും വാര്‍ത്തകള്‍ , അഭിപ്രായങ്ങള്‍ , പ്രതികരണങ്ങള്‍ , വിശകലങ്ങള്‍ , അനുഭവങ്ങള്‍ പലതും ഓര്‍ത്തെടുത്താല്‍ ഇത്തരം പ്രൊഫൈലുകള്‍ നിഷ്പകഷതയില്‍ നിന്ന് ബഹുദൂരം പിന്നാക്കം പോയിരിക്കുന്നു എന്ന് തെളിയുന്നു . ഈ നിഷ്പക്ഷയില്ലായ്മ അവരുടെ കുറ്റമല്ല മറിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രൊഫൈല്‍ നാമം വഴി മറ്റുള്ളവര്‍ അടിച്ചേൽപ്പിക്കുന്ന വിചിത്രമായ സാമൂഹിക പാരതന്ത്ര്യമാണത്. താരതമ്യം ചെയ്യുമ്പോള്‍, സുതാര്യത സ്വാതന്ത്ര്യത്തെക്കാള്‍ പ്രയോജനമുള്ളതാകാന്‍ വഴിയില്ല എന്ന ചിന്താഗതിയാണ് സ്വതന്ത്ര നാമം സ്വീകരിച്ചിരിക്കുന്ന പ്രൊഫൈലുകളുടെ സന്ദേശം ...!!